Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Wednesday, February 12, 2014

റെയിൽവേ ബജറ്റ് നമുക്കെന്തു തന്നില്ല.

രണ്ടാം യു പി എ സർക്കാരിന്റെ അവസാന റെയിൽവേ ബജറ്റ് മന്ത്രി മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും.  രാഷ്ട്ര വ്യവഹാരമല്ല കാര്യ വിചാരം എന്നതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപനങ്ങളുടെ സുനാമി തിരമാലകൾ ബജറ്റ് അവതരണത്തിനിടെ ആഞ്ഞടിക്കുമായിരിക്കും. അതിനു മുൻപായി കേരളത്തിനു വേണ്ടി കഴിഞ്ഞു പോയ ബജ്ജറ്റുകളിൽ പ്രഖ്യാപിച്ച പ്രമുഖ പദ്ധതികളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോഴും തുടങ്ങിയടത്തു തന്നെയാണ്. വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ച ശബരി റെയിൽപാത ഇത് വരെ എങ്ങുമെത്തിയിട്ടില്ല. പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റം പകുതി വഴിയിൽ പിടിച്ചിട്ടിരുക്കുന്നു. വിവിധ ജില്ലകളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ പാതിവഴിയിലാണ്. തിരുവനന്തപുരത്തിനായി പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളേജ് ജലരേഖായി അവശേഷിക്കുന്നു. കഴിഞ്ഞ ബജ്ജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ന്യൂ ഡൽഹി എക്സ്പ്രസ്സ്‌ ട്രെയിൻ എവിടെയാണോ എന്തരോ? തിരുവനന്തപുരം, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തും എന്ന് പറഞ്ഞിരുന്നു; അവിടെയൊക്കെ സ്ഥിരം പോകുന്നവരോട് ചോദിച്ചാലറിയാം, ഇപ്പോഴത്തെ നിലവാരം. എങ്ങുമെത്താത്ത നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം വർഷങ്ങളായി കേൾക്കുന്നതാണ്.

രാഷ്ട്ര വ്യവഹാരമല്ലല്ലൊ, കാര്യ വിചാരം. അതു കൊണ്ട് ഇത്തവണയും കാണും വാഗ്ദാനങ്ങൾ.  അവയെല്ലാം പ്രാവർതികമായെന്ന രീതിയിൽ അടുത്ത നാളിൽ പത്രങ്ങൾ അച്ച് നിരത്തും. അതും പറഞ്ഞു വോട്ട് തെണ്ടാനും ഇവർ  വരും.

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!

Updated 12/02/2014:
2014 റെയിൽവേ ബജ്ജെറ്റിൽ കേരളത്തിനു മൂന്നു ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ 2 വീതം സർവീസ് നടത്തുന്ന  തിരുവനന്തപുരം-ബാംഗ്ലൂർ പ്രീമിയം (?) ട്രെയിൻ , തിരുവനന്തപുരം-ന്യൂ ഡൽഹി നിസ്സാമുദ്ദിൻ എക്സ്പ്രസ്സ്‌ ട്രെയിൻ, പ്രതിദിനം സർവീസ് നടത്തുന്ന പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രയിനുമാണ് ഇവ.


Tuesday, February 11, 2014

ബെസ്റ്റ് ഓഫ് ഫ്യൂ!

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ 1947 നു ശേഷം എടുത്തിട്ടുള്ള വളരെ കുറച്ചു നല്ല തീരുമാനങ്ങളിൽ ഒന്നാണ് വി എം സുധീരനെ കെ പി സി സി പ്രസിഡന്റ്‌ ആയി നിയമിച്ച തീരുമാനം. ഗ്രൂപ്പ്‌ സമവാക്യങ്ങൾ മാറി മറിയുന്ന കളികൾ ഇനി നടക്കാനിരിക്കുന്നതെ ഉള്ളു. ശത്രുവിന്റെ ശത്രു മിത്രമെന്ന ഫിലോസഫി ഇനി കേരളത്തിലെ കോണ്‍ഗ്രസിന്റെ ആപ്ത വാക്യമാകുവാൻ പോവുകയാണ്. പ്രസിഡന്റിന്റെ സത്യപ്രതിന്ജാ ചടങ്ങ് ബഹിഷ്കരിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി തന്നെ ആദ്യ വെടി  പൊട്ടിച്ചു കഴിഞ്ഞു.

"രാഷ്ട്രവ്യവഹാരമല്ല, കാര്യവിചാരം" 

Saturday, September 22, 2012

ഞാനൊരു ഫാക്ടറി ഉടമയായി!!!!

അങ്ങനെ ഞാനും ഒരു വ്യവസായിയും ഫാക്ടറി ഉടമയും ആയി.


ഇന്നലെ, മന്‍മോഹന്‍ ജി പറഞ്ഞത് കേട്ടില്ലേ?  ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്നവര്‍ വലിയ വ്യവസായികളും ഫാക്ടറി ഉടമകളും ആണത്രേ!! 

അവര്‍ക്ക് ഡീസല്‍ വില വര്‍ധന ബാധകമാവില്ലെന്നും, അവരെ നില നിര്‍ത്താന്‍ സബ്സിഡി ആവശ്യമില്ലെന്നും അദ്ദേഹം മൊഴിഞ്ഞിട്ടുണ്ട്. 

ലോണ്‍ എടുത്തു കാര്‍ വാങ്ങിയ ഫാക്ടറി ഉടമകള്‍ക്കും വ്യവസായികള്‍ക്കും ലോണ്‍ തിരിച്ചടയ്ക്കണ്ട എന്നൊരു നിയമം കൂടി കൊണ്ട് വരുമോ സാറേ? 


Friday, September 21, 2012

മുലായം സിംഗ് ഒരു പാവമാണ്!!!!

മുലായം സിംഗ് യാദവ് ഒരു പാവം മനുഷ്യനാണ്. 

സ്വന്തം മകന് അധികാരത്തിന്റെ കിരീടവും ചെങ്കോലും കൈമാറി ദില്ലിയ്ക്ക് പറന്നപ്പോള്‍ ജനം പറഞ്ഞു, രാഷ്ട്രീയത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള പുറപ്പാടാണെന്ന്. 
അദ്ദേഹം ഒന്നും മിണ്ടിയില്ല. 
ഇത്രയും നാള്‍ ഉത്തരപ്രദേശത്തെ സാധു ജന്മിമാരെ സഹായിച്ചതു പോലെ രാഷ്ട്ര തലസ്ഥാനത്ത് തന്റെ സഹായം ആവശ്യമുള്ളവരെ തേടിയായിരുന്നു ആ യാത്ര. 

മഹാരാഷ്ട്ര നവ നിര്‍മാന്‍ സേനയുടെ ദേശിയ സമ്മേളനം ബീഹാറിലെ പാട്നയില്‍ വെച്ച് നടത്തുന്നത് പോലെ, അല്ലെങ്കില്‍, റഷ്യന്‍ അറ്റോമിക് കമ്പനികളുടെ ബോര്‍ഡ്‌ മീറ്റിംഗ് കൂടംകുളത് വെച്ച് നടത്തുന്നത് പോലെ സ്വന്തം പാര്‍ട്ടിയുടെ സമ്മേളനം കൊല്‍ക്കത്തയില്‍ വെച്ച് നടത്തിയപ്പോഴും സൊ കാള്‍ഡ് ജനം അദ്ദേഹത്തിന്റെ  ഉദേശ്യ ശുദ്ധിയെ ചോദ്യം ചെയ്തു. മമതയുമായി ചേര്‍ന്ന് പാവം മന്‍മോഹന്‍ ജിയ്ക്ക് പണി കൊടുക്കാനുള്ള പരിപാടിയാണെന്ന് പറഞ്ഞു പരത്തി. 

എന്നാല്‍, അതെല്ലാം വെറുതെയായിരുന്നു എന്ന് ഇപ്പോള്‍ മനസിലായില്ലേ. ഒരു മമതയുമില്ലാതെ ദിദി ഇറങ്ങി പോയപ്പോള്‍, പാവം മന്മോഹനും സോണിയജിയ്ക്കും താങ്ങായി മുലായം എത്തി. രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വരുന്നത് ഒഴിവാക്കാനും, വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയാനുമാണ് മുലായം ജി രണ്ടാം യു.പി.എ യ്ക്ക് പിന്തുണ നല്‍കുന്നത്. അല്ലാതെ, ശത്രുക്കള്‍ പറയുന്നത് പോലെ, സി.ബി.ഐ അന്വേഷണത്തെ പേടിച്ചിട്ടല്ല. 

ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്, മുലായം ഒരു പാവമാണ്..., അദ്ദേഹം ഇപ്പോഴും താഴെക്കിടയിലുള്ള ആളുകളുടെ കൂടെയാണ്.  പെട്ടിയും കിടക്കയും എടുത്ത് കൊല്‍ക്കത്താക്കാരി തന്റെ പിള്ളേരെയും വിളിച്ചു ഇറങ്ങി പോയപ്പോള്‍, ഭൂരിപക്ഷം നഷ്ടമായ യു.പി.എ സര്‍ക്കാരിനു പിന്തുണയുമായി മുലായം വന്നത് അത് കൊണ്ട് കൂടിയാണ്.

എല്ലാവരും അദേഹത്തെ വെറുതെ തെറ്റിദ്ധരിച്ചു..

ഗാന്ധി തൊപ്പി വെച്ചവരും പണി തരും

ആശിര്‍വാദ് സിനിമയുടെ പുതിയ സിനിമയുടെ പൂജയുടെ തലേന്നാള്‍, ലാലേട്ടന്‍ പടത്തില്‍ നിന്ന് പിന്മാറിയാല്‍ ആന്റണി പെരുംബാവൂരിനു ഉണ്ടായേക്കാവുന്ന അവസ്ഥയിലാണ് അരവിന്ദ് കേജ്രിവാള്‍.. 

ബാറില്‍ നിന്ന് ഇറങ്ങുകയും ചെയ്തു, വീട്ടില്‍ എത്തിയതുമില്ല എന്ന അവസ്ഥ... 

പണി പാമ്പും, പട്ടിയുമൊന്നുമല്ല... ഗാന്ധി തൊപ്പി വെച്ചവരുടെ രൂപത്തിലും കിട്ടും... 

Friday, August 24, 2012

മരണ വിദ്യാലയം - സുസ്മേഷ് ചന്ദ്രോത്ത്

സ്നേഹം നിറഞ്ഞ സുസ്മേഷിനു, 

ഈ വര്‍ഷത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ 'മരണ വിദ്യാലയം' എന്ന കഥ വായിച്ചു കഴിഞ്ഞതെയുള്ളൂ. 

മനോഹരമായിരിക്കുന്നു!

നാലുപാടും നിന്നുള്ള സമ്മര്‍ദം മൂലം ജീവിത യാത്രയ്ക്കിടയില്‍  വഴി മുട്ടി നില്‍ക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രതിനിധിയായിട്ടാണ് നേത്രി എന്ന കുട്ടിയെ പറ്റി എനിക്ക് തോന്നിയത്.  പക്ഷെ ആ കുട്ടിയെ മരിക്കാന്‍ വിടേണ്ടിയിരുന്നില്ല. കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയല്ല. ഒരു പക്ഷെ, ആ മരണമില്ലായിരുന്നെങ്കില്‍ ഈ കഥയ്ക്ക്‌ പൂര്‍ണതയും ഉണ്ടാവില്ലായിരുന്നേനെ. 

ആത്മഹത്യയെന്ന പോലെ, ആത്മഹത്യാ പ്രേരണയും കുറ്റമായ ഈ സമൂഹത്തിനോട് ഒരു കുറിപ്പെങ്കിലും എഴുതി വെച്ച് നേത്രിയ്ക്ക് ട്രെയിനിനു മുന്നില്‍ കീഴടങ്ങാമായിരുന്നു. ആ പാവം എസ്.ഐയുടെ മനസ്സില്‍ ലേശം കുളിര്‍ വീണേനെ. 

നേത്രി, അദിതി, ജസ്ന, മാഹിന്‍, നാരായണ പ്രസാദ്....... താങ്കളുടെ കഥാപാത്രങ്ങളുടെ പേരുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം!

സസ്നേഹം, 
പ്രശാന്ത്.

Sunday, July 15, 2012

കാലുമാറ്റം 2012 റീലോടെഡ്

ശെല്‍വരാജിനെ കൂടാതെ മറ്റു മൂന്നു സി.പി.എം എം.എല്‍.എ മാര്‍ കൂടി യു.ഡി.എഫ് ലേക്ക് വരാന്‍ തയ്യാറായിരുന്നു എന്ന് പി.സി.ജോര്‍ജ്. ഉമ്മന്‍ ചാണ്ടി എതിര്‍ത്തത് മൂലമാണ് അത് നടക്കാതെ പോയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 
                ഈ പ്രസ്താവനയും നടത്തി പോത്തിറച്ചി ഉലത്തിയതും കഴിച്ചു ജോര്‍ജ് കൈ കഴുകുന്നതിന്‌ മുന്നേ, കണ്ണൂരിന്റെ രോമാഞ്ചം ഇ.പി. ജയരാജന്‍ അടുത്ത ബോംബ്‌ പൊട്ടിച്ചു. 
              പിറവം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയും, മറ്റു മൂന്നു എം.എല്‍. എ മാരെയും എല്‍.ഡി.എഫ് ഇല്‍ എടുക്കെണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ് തങ്ങളെ സമീപിച്ചെന്നാണ് ജയരാജന്‍ മാസങ്ങള്‍ക്ക് ശേഷം ഓര്‍മയില്‍ നിന്നും കടമെടുത്തു പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ മര്യാദയ്ക്ക് (???? ഹ ഹ ഹാ) നിരക്കാത്തതിനാല്‍ തങ്ങള്‍ അത് വേണ്ടായെന്നു പറഞ്ഞെന്നും കോമ്രെട് ജയരാജന്‍ പറഞ്ഞു. ജയരാജനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് എങ്ങും തൊടാതെ പറഞ്ഞ് മുന്‍ പോലീസ് മന്ത്രി കോടിയേരിയും ആകാശത്തേയ്ക്ക് ഉണ്ടയില്ല വെടി വെച്ചിട്ടുണ്ട്.
                ഇതെല്ലാം ഇന്നലെ നടന്ന കാര്യങ്ങള്‍. പി.സി യും ഇ.പി യും കോടിയേരിയും ഒരു രാത്രി ഉറങ്ങിയുണര്‍ന്നു കോട്ടുവാ വിട്ടു വായ്‌ അടയ്ക്കുന്നതിന് മുന്നേ വീര ശൂരന്‍, നെയ്യാറ്റിന്‍കരയുടെ പൊന്നോമന ശെല്‍വരാജന്‍ നാടാര്‍ (ഹിന്ദു / ക്രിസ്ത്യന്‍) അടുത്ത പടക്ക കോട്ടയ്ക്കു തിരി കൊളുത്തി. തന്നെ കൂടാതെ ഇനിയും നാല് സി.പി.എം. എം. എല്‍.എ മാര്‍ കൂടി  യു.ഡി.എഫ് ലേക്ക് ചാടാന്‍ റെഡി ആയി നില്‍ക്കുകയാണ് എന്നാണു മുന്‍ സഖാവ് സെല്‍വരാജ് പറഞ്ഞിരിക്കുന്നത്.

ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ  പോയ മറ്റൊരു സംഭവമുണ്ട്. പത്തനാപുരത്ത് കാരെ തിരോന്തരം എന്ന സ്ഥലമുണ്ടെന്നു (എന്നാണു മനോരമയിലെ അച്ചായന്മാര്‍ പറയുന്നത്) കാണിച്ചു കൊടുത്ത ശ്രീമാന്‍ ഗണേശനും, ചവറയിലെ വിപ്ലവകാരി ഷിബുവും ഇടത്തോട്ട് ചായാന്‍ മുട്ടി നില്‍ക്കുകയാണെന്നും, ഇത് മുന്‍കൂട്ടി അറിഞ്ഞ്ട്ടാണ് പി.സി.ജോര്‍ജ് വനം മന്ത്രിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപണം ഉന്നയിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. 

ചുമ്മാതാണോ, നാല് മാസം മുന്‍പ് തനിക്കും ഞരമ്പ് രോഗി പട്ടം ചാര്‍ത്തി തന്ന ഗണേശനെ പിന്തുണച്ചു വി.എസ് പ്രസ്താവന നടത്തിയത്!!!

Thursday, June 7, 2012

എന്തെ ഉമ്മന്‍ചാണ്ടി ഇങ്ങനെ?

എം. എം. മണിയെ സി.പി.ഐ (എം) ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. 

മണിയുടെ വിവാദമായ പ്രസംഗത്തില്‍, പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്നും വ്യതിചലിച്ചു അഭിപ്രായ പ്രകടനം നടത്തിയതിനാണ് പാര്‍ട്ടി നടപടി. മണിയോട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്.  
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനത്തു നിന്നുള്ള മാന്യമായ നടപടി.

മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് കേരള പോലീസ് മണിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാര്‍ അത് ആയുധമാക്കുകയും ചെയ്യുന്നു.

ടി.പി ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.എം നു പങ്കില്ല എന്ന് മണി പ്രസംഗത്തില്‍ പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും പോലീസ് ഉം അതിനെ അംഗീകരിക്കുന്നില്ല.
ഇടുക്കിയിലെ എസ്. എഫ്.ഐ നേതാവിനെ കൊന്നത് പി.ടി തോമസിന്റെ ഗുണ്ടകള്‍ ആണെന്നും പറയുന്നു. അതും അവര്‍ കേള്‍ക്കുന്നില്ല.

ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതിനു താന്‍ സാക്ഷി ആണെന്ന് സുധാകരന്‍... . അധ്യാപകനെ കൊന്നവര്‍ക്കെതിരെ സാക്ഷി പറയാന്‍ പോയാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ലെന്നു ലീഗ് എം.എല്‍... എ. ഒടുവിലിതാ, മൃഗങ്ങളുടെ തോള്‍ സൂക്ഷിച്ചു വെച്ചിട്ട് പരിസ്ഥിതിയെ പറ്റി വാദിക്കുന്നവരെ തനിക്കറിയാമെന്ന് മന്ത്രി ഗണേശനും. ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കും ചെവിയില്ലേ? അതോ മറു ചെവിയില്‍ കൂടി സൌകര്യാര്‍ത്ഥം പുറം തള്ളുന്നതോ?

എന്തെ ഉമ്മന്‍ചാണ്ടി ഇങ്ങനെ?

Sunday, May 6, 2012

രക്തസാക്ഷി

രക്തകറ കൊണ്ട്, 
പകയുടെ കനലുകളെ ശമിപ്പിക്കുന്ന, 
മൃഗീയമായ നരനായാട്ട് വീണ്ടും. 

ഇടതനും, വലതനും, പുറത്താക്കപ്പെട്ടവനും, 
വെല്ലു വിളിച്ചു പുറത്തു പോയവനും, 
ചുവപ്പനും, കാവിയും, പച്ചയും, ത്രിവര്‍ണ്ണനും,
തുടങ്ങി,
കണ്ട അണ്ടനും അടകോടനുമെല്ലാം 
അനുശോചിക്കുന്നു, അപലപിക്കുന്നു. 

പൊന്നരിവാളിന്‍ കൊടി പുതച്ച
നിശ്ചല വിപ്ലവത്തിന് ചുറ്റും, 
ഖദര്‍ ധാരികള്‍ വിതുമ്പുന്നു; മൂക്ക് തുടയ്ക്കുന്നു;
പക്ഷെ കണ്ണീരിനുപ്പില്ല!

വിപ്ലവത്തിന്റെ മൊത്ത കച്ചവടക്കാരെ,
പുത്തന്‍ കൂറ്റുകാരെ,
നിങ്ങളുടെ പൊടി പോലുമവിടെ
ഇല്ലാതായല്ലോ; ഒന്ന് കരയാന്‍......,
മുഷ്ടി ചുരുട്ടി ഒരു വിപ്ലവാഭിവാദ്യം നേരാന്‍......    ...

ഭൂമിയിലൊരു രക്തസാക്ഷി കൂടി ജനിച്ചു,
അങ്ങകലെ ആകാശത്തോ, ഒരു നക്ഷത്രം ജ്വലിച്ചു..

കൊലപാതകമൊരു ആഘോഷമാക്കി,
ഇനിയങ്ങോട്ട് ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പ്.
ചുറ്റുമുള്ളവരെ, കൊലപാതകിയെന്ന് ചൂണ്ടി
വിളിക്കുമ്പോള്‍ ഓര്‍ക്കുക ശവംതീനികളെ..
അവനു നേരെ ചൂണ്ടുന്നത് നിന്റെ ചൂണ്ടു വിരല്‍..
എന്നാല്‍  നിനക്ക് നേരെയുള്ളതോ,
നിന്റെ, ബാക്കി, നാല് വിരലുകളും.

നിങ്ങളില്‍,
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

Friday, April 20, 2012

ഇറ്റാലിയന്‍ കരയിലേക്ക് ഒരു കടല്‍ ദൂരം.

കൊല്ലം, നീണ്ടകരയിലെ രണ്ടു മത്സ്യ തൊഴിലാളികള്‍ കടലില്‍. വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂല നിലപാടെടുത്തു. 
1. കേരള പോലീസിന് കേസ് എടുക്കാന്‍ യാതൊരു അധികാരവുമില്ല എന്ന്  കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ് ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
2. കേരള സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ ജോര്‍ജ് ഇത് കേട്ട് മിണ്ടാതിരുന്നു.
3. ഈ കേസ് വക്കാലത്ത് നല്‍കിയിരുന്ന അഡ്വ രമേശ്‌ ബാബുവിനെ മാറ്റി ജോര്‍ജിനെ നിയമിച്ചത് ഇന്നലെ.
4. ഇതിനു മുന്‍പ്, ഡല്‍ഹിയില്‍ വെച്ച്, കേരള ധനകാര്യ മന്ത്രി കെ.എം മാണിയുമായി കൂടികാഴ്ച നടത്തി.
5. ഇതിനും മുന്‍പ്, കെ.എം മാണി, ഡല്‍ഹിയില്‍ ഉണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള കര്‍ദിനാളുമായും കൂടികാഴ്ച നടത്തിയിരുന്നു.

വെടിവെപ്പ് നടന്നതിനു അടുത്ത ദിനങ്ങളില്‍ ഉണ്ടായ വിവാദങ്ങള്‍ ; കോണ്‍ഗ്രസിന്റെ ഇറ്റാലിയന്‍ ചായ്‌വ്, കത്തോലിക്കാ മന്ത്രിമാര്‍ , എന്നിവയും ചേര്‍ത്തു മുകളിലത്തെ സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല.

എന്തായാലും ഇറ്റലിക്കാരേ,   നയതന്ത്രം കടല്‍ വഴി വരുമ്പോള്‍, പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇട്ടാലും, ചോദിയ്ക്കാന്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരുത്തനും വരില്ല. നിങ്ങള്‍ക്കിനിയും ധൈര്യമായി വെടി   വെച്ച് കളിക്കാം..

Thursday, April 12, 2012

സമുദായ സന്തലനം


ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന രണ്ടു മന്ത്രി മാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു.
മഞ്ഞളാംകുഴി അലിയ്ക്ക് ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ലഭിച്ചു. അനൂപ്‌ ജേക്കബിന്, പിതാവ് ടി.എം ജേക്കബ് കയ്യാളിയ വകുപ്പുകളും ലഭിക്കും.
ലീഗിന് കീഴടങ്ങി എന്ന് ആരോപിച്ചു, മന്ത്രി ആര്യാടന്‍ മുഹമ്മദും, നേതാക്കളായ കെ.മുരളീധരന്‍, വി.ഡി. സതീശന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
സമുദായ സന്തലനം പാലിക്കാന്‍ മന്ത്രി സഭയില്‍ വന്‍ അഴിച്ചു പണി. NSS ന്‍റെ ക*****പ്പ് പരിഹരിക്കാന്‍ സമുദായ അംഗങ്ങളായ തിരുവന്ചൂരിനു ആഭ്യന്തരം, ശിവകുമാറിന് ആരോഗ്യം; SNDP യുടെ നിലവിളി ഒഴിവാക്കാന്‍ അടൂര്‍ പ്രകാശിന് റവന്യൂ വകുപ്പ്; ആര്യാടന്റെ തുറന്നു പറയല്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിനു ഗതാഗത വകുപ്പിന്റെ അധിക ചുമതല.

വോട്ട് ചെയ്തു വിജയിപ്പിച്ചു അധികാരത്തില്‍ ഏറ്റിയ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ എന്ത് കിട്ടി...???
 

Wednesday, April 11, 2012

ഇന്ന് മലയാളികള്‍ക്ക് സുദിനം

കേരളത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് നാളെ പരിഹാരമാവും.


കഴിഞ്ഞ കുറെ നാളുകളായി ഓരോ മലയാളിയുടെയും ഉറക്കം കെടുത്തിയിരുന്ന അഞ്ചാം മന്ത്രിയും, പുതുമുഖ മന്ത്രിയും വ്യാഴാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതെല്ലാം ഇങ്ങനെ തന്നെ ഒടുങ്ങുമെന്നു നേരത്തെ അറിവുള്ളതല്ലേ.. വെറുതെ ഡല്‍ഹിയിലോട്ടും ഇങ്ങോട്ടും ബീമാനത്തില്‍ പോയതും, പ്രവചനങ്ങള്‍ നടത്തി ചാനല്‍ ചര്‍ച്ചാ തൊഴിലാളികളുടെ നാവിലെ വെള്ളം വറ്റിയതും മിച്ചം.

ടി വിയുടെ കൂടെ റിമോട്ടിനിടുന്ന ബാറ്ററി ഫ്രീ എന്ന പോലെ, സത്യ പ്രതിഞ്ജ ദിനത്തില്‍ തിരുവനന്ത പുരത്തുകാര്‍ക്ക് നാളെ ഹര്‍ത്താല്‍ ഫ്രീ...

Wednesday, March 7, 2012

രവി ബോംബെ





സംഗീത സംവിധായകന്‍ രവി ബോംബെ അന്തരിച്ചു.

രവി ശങ്കര്‍ ശര്‍മ എന്ന  രവി ബോംബെ (ബോംബെ രവി) 1926 മാര്‍ച്ച്‌ 3 - നു ഡല്‍ഹിയില്‍ ആണ് ജനിച്ചത്‌. നിരവധി ഹിന്ദി, മലയാളം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ പെയ്യിക്കുന്ന നിരവധി ഈണങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം. കൂടുതലും മോഹന രാഗത്തില്‍ കേന്ദ്രീകൃതമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഹരിഹരന്‍ - എം.ടി ടീമിന്റെയൊപ്പം കൂടുതലും നിലയുറപ്പിച്ച രവി ബോംബെ, എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ചാണ് വിട വാങ്ങിയത്.

രവി ബോംബെ സംഗീതം പകര്‍ന്ന മലയാള സിനിമകള്‍:
പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, സുകൃതം, ഗസല്‍, സര്‍ഗം, പാഥേയം, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, മനസില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം.

രവി ബോംബെ എന്ന മാന്ത്രികന്റെ ഒപ്പ് പതിഞ്ഞ ചില ഗാനങ്ങള്‍
# സാഗരങ്ങളേ പാടി, പാടി ഉണര്‍ത്തിയ...
# മഞ്ഞള്‍ പ്രസാദവും, നെറ്റിയില്‍ ചാര്‍ത്തി.. 
# ആരെയും ഭാവഗായകനാക്കും
# നീരാടുവാന്‍, നിളയില്‍ നീരാടുവാന്‍....
# ഇന്ദുലേഖ കണ്‍ തുറന്നു...
# കളരി വിളക്കു തെളിഞ്ഞതാണോ...
# ഇന്ദുപുഷ്പം ചൂടി നില്‍ക്കും...
# ഇന്ദ്ര നീലിമയോലും ....
# ഇശല്‍ തേന്‍കണം..
# അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍...
# ചന്ദനലേപ സുഗന്ധം...
# ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...
# ചുമരില്ലാതെ, ചായങ്ങളില്ലാതെ....

ലിസ്റ്റ് തീരുന്നില്ല..
മലയാളികളെ മോഹന രാഗത്തിന്റെ നിളയില്‍ നീരാടിച്ച രവി ബോംബെ എന്ന സംഗീതസാമ്രാട്ടിനു ആദരാഞ്ജലികള്‍...

Friday, March 2, 2012

നരേന്ദ്രന്‍ നായര്‍ - പുതിയ NSS പ്രസിഡന്റ്‌

"പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു."

വളരെ സന്തോഷം തോന്നി, ഈ വാര്‍ത്ത‍ കണ്ടപ്പോള്‍...

വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടി, ഈ അടുത്ത കാലത്ത് നരേന്ദ്രന്‍ സാറിനെ കാണുവാനുള്ള ഒരു അവസരം ഉണ്ടായി. പത്തനംതിട്ട നഗരത്തില്‍ കൂടി കുറച്ചു കറങ്ങേണ്ടി വന്നെങ്കിലും, ഒടുവില്‍  വീട് കണ്ടു പിടിച്ചു എത്തുമ്പോഴേക്കും, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന സമയം അതിക്രമിച്ചിരുന്നു. എവിടെയോ യാത്ര പുറപ്പെടാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹത്തിനെ മുന്‍പ് കണ്ടിട്ടുള്ളതെങ്കിലും, ഹൃദ്യമായ സ്വീകരണമായിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പിനിടയിലും, യാതൊരു മുഷിവും കൂടാതെ അദ്ദേഹം കാര്യം അന്വേഷിച്ചു. 

കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവുള്ള ആള്‍ ഞാനായിരുന്നതിനാല്‍, സ്വീകരണ മുറിയുടെ വാതിലിന്നരികിലായി ഞാന്‍ നിന്നു. "വരൂ, ഇരിക്കൂ കുട്ടി!" അദ്ദേഹം പറഞ്ഞു. 'നല്ല പ്രയോഗം', ഞാന്‍ മനസിലോര്‍ത്തു. ഒരിക്കല്‍ കൂടി കേള്‍ക്കാനായി, കൂടുതല്‍ വിനയം വരുത്തി ഞാന്‍ അവിടെ തന്നെ ഒതുങ്ങി നിന്നു. "ഇരിക്കൂ കുട്ടി..." അദ്ദേഹം വീണ്ടും പറഞ്ഞു. ഞാന്‍ ഇരുന്നു, മുതിര്‍ന്നവര്‍ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട്. സമയക്കുറവു മൂലം ധൃതിയില്‍ കാര്യം അവതരിപ്പിച്ചു ഞങ്ങള്‍ പോകുവാനായി എഴുന്നേറ്റു. ഒടുവില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.

വന്ന കാര്യം നടന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഊഷ്മളമായ സ്വീകരണത്തിലും, സാത്വികമായ പെരുമാറ്റത്തിലും എനിക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വരുന്ന വഴി, വണ്ടിയിലിരുന്നു മറ്റു രണ്ടു പേര്‍ പറയുന്നുണ്ടായിരുന്നു; അടുത്ത NSS പ്രസിഡന്റ്‌ ഒരു പക്ഷെ നരേന്ദ്രന്‍ സാര്‍ ആയിരിക്കുമെന്ന്. അത് സത്യമായി ഭാവിച്ചു.

അദ്ദേഹത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 

Monday, February 22, 2010

മലയാള സിനിമയോട്

മലയാള സിനിമയ്ക്കെതിരെ, മലയാള സിനിമയിലെ മേലാള കീഴാള വര്‍ഗ വര്‍ണ വിവേചനത്തിനെതിരെ, വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മലയാള സിനിമ പ്രവര്‍ത്തകള്‍ മാറുന്ന രീതിയ്ക്കെതിരെ, കലാകാരനു തൊഴില്‍ നിഷേധിക്കുന്ന മലയാള സിനിമയിലെ മാടമ്പി സംസ്കാരത്തിനെതിരെ മലയാളികള്‍ അധിവസിക്കുന്ന ലോകത്തിന്റെ മിക്ക കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കല സാഹചര്യത്തില്‍, എതിര്‍പ്പിന്റെ ഒരുമയുള്ള സ്വരങ്ങള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നത് ഓണ്‍ലൈന്‍ നിവാസികളുടെ വാക്കുകളില്‍ കൂടിയാണ്.


നടുക്കടലില്‍ മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ് സമകാലീന മലയാള ചലച്ചിത്രലോകം. പുര കത്തുമ്പോള്‍ വാഴ വെട്ടാനായി സംഘടനകളും അതിന്റെ നേതാക്കളും, എരിതീയില്‍ എണ്ണ ഒഴിക്കുവാന്‍ രാഷ്ട്രീയ പാര്‍ടികള്‍, മുറിവില്‍ ഉപ്പു തേയ്ക്കുവാന്‍ കലാകാരന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. സംശയലെശ്യമെന്നെ പറയാം 1928 ല്‍ പ്രയാണം തുടങ്ങിയ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ഈ വ്യവസായം, ഒരു പക്ഷെ, തകര്‍ന്നു തരിപ്പണം ആവുകയാണെങ്കില്‍ ആര്‍ക്കാണ് നഷ്ടം?അതൊരിക്കലും പ്രശസ്തിയുടെയും,പണത്തിന്റെയും,സില്‍ബന്ധികളുടെ പൊള്ളയായ പ്രശംസയുടെയും നിഴലില്‍ മനം മയങ്ങി ഇരിക്കുന്ന സോ കാള്‍ഡ് സൂപ്പെര്‍ താരങ്ങള്ക്കോ അവരുടെ ഉപഗ്രഹങ്ങള്‍ക്കോ ആയിരിക്കുകയില്ല. പകരം, ചോരയും ബുദ്ധിയും നീരാക്കി ടിക്കറ്റ്‌ നു വേണ്ടി തെള്ളും ചവിട്ടും കൊണ്ട് , മൂട്ടയും പാറ്റയും നിര്‍ഭയം കുടുംബസമേതം വാഴുന്ന, എ സിയുള്ള തീയേറ്ററുകളില്‍ വിയര്‍ത്തു ഒലിച്ചു സിനിമ കണ്ടു കയ്യടിച്ച പ്രേക്ഷകരാണ്.പാവം നമ്മളാണ്. അത് മറക്കരുത്.

അത് കൊണ്ട് മലയാള സിനിമ പ്രവര്‍ത്തകരോട് ഒരപേക്ഷയുണ്ട്. പ്ലീസ്, ഇനിയെങ്കിലും ഈ കുതികാല്‍ വെട്ടും, കുശുമ്പും, പൊങ്ങച്ചങ്ങളും നിര്‍ത്തി പുതുമയും, വെല്ലുവിളികളും നിറഞ്ഞ സൃഷ്ടികളുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. അവര്‍ ഇനിയും നിങ്ങളെ സ്വീകരിക്കും; ഒരു പക്ഷെ മുന്പുണ്ടായിരുന്നതിനെക്കാള്‍ സ്നേഹത്തോടെ.

ഇതിനും നിങ്ങള്‍ തയാറല്ലെങ്കില്‍ , നിങ്ങളുടെ കാലുകള്‍ക്കടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് നിങ്ങളറിയുന്നില്ല എന്നെ പറയാനാവൂ.

Tuesday, December 1, 2009

ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഈ ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്നാല്‍ പൊതുജനം എന്ന കഴുത. കാരണം ഈ പറയുന്നവരെ നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും നമ്മള്‍ തന്നെയാണല്ലോ.

പറഞ്ഞു വരുന്നത് ലോക്സഭയിലെ കുറച്ചു എം.പി മാരുടെ കാര്യമാണ്. തങ്ങള്‍ക്കു ജനങ്ങള്‍ക്ക്‌ വേണ്ടി എന്തൊക്കെയോ ചെയ്യണം, അതിനാല്‍ കുറെയധികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, എന്നിട്ട് അതിന്റെ ഉത്തരവും കിട്ടി സമാധാനമായിട്ടെ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളു എന്നൊക്കെ കുറെ ജനപ്രതിനിധികള്‍ പറഞ്ഞത്രേ. ഇവരുടെ ആരംഭശൂരത്വം കണ്ടു ആവേശം പൂണ്ട ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ മീര മാഡം "എങ്കില്‍ നിങ്ങള്‍ ചോദ്യോത്തര വേളയില്‍ നിങ്ങളുടെ സംശയനിവാരണം വരുത്തിക്കോളൂ" എന്നും പറഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്കെല്ലാം കാലേകൂട്ടി സമയവും കുറിച്ചങ്ങ് കൊടുത്തു.

സഭ തുടങ്ങി, ചോദ്യോത്തര വേളയായി, ഉരുളക്കുപ്പേരി പോലെ ഉത്തരം കൊടുക്കാന്‍ മന്ത്രിമാര്‍ റെഡി, ചോദ്യവും ഉത്തരവും കേള്‍ക്കാന്‍ സഭയിലെ മറ്റു അംഗങ്ങളും റെഡി, ക്യാമറ റെഡി, മീഡിയ റെഡി, പൊതു ജനവും റെഡി.... പക്ഷെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചു സമയം വാങ്ങിയ എം.പി മാരെ മാത്രം കാണുന്നില്ല. എന്ത് പറ്റി ഇവര്‍ക്കെന്നു ആലോചിച്ചു തല പുണ്ണാക്കണ്ട, കാരണം ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍‌കൂര്‍ അനുമതി വാങ്ങിച്ചിരുന്നവരില്‍ മൂന്നു പേരൊഴികെ ആരും സഭയില്‍ ഹാജരല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇവര്‍ സഭ കട്ട്‌ ചെയ്തു. എന്നിട്ട് സിനിമയ്ക്ക്‌ പോയോ, പാര്‍ക്കിലോ ബീച്ചിലോ കറങ്ങാന്‍ പോയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ കാരണം അര മണിക്കൂര്‍ നേരം സഭ നിര്‍ത്തി വെക്കേണ്ടി വന്നെന്നും, ആ വകയില്‍ ജനങ്ങളുടെ കീശയില്‍ നിന്നും കുറെ ചില്ലറകള്‍ ആവിയായി പോയെന്നും മാത്രമറിയാം.

മലയാളികള്‍ എന്തിനു കുറയ്ക്കണം. എന്തിനും മുന്‍നിരയില്‍ മലയാളികള്‍ ഉണ്ടാവും എന്നത് പോലെ, സഭയില്‍ ചോദ്യോത്തര വേളയില്‍ സമയം പിടിച്ചു വാങ്ങിയിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹാജരാവാതിരുന്നവരുടെ പട്ടികയില്‍ നാല് കേരള എം.പി മാരും സ്ഥാനം പിടിച്ചിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്‌(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട്‌ ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.

വാല്‍ക്കഷണം: എം.പി എന്ന് പറഞ്ഞാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് തന്നെയല്ലേ ഇപ്പോഴും? അതോ മ.പു (മണിയംപറ പുരുഷു) എന്ന് മാറ്റിയിട്ടില്ലല്ലോ....;)

Monday, November 23, 2009

സച്ചിനെതിരെ വീണ്ടും ശിവസേന...!

സച്ചിനെതിരെ വീണ്ടും ശിവസേന...!

'സാമ്ന' യിലൂടെ ബാല്‍ താക്കറേ സച്ചിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. അവയുടെ അലകള്‍ ഒടുങ്ങും മുന്‍പേ ഇതാ വീണ്ടും ശിവസേന സച്ചിനെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് സേന എം.പി അജയ് റൌട്ട് ആണ്. സച്ചിന്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അല്ലത്രേ. പിന്നെയോ, ബി.സി.സി.ഐ. യ്ക്ക് വേണ്ടിയാണ് താനും. സച്ചിന്‍ മഹാനായ കളിക്കാരനാണ്, പക്ഷെ മഹാരാഷ്ട്രയെക്കാള്‍ വലിപ്പം ഉണ്ടാവില്ലെന്ന്. (ഈ വലിപ്പ ചെറുപ്പത്തിന്റെ അളവുകോല്‍ എന്തരോ എന്തോ..!) .
ഇനിയുമുണ്ട്..., സച്ചിനേക്കാള്‍ മഹാന്‍ ഗവാസ്കര്‍ അത്രേ.. ഒരു പക്ഷെ ആയിരിക്കാം.. പക്ഷെ സേനയുടെ അഭിപ്രായത്തില്‍ ഗവാസ്കര്‍ മഹാനാവുന്നത് അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യന്‍ ടീമില്‍ കൂടുതലും മറാത്ത കളിക്കാര്‍ ആയിരുന്നത്രെ (ഓ.. അപ്പോള്‍ ഇതാണ് ഒരാള്‍ മഹാനാവുന്നതിനുള്ള യോഗ്യത..)

അജിത്‌ അഗാര്‍ക്കര്‍, സമീര്‍ ദിഗെ, റൊമേഷ് പവാര്‍, അതുല്‍ കുല്‍ക്കര്‍ണ്ണി, വസീം ജാഫര്‍ തുടങ്ങി നമ്മുടെ സ്വന്തം അബി കുരുവിള വരെ കുറേക്കാലം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് അവരുടെയൊക്കെ മിടുക്ക് കൊണ്ടെന്നാണോ സേന നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സച്ചിന്‍ എന്ന വടവൃക്ഷത്തിന്റെ തണല്‍ അവര്‍ക്ക് മീതെ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് (സച്ചിനോട് അല്പമെങ്കിലും നീരസം തോന്നുന്നത് ഈ കാര്യത്തില്‍ മാത്രമാണ്.)

ഗാംഗുലി ബംഗാളിനോട് കാണിക്കുന്ന വിധേയത്വം പോലും സച്ചിന് മുംബൈ യോട് ഇല്ലെന്നു. (അത് കൊണ്ടായിരിക്കും സച്ചിന്‍ സമയം കിട്ടുമ്പോഴൊക്കെ മുംബൈ യ്ക്ക് വേണ്ടി രഞ്ജിയില്‍ കളിയ്ക്കാന്‍ വന്നു പുഷ്പം പോലെ സെഞ്ച്വറി കള്‍ അടിച്ചിട്ട് പോവുന്നത്.എന്തിനേറെ പറയുന്നു. 2000 ത്തില്‍ തമിഴ് നാടിനെതിരെ സെമിയില്‍ ഡബിള്‍ സെഞ്ച്വറി യും, ഫൈനലില്‍ സെഞ്ച്വറി യും അടിച്ചു ഒറ്റയ്ക്ക് മുംബൈ യെ രണ്‍ജി ട്രോഫിയുടെ തലപ്പത്ത് എത്തിച്ചത്.)

മരുമകന്‍ താക്കേറെ കാരണം സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് മനസിലാക്കിയ സേന നേതാവും പരിവാരങ്ങളും നിലനില്‍പ്പിനു വേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിക്കുകയാണ് കുറെ നാളായി.

ഹാ.. കഷ്ടം ! എന്നല്ലാതെ വേറെന്തു പറയാന്‍.

വാല്‍ക്കഷണം: സ്വന്തം മണ്ണ് വാദം മുഖ്യ ആയുധമാക്കിയ താക്കേറെ കുടുംബം മുംബൈകാര്‍ അല്ലെന്നും, മദ്ധ്യപ്രദേശില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ആണെന്നുമാണ് ഒരു കോണ്‍ഗ്രസ്‌ നേതാവ് ഇന്നലെ പ്രസ്താവന നടത്തിയത്.

Saturday, October 3, 2009

ഗാന്ധിജയന്തിയും പൊതു അവധിയും - ഒരു തരൂരിയന്‍ കാഴ്ചപ്പാട്!

'മുകളില്‍' നിന്നുള്ള നിരന്തരമായ സമ്മര്‍ദങ്ങള്‍ വക വെയ്ക്കാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ.ശശി തരൂര്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ട്വിറ്റെര്‍ വഴി തുറന്നെഴുതുന്നത്‌ തുടരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ ഇപ്പോഴുള്ള പൊതു അവധി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുടന്നു കൊടുത്തിരിക്കുന്നത്.
ട്വിട്ടെരില്‍ ഒരു ചോദ്യത്തിന് മറുപടി എന്നോണം മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിലെ പൊതു അവധിയെക്കുറിച്ച് തരൂര്‍ ഇങ്ങനെ എഴുതി; "Gandhiji said 'Work is Workship' and we enjoy holiday on his birthday," തന്റെ വാക്കുകളെ ന്യായീകരിക്കുവാന്‍ ഉദാഹരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വിയറ്റ്നാം നേതാവ് ഹോ ചി മിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നേ ദിവസം വിയറ്റ്നാമികള്‍ കൂടുതല്‍ നേരം ജോലിക്കായി ചിലവഴിക്കുമെന്നാണ് ശശി തരൂര്‍ പറഞ്ഞിരിക്കുന്നത്. "In V'nam (Vietnam), Ho Chi Minh's birthday is a working day and citizens are expected to put in an extra effort at work to honour him,"

അദ്ദേഹത്തിന്‍റെ തന്നെ പഴയ പ്രസ്താവനകളുടെ ചുവടു പിടിച്ചു ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് വിരുദ്ധമായി ആരോഗ്യപരമായ ചര്‍ച്ചകളാണ് "പൊതു അവധി" പ്രസ്താവനയുടെ പേരില്‍ നടക്കുന്നത്. ദേശിയമാധ്യമങ്ങള്‍ പ്രൈം ടൈം സ്ലോട്ടുകളില്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്തികഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കൂടുതല്‍ നേരം ജോലി എടുക്കണമെന്നും, അന്നേ ദിവസം കുറച്ചു നേരം സമൂഹ സേവനത്തിനായി മാറ്റി വെയ്ക്കണമെന്നും, അതല്ല ഗാന്ധി ജയന്തി പൊതു അവധി തന്നെ ആയിരിക്കണമെന്നും, എന്നാല്‍ മാത്രമേ ആ മഹാത്മാവിന്റെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ (വിഷമകരമായ അവസ്ഥ!) എന്നൊക്കെയുള്ള വിവിധ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.


[സ്കൂള്‍ വിദ്യാഭാസ കാലത്ത്, ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളും പരിസരവും വൃത്തിയാക്കുന്നതും, പൂന്തോട്ടങ്ങള്‍  നിര്‍മിക്കുന്നതും, റോഡുകളും ചാലുകളും മറ്റും വൃത്തിയാക്കുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ ഓര്‍മ്മകള്‍ ഉണ്ട്. വിദ്യാലയങ്ങള്‍ ഇപ്പോഴും ഈ പതിവ് തുടരുന്നുമുണ്ട്. ഇതൊക്കെ കുട്ടികള്‍ക്ക് മാത്രമേ ആകാവൂ???]

Thursday, October 1, 2009

മനുഷ്യച്ചങ്ങല

സി.പി.ഐ(എം) നേതൃത്വത്തില്‍ മറ്റൊരു മനുഷ്യച്ചങ്ങല കൂടി! ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിനെതിരെ, കേരളത്തിന്‍റെ രണ്ടു അറ്റങ്ങളും കൂട്ടി യോജിപ്പിച്ച് സി.പി.ഐ(എം) നേതൃത്വത്തില്‍ ജനങ്ങള്‍(?) ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നാണ് പാര്‍ടി അറിയിച്ചിട്ടുള്ളത്. കാസര്‍ഗോഡ്‌ പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന ചങ്ങലയില്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയാകും. ചങ്ങല തിരുവനന്തപുരം രാജ്ഭവന്‍ പരിസരത്തു അവസാനിക്കുമ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അവസാന കണ്ണിയും. സമരത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോഷകസംഘടന അംഗങ്ങളും, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും, പാര്‍ടി അനുഭാവികളും, പൊതു ജനങ്ങളും അടക്കം ഏകദേശം 30 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് പാര്‍ടി വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഇതൊരു പുതിയ റെക്കോര്‍ഡ്‌ തന്നെ സൃഷ്ടിച്ചേക്കാം.

പ്രതിഷേധത്തിന്റെ പുതിയ മുഖമായി മനുഷ്യച്ചങ്ങല കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1987 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആണ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമായിരുന്നു അത്. ഡി.വൈ.എഫ്‌.ഐ ആയിരുന്നു ആ സമരത്തിന്റെ നേതൃനിരയില്‍. അന്ന് അച്ഛന്റെ കയ്യില്‍ തൂങ്ങി സമരത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേയ്ക്ക് പോയ ഒരു നാല് വയസുകാരന്റെ ഓര്മ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്; മങ്ങിയതാനെന്കിലും. പറഞ്ഞും കേട്ടുമുള്ള അറിവുകളും ഓര്‍മകളും വെച്ച് നോക്കുമ്പോള്‍, ആവേശം അല തല്ലി നിന്നൊരു സാഹചര്യത്തിലായിരുന്നു അന്നെല്ലാവരും സമരത്തില്‍ പങ്കാളികളായത്. പക്ഷെ ഇന്ന് സ്ഥിതി വ്യതസ്തമാണ്, സാഹചര്യങ്ങളും; പാര്‍ടിയുടെയും, കേരളത്തിന്റെയും, ജനങ്ങളുടെയും. സമകാലീന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതുമാണ്. ഈ സമരം വിജയിക്കുമോയെന്നു കണ്ടു തന്നെ അറിയണം. ചങ്ങലയില്‍ കണ്ണിയാകാന്‍ ആവാത്ത ഒരു സ്ഥലത്തിരുന്നു ഇത് കുറിക്കുമ്പോള്‍ ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.

അഭിവാദ്യങ്ങള്‍...!

Thursday, September 17, 2009

ശശി തരൂരും കന്നുകാലി ക്ലാസും...!

ശശി തരൂര്‍ വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദു ആകുന്നു. ഇത്തവണ മൈക്രോ ബ്ലോഗിങ്ങ്‌ വെബ്‌സൈറ്റ് ആയ ട്വിട്ടെറില്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്റെ ചുവടു പിടിച്ചാണ് വിവാദം പുകയുന്നത്. ട്വിട്ടെറില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു പ്രൊഫൈല്‍ നു ഉടമ കൂടിയാണ് തിരുവനന്തപുരത്തിന്റെ ഈ എം. പി.


ഇനി വിഷയത്തിലേക്ക് വരാം.

'ദി പയനിയര്‍' എന്ന പത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്താ തരൂരിനോട് ഇങ്ങനെ ഒരു ചോദ്യം ട്വിറ്റെര്‍ വഴി ഉന്നയിച്ചു.

" Tell us minister, next time you travel to kerala, will it be a cattle class?".

വിമാനത്തില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ ചിലവു ചുരുക്കലിന്റെ ഭാഗമായി എക്കണോമിക്ക് ക്ലാസ്സ്‌ തിരഞ്ഞെടുക്കണം എന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായവുമായി വേണം മുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിനെ കൂട്ടി വായിക്കാന്‍.

ഇനി എന്തായിരുന്നു ശശി തരൂരിന്റെ മറുപടി എന്ന് നോക്കാം. 140 വാക്കുകളില്‍ അധികമാവാതെ വേണം ട്വിട്ടെരിലെ ഓരോ അഭിപ്രായവും എന്ന നിബന്ധന പൂര്‍ണമായും പാലിച്ചു തരൂര്‍ നല്‍കിയ കാച്ചിക്കുറുക്കിയ മറുപടി ഇങ്ങനെ ആയിരുന്നു. "absolutely, in cattle class out of solidarity with all our holy cows!". ഈ

മറുപടിയിലെ 'cattle class' എന്ന പ്രയോഗമാണ് തരൂരിനെ വീണ്ടും വിവാദ നായകനാക്കിയത്. വിമാനത്തിലെ എക്കണോമിക് ക്ലാസ്സിനെ 'കന്നുകാലി ക്ലാസ്സ്‌' എന്ന് വിളിച്ചുവെന്നും അത് വഴി എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ(?) ജനങ്ങളെ അപമാനിച്ചുവെന്നും മറ്റുമാണ് എതിര്‍പക്ഷം വാദിക്കുന്നത്. ഓക്സ്ഫോര്‍ഡ്‌ ഇംഗ്ലീഷ് സംസാരിച്ചു ശീലമുള്ള തരൂരിനറിയാം cattle class എന്നത് economic class നു പകരമായി വളരെയധികം ഉപയോഗിക്കുന്ന, വളരെ സ്വീകാര്യമായ ഒരു പദമാനെന്നതു. അത് കൊണ്ട് തന്നെയാവണം ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുപയോഗിച്ചു അതെ രീതിയില്‍ തന്നെ അദ്ദേഹം ഉത്തരം നല്‍കിയതും.

എന്തായാലും കോണ്‍ഗ്രസ്‌ നേതൃത്വം തരൂരിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്. അത് തരൂരിന്റെ മാത്രം അഭിപ്രായമാണെന്നും, കോണ്‍ഗ്രസ്‌ പാര്‍ട്ടി യ്ക്ക് അത്തരമൊരു നിലപാട് അല്ല ഉള്ളതെന്നും കോണ്‍ഗ്രസ്‌ വക്താവ് ജയന്തി നടരാജന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്റെ സംശയം ഇതല്ല. തരൂരിന്റെ മറുപടിയില്‍ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹം പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്ന മറ്റു വിശുദ്ധ ഗോക്കള്‍ ആരൊക്കെയാണ്? എക്കണോമിക് ക്ലാസ്സില്‍ സഞ്ചരിക്കുന്ന സാധാരണക്കാരായ(?) ജനങ്ങളോ അതോ മാഡത്തിന്റെ നിര്‍ദ്ദേശം ശിരസാവഹിക്കാന്‍ വിധിക്കപ്പെട്ട വിനീത വിധേയരായ മറ്റു കേന്ദ്രമന്ത്രിമാരോ...?

[ വാല്‍ക്കഷ്ണം: "absolutely, in cattle class out of solidarity with all our holy cows!" എന്ന വാചകം മലയാളീകരിക്കുമ്പോള്‍ ഇങ്ങനെ വായിക്കാം; " തീര്‍ച്ചയായും, മറ്റു വിശുദ്ധഗോക്കള്‍ക്ക് പിന്തുണ നല്‍കി കന്നുകാലി ക്ലാസ്സില്‍ തന്നെയായിരിക്കും!"]


[updated on 18-09-2009 @ 10:40 AM]

'cattle class' പ്രയോഗത്തില്‍ തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടു എന്നും, ആ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിലും മാപ്പ് ചോദിക്കുന്നതായി ട്വിറ്റെര്‍ വഴി മന്ത്രി അറിയിച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലൈബീരിയയിലുള്ള അദ്ദേഹം വ്യാഴാഴ്ച വൈകി ട്വിട്ടെരില്‍ ഇങ്ങനെ രേഖപ്പെടുത്തി. "learned belatedly of fuss over my tweet replying to journo's query whether I would travel to Kerala in 'cattle class'."

ചോദ്യത്തിലുണ്ടായിരുന്ന 'cattle class' എന്നാ പ്രയോഗം അതേപടി താനും ഉപയോഗിക്കുകയായിരുന്നു എന്നാണു അദ്ദേഹം ചൂണ്ടികാണിച്ചത്.  "It's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstood," അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രയോഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ മോശമായ രീതിയിലുള്ള അര്‍ത്ഥമാണ് വരുന്നതെന്നും, ഉദ്ദേശിച്ച വിഷയത്തില്‍ നിന്നും പാടെ മാറി നില്‍ക്കുന്നതാണ് എന്നും തരൂര്‍ അംഗീകരിച്ചു. "To those hurt by the belief that my repeating the phrase showed contempt: sorry,"

'Holy cows (വിശുദ്ധ ഗോക്കള്‍)' എന്നാ പ്രയോഗം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചു ഉള്ളതായിരുന്നില്ല എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. "Holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics would look it up."

തരൂര്‍ മാപ്പ് പറഞ്ഞത് മൂലം ഈ വിവാദം ഇവിടെ തീരുമെന്ന് കരുതാം. ഒപ്പം അടുത്തതിനായി കാത്തിരിക്കുകയും ചെയ്യാം. :)

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter