Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Thursday, July 19, 2012

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് - 2011


2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ആണ് മികച്ച ചിത്രം. പ്രണയത്തിലൂടെ ബ്ലെസ്സി മികച്ച സംവിധായകനായി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ ദിലീപ് മികച്ച നടനായും, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയിലെ അഭിനയത്തിന് ശ്വേത മേനോന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 

അവാര്‍ഡ് വിവരങ്ങള്‍ ചുവടെ:  

ചിത്രം: ഇന്ത്യന്‍ റുപ്പി (രഞ്ജിത്ത്)

രണ്ടാമത്തെ ചിത്രം: ഇവന്‍ മേഘരൂപന്‍ (പി.ബാലചന്ദ്രന്‍)
സംവിധായകന്‍ ബ്ലസി (പ്രണയം)
നടന്‍: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി: ശ്വേതാ മേനോന്‍ (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍)
രണ്ടാമത്തെ നടന്‍: ഫഹദ് ഫാസില്‍ (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി: നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു)
കഥാകൃത്ത്: എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ്: വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് - ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി (വെള്ളരിപ്രാവിന്റെ ചങ്ങാതി)
ഗായകന്‍: സുദീപ് (രതിനിര്‍വേദം) 
ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ശബ്ദലേഖനം: രാജകൃഷ്ണന്‍ (ഉറുമി)
കലാസംവിധാനം: സുജിത് (നായിക) 
ഡബ്ബിംഗ് : പ്രവീണ (ഇവന്‍ മേഘരൂപന്‍)
പ്രത്യേക ജൂറി അവാര്‍ഡ്‌ - ഡോ. ബിജു (ആകാശത്തിന്റെ നിറം)
കുട്ടികളുടെ ചിത്രം - മഴവില്‍
 
ലേഖനം: നീലന്‍ 
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍.

വാല്‍ക്കഷ്ണം: മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ച ജെറി(ആദിമധ്യാന്തം) ആയിരുന്നില്ലേ കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ മന്ത്രിക്കെതിരെ അലമ്പുണ്ടാക്കിയത്? 

Saturday, December 26, 2009

"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ


 "ഇവിടം സ്വര്‍ഗമാണ്" - നല്ല പടം          
                                
  
അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.

പ്രതീക്ഷകളുടെ ഭാരം വീണ്ടും പാരയാകുമോ എന്ന ചിന്താക്കുഴപ്പത്തില്‍ പതിയെ തീയെട്ടറിനുള്ളിലെ ഇരുട്ടില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു. പടം തുടങ്ങി. ചെറിയ ഒരു കഥ. മാത്യൂസ്‌ ഒരു കര്‍ഷകനാണ്. സ്വന്തമായി ഒരു കൃഷി ഫാം തന്നെയുണ്ട്‌ അദ്ദേഹത്തിന്. 15 വയസു മുതല്‍ കഷ്ടപ്പെട്ട് താന്‍ പണിതുയര്‍ത്തിയ ഫാം പൊന്നു പോലെയാണ് അയാള്‍ നോക്കി പോരുന്നത്. അയാളുടെ അച്ഛന്‍ ജെര്‍മിയാസിന്റെ സ്വപ്നം കൂടിയാണ് അയാള്‍ നിറവേറ്റുന്നത്. പെരിയാറിന്റെ കരയ്ക്കുള്ള ഈ മൂന്നേക്കര്‍ പുരയിടമാണ് അയാളുടെ സ്വര്‍ഗം. യാതൊരു വിധത്തിലുള്ള കീടനാശിനകളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരുക്കിയെടുത്ത സ്വര്‍ഗം. ഈ വസ്തുവിനോടു ചേര്‍ന്നു  പുത്തന്‍ പണക്കാരന്‍ ആലുവ ചാണ്ടിയ്ക്കും കുറച്ചു ഭൂമിയുണ്ട്. മാത്യൂസിന്റെ ഈ സ്വര്‍ഗ്ഗ ഭൂമി കൂടി തട്ടിയെടുക്കാനാണ് അയാളുടെ ശ്രമം. മാത്യൂസിന്റെ ശത്രുക്കളും ആലുവ ചാണ്ടിയുടെ ഭാഗം ചേരുന്നു. ഈ ഭൂമാഫിയക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് പിന്നെ മാത്യൂസിനു ചെയ്യേണ്ടി വരുന്നത്. അയാളെ സഹായിക്കാന്‍ പ്രബലന്‍ എന്ന വക്കീലുമുണ്ട്. ശത്രുക്കളെയെല്ലാം ഒതുക്കി തന്‍റെ സ്വപ്നഭൂമി നിലനിര്‍ത്തുവാന്‍ മാത്യൂസ് ചെയ്യുന്ന പ്രവര്‍ത്തികളാണ് പിന്നെയുള്ള കഥയുടെ കാതല്‍ .

ഇത് വരെ ആരും കൈ വെക്കാത്ത ഒരു കഥാതന്തു മെനഞ്ഞെടുത്തു മനോഹരമായ രീതിയില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നു ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്ന യുവ തിരക്കഥാകൃത്ത്. ക്ലാസ്സ്‌ മേറ്റ്സ്, സൈക്കിള്‍ എന്നെ വിജയ ചിത്രങ്ങള്‍ തന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷ ആത്മ വിശ്വാസത്തോടെ ജെയിംസ്‌ ഏറ്റെടുത്തു വിജയിപ്പിചിരിക്കുന്നു. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കതെയാണ് കഥ മുന്നോട്ടു പോവുന്നത്.  ബാക്ക് ഗ്രൌണ്ട് മ്യൂസിക് വിഭാഗം കൈകാര്യം ചെയ്ത ഗോപി സുന്ദറും മികച്ച പ്രകടനമാണ് നടത്തിയത്. കഥാ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സംഗീതം. ഗ്രാമത്തിന്റെ വശ്യത മുഴുവന്‍ ദിവാകര്‍ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. (ഇതില്‍ ഗാനങ്ങള്‍ ഇല്ലാത്തതാണോ അതോ കഥയില്‍ ലയിചിരുന്നത് കൊണ്ട് ഞാന്‍ വിട്ടു പോയതാണോ...). ക്യാപ്ടന്റെ റോള്‍ റോഷന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തമാശകള്‍ ഈ സിനിമയുടെ ഒരു ഹൈലൈറ്റ് ആണ്. തന്‍റെ ആദ്യ ചിത്രങ്ങളുടെ മികവിന്റെ ഒരു പടി കൂടി മേലെയാണ് റോഷന്റെ ഈ ശ്രമം നില്‍ക്കുന്നത്. മലയാളികള്‍ക്ക് ഒരു നല്ല ക്രിസ്മസ് സമ്മാനം 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമയിലൂടെ റോഷനും ടീമും നല്‍കിയിരിക്കുന്നു.

മോഹന്‍ലാല്‍ - ഭ്രമരത്തിനു ശേഷം ഈ വര്‍ഷത്തെ മികച്ച റോള്‍. മധ്യ തിരുവിതാംകൂര്‍ കര്‍ഷകനായി ആയാസരഹിതമായ മികച്ച അഭിനയം. എന്തിനാണ് എണ്ണം തികയ്ക്കാനെന്നോണം വാരിവലിച്ചു ചവറുകളില്‍ അഭിനയിക്കുന്നത് ലാലേട്ടാ...? വര്‍ഷത്തില്‍ ഇത് പോലെയുള്ള ഒന്നോ രണ്ടോ പടം പോരെ... എന്ന് ചോദിക്കാന്‍ തോന്നും. പക്ഷെ രണ്ടാം പകുതിയില്‍ ലാലു അലക്സ്‌, ജഗതി, ശ്രിനിവാസന്‍, ഇന്നസെന്റ്... തുടങ്ങിയ മികച്ച നടന്മാരുടെ പ്രകടനത്തിനിടയില്‍ മോഹന്‍ലാലിന്റെ റോള്‍ അല്പം നിറം മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജെര്‍മിയാസ് ആയി തിലകന്‍ മനോഹരമായി. നരസിംഹത്തിനു ശേഷം അച്ഛനും മകനുമായി തിലകനെയും ലാലിനെയും പ്രേക്ഷകര്‍ കയ്യടിച്ചാണ് സ്വീകരിക്കുന്നത്. ലാലു അലെക്സിന്റെ വില്ലന്‍  ആലുവ ചാണ്ടിയാണ് ഈ സിനിമയുടെ സര്‍പ്രൈസ് പാക്കേജ്. ലാലു അലെക്സ് കലക്കി. നായിക നടിമാരും അവരവരുടെ റോള്‍ ഭംഗിയാക്കി. പഴയ പ്രണയ നായകന്‍ ശങ്കറിനും മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കാനായി.

പടം കണ്ടിറങ്ങുമ്പോള്‍ മികച്ച ഒരു സിനിമ കണ്ടതിന്റെ ആശ്വാസം മനസ്സില്‍. മുന്‍ വിധികളുടെ ഭൂതം പാരയായില്ല, പ്രതീക്ഷകള്‍ക്ക് മേലെ നില്‍ക്കുന്ന ഒരു സിനിമ സമ്മാനിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.

ഇവിടം സ്വര്‍ഗമാണ് - പൈസ വസൂല്‍ - നല്ല സിനിമ 

Monday, December 21, 2009

2009 ലെ മികച്ച മോശം മലയാള സിനിമകള്‍

ഇതിനു മുന്‍പുള്ള പോസ്റ്റില്‍ മലയാളത്തില്‍ 2009 ല്‍ ഇറങ്ങിയ സിനിമകളില്‍ വെച്ച് ഏറ്റവും മികച്ച പത്തു സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഒരു എളിയ ശ്രമം നടത്തിയിരുന്നു. മികച്ച പത്തു ചലച്ചിത്രങ്ങള്‍ കണ്ടെത്താന്‍ വലിയ പാടൊന്നും പെടേണ്ടി വന്നില്ല. കണ്ടിറങ്ങിയ സിനിമകളില്‍ വെച്ച് ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നവയെ അതിന്റെ നിലവാരത്തില്‍ അടുക്കി വെയ്ക്കുക മാത്രമേ ചെയ്യേണ്ടി വന്നുള്ളൂ. എന്നാലിപ്പോള്‍ ഈ ഒരു ഉദ്യമം ലേശം പ്രയാസം തന്നെയാണെന്ന് അതിനു വേണ്ടി തിരച്ചില്‍ തുടങ്ങിയപ്പോഴേ മനസിലായി. കാരണം ഇറങ്ങിയതില്‍ എഴുപതു ശതമാനത്തോളം സിനിമകളും നിലവാരം വളരെ കുറഞ്ഞതായതിനാല്‍ അതില്‍ നിന്നേതാണ് ഏറ്റവും മോശം എന്ന് വിലയിരുത്തുക കുറച്ചു ബുദ്ധിമുട്ടുണ്ടാക്കിയ ക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് തലക്കെട്ട് "മികച്ച മോശം സിനിമകള്‍" എന്ന് തന്നെയാക്കിയത്.

വന്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തി സിനിമ കാണാന്‍ പോയി, തെള്ളും ചവിട്ടും കൊണ്ട് കഷ്ട്ടപ്പെട്ടു ടിക്കറ്റ്‌ എടുത്തു, തീയെട്ടറിനുള്ളിലെ ഇരുട്ടിലലിഞ്ഞു ചേര്‍ന്ന്, രണ്ടു മണിക്കൂറിനു ശേഷം എല്ലാം നഷ്ടപ്പെട്ടവനെ  പോലെ തിരിച്ചിറങ്ങിയ ഒരു പ്രേക്ഷകന്‍റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച മോശം സിനിമകള്‍ താഴെ പറയുന്നു.

1. ഭഗവാന്‍
2. ലവ് ഇന്‍ സിങ്കപൂര്‍
3. എയേഞ്ചേല്‍ ജോണ്‍
4. കളേഴ്സ്
5. ഹേയ് ലസാ

ഇതുങ്ങളെ പറ്റി കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കുന്നില്ല. അത് കൊണ്ട് യാതൊരു കാര്യവും ഇല്ലാഞ്ഞിട്ടാണ്.
ഇത് പോലെയുള്ള ചവറുകള്‍ക്ക് തല വെച്ച് കൊടുക്കുന്നതില്‍ ഏറ്റവും സാമര്‍ത്ഥ്യം കാണിക്കുന്നത്, പ്രേക്ഷകര്‍ സൂപ്പറുകള്‍ എന്ന് വിളിക്കുന്നവര്‍ തന്നെയാണ് എന്നതാണ് ഏറെ കഷ്ടം.

Wednesday, December 16, 2009

2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Malayalam Movies in 2009

2009 മലയാള സിനിമയെ സംബന്ധിച്ച് ശുഭകരമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ്‌. മലയാള സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള വിലാപങ്ങള്‍ക്ക്‌ നടുവില്‍ നിന്നു കൊണ്ട്  തന്നെ വളരെ പ്രതീക്ഷ നല്‍കുന്ന സംരംഭങ്ങള്‍ സമ്മാനിക്കുവാന്‍ മലയാളത്തിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധ്യമായിട്ടുണ്ട്.

2009 ന്‍റെ ആദ്യ പകുതി വിശകലനം ചെയ്യുമ്പോള്‍ മനസിലാവുന്നത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പ്രതീക്ഷ കാത്തത് എന്നാണ്. പക്ഷെ വര്‍ഷത്തിന്റെ അവസാന യാമങ്ങള്‍ അടുത്തപ്പോഴേക്കും നല്ല നിലവാരം പുലര്‍ത്തുന്നതും, പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതുമായ കുറെയധികം ചിത്രങ്ങള്‍ പുറത്തിറങ്ങി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്, തുടര്‍ന്ന് പോരുന്നുമുണ്ട്.

ഇവിടെ ഞാനെന്‍റെ അറിവിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച പത്തു മലയാള സിനിമകളെ തിരഞ്ഞെടുക്കുവാന്‍ ഒരു ശ്രമം നടത്തുകയാണ്. സാധാരണ പ്രേക്ഷകന്‍റെ നിലവാരത്തില്‍ നിന്നു കൊണ്ട് മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുന്ന ശ്രമമായിരുന്നു ആദ്യം. കുറെയധികം സൈറ്റുകള്‍ പരതിയപ്പോള്‍ മനസിലായത് ഏകദേശം 65 ഓളം ചലച്ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി എന്നുള്ളതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം അനുഭവിച്ചു പോരുന്ന സിനിമകളുടെ എണ്ണത്തിലുള്ള ദാരിദ്രം എന്തായാലും ഈ വര്‍ഷം വഴി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അത് മലയാള സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും നിദാനമായി.

2009 ഇല്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രങ്ങള്‍ 

ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിങ്കപ്പൂര്‍
മകന്റെ അച്ഛന്‍
കളെഴ്സ്
ഹേയ് ലസാ
റെഡ് ചില്ലീസ്
കഥ സംവിധാനം കുഞ്ചാക്കോ
ആയിരത്തില്‍ ഒരുവന്‍
ഭാര്യ സ്വന്തം സുഹൃത്ത്‌
നമ്മള്‍ തമ്മില്‍
പെരുമാള്‍
സാഗര്‍ ഏലിയാസ് ജാക്കി
ടു ഹരിഹര്‍ നഗര്‍
ഐ.ജി
മോസ് ആന്‍ കാറ്റ്
സമസ്തകേരളം പി.ഓ
ബനാറസ്
ഭാഗ്യദേവത
പാസഞ്ചര്‍
കറന്‍സി
ബ്ലാക്ക്‌ ഡാലിയ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
കലണ്ടര്‍
വെള്ളത്തുവല്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്റ്
ഭ്രമരം
ഈ പട്ടണത്തില്‍ ഭൂതം
വിന്റെര്‍
പുതിയ മുഖം
രഹസ്യ പോലീസ്
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
ഡാഡി കൂള്‍
ഋതു
കാണാ കണ്മണി
ഒരു ബ്ലാക്ക്‌ & വൈറ്റ് കുടുംബം
മേഘ തീര്‍ത്ഥം
ലൗഡ് സ്പീക്കര്‍
വൈരം
റോബിന്‍ ഹൂഡ്
പഴശ്ശിരാജാ
എന്ജല്‍ ജോണ്‍
ഡ്യൂപ്ലിക്കേറ്റ്‌
കേരള കഫെ
സ്വ ലെ
സീതാകല്യാണം
ഉത്തര സ്വയംവരം
കെമിസ്ട്രി
നീലത്താമര
കപ്പല്‍ മുതലാളി
പലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
ഗുലുമാല്‍
മൈ ബിഗ്‌ ഫാദര്‍
ഭൂമി മലയാളം
വിലാപങ്ങള്‍ക്കപ്പുറം
മലയാളി
ഫിഡില്‍
ഒരു പെണ്ണും രണ്ടാണും
മധ്യ വേനല്‍
പറയാന്‍ മറന്നത്
ദലമര്‍മരങ്ങള്‍
ശുദ്ധരില്‍ ശുദ്ധന്‍

ഈ ലിസ്റ്റ് പൂര്‍ണ്ണം ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. 'പത്താം നിലയിലെ തീവണ്ടി, സൂഫി പറഞ്ഞ കഥ' എന്നീ ചിത്രങ്ങള്‍ റിലീസ് ആയിട്ടില്ല എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് ഈ രണ്ടു പേരുകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. തെറ്റാണെങ്കില്‍ തിരുത്തുക, മാത്രമല്ല മറ്റേതെങ്കിലും ചിത്രങ്ങളുടെ പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക.

എന്‍റെ കാഴ്ചപ്പാടില്‍  2009 ഇലെ മികച്ച പത്തു മലയാള ചലച്ചിത്രങ്ങള്‍

1. കേരള കഫെ
2. പഴശ്ശിരാജ
3. പാസഞ്ചര്‍
4. ഭ്രമരം
5. നീലത്താമര
6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
7. മധ്യവേനല്‍
8. ഭാഗ്യദേവത
9. ഋതു
10. ലൗഡ് സ്പീക്കര്‍

1. കേരള കഫെ- സംവിധായകന്‍ രഞ്ജിത്ത് നിര്‍മിച്ചു മലയാളത്തിലെ പുതു തലമുറയിലെ പത്തു സംവിധായകര്‍ ഒരുക്കിയ പത്തു ഹൃസ്വ ചിത്രങ്ങള്‍ മുത്തു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയ മനോഹര സിനിമ. മലയാള സിനിമയുടെ ഭാവി ഇരുണ്ടതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സിനിമ. ചെറു ചിത്രങ്ങളില്‍ അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' മികച്ചു നിന്നു. ലാല്‍ജോസിന്റെ 'പുറം കാഴ്ചകള്‍', അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി' എന്നിവയും എടുത്തു പറയണ്ട സൃഷ്ടികള്‍ തന്നെ. ലാഭ നഷ്ടങ്ങള്‍ നോക്കാതെയുള്ള ശ്രമത്തില്‍ രൂപം കൊണ്ട കേരള കഫെ ഈ വര്‍ഷത്തെ മികച്ച സിനിമയെന്ന് നിസംശയം പറയാം.

2. പഴശ്ശിരാജാ, മലയാളിയുടെ യൂണിവേഴ്സല്‍ സിനിമ! രണ്ടു വര്‍ഷത്തോളമുള്ള കാത്തിരുപ്പ് വെറുതെ ആയില്ല. ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടാന്‍ നമുക്കിതാ ഒരു സിനിമ. മനോഹരമായ തിരക്കഥയുടെ ബലത്തില്‍ നയന മനോഹരമായൊരു ചരിത്ര കാവ്യം സംവിധായകന്‍ ചമച്ചപ്പോള്‍ പഴശ്ശിരാജാ ജനങ്ങള്‍ ഏറ്റെടുത്തു. മികച്ച സാങ്കേതിക സഹായവും ചിത്രത്തെ കുറ്റമറ്റതാക്കി. പഴശി രാജയുടെ വ്യതസ്ത മനോ ഭാവങ്ങള്‍ ഉള്‍ക്കൊണ്ടു മമ്മൂട്ടി ടൈറ്റില്‍ റോളില്‍ തിളങ്ങി. എടച്ചേന കുങ്കനായി ശരത് കുമാറിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും എം.ടിയ്ക്കും ഹരിഹരനും അഭിമാനിക്കാം.

3. പുതിയൊരു ആഖ്യാന രീതിയായിരുന്നു രഞ്ജിത് ശങ്കര്‍ പാസഞ്ചര്‍ എന്ന സിനിമയ്ക്ക്‌ ഉപയോഗിച്ചത്. അഭിനയിക്കുന്ന നടീ നടന്മാരുടെ മാര്‍ക്കറ്റ്‌ വാല്യൂ പൂര്‍ണമായും നിരാകരിച്ച് കഥാപാത്രങ്ങള്‍ മാത്രം തിരശീലയില്‍ ഉയര്‍ന്നു നിന്നപ്പോള്‍ പുതുമയുള്ള ഒരു സിനിമ ആയിരുന്നു ഈ സംവിധായകന്റെ കന്നി സംരഭത്തിലൂടെ മലയാളത്തിനു ലഭിച്ചത്. ആ പുതുമ മാത്രം മതി, ഈ വര്‍ഷമിറങ്ങിയ മറ്റു സിനിമകളില്‍ നിന്നു ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്താന്‍. രഞ്ജിത് ശങ്കര്‍ ... ഇനിയും നല്ല സിനിമകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.

4. ഭ്രമരം - ഒരു റോഡ്‌ മൂവി. അനുഗ്രഹീത സംവിധായകന്‍ ബ്ലെസ്സിയും മഹാനടന്‍ മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ പ്രതീക്ഷകള്‍ മാനം മുട്ടി. അതിനു ഒരു കോട്ടവും തട്ടാതെ മികച്ച ഒരു ചിത്രമാണ് ബ്ലെസ്സി ഭ്രമരം വഴി സമ്മാനിച്ചത്‌. മോഹന്‍ ലാലിന്‍റെ അതുല്യ അഭിനയ പാടവം എടുത്തു പറയുക തന്നെ വേണം. ക്യാമറ കൈകാര്യം ചെയ്ത രീതിയും അഭിനന്ദനാര്‍ഹം. മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ കോരിയിട്ടു സിനിമ തീരുമ്പോള്‍ വീണ്ടും നല്ല ഒരു സിനിമ കണ്ട സന്തോഷം മനസ്സില്‍.

5. നീലത്താമര - മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം, സൌന്ദര്യം കോരി നിറച്ച ഫ്രെയിമുകള്‍ സ്വപ്നം കാണുന്ന സംവിധായകന്‍... ഈ സിനിമ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഫ്രഷ്‌ സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയ ഈ ചിത്രം പുതു മുഖങ്ങളുടെ ശ്രദ്ധേയമായി അരങ്ങേറ്റത്തിനും വഴിയൊരുക്കി. വിദ്യാസാഗര്‍-ശരത് വയലാര്‍ കൂട്ടുകെട്ടിന്റെ സംഗീത വിഭാഗത്തിനും ഈ സിനിമയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ: ടി. പി രാജീവന്റെ അതെ പേരിലുള്ള നോവല്‍ സിനിമയാക്കുമ്പോള്‍ വലിയൊരു വെല്ലുവിളി ആയിരുന്നു സംവിധായകന്‍ രഞ്ജിത് നേരിട്ടത്. പഴയ കാലഘട്ടത്തിന്റെ കഥ അതിന്റെ പുതുമ ഒട്ടും ചോരാതെ അഭ്രപാളികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം വിലയിരുത്താന്‍. സ്വന്തം കയ്യൊപ്പ് ഈ സൃഷ്ടിയുടെ മേല്‍ ചാര്‍ത്തുന്നതിലും രഞ്ജിത്ത് മികച്ചു നിന്നു. മമ്മൂട്ടിയുടെ സമാനതകളില്ലാത്ത അഭിനയവും ഈ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. മറ്റു കഥാപാത്രങ്ങളും സ്വാഭാവികമായി തന്നെ വെള്ളിത്തിരയില്‍ വന്നു പോകുന്നു, പ്രേക്ഷകന്‍റെ മനസ്സില്‍ ഇരിപ്പിടം സ്വന്തമാക്കി തന്നെ.

7. മധ്യവേനല്‍ - വര്‍ത്തമാന കാല കേരളത്തിന്റെ നേരെ ക്യാമറ തിരിച്ചു വെച്ച സിനിമ. മധു കൈതപ്രം  സംവിധാനം ചെയ്ത ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും 2009 ഇല്‍ മികച്ചു നിന്ന ഒരു ശ്രമമാണ്. മനോജ്‌ കെ ജയനും ശ്വേതാ മേനോനും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

8. ഭാഗ്യദേവത - സത്യന്‍ അന്തിക്കാട്‌ പ്രതീക്ഷ തകര്‍ത്തില്ല. ഒരു കുഞ്ഞു സിനിമ, മനോഹരമായി അടുക്കും ചിട്ടയോടും കൂടി ഒരുക്കിയിരിക്കുന്നു. ഇതൊരു മലയാളിയും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. ജയറാം തന്‍റെ ഭാഗം കൃത്യമായി നിര്‍വഹിച്ചു. കനിഹയും മോശമാക്കിയില്ല. പക്ഷെ ബെസ്റ്റ് ഇന്‍ ദി ലോട്ട് പുതു മുഖം ചെമ്പില്‍ അശോകനാണ്. മലയാള സിനിമയിലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഗ്രാമീണ മുഖങ്ങളെ ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരില്‍ കൂടി തിരിച്ചു കിട്ടുമെന്ന് പ്രത്യാശിക്കാം.

9. ഋതു- പരീക്ഷണ സിനിമ. ഭൂരിഭാഗം ഐ.ടി തൊഴിലാളികളുടെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നില്ല എങ്കിലും ചെറിയ ഗ്രൂപ്പിന്റെ കഥ തന്മയത്വത്തോടു കൂടി സംവിധായകന്‍ ശ്യാമപ്രസാദ് അവതരിപ്പിച്ചിരിക്കുന്നു. ഇവിടെയും പുതുമുഖങ്ങള്‍ നിരാശപ്പെടുത്തിയില്ല.

10. ലൗഡ് സ്പീക്കര്‍ - ജയരാജ്‌ മലയാളിക്ക് വീണ്ടും നൊസ്റ്റാള്‍ജിയ സമ്മാനിച്ചു. മറ്റൊരു ചെറിയ പടം, വലിയ ബഹളങ്ങള്‍ ഒന്നും തന്നെയില്ലാതെ പറഞ്ഞു പോകുന്നു. അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം അതിന്റെ തനിമ ചോരാതെ വീണ്ടും അവതരിപ്പിച്ചത് ശ്രദ്ധേയം. മമ്മൂട്ടിയുടെ ഒപ്പം ശശി കുമാറിന്റെ അഭിനയവും പ്രശംസ അര്‍ഹിക്കുന്നു.


ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം മികച്ച സൃഷ്ടികള്‍ ആവണമെന്നില്ല. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവയാണ് ഈ വര്‍ഷത്തെ മികച്ച ആദ്യത്തെ പത്തു സിനിമകള്‍ എന്നെനിക്കു തോന്നുന്നു. തെറ്റാവാം ചിലപ്പോള്‍ ശരിയുമാകാം.

ഇനിയുമുണ്ട്...., ടു ഹരിഹര്‍ നഗര്‍, ഭാര്യ സ്വന്തം സുഹൃത്ത്‌, മകന്റെ അച്ഛന്‍, വൈരം, പുതിയ മുഖം, ഗുലുമാല്‍, കാണാ കണ്മണി, ഇവര്‍ വിവാഹിതരായാല്‍, ബനാറസ്‌, ഡ്യൂപ്ലിക്കേറ്റ്‌   തുടങ്ങിയവ. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച സൂഫി പറഞ്ഞ കഥ, പത്താം നിലയിലെ തീവണ്ടി എന്നെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഇനിയും ചിത്രങ്ങള്‍ റിലീസ് ആവാനുമുണ്ട്. ചട്ടമ്പി നാട്, ഇവിടം സ്വര്‍ഗമാണ്, ഹാപ്പി ഹസ്ബന്റ്സ് തുന്ടങ്ങി...അവയെല്ലാം വിജയങ്ങള്‍ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒപ്പം മലയാള സിനിമയുടെ നല്ല കാലം തിരിച്ചു വരുന്നതിനെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യാം.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter