രക്തകറ കൊണ്ട്,
പകയുടെ കനലുകളെ ശമിപ്പിക്കുന്ന,
മൃഗീയമായ നരനായാട്ട് വീണ്ടും.
ഇടതനും, വലതനും, പുറത്താക്കപ്പെട്ടവനും,
വെല്ലു വിളിച്ചു പുറത്തു പോയവനും,
ചുവപ്പനും, കാവിയും, പച്ചയും, ത്രിവര്‍ണ്ണനും,
തുടങ്ങി,
കണ്ട അണ്ടനും അടകോടനുമെല്ലാം
അനുശോചിക്കുന്നു, അപലപിക്കുന്നു.
പൊന്നരിവാളിന്‍ കൊടി പുതച്ച
നിശ്ചല വിപ്ലവത്തിന് ചുറ്റും,
ഖദര്‍ ധാരികള്‍ വിതുമ്പുന്നു; മൂക്ക് തുടയ്ക്കുന്നു;
പക്ഷെ കണ്ണീരിനുപ്പില്ല!
വിപ്ലവത്തിന്റെ മൊത്ത കച്ചവടക്കാരെ,
പുത്തന്‍ കൂറ്റുകാരെ,
നിങ്ങളുടെ പൊടി പോലുമവിടെ
ഇല്ലാതായല്ലോ; ഒന്ന് കരയാന്‍......,
മുഷ്ടി ചുരുട്ടി ഒരു വിപ്ലവാഭിവാദ്യം നേരാന്‍...... ...
ഭൂമിയിലൊരു രക്തസാക്ഷി കൂടി ജനിച്ചു,
അങ്ങകലെ ആകാശത്തോ, ഒരു നക്ഷത്രം ജ്വലിച്ചു..
കൊലപാതകമൊരു ആഘോഷമാക്കി,
ഇനിയങ്ങോട്ട് ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പ്.
ചുറ്റുമുള്ളവരെ, കൊലപാതകിയെന്ന് ചൂണ്ടി
വിളിക്കുമ്പോള്‍ ഓര്‍ക്കുക ശവംതീനികളെ..
അവനു നേരെ ചൂണ്ടുന്നത് നിന്റെ ചൂണ്ടു വിരല്‍..
എന്നാല്‍ നിനക്ക് നേരെയുള്ളതോ,
നിന്റെ, ബാക്കി, നാല് വിരലുകളും.
നിങ്ങളില്‍,
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.