Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Sunday, July 15, 2012

കാലുമാറ്റം 2012 റീലോടെഡ്

ശെല്‍വരാജിനെ കൂടാതെ മറ്റു മൂന്നു സി.പി.എം എം.എല്‍.എ മാര്‍ കൂടി യു.ഡി.എഫ് ലേക്ക് വരാന്‍ തയ്യാറായിരുന്നു എന്ന് പി.സി.ജോര്‍ജ്. ഉമ്മന്‍ ചാണ്ടി എതിര്‍ത്തത് മൂലമാണ് അത് നടക്കാതെ പോയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 
                ഈ പ്രസ്താവനയും നടത്തി പോത്തിറച്ചി ഉലത്തിയതും കഴിച്ചു ജോര്‍ജ് കൈ കഴുകുന്നതിന്‌ മുന്നേ, കണ്ണൂരിന്റെ രോമാഞ്ചം ഇ.പി. ജയരാജന്‍ അടുത്ത ബോംബ്‌ പൊട്ടിച്ചു. 
              പിറവം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയും, മറ്റു മൂന്നു എം.എല്‍. എ മാരെയും എല്‍.ഡി.എഫ് ഇല്‍ എടുക്കെണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ് തങ്ങളെ സമീപിച്ചെന്നാണ് ജയരാജന്‍ മാസങ്ങള്‍ക്ക് ശേഷം ഓര്‍മയില്‍ നിന്നും കടമെടുത്തു പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ മര്യാദയ്ക്ക് (???? ഹ ഹ ഹാ) നിരക്കാത്തതിനാല്‍ തങ്ങള്‍ അത് വേണ്ടായെന്നു പറഞ്ഞെന്നും കോമ്രെട് ജയരാജന്‍ പറഞ്ഞു. ജയരാജനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് എങ്ങും തൊടാതെ പറഞ്ഞ് മുന്‍ പോലീസ് മന്ത്രി കോടിയേരിയും ആകാശത്തേയ്ക്ക് ഉണ്ടയില്ല വെടി വെച്ചിട്ടുണ്ട്.
                ഇതെല്ലാം ഇന്നലെ നടന്ന കാര്യങ്ങള്‍. പി.സി യും ഇ.പി യും കോടിയേരിയും ഒരു രാത്രി ഉറങ്ങിയുണര്‍ന്നു കോട്ടുവാ വിട്ടു വായ്‌ അടയ്ക്കുന്നതിന് മുന്നേ വീര ശൂരന്‍, നെയ്യാറ്റിന്‍കരയുടെ പൊന്നോമന ശെല്‍വരാജന്‍ നാടാര്‍ (ഹിന്ദു / ക്രിസ്ത്യന്‍) അടുത്ത പടക്ക കോട്ടയ്ക്കു തിരി കൊളുത്തി. തന്നെ കൂടാതെ ഇനിയും നാല് സി.പി.എം. എം. എല്‍.എ മാര്‍ കൂടി  യു.ഡി.എഫ് ലേക്ക് ചാടാന്‍ റെഡി ആയി നില്‍ക്കുകയാണ് എന്നാണു മുന്‍ സഖാവ് സെല്‍വരാജ് പറഞ്ഞിരിക്കുന്നത്.

ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ  പോയ മറ്റൊരു സംഭവമുണ്ട്. പത്തനാപുരത്ത് കാരെ തിരോന്തരം എന്ന സ്ഥലമുണ്ടെന്നു (എന്നാണു മനോരമയിലെ അച്ചായന്മാര്‍ പറയുന്നത്) കാണിച്ചു കൊടുത്ത ശ്രീമാന്‍ ഗണേശനും, ചവറയിലെ വിപ്ലവകാരി ഷിബുവും ഇടത്തോട്ട് ചായാന്‍ മുട്ടി നില്‍ക്കുകയാണെന്നും, ഇത് മുന്‍കൂട്ടി അറിഞ്ഞ്ട്ടാണ് പി.സി.ജോര്‍ജ് വനം മന്ത്രിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപണം ഉന്നയിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. 

ചുമ്മാതാണോ, നാല് മാസം മുന്‍പ് തനിക്കും ഞരമ്പ് രോഗി പട്ടം ചാര്‍ത്തി തന്ന ഗണേശനെ പിന്തുണച്ചു വി.എസ് പ്രസ്താവന നടത്തിയത്!!!

Sunday, March 7, 2010

സോമനാഥ് തിരിച്ചു വരുന്നുവോ?

20 മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ലോകസഭാ സ്പീക്കെര്‍ സോമനാഥ് ചാറ്റെര്‍ജിയെ സി.പി.എമ്മിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നു വരുന്നു.

നഗരവാസികള്‍ക്ക് സ്വീകാര്യനായ പക്വതയുള്ള നേതാവിനെ തേടിയുള്ള അന്വേഷണമാണ്, ആയുധങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ പശ്ചിമ ബംഗാളിലെ സി.പി.എം നേതൃത്വം, തങ്ങള്‍ ഒരിക്കല്‍ കൊട്ടിയടച്ച വാതില്‍ സോമനാഥിന് മുന്നില്‍ വീണ്ടും തുറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

2008 ജൂലൈ 23 നാണ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം ലോകസഭാ സ്പീക്കെര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോമനാഥ്‌ പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ  യാണ് പുറത്താക്കല്‍ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം തിരിച്ചെടുക്കല്‍ തീരുമാനം കൈകൊള്ളേണ്ടതും  പോളിറ്റ് ബ്യൂറോ തന്നെയാണ്. പക്ഷെ ഇതിനായി പുറത്താക്കപ്പെട്ടയാള്‍, പാര്‍ടി നിയമ പ്രകാരം, കേന്ദ്ര കമ്മറ്റിയ്ക്ക് കത്തെഴുതി, തന്നെ പാര്‍ടിയില്‍ തിരിച്ചെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടെണ്ടതുണ്ട്.

സോമനാഥ് ചാറ്റെര്‍ജി ഇത്തരമൊരു ആവശ്യം ഉന്നയിക്കുമോയെന്നു കണ്ടറിയണം.

(കടപ്പാട്/ഉറവിടം : യാഹൂ!)

Sunday, January 10, 2010

പാര്‍ടിയും മതവും

മാര്‍ക്സിസ്റ്റ്‌  പാര്‍ടിയ്ക്ക് നേരെയുള്ള ആക്രമണ ശരങ്ങളില്‍ ഏറ്റവും പുതിയത്. പാര്‍ടിയില്‍ മത സ്വാതന്ത്ര്യം ഇല്ല.  അതിപ്പഴാണോ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വെളിപാടുണ്ടായത്. കാലാകാലങ്ങളായി തുടര്‍ന്ന് പോരുന്ന നൂലാമാലകള്‍ നിറഞ്ഞ പ്രത്യയശാസ്ത്ര തത്വങ്ങള്‍ പാര്‍ടി കീഴ്ഘടകങ്ങള്‍ വരെയുള്ള സഖാക്കന്മാര്‍ക്ക് വിശദീകരിക്കുവാന്‍ വേണ്ടി  നിരന്തരമായി പാര്‍ടി കത്തുകള്‍ പുറത്തിറക്കാറുണ്ട്. അവയില്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചകളും നടത്തിയതിനു ശേഷമാണ് രേഖകള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. വേറെ ഏതു രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഈ നാട്ടില്‍ ഇത് പോലെയുള്ള വഴികള്‍ സ്വീകരിക്കുന്നവ? ഇപ്പോള്‍ പാര്‍ടി പുറത്തിറക്കിയിരിക്കുന്ന തെറ്റ് തിരുത്തല്‍ രേഖയില്‍, ഇപ്പോള്‍ വിവാദത്തിനു വഴി തെളിചിരിക്കുന്ന മതങ്ങള്‍ക്കെതിരെ നിലപാടുള്ള മാര്‍ഗ നിര്‍ദേശവും , മറ്റു അഞ്ചു നിര്‍ദേശങ്ങളും നടപ്പില്‍ വരുത്തുക ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മാത്രം. പാര്‍ട്ടിയിലെ മേല്‍ത്തട്ട് മുതല്‍ കീഴ്ഘടകങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കാനുമുള്ള സമയം ധാരാളം.

ഈ ഒരു സ്ഥിതി വിശേഷം നിലനില്‍ക്കെ തന്നെയാണ്, പാര്‍ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല, അതിനാല്‍ താഴെ തട്ടിലുള്ള കമ്മറ്റികളില്‍ പോലും അഭിപ്രായം പ്രകടിപ്പിക്കുവാന്‍ സാധ്യമല്ല, ഇനി ഒരു പക്ഷെ സ്വന്തം അഭിപ്രായം ഒരു സഖാവ് പറയുകയാണെങ്കില്‍ അയാള്‍ വിഭാഗീയതയുടെ കുഴലൂത്തുകാരനായും ഏതെങ്കിലും ഗ്രൂപ്പില്‍ പെട്ട ആളായും മുദ്രകുത്തപ്പെടും, തുടങ്ങിയ ഗൌരവ പൂര്‍ണമായ ആരോപണങ്ങള്‍ ഉന്നയിച്ചു ആലപ്പുഴ മുന്‍ സി.പി.എം എം.പി ഡോ. കെ. എസ് മനോജ്‌ എന്ന മനോജ്‌ കുരിശിങ്കല്‍ പാര്‍ടിയില്‍ നിന്നും രാജി വെയ്ക്കുന്നത്.

തീര്‍ച്ചയായും ഇവിടെ സ്വയം പരിശോധനയ്ക്ക് വിധേയമാകേണ്ടത് സി.പി.എം തന്നെയാണ്.  പക്ഷെ മാധ്യമങ്ങള്‍  പറയുന്നത് പോലെ മത വിശ്വാസത്തെ കുറിച്ചുള്ള കാഴ്ചപാടിനെ പറ്റിയോ, പാര്‍ടി അംഗങ്ങള്‍ മതപരമായ  പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചോ ഒന്നുമല്ല. രണ്ടു മുന്‍ എം.പി മാര്‍ കാണിച്ചത് പോലെ കോണ്ട്രാക്റ്റ് ബേസില്‍ പാര്‍ടിയില്‍ അംഗത്വം നേടാനും, ബുദ്ധി ജീവിയെന്ന ലേബല്‍ ഒട്ടിച്ചു വെച്ച് സ്ഥാനമാനങ്ങള്‍ നേടാനും ആഗ്രഹിച്ചു പാര്‍ട്ടിയെ സമീപിക്കുന്നവരെ തിരിച്ചറിയുന്ന സമീപനത്തിലാണ്,  തീര്‍ച്ചയായും, പാര്‍ടി ആത്മ പരിശോധന നടത്തേണ്ടത്.

ഈ പാര്‍ടി, മത വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നൊരിക്കലും എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ കണ്ടു പരിചയിച്ച രീതി അതല്ലെന്നത് കൊണ്ട് തന്നെ. രാവിലെ കുളിച്ചു കുരാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി , പാവങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനും, അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും പതിവായി എത്തുന്ന ഞങ്ങളുടെ നാട്ടിലെ പാര്‍ടി നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും നേരിട്ട് അറിയാമെന്നുള്ളത്‌ കൊണ്ട് കൂടിയാണ്.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter