Tuesday, June 9, 2009

മഴ

"ഹോ...! ഈ മഴ ഇത്രേം നേരം നീണ്ടു നില്‍ക്കുമെന്ന് ഒരിക്കലും കരുതിയില്ല...." എന്ന ആത്മഗതത്തോടെ കുടിച്ചു തീര്‍ത്ത ചായ ഗ്ലാസ്‌ അയാള്‍ ആ കടയിലെ ബഞ്ചിന്മേല്‍ വെച്ചു. മുക്കാലും എരിഞ്ഞടങ്ങിയ സിഗരട്ട് ഇടതു കയ്യിലെ വിരലുകള്‍ക്കിടയില്‍ അപ്പോഴും വിശ്രമിക്കുന്നുണ്ടായിരുന്നു. അവസാന പുകയും വലിച്ചിറക്കി പുറത്തേക്കു വിട്ടു ഇനിയും കെട്ടടങ്ങാത്ത സിഗരട്ട് കുറ്റി ചാലായി മാറിയ മഴവെള്ളത്തില്‍ വലിച്ചെറിഞ്ഞു വേറൊരു ചായ കൂടി ഓര്‍ഡര്‍ ചെയ്തു.

"ഇതെന്തായാലും തോര്‍ന്നിട്ടെ റൂമിലേക്ക്‌ നടക്കാന്‍ പറ്റുകയുള്ളൂ." അയാള്‍ മനസ്സില്‍ കരുതി. അവിടെ ചെന്നിട്ടും അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിശ്വാസ വായുവിനും പോലും പങ്കിന്റെ കണക്കു പറയുന്ന സഹമുറിയന്‍ മാത്രമാണ് അവിടെയുള്ളത്.പിന്നെ നിറയെ മൂട്ടയുള്ള ഒരു ഇരുമ്പു കട്ടിലും.  

പുതിയ ചായയിലെ പത ഒരു പ്രത്യേക താളത്തില്‍ ഊതി മാറ്റി ഒരു കവിള്‍ വലിച്ചു കുടിച്ചു, ആരോടൊക്കെയോ പ്രതികാരം തീര്‍ക്കാനെന്ന വണ്ണം ഇടമുറിയാതെ മഴയെ പെയ്യിക്കുന്ന മാനത്തേയ്ക്ക് അയാള്‍ കുറെ നേരം നോക്കിയിരുന്നു. ഈ മഴത്തുള്ളികള്‍ എന്നെ പോലെ തന്നെയാണ്. ചോദിക്കാനും പറയാനും ആരുമില്ല. പിടി വിട്ടു പോയാല്‍ നേരെ താഴോട്ടു. എവിടെയെങ്കിലും ചെന്ന് വീണാല്‍ പിന്നെ എല്ലാം സ്വന്തം ഇഷ്ടം. എങ്ങോട്ട് വേണമെങ്കിലും പോവാം. ആരും തടയില്ല. ഒരു പക്ഷെ തടഞ്ഞാല്‍ തന്നെ എത്ര നാള്‍. ചിലര്‍ക്ക് ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് തീരാ ദുരിതങ്ങളും സമ്മാനിക്കും. ഒടുവില്‍ ഓടി ചാടി കിതച്ചെത്തി സമുദ്രത്തിന്റെ ഏതോ കോണില്‍ പോയൊളിക്കും. എല്ലാം അവിടെം കൊണ്ടാവസാനിക്കും. 

ഈ മഴത്തുള്ളികള്‍ക്കും സ്വന്തമായി ആരെങ്കിലും കാണുമോ. വീട്ടില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍... അങ്ങനെ ആരെങ്ങിലും... ഉണ്ടെങ്കില്‍ തന്നെ അവരിപ്പോ എവിടെ ആയിരിക്കും. താഴേക്കു വീഴാന്‍ ഊഴവും കാത്തു മുകളില്‍ നില്‍പ്പാണോ. അതോ ഇവര്‍ കുടുംബമായാണോ താഴേക്കു പതിക്കുന്നത്. ആണെങ്ങില്‍ തന്നെ ഇവരെല്ലാം പിന്നീട് കണ്ടു മുട്ടുമോ. ആര്‍ക്കറിയാം.

കവികളെല്ലാം തന്നെ മഴയെ വര്‍ണിച്ചു പാടിയിട്ടുണ്ടല്ലോ. കൂടുതലും പ്രണയത്തിന്റെ വര്‍ണങ്ങളില്‍ ചാലിച്ച്. അങ്ങനെയെങ്കില്‍ മഴയ്ക്ക് പ്രണയം കാണുമോ? ഉണ്ടെങ്കില്‍ ആരോട്? പോകരുതെയു‌ന്നു കണ്ണുകളാല്‍ പറയുന്ന കാമുകിയുടെ കൈവിരല്‍ പതുക്കെ അടര്‍ത്തി മാറ്റിയായിരിക്കുമോ ഇവര്‍ കവികളെ പ്രണയത്തിന്റെ ഭാവന വിരിയിക്കാന്‍ താഴെക്കെത്തുന്നത്. ഇവര്‍ പിന്നീട് തങ്ങളുടെ പാതിജീവനെ കണ്ടെത്തുമോ. സമുദ്രത്തിന്റെ അടിതട്ടിലായിരിക്കുമോ അവര്‍ വീണ്ടും ഒത്തു ചേരുന്നത്? അങ്ങനെയാണെങ്കില്‍ അപ്പോഴേക്കും അവര്‍ മരിച്ചു കാണില്ലേ...?

അങ്ങനെ ചിന്തകളില്‍ കൂടി സഞ്ചരിച്ചു അയാള്‍ മലയോരത്തുള്ള ഒരു നാട്ടിലെത്തി ചേര്‍ന്നു. ഇവിടെ എല്ലാം എനിക്ക് പരിചിതം. തെങ്ങിന്‍ തോപ്പും, പീടികകളും, വയലും, വരമ്പും കടന്നു ശരവേഗത്തില്‍ അയാളുടെ മനസ് നിരവധി പടവുകള്‍ കയറിയാല്‍ മാത്രം എത്തുന്ന പള്ളിമുറ്റത്തെ നെല്ലിമരത്തിന്റെ ചോട്ടില്‍ വിശ്രമിച്ചു. പോകരുതെയെന്നു പറയാന്‍ ഒരു ജോഡി നിറഞ്ഞ കണ്ണുകള്‍ അയാളെ കാത്തു അവിടെയുണ്ടായിരുന്നു. രണ്ടു പേരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവര്‍ക്കറിയാമായിരുന്നു, ഈ യാത്ര തങ്ങള്‍ക്കിടയിലെ അകലം കൂട്ടുകയെ ചെയ്യൂ എന്ന്. എങ്കിലും അവര്‍ പിരിയാന്‍ കൂട്ടാക്കിയില്ല. ഞാന്‍ പെട്ടന്ന് തിരിച്ചു വരും എന്ന ആശ്വാസ വാക്ക് പറയാന്‍ അയാള്‍ക്ക്‌ ധൈര്യം ഇല്ലായിരുന്നു.

എന്ത് ഉറപ്പാണ് ഞാന്‍ ഇവള്‍ക്ക് കൊടുക്കേണ്ടത്. അയാള്‍ക്ക്‌ നിശ്ചയം ഉണ്ടായിരുന്നില്ല. ഒടുവില്‍ തങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ കൂടി അസ്തമയ സൂര്യന്റെ നേര്‍ രേഖകള്‍ കടന്നു പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്കു പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നയാള്‍ക്ക് മനസിലായത്. മടിക്കുത്തില്‍ നിന്നും ഒരു പൊതി അയാള്‍ എടുത്തഴിച്ചു. ഒരു ജോഡി പാദസരങ്ങള്‍...! അത് അയാള്‍ അവളുടെ കാലുകളില്‍ അണിയിച്ചു. അന്നേരം മുഴുവന്‍ അവളുടെ കണ്ണുനീര്‍ ഒരു മഴയായ്‌ അയാളുടെ ശിരസ്സില്‍ പെയ്തു കൊണ്ടേയിരുന്നു..............

"ആ ഗ്ലാസ്‌ ഇങ്ങു തരൂ മാഷേ........." ചായ കടക്കാരന്റെ വാക്കുകളാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്..... "ഇവിടെ കുറെ പേര്‍ക്ക് ഇനിയും ചായ കൊടുക്കനുള്ളതാ.... മാഷിനു വേണോ ഇനീം? " ശരിയാണ്. കടയ്ക്കുള്ളില്‍ മോശമല്ലാത്ത തിരക്കുണ്ട്‌. മഴയില്‍ നിന്ന് രക്ഷപെടാന്‍ കയറി നില്‍ക്കുന്നവരാണധികവും. "മതി, ഇനി വേണ്ട..." അയാള്‍ ഗ്ലാസ്‌ മടക്കി കൊടുത്തു.

മഴയുടെ കനം കുറഞ്ഞിട്ടുണ്ട്. അല്‍പ നേരം കൂടി ക്ഷമിച്ചാല്‍ നനയാതെ റൂമിലെത്താം. അയാള്‍ ചുറ്റു പാടും ഒന്ന് നോക്കി. കഷ്ടിച്ച് പത്തു പേര്‍ക്ക് ഇരിക്കാവുന്ന കടയില്‍ ഇപ്പോള്‍ തന്നെ ഡബിള്‍ ആള്‍ക്കാര്‍ ഉണ്ട്. എന്തായാലും നിനച്ചിരിക്കാതെയുള്ള മഴ കാരണം ചായക്കടക്കാരന് കോളായി...!

പെട്ടെന്നാണ്‌ അയാള്‍ അത് ശ്രദ്ധിച്ചത്. ഒരു ജോഡി കണ്ണുകള്‍ തന്നെ തന്നെ നോക്കുന്നു. അതെ......! അതെ കണ്ണുകള്‍........ ഒരിക്കല്‍ തന്നോടു പോകരുതെയെന്നു കെഞ്ചിയ കണ്ണുകള്‍.. അയാള്‍ക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. ഇത് അവള്‍ ആവരുതെയെന്നു പ്രാര്‍ത്ഥിച്ചു. ഇല്ല അവള്‍ തന്നെ. അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കപട കാമുകന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയാണോ. ഇല്ല അവള്‍ക്കയാളെ അങ്ങനെ കാണാന്‍ കഴിയില്ല. ഇതൊന്നും അയാളുടെ തെറ്റല്ലല്ലോ.... ആ കണ്ണുകളിലെ ദുഃഖ ഭാവത്തിനു ഇനിയും ശമനമായില്ലേ. പെട്ടെന്നൊരു കൈ അവളുടെ നോട്ടത്തെ വഴി മാറ്റി. ആരോ അവളെ വിളിക്കുകയാണ്‌. ആരാണയാള്‍.. .. താന്‍ കണ്ടിട്ടില്ല... തങ്ങളുടെ നാട്ടുകാരനുമല്ല.. പിന്നെ.... ഭര്‍ത്താവായിരിക്കും.. അങ്ങനെ തന്നെ ആയിരിക്കണേ... അല്ലെങ്കില്‍ ഇത്ര സ്വാതന്ത്ര്യത്തോടെ അവളുടെ കൈ കടന്നു പിടിക്കുന്നതാര്??.. അതെ ഭര്‍ത്താവ് തന്നെ........... 
അവര്‍ പോവാനിറങ്ങി. ഒരിക്കല്‍ കൂടി അവള്‍ തിരിഞ്ഞു നോക്കി. റോഡിലിറങ്ങി സാരി നനയാതെ അല്പം ഉയര്‍ത്തി പിടിച്ചു അവള്‍ നടന്നകന്നു. ആ പാദസരം വെണ്മ മങ്ങാതെ അപ്പോഴും ആ കാലുകള്‍ക്ക് അലങ്കാരമായി തന്നെ ഉണ്ടായിരുന്നു..................


മഴ തോര്‍ന്നു. അയാളിറങ്ങി റൂമിലേക്ക്‌ നടന്നു....!!!!!!!


Tuesday, June 2, 2009

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍...!

ഭാഗം ഒന്ന്.

ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍ 
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..
പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.

'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക് 
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.

നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍ 
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.
വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍ 
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും
അന്നേരം,
നിന്റെ ഓര്‍മകളുടെ 
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍ 
നിന്റെ പുഞ്ചിരി...........

ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും 
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!

ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം 
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ.., 
ഒന്നും;
അരണ്ട വെളിച്ചമുള്ള 
ഈ കള്ളിമുള്‍ പാതയില്‍ 
എന്നെ തടയുന്നില്ല. 
പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ 
മുക്കാലും കത്തിയെരിഞ്ഞ 
വിറകു കൊള്ളിയും, ഞാനും
തുല്യര്‍ 
മിക്കപ്പോഴും സ്വപ്നങ്ങളെയും 
ചിലപ്പോള്‍ നഷ്ടങ്ങളെയും 
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു

നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന 
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ 
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം 
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു. 
അതെ;
അന്ന് നിന്റെ സുഗന്ധം 
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു 
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി 
എണീക്കുമ്പോഴും 
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും 
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!



പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter