Friday, October 16, 2009

ഡിസംബര്‍!

(ദീപാവലിയുടെ ആലസ്യം കൊണ്ടാവണം, ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഭൂരിഭാഗവും ഉറങ്ങി കിടപ്പാണ്. ഒന്നും ചെയ്യാനില്ലാത്ത, മടുപ്പ് തോന്നുന്ന ഈ സായാഹ്നത്തില്‍ ഒരു വര്‍ഷം മുന്‍പ് ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത "ഡിസംബര്‍" എന്ന കഥ വീണ്ടും പ്രസിദ്ധീകരിക്കുന്നു.


എല്ലാവര്ക്കും ദീപാവലി ആശസകള്‍!)
_________________________________________________________________
 
ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.

മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി. ആ ദിവസങ്ങളില്‍ ബാല്യകാലത്തിലെക്കുള്ള മടങ്ങിപോക്ക് എനിക്ക് സാധ്യമായിരുന്നു. പണ്ടു, കയ്യാലകളില്‍ പറ്റിപിടിച്ചു വളരുന്ന ചെടികളില്‍ തങ്ങി നില്ക്കുന്ന ഇളം കുളിരുള്ള ജലബാഷ്പങ്ങള്‍ ശ്രദ്ധയോടെ മിഴികള്‍ക്കുള്ളിലാക്കിയിട്ടു ഞാന്‍ കരയുകയാണ് എന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിക്കുകയും ചിലപ്പോള്‍ അവരാല്‍ പറ്റിക്കപ്പെടുകയും ചെയ്ത നാളുകള്‍. പക്ഷെ കാലങ്ങള്‍ക്കിപ്പുറം ഈ പ്രഭാത സവാരികള്‍ക്ക് എന്‍റെ നിഴല്‍ പോലും കൂട്ടുണ്ടായിരുന്നില്ല.

എന്നാലിന്ന് ഞാന്‍ ഡിസംബറിന്റെ പുലരികള്‍ ഇഷ്ട്ടപെടുന്നില്ല . അതിനു കാരണമുണ്ട് . കഴിഞ്ഞ ഡിസംബറും ഞാന്‍ കൊതിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന പുലരികള്‍ എനിക്ക് സമ്മാനിച്ചിരുന്നു. ആ പുലരികളില്‍ ഒന്നിലാണ് എന്റെ പ്രിയ സുഹൃത്ത് ജീവിതത്തിന്റെ അവസാന അദ്ധ്യായവും എഴുതി തീര്‍ത്ത്‌ മഷിയുണങ്ങാത്ത പേനയുമായി ഈ ലോകത്തിന്റെ പടിപ്പുരയ്ക്കു വെളിയിലേക്ക് കല്‍പ്പടവുകളിറങ്ങി നടന്നു പോയത്.... ഡിസംബര്‍ എന്നോട് കാണിച്ച അനീതി.....!


ഓ! ഞാന്‍ പറയാന്‍ മറന്നു . എന്റെ സുഹൃത്തിനെ കുറിച്ചു. തലയില്‍ അനുസരിക്കാത്ത മുടികളും , കുറ്റി മീശയും , എപ്പോഴും വിഷമം മാത്രം നിഴലിക്കുന്ന വെള്ളാരം കല്ലുകള്‍ പോലെയുള്ള കണ്ണുകളും , അവന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കിയിരുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ മനസ്സില്‍ സ്ഫടികം പോലെ സൂക്ഷിച്ചിരുന്ന ഒരു പ്രേമബന്ധം താഴെ വീണു ചിന്നി ചിതറിയത് വേദനയോടെ അംഗീകരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍. ആ സംഭവത്തിനു ശേഷമാണെന്ന് തോന്നുന്നു , സ്വതേ പ്രകാശം പരത്തിയിരുന്ന അവന്റെ കണ്ണുകള്‍ക്ക്‌ മേല്‍ വിഷാദത്തിന്റെ സ്ഥായിയായ ഭാവം കാര്‍മേഘം പോലെ വന്നു മൂടിയത്. കാലം പിന്നിടുമ്പോള്‍ അതിന്റെ തീവ്രത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.

പൊതുവെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ചിന്തകള്‍ പലപ്പോഴും ഒരുപോലെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു. ഇരു ധ്രുവങ്ങളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വെവ്വേറെ വര്‍ണങ്ങളാണ് ചാലിച്ചത്. ഞങ്ങളുടെ ചിന്തകളും വേറിട്ടതായിരുന്നു. പ്രേമം ദൈവികമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കാഴ്ചപ്പാടില്‍ പ്രേമം പൈശാചികമായിരുന്നു.

"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗ താളം ,
നീയെനിക്കെന്നുടെ ആത്മ മോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി ,
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"

നാല് രാവുകളും പകലുകളും നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ , എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി , വളരെയധികം വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എഴുതിയുണ്ടാക്കിയ ഈ നാലുവരി കവിത ഒരിക്കല്‍ മടിച്ചു മടിച്ചു ഞാനവനെ കാണിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്ന സന്ധ്യാ ദീപവും നോക്കി എന്തൊക്കെയോ സ്വപ്നം കണ്ടിരുന്ന അവന്‍ അത് വാങ്ങി വരികളില്‍ കൂടി കണ്ണോടിച്ചു. പൊതുവെ വിഷമ ഭാവം മുറ്റി നിന്നിരുന്ന ആ കണ്ണുകളില്‍ ക്രൂരമായ ഒരു സങ്കടം നിഴലിക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു. യാതൊരു ദാക്ഷിണ്യവും കൂടാതെ ആ നാലുവരി കവിതയടങ്ങിയ പേപ്പര്‍ വലിച്ചു കീറി അവനത് കാറ്റില്‍ പറത്തി. ഒരു ഇരയെ കിട്ടാന്‍ കാത്തിരുന്നത് പോലെ ചിതറിപ്പോയ എന്റെ സൃഷ്ടിയെയും കൊണ്ടു ദൂരെക്ക് പറന്നകന്ന പടിഞ്ഞാറന്‍ കാറ്റിനെ പിടിച്ചു നിര്‍ത്താനാവാതെ നിസഹായനായി ഞാന്‍ നോക്കി നില്‍ക്കെ അവനിങ്ങനെ പറഞ്ഞു..

" പ്രേമം, പ്രേമത്തിനു താളമില്ല. ഉണ്ടെങ്കില്‍ തന്നെ മരണതാളമാണ്. പ്രേമത്തിന്റെ മാളിക ശ്മശാനമാണ് . ചുടല പറമ്പിലെ തീയില്‍ പ്രേമവും അതിന്റെ വക്താക്കളും എരിഞ്ഞടങ്ങും. എനിക്ക് പുച്ച്ചമാണ് , പ്രേമത്തെയും പ്രേമിക്കുന്നവരെയും. ഈ ലോകത്തില്‍ യുദാസിനെക്കാള്‍ ഞാനവരെ വെറുക്കുന്നു".

പിന്നെയും അവന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ പരിക്ഷീണനായ എന്റെ സുഹൃതിനേം താങ്ങി പിടിച്ചു മലയടിവാരത്തില്‍ കൂടി മടങ്ങവേ എന്റെ കാതിലവന്‍ മന്ത്രിച്ചു....

"കൂട്ടുകാരാ, നീ ഒരാളെയും പ്രേമിക്കരുത്. തകരും , തീര്ച്ചയായും തകരണം. എരിതീയില്‍ വെന്തടങ്ങുന്ന രണ്ടു ഈയാം പാറ്റകളായി നിങ്ങള്‍ മാറും..!"

പക്ഷെ ദുരന്ത പ്രണയകഥയിലെ നായകന്റെ ആപ്തവിലാപങ്ങളായി മാത്രം കണ്ടു ഞാനത് തള്ളിക്കളഞ്ഞു.

മറ്റൊരിക്കല്‍ ലോകത്തില്‍ വെച്ചേറ്റവും സുന്ദരികളെ കാണുന്നതെവിടെ എന്നതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രഭാതാരാധനയും കഴിഞ്ഞു കയ്യിളിലത്താളില്‍ ഭഗവാന്റെ പ്രസാദവും നെറ്റിയില്‍ ചന്ദന കുറിയുമായി അമ്പലത്തിന്റെ പടവുകളിറങ്ങി വരുന്ന പെണ്‍കുട്ടികളില്‍ അലൌകികമായ സൌന്ദര്യം ഞാന്‍ ദര്ശിച്ചപ്പോള്‍ അവന്‍ അതിനെ എതിര്‍ത്തു. ഞായറാഴ്ച കാലത്തു തലയില്‍ നേര്ത്ത ശിരോവസ്ത്രവും ധരിച്ചു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളുടെ ചൂടും ഏറ്റു പള്ളിമെടയിലേക്ക് നടക്കുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ അവന്‍ സൌന്ദര്യം കണ്ടെത്തി.

ഞാന്‍ പറഞ്ഞില്ലേ, വ്യതാസങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു ഞങ്ങള്‍. രണ്ടു പേരെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരുന്നു. അതൊരിക്കലും ആടാനോ അടരാനോ ഞങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള എന്റെ സുഹൃത്തിനെയും കൂട്ട് പിടിച്ചാണ് കഴിഞ്ഞ വര്ഷം തനിയെ വന്ന ഡിസംബര്‍ മടങ്ങിയത്. ഇവിടെ രംഗബോധമില്ലാത്ത കോമാളിയായ്‌ എന്റെ പ്രിയപ്പെട്ട ഡിസംബര്‍ , നീ മാറുകയായിരുന്നു.........!!!!!!!!


ആര്ക്കും വേണ്ടി കാത്തു നില്‍ക്കാതെ ദിനരാത്രങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അവന്റെ വേര്പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്നു വെളിയിലരങ്ങാന്‍ ഞാന്‍ കുറെ ശ്രമിച്ചു. അന്നെന്റെ കവിതയടങ്ങിയ കടലാസ് കീറി കാറ്റില്‍ പറത്തി അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായ് സ്വീകരിച്ചു. ഞാനുമൊരു പെണ്‍കുട്ടിയെ പ്രണയിക്കുവാന്‍ ആരംഭിച്ചു. പ്രണയം എന്നതിലുപരി ആരാധന എന്ന വാക്കാണ്‌ കൂടുതല്‍ ചേരുക. അവളുടെ മനസിലെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ കൂട്ടുകാരന്റെ മുന്‍പില്‍ ഒരു തവണയെങ്കിലും ജയിക്കണം . അത് മാത്രമായിരുന്നു എന്റെ മനസ്സില്‍.

അവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വാദിച്ചത് പോലെ നെറ്റിയില്‍ ചന്ദന കുറിയോ, തലയില്‍ ശിരോ വസ്ത്രമോ ഇല്ലായിരുന്നു. എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി നാല് വരി കവിതയെഴുതാന്‍ നാല് നാളെടുത്ത ഞാന്‍ പുതിയ പ്രണയിനിയെ പറ്റി ദിനം തോറും കവിതയെഴുതിക്കൊണ്ടിരുന്നു. ഭ്രമകല്‍പ്പനയുടെ ച്ചുഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനസ് യാഥാര്‍ത്ഥ്യത്തിന്റെ തീരത്ത് നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്നു. വര്‍ത്തമാന കാലത്തിന്റെ ചൂളം വിളികേട്ടു ഞാന്‍ ഉണര്‍ന്നപ്പോഴേക്കും , ഞാന്‍ എന്നിലെ എന്നെ ഉണര്‍ത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും എന്റെ സ്വപ്നങ്ങളിലെ നിശാഗന്ധി കൊഴിഞ്ഞിരുന്നു. എന്നെ ഏറെ നാള്‍ ഉന്മത്തനാക്കിയ ആ സുഗന്ധത്തിനും തീവ്രത കുറഞ്ഞിരുന്നു. അങ്ങനെ എന്റെ കൂട്ടുകാരന്‍ പറഞ്ഞതു പോലെ എന്റെ പ്രേമവും അതിലെ കഥാപാത്രങ്ങളും അവയുടെ സ്വപ്നങ്ങളും ചുടല പറമ്പിലെ തീയില്‍ വീണു വെന്തു വെന്നീരായി.

ഒടുവില്‍ അനിവാര്യമായ അവസാനം വന്നു ചേര്ന്ന ദിവസം, ഞാനെഴുതിയ കവിതകളെല്ലാം കൂട്ടിയിട്ട്‌ കത്തിച്ചു ആ ചാരം വളമാക്കി ഒരു റോസാ ചെടി നട്ടു. എന്നിട്ട് അടുത്ത ഡിസംബര്‍ വരുന്നതും നോക്കി കാത്തിരുന്നു. പഴയതു പോലെ തണുത്ത പ്രഭാതങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം എന്റെ പ്രേമം ചുട്ടെരിച്ചു ആ ചാരം വളമാക്കിയ പനിനീര്‍ ചെടിയില്‍ നിന്നും പാതി വിടര്‍ന്ന ഒരു റോസാ പുഷ്പം അടര്‍ത്തി, അവനെ അടക്കം ചെയ്ത മാര്‍ബിള്‍ ശിലക്ക് മുകളില്‍ വെച്ചു എന്റെ പരാജയം സമ്മതിക്കുവാന്‍ വേണ്ടി മാത്രം.......................!

Saturday, October 3, 2009

ഗാന്ധിജയന്തിയും പൊതു അവധിയും - ഒരു തരൂരിയന്‍ കാഴ്ചപ്പാട്!

'മുകളില്‍' നിന്നുള്ള നിരന്തരമായ സമ്മര്‍ദങ്ങള്‍ വക വെയ്ക്കാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ.ശശി തരൂര്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ട്വിറ്റെര്‍ വഴി തുറന്നെഴുതുന്നത്‌ തുടരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ ഇപ്പോഴുള്ള പൊതു അവധി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുടന്നു കൊടുത്തിരിക്കുന്നത്.
ട്വിട്ടെരില്‍ ഒരു ചോദ്യത്തിന് മറുപടി എന്നോണം മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിലെ പൊതു അവധിയെക്കുറിച്ച് തരൂര്‍ ഇങ്ങനെ എഴുതി; "Gandhiji said 'Work is Workship' and we enjoy holiday on his birthday," തന്റെ വാക്കുകളെ ന്യായീകരിക്കുവാന്‍ ഉദാഹരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വിയറ്റ്നാം നേതാവ് ഹോ ചി മിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നേ ദിവസം വിയറ്റ്നാമികള്‍ കൂടുതല്‍ നേരം ജോലിക്കായി ചിലവഴിക്കുമെന്നാണ് ശശി തരൂര്‍ പറഞ്ഞിരിക്കുന്നത്. "In V'nam (Vietnam), Ho Chi Minh's birthday is a working day and citizens are expected to put in an extra effort at work to honour him,"

അദ്ദേഹത്തിന്‍റെ തന്നെ പഴയ പ്രസ്താവനകളുടെ ചുവടു പിടിച്ചു ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് വിരുദ്ധമായി ആരോഗ്യപരമായ ചര്‍ച്ചകളാണ് "പൊതു അവധി" പ്രസ്താവനയുടെ പേരില്‍ നടക്കുന്നത്. ദേശിയമാധ്യമങ്ങള്‍ പ്രൈം ടൈം സ്ലോട്ടുകളില്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്തികഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കൂടുതല്‍ നേരം ജോലി എടുക്കണമെന്നും, അന്നേ ദിവസം കുറച്ചു നേരം സമൂഹ സേവനത്തിനായി മാറ്റി വെയ്ക്കണമെന്നും, അതല്ല ഗാന്ധി ജയന്തി പൊതു അവധി തന്നെ ആയിരിക്കണമെന്നും, എന്നാല്‍ മാത്രമേ ആ മഹാത്മാവിന്റെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ (വിഷമകരമായ അവസ്ഥ!) എന്നൊക്കെയുള്ള വിവിധ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.


[സ്കൂള്‍ വിദ്യാഭാസ കാലത്ത്, ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളും പരിസരവും വൃത്തിയാക്കുന്നതും, പൂന്തോട്ടങ്ങള്‍  നിര്‍മിക്കുന്നതും, റോഡുകളും ചാലുകളും മറ്റും വൃത്തിയാക്കുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ ഓര്‍മ്മകള്‍ ഉണ്ട്. വിദ്യാലയങ്ങള്‍ ഇപ്പോഴും ഈ പതിവ് തുടരുന്നുമുണ്ട്. ഇതൊക്കെ കുട്ടികള്‍ക്ക് മാത്രമേ ആകാവൂ???]

Thursday, October 1, 2009

മനുഷ്യച്ചങ്ങല

സി.പി.ഐ(എം) നേതൃത്വത്തില്‍ മറ്റൊരു മനുഷ്യച്ചങ്ങല കൂടി! ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിനെതിരെ, കേരളത്തിന്‍റെ രണ്ടു അറ്റങ്ങളും കൂട്ടി യോജിപ്പിച്ച് സി.പി.ഐ(എം) നേതൃത്വത്തില്‍ ജനങ്ങള്‍(?) ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നാണ് പാര്‍ടി അറിയിച്ചിട്ടുള്ളത്. കാസര്‍ഗോഡ്‌ പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന ചങ്ങലയില്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയാകും. ചങ്ങല തിരുവനന്തപുരം രാജ്ഭവന്‍ പരിസരത്തു അവസാനിക്കുമ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അവസാന കണ്ണിയും. സമരത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോഷകസംഘടന അംഗങ്ങളും, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും, പാര്‍ടി അനുഭാവികളും, പൊതു ജനങ്ങളും അടക്കം ഏകദേശം 30 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് പാര്‍ടി വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഇതൊരു പുതിയ റെക്കോര്‍ഡ്‌ തന്നെ സൃഷ്ടിച്ചേക്കാം.

പ്രതിഷേധത്തിന്റെ പുതിയ മുഖമായി മനുഷ്യച്ചങ്ങല കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1987 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആണ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമായിരുന്നു അത്. ഡി.വൈ.എഫ്‌.ഐ ആയിരുന്നു ആ സമരത്തിന്റെ നേതൃനിരയില്‍. അന്ന് അച്ഛന്റെ കയ്യില്‍ തൂങ്ങി സമരത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേയ്ക്ക് പോയ ഒരു നാല് വയസുകാരന്റെ ഓര്മ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്; മങ്ങിയതാനെന്കിലും. പറഞ്ഞും കേട്ടുമുള്ള അറിവുകളും ഓര്‍മകളും വെച്ച് നോക്കുമ്പോള്‍, ആവേശം അല തല്ലി നിന്നൊരു സാഹചര്യത്തിലായിരുന്നു അന്നെല്ലാവരും സമരത്തില്‍ പങ്കാളികളായത്. പക്ഷെ ഇന്ന് സ്ഥിതി വ്യതസ്തമാണ്, സാഹചര്യങ്ങളും; പാര്‍ടിയുടെയും, കേരളത്തിന്റെയും, ജനങ്ങളുടെയും. സമകാലീന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതുമാണ്. ഈ സമരം വിജയിക്കുമോയെന്നു കണ്ടു തന്നെ അറിയണം. ചങ്ങലയില്‍ കണ്ണിയാകാന്‍ ആവാത്ത ഒരു സ്ഥലത്തിരുന്നു ഇത് കുറിക്കുമ്പോള്‍ ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.

അഭിവാദ്യങ്ങള്‍...!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter