മലയാള സിനിമയ്ക്കെതിരെ, മലയാള സിനിമയിലെ മേലാള കീഴാള വര്‍ഗ വര്‍ണ വിവേചനത്തിനെതിരെ, വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മലയാള സിനിമ പ്രവര്‍ത്തകള്‍ മാറുന്ന രീതിയ്ക്കെതിരെ, കലാകാരനു തൊഴില്‍ നിഷേധിക്കുന്ന മലയാള സിനിമയിലെ മാടമ്പി സംസ്കാരത്തിനെതിരെ മലയാളികള്‍ അധിവസിക്കുന്ന ലോകത്തിന്റെ മിക്ക കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കല സാഹചര്യത്തില്‍, എതിര്‍പ്പിന്റെ ഒരുമയുള്ള സ്വരങ്ങള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നത് ഓണ്‍ലൈന്‍ നിവാസികളുടെ വാക്കുകളില്‍ കൂടിയാണ്.
നടുക്കടലില്‍ മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ് സമകാലീന മലയാള ചലച്ചിത്രലോകം. പുര കത്തുമ്പോള്‍ വാഴ വെട്ടാനായി സംഘടനകളും അതിന്റെ നേതാക്കളും, എരിതീയില്‍ എണ്ണ ഒഴിക്കുവാന്‍ രാഷ്ട്രീയ പാര്‍ടികള്‍, മുറിവില്‍ ഉപ്പു തേയ്ക്കുവാന്‍ കലാകാരന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. സംശയലെശ്യമെന്നെ പറയാം 1928 ല്‍ പ്രയാണം തുടങ്ങിയ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ഈ വ്യവസായം, ഒരു പക്ഷെ, തകര്‍ന്നു തരിപ്പണം ആവുകയാണെങ്കില്‍ ആര്‍ക്കാണ് നഷ്ടം?അതൊരിക്കലും പ്രശസ്തിയുടെയും,പണത്തിന്റെയും,സില്‍ബന്ധികളുടെ പൊള്ളയായ പ്രശംസയുടെയും നിഴലില്‍ മനം മയങ്ങി ഇരിക്കുന്ന സോ കാള്‍ഡ് സൂപ്പെര്‍ താരങ്ങള്ക്കോ അവരുടെ ഉപഗ്രഹങ്ങള്‍ക്കോ ആയിരിക്കുകയില്ല. പകരം, ചോരയും ബുദ്ധിയും നീരാക്കി ടിക്കറ്റ് നു വേണ്ടി തെള്ളും ചവിട്ടും കൊണ്ട് , മൂട്ടയും പാറ്റയും നിര്‍ഭയം കുടുംബസമേതം വാഴുന്ന, എ സിയുള്ള തീയേറ്ററുകളില്‍ വിയര്‍ത്തു ഒലിച്ചു സിനിമ കണ്ടു കയ്യടിച്ച പ്രേക്ഷകരാണ്.പാവം നമ്മളാണ്. അത് മറക്കരുത്.
അത് കൊണ്ട് മലയാള സിനിമ പ്രവര്‍ത്തകരോട് ഒരപേക്ഷയുണ്ട്. പ്ലീസ്, ഇനിയെങ്കിലും ഈ കുതികാല്‍ വെട്ടും, കുശുമ്പും, പൊങ്ങച്ചങ്ങളും നിര്‍ത്തി പുതുമയും, വെല്ലുവിളികളും നിറഞ്ഞ സൃഷ്ടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അവര്‍ ഇനിയും നിങ്ങളെ സ്വീകരിക്കും; ഒരു പക്ഷെ മുന്പുണ്ടായിരുന്നതിനെക്കാള്‍ സ്നേഹത്തോടെ.
ഇതിനും നിങ്ങള്‍ തയാറല്ലെങ്കില്‍ , നിങ്ങളുടെ കാലുകള്‍ക്കടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് നിങ്ങളറിയുന്നില്ല എന്നെ പറയാനാവൂ.
No comments:
Post a Comment