Thursday, September 17, 2009

ശശി തരൂരും കന്നുകാലി ക്ലാസും...!

ശശി തരൂര്‍ വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദു ആകുന്നു. ഇത്തവണ മൈക്രോ ബ്ലോഗിങ്ങ്‌ വെബ്‌സൈറ്റ് ആയ ട്വിട്ടെറില്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്റെ ചുവടു പിടിച്ചാണ് വിവാദം പുകയുന്നത്. ട്വിട്ടെറില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു പ്രൊഫൈല്‍ നു ഉടമ കൂടിയാണ് തിരുവനന്തപുരത്തിന്റെ ഈ എം. പി.


ഇനി വിഷയത്തിലേക്ക് വരാം.

'ദി പയനിയര്‍' എന്ന പത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്താ തരൂരിനോട് ഇങ്ങനെ ഒരു ചോദ്യം ട്വിറ്റെര്‍ വഴി ഉന്നയിച്ചു.

" Tell us minister, next time you travel to kerala, will it be a cattle class?".

വിമാനത്തില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ ചിലവു ചുരുക്കലിന്റെ ഭാഗമായി എക്കണോമിക്ക് ക്ലാസ്സ്‌ തിരഞ്ഞെടുക്കണം എന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായവുമായി വേണം മുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിനെ കൂട്ടി വായിക്കാന്‍.

ഇനി എന്തായിരുന്നു ശശി തരൂരിന്റെ മറുപടി എന്ന് നോക്കാം. 140 വാക്കുകളില്‍ അധികമാവാതെ വേണം ട്വിട്ടെരിലെ ഓരോ അഭിപ്രായവും എന്ന നിബന്ധന പൂര്‍ണമായും പാലിച്ചു തരൂര്‍ നല്‍കിയ കാച്ചിക്കുറുക്കിയ മറുപടി ഇങ്ങനെ ആയിരുന്നു. "absolutely, in cattle class out of solidarity with all our holy cows!". ഈ

മറുപടിയിലെ 'cattle class' എന്ന പ്രയോഗമാണ് തരൂരിനെ വീണ്ടും വിവാദ നായകനാക്കിയത്. വിമാനത്തിലെ എക്കണോമിക് ക്ലാസ്സിനെ 'കന്നുകാലി ക്ലാസ്സ്‌' എന്ന് വിളിച്ചുവെന്നും അത് വഴി എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ(?) ജനങ്ങളെ അപമാനിച്ചുവെന്നും മറ്റുമാണ് എതിര്‍പക്ഷം വാദിക്കുന്നത്. ഓക്സ്ഫോര്‍ഡ്‌ ഇംഗ്ലീഷ് സംസാരിച്ചു ശീലമുള്ള തരൂരിനറിയാം cattle class എന്നത് economic class നു പകരമായി വളരെയധികം ഉപയോഗിക്കുന്ന, വളരെ സ്വീകാര്യമായ ഒരു പദമാനെന്നതു. അത് കൊണ്ട് തന്നെയാവണം ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുപയോഗിച്ചു അതെ രീതിയില്‍ തന്നെ അദ്ദേഹം ഉത്തരം നല്‍കിയതും.

എന്തായാലും കോണ്‍ഗ്രസ്‌ നേതൃത്വം തരൂരിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്. അത് തരൂരിന്റെ മാത്രം അഭിപ്രായമാണെന്നും, കോണ്‍ഗ്രസ്‌ പാര്‍ട്ടി യ്ക്ക് അത്തരമൊരു നിലപാട് അല്ല ഉള്ളതെന്നും കോണ്‍ഗ്രസ്‌ വക്താവ് ജയന്തി നടരാജന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്റെ സംശയം ഇതല്ല. തരൂരിന്റെ മറുപടിയില്‍ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹം പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്ന മറ്റു വിശുദ്ധ ഗോക്കള്‍ ആരൊക്കെയാണ്? എക്കണോമിക് ക്ലാസ്സില്‍ സഞ്ചരിക്കുന്ന സാധാരണക്കാരായ(?) ജനങ്ങളോ അതോ മാഡത്തിന്റെ നിര്‍ദ്ദേശം ശിരസാവഹിക്കാന്‍ വിധിക്കപ്പെട്ട വിനീത വിധേയരായ മറ്റു കേന്ദ്രമന്ത്രിമാരോ...?

[ വാല്‍ക്കഷ്ണം: "absolutely, in cattle class out of solidarity with all our holy cows!" എന്ന വാചകം മലയാളീകരിക്കുമ്പോള്‍ ഇങ്ങനെ വായിക്കാം; " തീര്‍ച്ചയായും, മറ്റു വിശുദ്ധഗോക്കള്‍ക്ക് പിന്തുണ നല്‍കി കന്നുകാലി ക്ലാസ്സില്‍ തന്നെയായിരിക്കും!"]


[updated on 18-09-2009 @ 10:40 AM]

'cattle class' പ്രയോഗത്തില്‍ തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടു എന്നും, ആ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിലും മാപ്പ് ചോദിക്കുന്നതായി ട്വിറ്റെര്‍ വഴി മന്ത്രി അറിയിച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലൈബീരിയയിലുള്ള അദ്ദേഹം വ്യാഴാഴ്ച വൈകി ട്വിട്ടെരില്‍ ഇങ്ങനെ രേഖപ്പെടുത്തി. "learned belatedly of fuss over my tweet replying to journo's query whether I would travel to Kerala in 'cattle class'."

ചോദ്യത്തിലുണ്ടായിരുന്ന 'cattle class' എന്നാ പ്രയോഗം അതേപടി താനും ഉപയോഗിക്കുകയായിരുന്നു എന്നാണു അദ്ദേഹം ചൂണ്ടികാണിച്ചത്.  "It's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstood," അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രയോഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ മോശമായ രീതിയിലുള്ള അര്‍ത്ഥമാണ് വരുന്നതെന്നും, ഉദ്ദേശിച്ച വിഷയത്തില്‍ നിന്നും പാടെ മാറി നില്‍ക്കുന്നതാണ് എന്നും തരൂര്‍ അംഗീകരിച്ചു. "To those hurt by the belief that my repeating the phrase showed contempt: sorry,"

'Holy cows (വിശുദ്ധ ഗോക്കള്‍)' എന്നാ പ്രയോഗം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചു ഉള്ളതായിരുന്നില്ല എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. "Holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics would look it up."

തരൂര്‍ മാപ്പ് പറഞ്ഞത് മൂലം ഈ വിവാദം ഇവിടെ തീരുമെന്ന് കരുതാം. ഒപ്പം അടുത്തതിനായി കാത്തിരിക്കുകയും ചെയ്യാം. :)

13 comments:

അങ്കിള്‍ said...

ഇക്കോണമി ക്ലാസ്സിൽ യാത്രചെയ്യണം എന്നു നിർദ്ദേശം നൽകിയ കോൺഗ്രസ്സിലെ മുതിർന്ന ഭാരവാഹികളെ ബഹുമാനത്തോടെ സംബോധനചെയ്ത വാക്കാണു: ഹോളി കൌ. അല്ലെങ്കിൽ അവരെയും കാറ്റിൽ‌സ് എന്നു വിളിക്കാമായിരുന്നല്ലോ.

Rakesh R (വേദവ്യാസൻ) said...

ഇവിടെ സന്ദര്‍ശ്ശിച്ച ഒരു ഇരുകാലി :)

സുദേവ് said...

ഇവിടെ പ്രശ്നം ശശി തരൂര്‍ എന്ന വ്യക്തി പറഞ്ഞതല്ല , ശശി തരൂര്‍ എന്ന മന്ത്രി പറഞ്ഞതാണ് . അങ്ങനെ ആവുമ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. അപ്പോള്‍ ഇനി അദ്ദേഹം കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കട്ടെ . അത്രേം സമയം നമുക്ക് ഒന്ന് മാറി നില്‍ക്കാമെന്ന് തോന്നുന്നു .

കടത്തുകാരന്‍/kadathukaaran said...

മാറി നില്‍ക്കാനൊന്നും പറ്റില്ല, അദ്ധേഹം ഒരു വിശദീകരണം തരുന്നതിനു മുമ്പ് നമുക്കൊന്നു പൊടിപൊടികണം.

Anonymous said...

അമ്പോ ശശി തരൂരിന് എന്തു മാത്രം പിമ്പുകളാ ബൂലോഗ്ഗത്ത്.
Pimp 1
Definition: One who provides gratification for the lust of others; a procurer; a pander.

pimp 2
Definition: someone who procures customers for whores (in England they call a pimp a ponce)

pimp 3
Definition: arrange for sexual partners for others

ആദ്യത്തെ അര്‍ഥമാണ് ഉദ്ദേസിച്ചത്...

കുരാക്കാരന്‍ ..! said...

അങ്കിള്‍ :) നന്ദി!
വേദ വ്യാസന്‍ , നന്ദി.
സുദേവ്, അതെ നമുക്ക് അദ്ദേഹത്തിന്‍റെ മറുപടി വരുന്നത് വരെ കാക്കാം..!
നന്ദി.

പൊട്ട സ്ലേറ്റ്‌ said...

ഇത് എന്റെ അഭിപ്രായം.
my opinion

ഷൈജു കോട്ടാത്തല said...

വിവാദങ്ങള്‍ കൂട്ടിയിട്ട്‌ പുകയ്ക്കാനാണ്‌ ശ്രമം
അല്ലെ

കുരാക്കാരന്‍ ..! said...

അജ്ഞാത: താങ്കള്‍ ആരായാലും വായിച്ചതിനും കമന്റിയതിനും നന്ദി. :)
പൊട്ടസ്ലേറ്റ്‌: താങ്ങളുടെ പോസ്റ്റ്‌ വായിച്ചു. അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദി!
ഷൈജു കോട്ടാത്തല : വിവാദങ്ങള്‍ കൂട്ടിയിട്ട്‌ പുകയ്ക്കാനൊന്നും ഉദ്ദേശമില്ല സുഹൃത്തേ, അഭിപ്രായം പറഞ്ഞു എന്നേയുള്ളു.
നമ്മള്‍ അടുത്തടുത്ത നാട്ടുകാരാണ് :) . നന്ദി !

kaalidaasan said...

ഇക്കോണമി ക്ലാസ്സിൽ യാത്രചെയ്യണം എന്നു നിർദ്ദേശം നൽകിയ കോൺഗ്രസ്സിലെ മുതിർന്ന ഭാരവാഹികളെ ബഹുമാനത്തോടെ സംബോധനചെയ്ത വാക്കാണു: ഹോളി കൌ.

ഇവിടെ അങ്കിളിനോട് മര്യാദ പൂര്‍വ്വം വിയോജിക്കുന്നു. ഇക്കോണമി ക്ലാസ്സില്‍ യാത്രചെയ്യണം എന്നു നിര്‍ദ്ദേശം നല്‍കിയ കോണ്‍ ഗ്രസ്സിലെ മുതിര്‍ന്ന ഭാരവാഹികളെ പരിഹാസപൂര്‍വ്വം വിമര്‍ശിച്ചതാണ്, Hly Cow എന്ന പ്രയോഗത്തിലൂടെ തരൂര്‍ ചെയ്തത്. അതിനു മുമ്പ് തരൂര്‍ എകോണമി ക്ളാസില്‍ യാത്ര ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍, ആ പ്രയോഗം അസ്ഥാനത്തായി പോയി. Holy Cow എന്ന പ്രയോഗം കോണ്ടുദ്ദേശിച്ചത് , ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തത്വങ്ങളും വിഷയങ്ങളും എന്നാണ്. ദിവസം ഒരു ലക്ഷം ചെലവാക്കി താമസിച്ചിരുന്ന പഞ്ച നക്ഷത്ര ഹോട്ടലിലില്‍ നിന്നുമിറക്കി വിട്ടതിന്റെ ദേഷ്യമാണാ വാക്കുകളില്‍. കോണ്‍ഗ്രസിന്റെ കിരീടം വയ്ക്കാത്ത രാജ്ഞിയായ സോണിയയുടെ എകോണമി ക്ളാസ് യാത്രയുടെ തനിനിറം വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കിലും, എതിര്‍ക്കാന്‍ ആകാത്തത് കൊണ്ട് അനുസരിക്കുന്നു എന്നാണദ്ദേഹം പറയാതെ പറഞ്ഞത്. അല്ലാതെ Holy Cow എന്ന പ്രയോഗം തന്നെ നല്‍കേണ്ട മറുപടിയില്‍ വരികയില്ലായിരുന്നു. Yes It Will Be എന്ന നിസാര വാക്കുകളില്‍ പറയേണ്ട ഉത്തരം അനവശ്യപ്രയോഗങ്ങളിലൂടെ വലിച്ചു നീട്ടിയത് ഈ ഒറ്റ കരണം കൊണ്ടുമാത്രമാണ്.

അത് കോണ്‍ ഗ്രസുകാര്‍ എല്ലാവരും ശരിയായ രീതിയില്‍ മനസിലാക്കി. അത് തരൂരിനും മനസിലായി. അതു കൊണ്ടാണദ്ദേഹം ആ സം ഭാഷണം മുഴുവനായി സൈറ്റില്‍ നിന്നും നീക്കം ചെയ്തതും അതിന്റെ പേരില്‍ മാപ്പുപറഞ്ഞതും .

തരൂരിനു പറ്റിയ ജാള്യം മറച്ചു വക്കാന്‍ ബഹുമാനപുരസരം എന്നൊക്കെ വ്യാഖ്യാനിക്കുന്നതില്‍ ഒരു കാര്യവുമില്ല. തരൂര്‍ സ്വപ്നത്തില്‍ പോലും ഈ ബഹുമാനം ആലോചിച്ചിട്ടുണ്ടാകില്ല.

അങ്കിള്‍ said...

പ്രീയ കാളിദാസൻ,
കാളിദാസനോട് തർക്കിച്ച് ജയിക്കാമെന്ന വ്യമോഹമൊന്നും എനിക്കില്ല. എന്നാലും ഒരു കാര്യം വ്യക്തമാക്കട്ടെ.

“ദിവസം ഒരു ലക്ഷം ചെലവാക്കി താമസിച്ചിരുന്ന പഞ്ച നക്ഷത്ര ഹോട്ടലിലില്‍ നിന്നുമിറക്കി വിട്ടതിന്റെ ദേഷ്യമാണാ വാക്കുകളില്‍.“

ഇറക്കി വിട്ടതല്ല. ഇറങ്ങണമെന്നാഹ്വാനം വരുന്നതിനു മുമ്പേതന്നെ (1-9-2009 നു) ശശിതരൂർ ഹോട്ടൽ മുറി ഒഴിഞ്ഞിരുന്നു. കാളിദാസൻ ഇത് ശ്രദ്ധിച്ചില്ലാന്നുണ്ടോ.

ക്യാറ്റിത്സ് എന്ന പ്രയോഗത്തെക്കാൾ ഹോളികൌ എന്ന പ്രയോഗമാണു കോൺഗ്രസ്സ് മേലാളരെ ചൊടിപ്പിച്ചതെന്നു ഞാനും സമ്മതിക്കുന്നു. അങ്ങനെ തന്നെ പ്രയോഗിക്കാൻ ധൈര്യം കാണിച്ചതു തരൂർ പുതുമുഖമായതു കൊണ്ടാണു. ക്രമേണ ആ ധൈര്യമെല്ലാം കളഞ്ഞ നല്ലകുട്ടി ആയിക്കോളും, അല്ലെങ്കിൽ ആക്കിക്കോളും.

പുറത്തു പോകേണ്ടി വരുമെന്നായിരുന്നു ഞങ്ങൾ തിരുവനന്തപുരത്തു കാരുടെ ശങ്ക. അതെതായാലും ഒഴിഞ്ഞുകിട്ടി. ഇതിനു മുമ്പത്തെ എം.പി യെ പറ്റി ആലോചിച്ചു പോയി. രക്ഷപ്പെട്ടു.

കുരാക്കാരന്‍ ..! said...

കാളിദാസന്‍, അഭിപ്രായങ്ങള്‍ക്കു നന്ദി!

kaalidaasan said...

അങ്കിള്‍,

തര്‍ക്കിച്ചു ജയിക്കേണ്ട ആവശ്യമുണ്ടോ? ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തി അത്ര മാത്രം.

ഇറങ്ങണമെന്നാഹ്വാനം വരുന്നതിനു മുമ്പേതന്നെ (1-9-2009 നു) ശശിതരൂര്‍ ഹോട്ടല്‍ മുറി ഒഴിഞ്ഞിരുന്നു എന്നൊക്കെ ആശ്വസിക്കുന്നത് എനിക്ക് അത്ഭുതമുണ്ടാക്കുന്നു.

കേരള രാഷ്ട്രീയത്തിലെയും സര്‍ക്കാരിലെയും അനാവശ്യ ധൂര്‍ത്തുകളും, പാഴ്ചെലവുകളും അഴിമതികളും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അങ്കിള്‍ ചെയ്യുന്ന സേവനം എന്നും ആദരവോടെ കാണുന്ന ഒരു വ്യക്തിയാണു ഞാന്‍. അങ്കിളിന്റെ ബ്ളോഗില്‍ ഇതു സംബന്ധിച്ചു വരുന്ന ലേഖനങ്ങള്‍ മിക്കതും വയിക്കാറുമുണ്ട്. ചിലതിലെല്ലാം അഭിപ്രായങ്ങളും എഴുതാറുണ്ട്. ഇന്‍ഡ്യയേപ്പോലുള്ള ഒരു ദരിദ്ര രാജ്യത്ത് സ്വന്തം പോക്കറ്റില്‍ നിന്നായാലും ഒരു മന്ത്രി ഒരു കോടിയോളം രൂപ അനാവശ്യമായി ചെലവിഴിച്ച്, ആശാസ്യമല്ലാത്ത ഒരു മാതൃക കാണിച്ചതിനെ അങ്കിള്‍ ന്യായീകരിക്കുന്നതില്‍ എനിക്ക് അതിയായ വേദന തോന്നുന്നു.

അങ്കിളിനോടൊരു ചോദ്യം. തരൂര്‍ മന്ത്രിയാല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചെലവഴിച്ച് ജീവിക്കുമായിരുന്നോ?

ഹോളി കൌ എന്ന പ്രയോഗം മാത്രമല്ല, മറ്റു പല പ്രയോഗങ്ങളും യധാര്‍ത്ഥ കോണ്‍ഗ്രസുകാരെ, മേലാളരെ മാത്രമല്ല, ചൊടിപ്പിക്കും, ആത്മാഭിമാനം എന്ന ഒരു വസ്തു അവരുടെ മനസാക്ഷിയില്‍ ഇനിയും അവശേഷിച്ചിട്ടുണ്ടെങ്കില്‍. ഇന്ദിരയേക്കുറിച്ചും, രാജീവിനേക്കുറിച്ചും, സോണിയയേക്കുറിച്ചും രഹുലിനേക്കുറിച്ചും തരൂര്‍ പറഞ്ഞതൊക്കെ കോണ്‍ഗ്രസുകാര്‍ മറന്നാലും മറ്റുള്ളവര്‍ മറന്നു എന്നു വരില്ല. ഇവരേക്കുറിച്ചു മത്രമല്ല മറ്റു പലരേക്കുറിച്ചും പലതിനേക്കുറിച്ചും തരൂര്‍ പറഞ്ഞ സംഗതികളെല്ലാം ഇന്നദ്ദേഹം ചെയ്യുന്ന കാര്യങ്ങളുമായി നേരെ വിപരീതമാണ്. അങ്കിളിനു താല്‍പ്പര്യമുണ്ടെങ്കില്‍ അത് ഇവിടെ വായിക്കാം.

തരൂര്‍ പുറത്തു പോകുമെന്നു ഞാന്‍ കരുതിയിട്ടില്ല. ഇനി കരുതുന്നുമില്ല. ജനങ്ങളെ സേവിക്കാനുള്ള വാഞ്ച അത്രക്ക് ഭീകരമാണദ്ദേഹത്തില്‍. മറ്റൊരു വിശുദ്ധ പശുവായി വലാട്ടി നില്‍ക്കും. ഇല്ലെങ്കില്‍ ആട്ടിക്കും. അതല്ലേ അങ്കിള്‍ കോണ്‍ഗ്രസ് പാരമ്പര്യം?

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter