Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, March 7, 2013

ഹാ കഷ്ടം !


മറ്റൊരു വനിതാ ദിനം കൂടി.

പ്രതിഷേധങ്ങളില്ല, കത്തുന്ന മെഴുകുതിരികളില്ല, ചാനല്‍ ചര്‍ച്ചകളില്ല, മുതല കണ്ണീരില്ല. കാരണം അവള്‍ പിറന്നത്‌ ഊര് തെണ്ടുന്ന ഒരു നാടോടി സ്ത്രീയുടെ ഉദരത്തിലത്രേ ....

മൂന്നു വയസുള്ള കുഞ്ഞേ..., നിന്റെ വസ്ത്ര ധാരണം ശരിയായിരുന്നില്ല എന്ന് പറഞ്ഞു കേസരികള്‍ ഇനി മുരളും... നിനക്ക് നീയും നിന്നെ ഓര്‍ത്തു കേഴുന്ന ഒരു നിസഹായ അമ്മയും മാത്രം.

ഇടവ മാസത്തിലെ പെരും മഴയുള്ള രാത്രിയില്‍ ഒരനാഥ ബാല്യത്തെ പ്രസവിച്ചു മരണം പുല്‍കിയ തെരുവിന്റെ സ്ത്രീയെ പറ്റി കവിതയിലൂടെ വിലപിക്കാനൊരു കവിയുണ്ടായിരുന്നു  

ലോകമെന്തെന്നു അറിയാത്ത പ്രായത്തില്‍ പിച്ചി ചീന്തപ്പെട്ട ഈ നാടോടി ബാലികയ്ക്ക്‌ വേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ആരുമില്ല.

"ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം"

ഹാ കഷ്ടം !

Sunday, August 15, 2010

സ്വാതന്ത്ര്യ ദിനാശംസകള്‍

വര്‍ഷാവര്‍ഷം ഭാരതീയര്‍ ഓഗസ്റ്റ്‌ 15  കൊണ്ടാടുന്നത് മനസ്സില്‍ നിറഞ്ഞ അഭിമാനത്തോടു കൂടിയാണ്. ഇന്ന് ഭാരതത്തിന്റെ 64 ആം സ്വാതന്ത്ര്യ ദിനമാണ്. ഈ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും നന്മയും സമാധാനവും നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

Thursday, November 26, 2009

26/11!

26/11! ഭാരതത്തിന്‌ നേരെ നോക്കി ഭീകരത കൊഞ്ഞനം കുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യ വിറങ്ങലിച്ചു നിന്ന മൂന്നു ദിവസങ്ങള്‍ക്കു തുടക്കം കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നായിരുന്നു. ഒരു സംഘം ചെറുപ്പക്കാര്‍ ഭയാനകരമായ പ്രവര്‍ത്തികള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു ഒരു ജനതയെയും സംസ്കാരത്തെയും മുള്‍മുനയില്‍ നിര്‍ത്തി അധികാര കസേരകള്‍ക്ക് മുന്‍പില്‍ പരിഹസിച്ചു തീര്‍ത്ത 60 മണിക്കൂറുകള്‍. വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ചിരിച്ചു കയ്യും വീശി വീട്ടില്‍ നിന്നിറങ്ങിയ നൂറു കണക്കിന് സാധാരണ മനുഷ്യര്‍, വിനോദവേളകള്‍ സന്തോഷകരമാക്കാന്‍ ഒത്തു കൂടിയ കുട്ടികളും കുടുംബങ്ങളും, ഇതിലെല്ലാമുപരി രാജ്യസേവനത്തിനു ഇറങ്ങി പുറപ്പെട്ട ധീരയോദ്ധാക്കള്‍. , എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്‌. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു.

നാം എന്ത് നേടി? എന്ത് പഠിച്ചു? കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഭീകരതയെ നേരിടാന്‍ പ്രായോഗികമായ എന്ത് വഴികളാണ് ഇന്ത്യ കണ്ടു പിടിച്ചിട്ടുള്ളത്, എന്നിട്ടും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലേ? നിരപരാധികളുടെ ജീവന്‍ നിരത്തുകളില്‍ ചിന്നി ചിതറുന്നില്ലേ? എന്നാണു ഇതിനൊക്കെ ഒരവസാനം? നിരത്താന്‍ ന്യായങ്ങള്‍ ഒരുപാട് കണ്ടേക്കാം... പാകിസ്ഥാന്‍, അല്‍-ഖോയിദ, അമേരിക്ക, ചൈന, പ്രതിപക്ഷം..... എന്നാല്‍ ഇതിനൊക്കെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വില പറയാന്‍ മതിയായ കാരണങ്ങളാണോ? അധികാര വര്‍ഗം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭീകരരുടെ കൂട്ടത്തില്‍ നിന്ന് ജീവനോടെ പിടി കൂടിയ കസബിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വരെ ചിലവിട്ടത് 35 കോടി രൂപയാണത്രേ. മഹാരാഷ്ട്ര ഒരു ദിവസം കസബിനു വേണ്ടി ചിലവിടുന്നത്‌ ലക്ഷങ്ങളും. എന്തിനു വേണ്ടി? ഇനിയും ഒരു കാണ്ഡഹാര്‍ ആവര്‍ത്തിക്കണോ? ആവശ്യമുള്ള വിവരങ്ങള്‍ എത്രയും വേഗം, ഏതു വിധേനയും ലഭ്യമാക്കിയിട്ടു ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്നതെല്ലാ ഉള്ളു? ഇതൊക്കെ ആരോട് പറയാന്‍.....!

ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാവരുടെയും ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍!

Monday, July 27, 2009

ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ശ്രീ. രാജന്‍.പി.ദേവ് രക്തം ശര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ഏറണാകുളം lake shore ആശുപത്രിയില്‍ ചികിസ്തയിലാണ്.

ഇന്നലെ, ഞായറാഴ്ച, രാത്രി 11 മണിക്ക് കിരണ്‍ ടി വി യില്‍ വരുന്ന 'ചിരിക്കുടുക്ക' എന്ന പരിപാടിയില്‍ "ആലിബാബയും ആറര കള്ളന്മാരും" എന്ന സിനിമയിലെ ക്ലിപ്പിംഗ് വന്നിരു‌ന്നു. രാജന്‍.പി.ദേവും ജഗതിയും കൂടി തകര്‍ത്തഭിനയിച്ച രംഗങ്ങള്‍ കണ്ടു ആര്‍ത്തു ചിരിക്കുമ്പോള്‍ ആ മഹാനടന്‍ വേദനയോടു മല്ലിട്ട് കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം.


ഇനി വിഷയത്തിലോട്ട്‌ വരാം. മലയാളത്തിലെ മിക്ക മുഖ്യധാര മാധ്യമങ്ങളുടെ വെബ്‌ പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്‌ കാണാനാകും. നല്ലത്, വളരെ നല്ലത്. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണല്ലോ അവരുടെ ജോലി. ഈ കാര്യത്തില്‍, പക്ഷെ ചില മാധ്യമങ്ങളുടെ പ്രവൃത്തി അല്പം കടന്നു പോയി. രാജന്‍.പി.ദേവ് എന്ന നടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വളരെ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. അഭിനയിച്ച നാടകങ്ങള്‍, സിനിമകള്‍, മലയാളത്തിനു പുറത്തു അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ വിവരങ്ങളില്‍ കൂടി ഒരു യാത്ര തന്നെയാണ് അത്. ശരി ആയിരിക്കാം, ഒരു പത്ര പ്രവര്‍ത്തകന്റെ തൊഴില്‍ ആയിരിക്കാം, സമ്മതിച്ചു. പക്ഷെ ഈ ഒരു അവസ്ഥയില്‍ ആ വിവരങ്ങള്‍ പബ്ലിഷ് ചെയ്യണ്ട കാര്യമുണ്ടായിരുന്നോ?


പണ്ട് നടന്‍ ശ്രീ.തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപതിരിയില്‍ കഴിയുമ്പോള്‍, "പത്രത്തില്‍ ചരമ വാര്‍ത്ത കൊടുക്കാമോ?" എന്ന് ഒരു പത്ര മുത്തശിയിലെ ലേഖകന്‍ വിളിച്ചു ചോദിച്ച കാര്യം, ഇപ്പോഴും അഭിമുഖങ്ങളില്‍ അദ്ദേഹം വിഷമത്തോടെ സൂചിപ്പിക്കാറുണ്ട്.

എന്തിനാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ ഇവര്‍ക്ക് ഇത്ര തിടുക്കം? തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് കാരണം, അല്ലെങ്കില്‍, വാര്‍ത്തകളിലെ ദുസൂചനകള്‍ കാരണം, ആരെ കുറിച്ചാണോ ആ വാര്‍ത്ത വന്നത് അവരുടെ വേണ്ടപ്പെട്ടവര്‍, കുടുംബം, കൂട്ടുകാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന മനോവിഷമത്തിനു ആര് സമാധാനം പറയും? ഒരു പക്ഷെ ഇതിനു പുറകില്‍ ഉള്ളവര്‍ ഉത്തരം പറയേണ്ടി വന്നാലും "ജോലിയുടെ ഭാഗം" എന്നും പറഞ്ഞു കൈ കഴുകനല്ലേ ഇവര്‍ ശ്രമിക്കൂ....?

ഒത്താല്‍ ഒരു breaking news. ഇല്ലെങ്കില്‍ ഭാവിയിലേക്കൊരു മുന്‍കരുതല്‍. ഈ ചിന്തയാണോ ഇവരെ നയിക്കുന്നത്? കഷ്ടം..!


ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter