"ഹൊ !!!! ഈ ലീവ് ഒന്നു അപ്പ്രൂവ് ആയി കിട്ടാന്‍ വേണ്ടി കണ്ടവരുടെയെല്ലാം ഒപ്പ് വാങ്ങിക്കാന്‍ നടന്ന നേരം , നേരെ പടിഞ്ഞാറോട്ട് വെച്ചു പിടിച്ചിരുന്നെങ്കില്‍ ഇപ്പൊ വീട്ടില്‍ എത്തി ഒരു കുളിയും കഴിഞ്ഞു കാപ്പി കുടിക്കാമായിരുന്നു ....." എന്നും പറഞ്ഞു കൊണ്ടാണ് ഹോസ്റ്റലില്‍ എത്തിയത്. " എന്നാ അണ്ണേ... തനിയെ പേശിട്ടു പോരെന്‍....?എങ്കിട്ടെ കൂടെ സോള്ളിട്ടു പോന്ങളെ..!!!!... " ...........ഹോസ്റ്റലില്‍ ബൂത്ത് നടത്തുന്ന പയ്യന്‍.. ഇനി അവന്റെ അടുത്ത് വിശദീകരിക്കാന്‍ നിന്നാല്‍ ഒന്നു രണ്ടു സിനിമയുടെ കഥയെങ്കിലും മിനിമം കേള്‍ക്കേണ്ടി വരും. അത് കൊണ്ടു റിസ്ക് എടുക്കാന്‍ പോയില്ല..... നാട്ടില്‍ പോയിട്ട് വരുമ്പോ മമ്മുട്ടി യുടെയും മോഹന്‍ലാലിന്‍റെ യും ഓരോ ഫുള്‍ സ്കോപ് പടങ്ങള്‍ കൊണ്ടു വരണം എന്ന ആവശ്യം അവന്‍ ഒന്നോര്‍മ്മപെടുത്തിയതാണ്. അതാണ്ഇത്ര കാര്യമായിട്ട് ചോദിക്കുന്നെ.... കൊണ്ടു വരാമെടാ..... നോക്കിയിരുന്നോ.... കഴിഞ്ഞ ആഴ്ച ഞാന്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ വന്നപ്പോ എന്തൊരു മൊട ആയിരുന്നു.... അതെങ്ങനാ..... പൈസ ഉണ്ടെങ്കി മാത്രം ഫോണ്‍ ചെയ്താ മതി എന്ന് അവന്‍ പറഞ്ഞാല്‍ അവനേം കുറ്റം പറയാന്‍ പറ്റില്ല.......
" റൂം തുറന്നു ഉള്ളില്‍ കയറി..... ഹും ..... അയ്യോ... മോശമല്ലാത്ത നാറ്റം. നനഞ്ഞ ടവല്‍ ചുരുട്ടി കൂട്ടി ഇട്ടിരുന്നാല്‍ ഇതല്ല, ഇതിന്റെ അപ്പുറവും നാറും... പോട്ടെ... .. അയ്യോ!!! വീട്ടില്‍ പോവുമ്പോ ഇട്ടോണ്ട് പോവാന്‍ വേണ്ടി കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഉടുപ്പ് എവിടെ..?.... എടാ രാജപ്പാ.. ചുമ്മാതല്ല... ഇന്നു ഉച്ചയ്ക്ക് മെസ്സില്‍ വെച്ചു കഴിക്കാനിരുന്നപ്പോ നിനക്കു കിട്ടിയ പപ്പടം എനിക്ക് തന്നതല്ലേ.. ശരിയാ അന്നേരം അവന്റെ മുഖത്തൊരു വളിച്ച ചിരിയുമുണ്ടായിരുന്നു, മെസ്സിലെ വളിച്ച മോരിന്റെ പോലെ... അവനിട്ടിരുന്ന ഷര്‍ട്ട് കണ്ടിട്ട് എവിടെയോ കണ്ടു മറന്ന പോലെ നല്ല പരിചയവും തോന്നിയതാ.. ആ.. പോട്ടെ മിസ് ആയി.. കോളേജില്‍ പോകുമ്പോ ജീന്‍സ് ഇടാന്‍ പാടില്ലാന്നു റൂള്‍ ഉള്ളത് നന്ന്യായി.. അല്ലെങ്കിലിന്നു മിക്കവാറും ഒന്നുമില്ലാതെ പോവേണ്ടി വന്നേനെ.. കാര്യമായി...
ഒന്നു കുളിചെന്നും വരുത്തി, കഴുകാനുള്ള തുണികളും ബാഗില്‍ കുത്തി നിറച്ചു ഒരു വിധത്തില്‍ ഇറങ്ങി കാമ്പസ് നു വെളിയില്‍ വന്നു. ഭാഗ്യം ബസ്സ് വരുന്നുണ്ട്. ഇതു പോയിരുന്നെങ്കി അടുത്ത രണ്ടു മണിക്കൂര്‍ ചൂടു കാറ്റും കൊണ്ടു ഇവിടെ തന്നെ നിക്കേണ്ടി വന്നേനെ. അതില്‍ കയറി രണ്ടു രൂപ കൊടുത്തു പെരംബലുര്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി. ഇതി ട്രിച്ചി ബസ്സ് പിടിക്കണം. ടി വി യുള്ള വണ്ടിയായിരുന്നേല്‍ കുഴപ്പമില്ലായിരുന്നു. ഒന്നര മണിക്കൂര്‍ പോകുന്നത് അറിയില്ലായിരുന്നു. ഭാഗ്യം ഒരെണ്ണം കിടപ്പുണ്ട് . അതില്‍ കയറിയിരുന്നു. സമയം അന്ചായത് കൊണ്ടു നല്ല തിരക്കാണ്. നമ്മുടെ നാടിലെ പോലെ സ്കൂള്‍ കുട്ടികളുടെ തിരക്കല്ല. ചന്തയില്‍ നിന്നും തിരിച്ചു പോവുന്ന ആള്‍ക്കാര്‍ , പിന്നെ അവരുടെ കുട്ട, ചട്ടി, ആട് , പശു എല്ലാമുണ്ട്.. ... !!!
നിരന്നു കിടക്കുന്ന ചോള പാടങ്ങള്‍ക്കിടയിലൂടെ ചൂടു കാറ്റും കൊണ്ടുള്ള യാത്ര, ടിവിയില്‍ എം.ജി.ആര്‍ ആടിച്ചു തകര്‍ക്കുവാ. അതും കണ്ടു സമാധിയടയാന്‍ വയ്യാത്തത് കൊണ്ടു കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ വയലേലകളില്‍ നോക്കിയിരിക്കുകയെ നിവര്‍ത്തിയുള്ളൂ.
സമയം സന്ധ്യയോടടുത്തിട്ടും അസഹനീയമായ ഈ ചൂടു കാറ്റു , തണുപ്പിനു ബാറ്റന്‍ കൈമാറാന്‍ മടിച്ചു നിന്നു. എന്നാലുമതിനു ബസ്സിനുള്ളിലെ പല ഗന്ധങ്ങള്‍ കൂടിക്കലര്‍ന്ന വായുവിനേക്കാള്‍ മടുപ്പ് കുറവായിരുന്നു. ദൂരെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ ഉയര്ന്നു കാണാറായി. രക്ഷപെട്ടു !! സ്ഥലം എത്താറായി. ഒടുവില്‍ കാവേരി നദിക്കു കുറുകെയുള്ള പാലത്തിലേക്ക് വണ്ടി കയറി. ഇപ്പൊ നദി എന്നങ്ങോട്ടു ഉറപ്പിച്ചു പറയാമോ എന്നറിയില്ല. വെള്ളമില്ല എന്നത് തന്നെ കാരണം. നദിയുടെ ഓരം ചേര്ന്നു കൈത്തോട് പോലെ ഒന്നു രണ്ടു വെള്ളച്ചാലുകള്‍ ഉണ്ട്. അത് കൊണ്ടു നഗരത്തിന്റെ വിഴുപ്പലക്കുന്നവര്‍ക്ക് അതോരുപകാരമായി.
ബസ്സിറങ്ങി തിരക്കിനിടയില്‍ കൂടി ബാഗും തൂക്കി നടന്നു. ഈ നഗരത്തിനു യാതൊരു മാറ്റവുമില്ല. നാലു വര്‍ഷത്തിനിടയില്‍ എത്രയോ തവണ ഇതു വഴി കടന്നു പോയിരിക്കുന്നു. ആദ്യം കണ്ടത് പോലെ തന്നെ , സുന്ദരിയായ തമിഴ് അയ്യര്‍ പെണ്‍കിടാവ്. തിരക്കുകളെ വകഞ്ഞ് മാറ്റി നടന്നു ഒരു വിധത്തില്‍ അടുത്ത ബസ്സ് പിടിച്ചു മെയിന്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തി. ജൂസ് കടയില്‍ നിന്നും ഒരു നാരങ്ങ വെള്ളവും കുടിച്ചു തെങ്കാശി വഴി ചെങ്കോട്ട വരെ പോകുന്ന ബസില്‍ കയറി സ്ഥാനം പിടിച്ചു. ഇനി നാല് നാലര മണിക്കൂര്‍ ഇതിനുള്ളില്‍ തന്നെ.
ബോറടിക്കതിരിക്കാന്‍ സിനിമ കാണാം. പുതിയത് വല്ലതും ആണെങ്ങില്‍ കണ്ടോണ്ടിരിക്കാം. ഇല്ലെങ്ങില്‍ അതിലും വലിയ ബോറടിയാകും. ഡ്രൈവര്‍ കയറി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സിനിമ യിട്ടു. "കാതല്‍ കോട്ട" .ദൈവമേ കഴിഞ്ഞ നാല് പ്രാവശ്യം വീട്ടില്‍ പോകുമ്പോഴും ഈ സിനിമ തന്നെയാണല്ലോ ഇവന്മാര്‍ ഇട്ടതു. കുറെ നേരം ദേവയാനിയെ കണ്ടു, പിന്നെ മടുത്തപ്പോള്‍ ഉറക്കത്തെ മാടി വിളിച്ചു. കാരണം ഉറക്കം എന്നെ വിളിക്കാനുള്ള യാതൊരു സിറ്റുവേഷന്‍ നും അല്ലായിരുന്നു. എങ്ങയോ ഉറങ്ങി. അതിനിടയില്‍ വണ്ടി എവിടെക്കെയോ നിര്‍ത്തി. രാത്രി ആയതു കൊണ്ട് ഇരുട്ടായിരുന്നു, ഒന്നും കാണാനും പറ്റിയില്ല...
ഒടുവില്‍ വെളുപ്പാന്‍ കാലത്ത് കോഴി കൂവുന്ന സമയത്ത് ചെങ്കോട്ട ബസ് സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങി ഒരു ഓട്ടോ പിടിച്ചു റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. നല്ല തണുപ്പുണ്ട്. അവിടുന്നു കൊല്ലത്തേയ്ക്കുള്ള ആദ്യ വണ്ടിയാണ്. വണ്ടി സ്‌റ്റേഷനില്‍ പിടിച്ചിട്ടിട്ടുണ്ട്. കുരായിലേക്ക് ടിക്കറ്റ് എടുത്തു തിരക്കില്ലാത്ത ബോഗിയും തിരക്കി നടന്നു. ഒടുവില്‍ ഒരെണ്ണത്തില്‍ കയറിപ്പറ്റി. ഇന്നത്തെ യാത്ര തുടങ്ങാന്‍ പോകുന്നു എന്നും പറഞ്ഞു വിളിച്ചു കൂവി തീവണ്ടി യാത്ര തുടങ്ങി. ഭഗവതിപുരം സ്റ്റേഷന്‍ കഴിഞ്ഞു, സഹ്യാദ്രി മല മടക്കുകളിലേക്ക് ഒരു പെരുമ്പാമ്പിനെ പോലെ പതിയെ ഇഴയുകയാണ് കൊല്ലം-ചെങ്കോട്ട ഷട്ടില്‍.
വണ്ടിയുടെ വേഗത കുറഞ്ഞപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ഹാ എത്തിപോയി!!! എന്‍റെ നാട്, എന്‍റെ വീട്.. എന്‍റെ മണ്ണ്... അമ്മേ..
4 comments:
തമിഴ്‌നാട്ടിലെ വിരസ ജീവിതത്തില്‍ നിന്നും നാടിന്റെ നന്മയിലേക്കുള്ള യാത്ര..
കൊള്ളാം
(പ്രശാന്ത് ഇപ്പോള്‍ ശരിയായി.)
ആ മീറ്റര്‍ ഗേജു യാത്ര, ഓര്‍മ്മകള്‍ ഉണര്‍ത്തി.
ആ ലൈന്‍ ബ്രോഡ്ഗേജ് ആയി മാറ്റുകയാണല്ലോ.:)
നാട്ടിലേക്ക് ഒരു യാത്ര നടത്തിയ അനുഭൂതി
:)
Post a Comment