Sunday, January 10, 2010

പാര്‍ടിയും മതവും

മാര്‍ക്സിസ്റ്റ്‌  പാര്‍ടിയ്ക്ക് നേരെയുള്ള ആക്രമണ ശരങ്ങളില്‍ ഏറ്റവും പുതിയത്. പാര്‍ടിയില്‍ മത സ്വാതന്ത്ര്യം ഇല്ല.  അതിപ്പഴാണോ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വെളിപാടുണ്ടായത്. കാലാകാലങ്ങളായി തുടര്‍ന്ന് പോരുന്ന നൂലാമാലകള്‍ നിറഞ്ഞ പ്രത്യയശാസ്ത്ര തത്വങ്ങള്‍ പാര്‍ടി കീഴ്ഘടകങ്ങള്‍ വരെയുള്ള സഖാക്കന്മാര്‍ക്ക് വിശദീകരിക്കുവാന്‍ വേണ്ടി  നിരന്തരമായി പാര്‍ടി കത്തുകള്‍ പുറത്തിറക്കാറുണ്ട്. അവയില്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചകളും നടത്തിയതിനു ശേഷമാണ് രേഖകള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. വേറെ ഏതു രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഈ നാട്ടില്‍ ഇത് പോലെയുള്ള വഴികള്‍ സ്വീകരിക്കുന്നവ? ഇപ്പോള്‍ പാര്‍ടി പുറത്തിറക്കിയിരിക്കുന്ന തെറ്റ് തിരുത്തല്‍ രേഖയില്‍, ഇപ്പോള്‍ വിവാദത്തിനു വഴി തെളിചിരിക്കുന്ന മതങ്ങള്‍ക്കെതിരെ നിലപാടുള്ള മാര്‍ഗ നിര്‍ദേശവും , മറ്റു അഞ്ചു നിര്‍ദേശങ്ങളും നടപ്പില്‍ വരുത്തുക ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മാത്രം. പാര്‍ട്ടിയിലെ മേല്‍ത്തട്ട് മുതല്‍ കീഴ്ഘടകങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കാനുമുള്ള സമയം ധാരാളം.

ഈ ഒരു സ്ഥിതി വിശേഷം നിലനില്‍ക്കെ തന്നെയാണ്, പാര്‍ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല, അതിനാല്‍ താഴെ തട്ടിലുള്ള കമ്മറ്റികളില്‍ പോലും അഭിപ്രായം പ്രകടിപ്പിക്കുവാന്‍ സാധ്യമല്ല, ഇനി ഒരു പക്ഷെ സ്വന്തം അഭിപ്രായം ഒരു സഖാവ് പറയുകയാണെങ്കില്‍ അയാള്‍ വിഭാഗീയതയുടെ കുഴലൂത്തുകാരനായും ഏതെങ്കിലും ഗ്രൂപ്പില്‍ പെട്ട ആളായും മുദ്രകുത്തപ്പെടും, തുടങ്ങിയ ഗൌരവ പൂര്‍ണമായ ആരോപണങ്ങള്‍ ഉന്നയിച്ചു ആലപ്പുഴ മുന്‍ സി.പി.എം എം.പി ഡോ. കെ. എസ് മനോജ്‌ എന്ന മനോജ്‌ കുരിശിങ്കല്‍ പാര്‍ടിയില്‍ നിന്നും രാജി വെയ്ക്കുന്നത്.

തീര്‍ച്ചയായും ഇവിടെ സ്വയം പരിശോധനയ്ക്ക് വിധേയമാകേണ്ടത് സി.പി.എം തന്നെയാണ്.  പക്ഷെ മാധ്യമങ്ങള്‍  പറയുന്നത് പോലെ മത വിശ്വാസത്തെ കുറിച്ചുള്ള കാഴ്ചപാടിനെ പറ്റിയോ, പാര്‍ടി അംഗങ്ങള്‍ മതപരമായ  പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചോ ഒന്നുമല്ല. രണ്ടു മുന്‍ എം.പി മാര്‍ കാണിച്ചത് പോലെ കോണ്ട്രാക്റ്റ് ബേസില്‍ പാര്‍ടിയില്‍ അംഗത്വം നേടാനും, ബുദ്ധി ജീവിയെന്ന ലേബല്‍ ഒട്ടിച്ചു വെച്ച് സ്ഥാനമാനങ്ങള്‍ നേടാനും ആഗ്രഹിച്ചു പാര്‍ട്ടിയെ സമീപിക്കുന്നവരെ തിരിച്ചറിയുന്ന സമീപനത്തിലാണ്,  തീര്‍ച്ചയായും, പാര്‍ടി ആത്മ പരിശോധന നടത്തേണ്ടത്.

ഈ പാര്‍ടി, മത വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നൊരിക്കലും എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ കണ്ടു പരിചയിച്ച രീതി അതല്ലെന്നത് കൊണ്ട് തന്നെ. രാവിലെ കുളിച്ചു കുരാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി , പാവങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനും, അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും പതിവായി എത്തുന്ന ഞങ്ങളുടെ നാട്ടിലെ പാര്‍ടി നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും നേരിട്ട് അറിയാമെന്നുള്ളത്‌ കൊണ്ട് കൂടിയാണ്.

Tuesday, January 5, 2010

ചിന്തകള്‍ പുനര്‍ജനിക്കുവാന്‍

ഇനിയുമൊരുപാട് കാലമെനിക്കെന്റെ
ചിന്തയാം മൊട്ടുകള്‍,
പഴകി പൊളിഞ്ഞയീ മനസിന്‍റെ
മൂലയിലോളിപ്പിച്ചു, വളമിട്ടു,
പിച്ചകം വിരിയിച്ചതിന്‍
സുഗന്ധം പരത്തീടേണം.

അതിനായെനിക്ക് നിന്‍
താങ്ങു വേണം,
കുളിര്‍ തണലു വേണം,
മൃദുലമാം നിന്‍ കൈവിരലു -
കളെന്‍ നെറ്റിയിലമരുമ്പോള്‍
പൊഴിയുന്ന സംഗീത -
ശ്രവണസുഖവും വേണം.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter