Tuesday, July 28, 2009

കാണാത്ത സ്വപ്‌നങ്ങള്‍...!

(ഈ കവിത ആയിരുന്നു ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌. വെറുതെ നഖവും കടിച്ചു ഭൂതകാലം ചികഞ്ഞു കൊണ്ടിരുന്ന ഒരു ഭ്രാന്തന്‍ നിമിഷത്തില്‍, ഈ കവിത പൊടി തട്ടിയെടുത്തു പിന്നെയും പോസ്റ്റുന്നു...! )

------------------------------------------------------------------------------

നിലാവിന്‍റെ നിശബ്ദ സംഗീതത്തില്‍
നിന്‍റെ മുഖമെന്നോര്‍മയില്‍ തെളിയുമ്പോള്‍
അന്ന് പാടിയ പാട്ടിന്‍റെ ശീലുകള്‍
അറിയാതെ മനസിലിന്നോര്‍മ്മ വന്നു.

"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗതാളം
നീയെനിക്കെന്നുടെ ആത്മമോഹം
നിന്‍ ചിരിയെന്നുടെ വെന്പുലരി
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"

കിനാവിലൊരു പൊന്‍ നിലാവത്ത്
നിശാഗന്ധി വിരിയുന്ന നേരത്ത്
നാമിരുവര്‍ മാത്രമാകുന്ന ലോകത്ത്
പ്രിയസഖി നിന്നെ ഞാന്‍ കാത്തിരുന്നു.

മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച
സ്വപ്‌നങ്ങള്‍ നിനക്കായി ഞാന്‍ നെയ്തു കൂട്ടി.
മിഴികളിലപൂര്‍വ്വ സ്വരങ്ങള്‍ സമ്മേളിച്ച
സ്വപ്‌നങ്ങള്‍ പക്ഷെ, നീയറിയാതെ ആയിരുന്നു.

കൌമുദി കുംഭത്തിലെ ഏടും തേടി
നിനച്ചിരിക്കാതെയുള്ള യാത്രയില്‍
നിറമുള്ള സ്വപ്നങ്ങളും സ്വരങ്ങളും
രാത്രി മഴയില്‍ കുതിര്‍ന്നു പോയി.

മഴയൊന്നു ശമിച്ചപ്പോള്‍, പൊന്തുന്ന
പിഞ്ചിളം മുളകള്‍ക്ക് ഒപ്പം
എന്‍റെ സ്വപ്നങ്ങള്‍ക്കും നനുനനുത്ത
തലോടല്‍ ഏറ്റു.

പക്ഷെ;
അത് നീയെന്ന പോലെ
ഞാനും അറിഞ്ഞിരുന്നില്ല.





Monday, July 27, 2009

ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ശ്രീ. രാജന്‍.പി.ദേവ് രക്തം ശര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ഏറണാകുളം lake shore ആശുപത്രിയില്‍ ചികിസ്തയിലാണ്.

ഇന്നലെ, ഞായറാഴ്ച, രാത്രി 11 മണിക്ക് കിരണ്‍ ടി വി യില്‍ വരുന്ന 'ചിരിക്കുടുക്ക' എന്ന പരിപാടിയില്‍ "ആലിബാബയും ആറര കള്ളന്മാരും" എന്ന സിനിമയിലെ ക്ലിപ്പിംഗ് വന്നിരു‌ന്നു. രാജന്‍.പി.ദേവും ജഗതിയും കൂടി തകര്‍ത്തഭിനയിച്ച രംഗങ്ങള്‍ കണ്ടു ആര്‍ത്തു ചിരിക്കുമ്പോള്‍ ആ മഹാനടന്‍ വേദനയോടു മല്ലിട്ട് കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം.


ഇനി വിഷയത്തിലോട്ട്‌ വരാം. മലയാളത്തിലെ മിക്ക മുഖ്യധാര മാധ്യമങ്ങളുടെ വെബ്‌ പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്‌ കാണാനാകും. നല്ലത്, വളരെ നല്ലത്. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണല്ലോ അവരുടെ ജോലി. ഈ കാര്യത്തില്‍, പക്ഷെ ചില മാധ്യമങ്ങളുടെ പ്രവൃത്തി അല്പം കടന്നു പോയി. രാജന്‍.പി.ദേവ് എന്ന നടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വളരെ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. അഭിനയിച്ച നാടകങ്ങള്‍, സിനിമകള്‍, മലയാളത്തിനു പുറത്തു അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ വിവരങ്ങളില്‍ കൂടി ഒരു യാത്ര തന്നെയാണ് അത്. ശരി ആയിരിക്കാം, ഒരു പത്ര പ്രവര്‍ത്തകന്റെ തൊഴില്‍ ആയിരിക്കാം, സമ്മതിച്ചു. പക്ഷെ ഈ ഒരു അവസ്ഥയില്‍ ആ വിവരങ്ങള്‍ പബ്ലിഷ് ചെയ്യണ്ട കാര്യമുണ്ടായിരുന്നോ?


പണ്ട് നടന്‍ ശ്രീ.തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപതിരിയില്‍ കഴിയുമ്പോള്‍, "പത്രത്തില്‍ ചരമ വാര്‍ത്ത കൊടുക്കാമോ?" എന്ന് ഒരു പത്ര മുത്തശിയിലെ ലേഖകന്‍ വിളിച്ചു ചോദിച്ച കാര്യം, ഇപ്പോഴും അഭിമുഖങ്ങളില്‍ അദ്ദേഹം വിഷമത്തോടെ സൂചിപ്പിക്കാറുണ്ട്.

എന്തിനാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ ഇവര്‍ക്ക് ഇത്ര തിടുക്കം? തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് കാരണം, അല്ലെങ്കില്‍, വാര്‍ത്തകളിലെ ദുസൂചനകള്‍ കാരണം, ആരെ കുറിച്ചാണോ ആ വാര്‍ത്ത വന്നത് അവരുടെ വേണ്ടപ്പെട്ടവര്‍, കുടുംബം, കൂട്ടുകാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന മനോവിഷമത്തിനു ആര് സമാധാനം പറയും? ഒരു പക്ഷെ ഇതിനു പുറകില്‍ ഉള്ളവര്‍ ഉത്തരം പറയേണ്ടി വന്നാലും "ജോലിയുടെ ഭാഗം" എന്നും പറഞ്ഞു കൈ കഴുകനല്ലേ ഇവര്‍ ശ്രമിക്കൂ....?

ഒത്താല്‍ ഒരു breaking news. ഇല്ലെങ്കില്‍ ഭാവിയിലേക്കൊരു മുന്‍കരുതല്‍. ഈ ചിന്തയാണോ ഇവരെ നയിക്കുന്നത്? കഷ്ടം..!


ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter