Monday, February 22, 2010

മലയാള സിനിമയോട്

മലയാള സിനിമയ്ക്കെതിരെ, മലയാള സിനിമയിലെ മേലാള കീഴാള വര്‍ഗ വര്‍ണ വിവേചനത്തിനെതിരെ, വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മലയാള സിനിമ പ്രവര്‍ത്തകള്‍ മാറുന്ന രീതിയ്ക്കെതിരെ, കലാകാരനു തൊഴില്‍ നിഷേധിക്കുന്ന മലയാള സിനിമയിലെ മാടമ്പി സംസ്കാരത്തിനെതിരെ മലയാളികള്‍ അധിവസിക്കുന്ന ലോകത്തിന്റെ മിക്ക കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കല സാഹചര്യത്തില്‍, എതിര്‍പ്പിന്റെ ഒരുമയുള്ള സ്വരങ്ങള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നത് ഓണ്‍ലൈന്‍ നിവാസികളുടെ വാക്കുകളില്‍ കൂടിയാണ്.


നടുക്കടലില്‍ മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ് സമകാലീന മലയാള ചലച്ചിത്രലോകം. പുര കത്തുമ്പോള്‍ വാഴ വെട്ടാനായി സംഘടനകളും അതിന്റെ നേതാക്കളും, എരിതീയില്‍ എണ്ണ ഒഴിക്കുവാന്‍ രാഷ്ട്രീയ പാര്‍ടികള്‍, മുറിവില്‍ ഉപ്പു തേയ്ക്കുവാന്‍ കലാകാരന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. സംശയലെശ്യമെന്നെ പറയാം 1928 ല്‍ പ്രയാണം തുടങ്ങിയ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ഈ വ്യവസായം, ഒരു പക്ഷെ, തകര്‍ന്നു തരിപ്പണം ആവുകയാണെങ്കില്‍ ആര്‍ക്കാണ് നഷ്ടം?അതൊരിക്കലും പ്രശസ്തിയുടെയും,പണത്തിന്റെയും,സില്‍ബന്ധികളുടെ പൊള്ളയായ പ്രശംസയുടെയും നിഴലില്‍ മനം മയങ്ങി ഇരിക്കുന്ന സോ കാള്‍ഡ് സൂപ്പെര്‍ താരങ്ങള്ക്കോ അവരുടെ ഉപഗ്രഹങ്ങള്‍ക്കോ ആയിരിക്കുകയില്ല. പകരം, ചോരയും ബുദ്ധിയും നീരാക്കി ടിക്കറ്റ്‌ നു വേണ്ടി തെള്ളും ചവിട്ടും കൊണ്ട് , മൂട്ടയും പാറ്റയും നിര്‍ഭയം കുടുംബസമേതം വാഴുന്ന, എ സിയുള്ള തീയേറ്ററുകളില്‍ വിയര്‍ത്തു ഒലിച്ചു സിനിമ കണ്ടു കയ്യടിച്ച പ്രേക്ഷകരാണ്.പാവം നമ്മളാണ്. അത് മറക്കരുത്.

അത് കൊണ്ട് മലയാള സിനിമ പ്രവര്‍ത്തകരോട് ഒരപേക്ഷയുണ്ട്. പ്ലീസ്, ഇനിയെങ്കിലും ഈ കുതികാല്‍ വെട്ടും, കുശുമ്പും, പൊങ്ങച്ചങ്ങളും നിര്‍ത്തി പുതുമയും, വെല്ലുവിളികളും നിറഞ്ഞ സൃഷ്ടികളുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. അവര്‍ ഇനിയും നിങ്ങളെ സ്വീകരിക്കും; ഒരു പക്ഷെ മുന്പുണ്ടായിരുന്നതിനെക്കാള്‍ സ്നേഹത്തോടെ.

ഇതിനും നിങ്ങള്‍ തയാറല്ലെങ്കില്‍ , നിങ്ങളുടെ കാലുകള്‍ക്കടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് നിങ്ങളറിയുന്നില്ല എന്നെ പറയാനാവൂ.

Thursday, February 18, 2010

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍...!

ഭാഗം ഒന്ന്.

ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍ 
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..
പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.


'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക് 
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.


നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍ 
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.
വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍ 
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും


അന്നേരം,
നിന്റെ ഓര്‍മകളുടെ 
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍ 
നിന്റെ പുഞ്ചിരി...........


ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും 
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!
 
ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം 
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ.., 
ഒന്നും;
അരണ്ട വെളിച്ചമുള്ള 
ഈ കള്ളിമുള്‍ പാതയില്‍ 
എന്നെ തടയുന്നില്ല. 
പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ 
മുക്കാലും കത്തിയെരിഞ്ഞ 
വിറകു കൊള്ളിയും, ഞാനും
തുല്യര്‍ 
മിക്കപ്പോഴും സ്വപ്നങ്ങളെയും 
ചിലപ്പോള്‍ നഷ്ടങ്ങളെയും 
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു


നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന 
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ 
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം 
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു. 
അതെ;
അന്ന് നിന്റെ സുഗന്ധം 
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു 
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി 
എണീക്കുമ്പോഴും 
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും 
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter