Thursday, September 24, 2009
ലങ്കാദഹനം!
പിറ്റേന്ന് കുരായില്‍ നേരം വെളുത്തത് എന്നത്തേയും പോലെ, റെയില്‍ പാളത്തില്‍ ആരുടെയെന്കിലും തലയുണ്ടെങ്കില്‍ എടുത്തു മാറ്റൂ എന്നും പറഞ്ഞു ചൂളം വിളിച്ചു പോകുന്ന തിരുനെല്‍വേലി സൂപ്പെറിന്റെ ഒച്ച കേട്ടല്ലായിരുന്നു. പകരം ചിത്തുവിന്റെ "ബിനു അണ്ണാ .... ബിനു അണ്ണാ ...." എന്ന അലര്‍ച്ച കേട്ടായിരുന്നു.
ആ അലര്‍ച്ച കേട്ടു ലീവ് നു നാട്ടില്‍ വന്നു സുഖമായി കട്ടിലില്‍ മലര്‍ന്നു കിടന്നു ഉറങ്ങുകയായിരുന്ന അവന്റെ അച്ഛന്‍ ദാസപ്പന്‍ കൊച്ചാട്ടെന്‍ , എണീറ്റ് യുദ്ധ ഭൂമിയാണെന്ന് കരുതി കമഴ്ന്നു കിടന്നു "ബോംബ് ......... ബോംബ്...........!!!!!!!!" എന്ന് വേറൊരു അലര്‍ച്ച കൂടി കൂട്ടിച്ചേര്‍ത്തു എന്ന് പറയുന്ന അസൂയക്കാരുമുണ്ട് കുരായില്‍.
എന്തായാലും ആ കൊച്ചു വെളുപ്പാന്‍ കാലത്തു ചിത്തു ഓടി ഓടി കയറ്റം കയറി, ഇന്നലെ രാത്രി പെയ്ത മഴ കാരണം ഇന്നു റബ്ബര്‍ വെട്ടാന്‍ പറ്റത്തില്ലല്ലോ എന്നും വിചാരിച്ചു താടിയ്ക്ക് കയ്യും കൊടുത്തിരുന്ന ബിനു അണ്ണന്റെ അടുത്തെത്തി.
"അണ്ണാ... അണ്ണാ.... ബിനു അണ്ണാ..." ശ്വാസം എടുക്കാന്‍ വേണ്ടി അവന്‍ കുറച്ചു നേരത്തെ ഗ്യാപ്പ് ഇട്ടു.
"എന്തുവാടേ രാവിലെ പല്ലും തേക്കാതെ വന്നു കിടന്നു വെരളുന്നെ? ..........." പത്തു ഷീറ്റിന്റെ പാല് മഴ കൊണ്ടു പോയല്ലോന്നുള്ള വിഷമത്തില്‍ ഇരിക്കുന്ന ബിനു അണ്ണന്‍ ചോദിച്ചു....
"കിട്ടി അണ്ണാ ... കിട്ടി......"
"എന്തുവാടേ...."
"ഐഡിയ ഐഡിയ ......നമ്മുടെ നാടകത്തിന്റെ ഐഡിയ..."....
അപ്പോഴേക്കും അവിടുത്തെ ബഹളം കേട്ടു കണ്ണും തിരുമ്മി എണീറ്റ് സുഭാഷ് സാറും ഈയുള്ളവനും സ്ഥലത്തെത്തി ഹാജര്‍ വെച്ചു.
"നിന്നു വിറയ്ക്കാതെ കാര്യം പറയെടാ ചിത്തു....." ബിനു അണ്ണന്റെ മനസിന്നു പത്തു ഷീറ്റും അതിന്റെ കാശും പോവ്വുന്നില്ല.....
"അണ്ണാ.. നമുക്കു ഈ കൊല്ലം ഒരു ബാലെ അവതരിപ്പിച്ചാലോ...? നമ്മുടെ കുരാ അമ്പലത്തിലേം തലൂരെ അമ്പലത്തിലും ഉല്‍സവത്തിന് വരുന്ന സംഭവമില്ലേ... ആ ഒരു സെറ്റ് അപ്...... പുരാണ നാടകമാവുമ്പോ കാണാന്‍ വരുന്നൊരു കൂടുതലും പ്രായമുള്ള ആള്‍ക്കാരായിരിക്കും. അപ്പൊ എന്തെങ്കിലും പ്രശ്നം വന്നാല്‍ നമ്മള് ഓടിയാലും അവര് നമ്മടെ കൂടെ എത്തത്തില്ല....." ചിത്തു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
"...... ഓഹോ ..... അപ്പൊ എന്തായാലും അവസാനം ഓട്ടം ഉണ്ടാവുമെന്ന് ഉറപ്പാ... അല്ലിയോടാ... ചിത്തു..? " തുടക്കത്തിലെ ഒരു ഉടക്കിടാന്‍ ഞാന്‍ നോക്കി......."
"ഇയാള് പോടേ.... അണ്ണാ ..ബിനു അണ്ണാ ..... ഇയാള് പറ.....".......
ഒടുവില്‍ കുറെ വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എല്ലാരും അതിന് സമ്മതിച്ചു. സുഭാഷ് സാറിന്റെ വീടിനു പുറകിലുള്ള ഉപയോഗശൂന്യമായ എരിത്തില്‍ റിഹെര്‍സലിന്റെ വേദിയായി നിശ്ചയിച്ചു എല്ലാവരും കൂടി വൈകുന്നേരങ്ങളില്‍ അവിടെ വന്നണയാന്‍ തുടങ്ങി. പരദൂഷണങ്ങളും, അടിപിടിയും, ഇച്ചിരെ വെള്ളമടിയും അതിന്റിടയില്‍ കൂടി ബാലെ പരിശീലനവുമായി ദിവസങ്ങള്‍ മുന്നോട്ടു പോയി.
ഒടുവില്‍ പരിശീലനത്തിന്റെ അവസാന ദിവസവും വന്നെത്തി. പുണ്യ പുരാതനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതിനാലും ഈ വിഷയങ്ങളെ അധികരിച്ചുള്ള കസര്‍ത്തുകള്‍ ടി.വിയില്‍ സുലഭമാണ് എന്നതിനാലും ഉള്‍പ്പെടുത്താന്‍ പറ്റുന്ന എഫെക്ടുകള്‍ പരമാവധി ഉള്‍പ്പെടുത്തി നാടകം അവതരിപ്പിക്കുവാന്‍ തന്നെയായിരുന്നു തീരുമാനം. അങ്ങനെ പരിശീലന കളരി അഭിനേതാക്കളെല്ലാം വിജയകരമായി തന്നെ പൂര്‍ത്തിയാക്കി, പിറ്റേന്ന് നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളുമായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. (അതിനു ശേഷം എരിത്തില്‍ വൃത്തിയാക്കാന്‍ വന്ന സുഭാഷ് സാറിന്റെ അമ്മയ്ക്ക് അവിടെ നിന്നും പൊട്ടിയതടക്കം 7 ഷാര്‍ക്ക്‌ടൂത്തിന്റെ കുപ്പികളും, 13 ബിയര്‍ കുപ്പികളും ഒരു കുന്നു വില്‍സിന്റെ കവറുകളും കളഞ്ഞു കിട്ടിയെന്നു നാട്ടിലെ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തിയിരുന്നു.)
ബാലെ തുടങ്ങാന്‍ സമയമായി. ഒന്നാമത്തെ ബെല്ലും കൊടുത്ത് കര്‍ട്ടന്റെ ഇടയില്‍ കൂടി വെളിയിലോക്ക് നോക്കിയിട്ട് ചിത്തു പറഞ്ഞു...... " അണ്ണാ, ഞാന്‍ പറഞ്ഞ പോലെ തന്നെ.... പുരാണ നാടകമായ്തു കൊണ്ട് കാണാന്‍ എല്ലാം പ്രായമായോരാ.....എന്നെ സമ്മതിക്കണം..... ഇല്ലെങ്കി കുരുത്തം കേട്ട പയ്യന്മാരുടെ കയ്യിന്നു കണക്കിന് കിട്ടിയേനെ.... "
"അതോര്‍ത്തു നീ പേടിക്കണ്ട അനിയാ......ഇന്നാട്ടിലെ കുരുത്തം കെട്ട പിള്ളാര് മൊത്തം ഈ സ്റ്റേജിനു പുറകിലുണ്ട്. മേയ്ക്കപ്പ് ചെയ്തോണ്ടിരിക്കുന്നു.. " ബിനു അണ്ണന്‍ പറഞ്ഞു.....
ബാലേയിലെ പ്രധാന കഥാപാത്രങ്ങള്‍ തമ്മില്‍ തുടക്കത്തിലെ തല്ലുണ്ടാക്കണ്ട എന്ന് വിചാരിച്ചു സുഭാഷ് സര്‍ ഇടപെട്ട് പറഞ്ഞു... " എടേയ് ചിത്തു..... നീ രണ്ടും മൂന്നും ബെല്ല് കൊടുത്ത് കര്‍ട്ടന്‍ പൊക്കി നാടകം തുടങ്ങാന്‍ നോക്കെടെയ്......"
"ടര്‍ണീം ടര്‍ണീം ടര്‍ണീം ".....
"സഹൃദയരേ കുരാ മില്ലുമുക്ക് കൈരളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന പുണ്യപുരാതന, സിനിമാറ്റിക്, ട്രാമാറ്റിക്, ഡ്രാമസ്കോപ്പ് ബാലെ തുടങ്ങുകയായി.............
ലങ്കാ ദഹനം........!
വലിയ പിശകുകള്‍ ഒന്നും തന്നെയില്ലാതെ നാടകം മുന്നേറുകയാണ്.
ഇടവേള കഴിഞ്ഞുള്ള ആദ്യ രംഗം.
അശോകവനിയില്‍ ശിംശിപാ വൃക്ഷ ചുവട്ടില്‍ ശ്രീരാമനെ മാത്രം മനസ്സില്‍ ധ്യാനിച്ചു വിഷാദമൂകയായി ഇരിക്കുന്ന സീതയുടെ അടുത്തേയ്ക്ക് ഹനുമാന്‍ പറന്നിറങ്ങുന്ന ഭാഗമാണ്. സീതാ ദേവിയായി ധനീഷ് സാരിയുമുടുത്തു ഷാളും പുതച്ചു കാര്‍ഡ്ബോര്‍ഡ് കൊണ്ടുണ്ടാക്കിയ മരത്തിന്റെ ചുവട്ടില്‍ ഇരിപ്പുണ്ട്. ഇനി ഹനുമാനായ ചിത്തു പറന്നു പറന്നു താഴേയ്ക്ക് വരണം. പറന്നു ഇറങ്ങുന്ന എഫെക്റ്റ് കിട്ടുവാന്‍ വേണ്ടി ചിത്തുവിന്റെ അല്ല ഹനുമാന്റെ അരയില്‍ കയറു കെട്ടി അത് കപ്പിയില്‍ കൂടി വലിച്ചു പിടിച്ചിരിക്കുകയാണ് ജിമ്മന്‍ ബിവിന്‍. സമയമാവുമ്പോള്‍ സിഗ്നല്‍ തരാം.. പതുക്കെ കയറു താഴേയ്ക്ക് വിട്ടു കൊടുക്കണമെന്നാണ് ബിവിനു കിട്ടിയിരിക്കുന്ന നിര്‍ദേശം.
ഒരാഴ്ച്ചയായുള്ള റിഹെര്സലും ഇന്നലെ രാത്രി സെക്കന്റ് ഷോ കാണാന്‍ പോയതിനെ ക്ഷീണവും കാരണം ബിവിന്റെ കണ്ണില്‍ ഉറക്കം പിടി കൂടുന്നുണ്ടോ എന്ന് അവനു തന്നെ സംശയം തോന്നി തുടങ്ങി. ഇല്ല എന്നുറപ്പ് വരുത്താന്‍ കണ്ണും തിരുമ്മി കയറും വലിച്ചു പിടിച്ചു സ്റ്റേജിന്‍റെ ഒരു വശത്ത് ഇരിക്കുകയാണ് അവന്‍.
ഹനുമാന്‍ താഴെ ഇറങ്ങുമ്പോള്‍, സീത ദേവി പതിയെ എണീറ്റ് ഹനുമാനോട് ഇങ്ങനെ ചോദിക്കണം "ആര്യ പുത്രനെ കണ്ടുവോ ഹനുമാന്‍...?" അതിനു മറുപടിയെന്നോണം ശ്രീരാമന്റെ മോതിരം ഹനുമാന്‍ സീത ദേവിയ്ക്ക് കൈമാറും. ഇതാണ് തിരക്കഥയില്‍ ഉള്ളത്.
ഹനുമാന്‍ താഴെ ഇറങ്ങാന്‍ സമയമായി.
തലേന്നത്തെ ഉറക്കം ബാക്കിയുള്ള ബിവിന്‍ അപ്പോഴേയ്ക്കും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ഹനുമാനെ കാണാത്തത് കൊണ്ട് സീത യുടെ വേഷം ധരിച്ചിരിക്കുന്ന ധനീഷ് ഇടയ്ക്കിടക്ക് മുകളിലേക്ക് നോക്കുന്നുണ്ട്. ഒരു വേള "പെട്ടന്ന് വാടാ കോപ്പേ" എന്ന് പറയുകയും ചെയ്തു. ഇതെല്ലാം കണ്ടു അക്ഷമനായി സ്ക്രീനിനു പുറകില്‍ നില്‍ക്കുകയായിരുന്ന ബിനു അണ്ണന്‍ കലി തുള്ളി താഴെ കിടന്നിരുന്ന ഒരു കല്ലെടുത്ത് ബിവിന്റെ തലയിലേക്ക് ഒരേറു വെച്ച് കൊടുത്തു. എന്താണെന്നറിയില്ല, ആദ്യമായി അങ്ങേരുടെ ഉന്നം കൃത്യമായിരുന്നു. നിഷ്കളങ്കനായി ഏതോ കളറിനെ സ്വപ്നവും കണ്ടു മയങ്ങുകയായിരുന്ന പാവം ബീവിയുടെ ഉച്ചിയില്‍ തന്നെ. അവന്‍ ഞെട്ടി എണീറ്റതും കയ്യിലെ കയറിന്റെ പിടി വിട്ടതും ഒരുമിച്ചായിരുന്നു.
ഹനുമാന്‍ അതാ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സകല ഫോര്‍മുലകളും ശരി വെച്ച് കൊണ്ട് ഒരു അലര്‍ച്ചയോടെ താഴേക്ക് നിപതിക്കുന്നു. നെഞ്ചാം മൂടിയിടിച്ചു ഹനുമാന്‍ താഴെ ലാന്റ് ചെയ്തു. എതിര്‍ ദിശയിലേക്ക് മുഖം തിരിച്ചു ഇരിക്കുകയായിരുന്ന സീത ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ടപ്പോള്‍ എഫെക്റ്റ് ആയിരിക്കുമെന്ന് കരുതി തന്റെ ഭാഗത്തിലേക്ക് കടന്നു.
നെഞ്ചും ഇടിച്ചു താഴെ വീണ ചിത്തു അല്ല ഹനുമാന്‍ പതിയെ എണീറ്റ് ഒന്നും മനസിലാവാതെ തറയില്‍ ഇടിച്ചു വീണ ഭാഗം തടവി നില്‍ക്കുമ്പോള്‍ അതാ സീത ദേവി ചോദിക്കുന്നു......
" ഹനുമാന്‍, അങ്ങ് ആര്യ പുത്രനെ കണ്ടുവോ?..........."
വേദന കാരണം നക്ഷത്രങ്ങളുടെ സെന്‍സസ് എടുക്കുന്ന ഹനുമാന് എന്ത് ആര്യപുത്രന്‍..........
" ഞാനൊരു ******മോനേം കണ്ടില്ല............ ഞാനാ കയറു പിടിച്ചിരുന്ന ********ളിയെ നോക്കുവാ........... നീ ഒന്ന് പോ ഉവ്വേ.........."
ശേഷം ചിന്ത്യം!
Subscribe to:
Post Comments (Atom)
7 comments:
സ്റ്റേജ് തമാശകളിൽ ചിലത്
നന്നായിട്ടുണ്ണ്ട്
ഞങ്ങളും നര്‍മ്മഭൂമി വായിക്കാറുണ്ട്.....
പലവട്ടം പലര്‍ക്കും പറ്റിയ അബദ്ധം ആ ഹനുമാന്‍ ആവാന്‍ ശ്രമിച്ചു മുണ്ട് പോണേ ..
എന്തായാലും കലക്കിട്ടോ
നിഷാര്‍ ആലാട്ടു, നന്ദി...!
അജ്ഞാതന്‍ ആരായാലും നന്ദി, നര്‍മഭൂമി മാത്രമല്ല സുഹൃത്തേ... ബോബനും മോളിയും, ഹാസ്യ കൈരളി , രസഗുള , ബാലരമ തുടങ്ങി എന്തും നമ്മളും വായിക്കാറുണ്ട്. അഭിപ്രായത്തിന് നന്ദി!
കണ്ണനുണ്ണി, നന്ദി!
ഹനുമാന് അതാ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സകല ഫോര്‍മുലകളും ശരി വെച്ച് കൊണ്ട് ഒരു അലര്‍ച്ചയോടെ താഴേക്ക് നിപതിക്കുന്നു
അത് കലക്കി
കുരാക്കാരാ,
തൊട്ടടുത്തു ഞാൻ താമസിച്ചിരുന്നിട്ടും ആ നാടകം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ദുഃഖം ഉണ്ടു. തിരുനെൽ വേലി എക്സ്പ്രസ്സ് നിന്നിട്ടു കാലവും കുറച്ചായി. ഇതു പണ്ടത്തെ കഥ ആയിരിക്കും അല്ലേ. എന്തായാലും കഥ കൊള്ളാം.
ഗന്ധര്‍വന്‍ , ഷെരിഫ് കൊട്ടാരക്കര നന്ദി !
Post a Comment