Tuesday, August 17, 2010

കര്‍ക്കിടകത്തിലെ കറുത്ത മേഘങ്ങള്‍ ചിങ്ങമാസത്തിന്റെ സുന്ദര മേഘങ്ങള്‍ക്ക് വഴി മാറാന്‍ മടിച്ചു നില്‍ക്കുന്ന ഈ പുലരിയില്‍ ചിങ്ങം പിറക്കുന്നു. ഇത് പ്രകൃതിയുടെ നിയോഗം. മഴ ചാറ്റലായി പെയ്തു കൊണ്ടേയിരിക്കുന്നു, ഒരു തുള്ളി പോലും മുറിയാതെ. നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചു കളഞ്ഞാല്‍ എനിക്കിത് സാധാരണ ദിവസം. ഓഫീസിലേയ്ക്കുള്ള വഴിയില്‍ അങ്ങിങ്ങായി കസവ് സാരിയുടുത്ത പെണ്‍കുട്ടികളെ കാണാമായിരുന്നു. ഇന്ന് അവര്‍ കൂടുതല്‍ സുന്ദരികളാണ്.

Sunday, August 15, 2010

സ്വാതന്ത്ര്യ ദിനാശംസകള്‍

വര്‍ഷാവര്‍ഷം ഭാരതീയര്‍ ഓഗസ്റ്റ്‌ 15  കൊണ്ടാടുന്നത് മനസ്സില്‍ നിറഞ്ഞ അഭിമാനത്തോടു കൂടിയാണ്. ഇന്ന് ഭാരതത്തിന്റെ 64 ആം സ്വാതന്ത്ര്യ ദിനമാണ്. ഈ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും നന്മയും സമാധാനവും നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

Friday, August 13, 2010

തിരിച്ചു വരവുകള്‍

ഓഗസ്റ്റ്‌ 13  രാത്രി സമയം 9:30. പെയ്തു വീഴുന്ന ചാറ്റല്‍ മഴ തുള്ളികള്‍ കാരണം പോറല്‍ ഏല്‍ക്കാതെ പതിയെ ഓഫീസില്‍ നിന്നുമിറങ്ങി വീട്ടിലേക്കുള്ള യാത്രയില്‍. വീട്ടിലെത്തി ടെന്‍ഷനും, കോഡും, ബഗ്സും നിറഞ്ഞ നെടുവീര്‍പ്പിന്റെ ഭാണ്ഡം അഴിച്ചു മാറ്റി ആശ്വാസത്തിന്റെ മുഖം മൂടി എടുത്തണിഞ്ഞപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. വിശപ്പിന്റെ വിളിക്ക് പരിഹാരമേകാന്‍ വരുന്ന വഴി വാങ്ങിയ ചപ്പാത്തി പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാതെ മൊബൈല്‍ ചിലച്ചു.

ചെന്ന് നോക്കുമ്പോള്‍ അനൂപ്‌ എസ് രാജന്‍ എന്ന് എഴുതി കാണിക്കുന്നു. രണ്ടു മാസം മുന്‍പ് മത്തായിയുടെ കല്യാണത്തിന് കണ്ടതാണ്. അതും കഴിഞ്ഞു രാത്രി കുമിളിയില്‍ നിന്നും കൊട്ടാരക്കര വരെയുള്ള മടക്ക യാത്രയില്‍ അവന്‍ കൂട്ടുണ്ടായിരുന്നു. ചുരം ഇറങ്ങുമ്പോഴുള്ള തണുത്ത കാറ്റിനൊപ്പം കോളേജിലെ ചൂടാറാത്ത ഓര്‍മകളും ഞങ്ങള്‍ പങ്കു വെച്ചു. ഒന്ന് രണ്ടു സംഭവങ്ങള്‍ എന്‍റെ ബ്ലോഗില്‍ ഞാന്‍ കുറിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍, എങ്കില്‍ ഇന്ന് തന്നെ പോയി വായിച്ചു അഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു പിരിഞ്ഞതാണ്. പിന്നെ ഇപ്പോഴാണ്‌ വിളിക്കുന്നത്‌. ഞാനും വിളിച്ചില്ല, തിരക്കുകള്‍ക്കിടയില്‍ വിട്ടു പോയി.

"ഹാ പറയളിയാ...." ഞാന്‍ കാള്‍ ആന്‍സര്‍ ചെയ്തു.
"ടാ നിന്‍റെ കയ്യില്‍ നമ്മുടെ കോളേജ് ഓണം പരിപാടിയുടെ CD ഉണ്ടോ? 2005 ലെ, നമ്മള്‍ നടത്തിയ പരിപാടിയുടെ."
ഓര്‍മകളുടെ മുനമ്പത്ത് നിന്നും കാതങ്ങള്‍ സഞ്ചരിച്ച എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഒന്നാലോചിക്കേണ്ടി വന്നു. " ഉറപ്പില്ലെടാ, വീട്ടില്‍ പോയി നോക്കണം; ശനിയാഴ്ച നാട്ടില്‍ പോവുമ്പോള്‍ ഞാനൊന്ന് പരതാം."
"ഓക്കേ, നീ നോക്കിയിട്ട് ഒന്ന് വിളിച്ചു പറയണേ"
"ഞാന്‍ പറയാം. അതൊക്കെ പോട്ടെ ഇപ്പൊ എന്താ പെട്ടന്ന് അതിന്റെ ആവശ്യം" ഞാന്‍ ചോദിച്ചു.
"ഞാന്‍ നിന്‍റെ ബ്ലോഗ്‌ വായിചോണ്ടിരിക്കുകയായിരുന്നു, നീ കോളേജ് ലെ കാര്യങ്ങളൊക്കെ എഴുതിയിരിക്കുന്ന കണ്ടപ്പോ പഴയ cd ഒന്ന് കാണാന്‍ തോന്നി, കുറെ കാലം പുറകോട്ടു സഞ്ചരിച്ച പോലെ തോന്നി."
ഞാന്‍ ചിരിച്ചു, അവന്‍ തുടര്‍ന്ന്.
"എപ്പോഴാടാ ഞാന്‍ നിന്‍റെ ഷര്‍ട്ട്‌ എടുത്തോണ്ട് പോയത്? എന്നിട്ട് ഞാന്‍ നിനക്ക് പപ്പടം തന്നോ? നീ ഇതില്‍ എഴുതിയിരിക്കുന്നത് കണ്ടു"
"അതൊക്കെ വെറുതെ ഒരു എഫെക്റ്റ് വരന്‍ വേണ്ടി കേറ്റിയതാടാ. നീ ക്ഷമി" ഞാന്‍ പറഞ്ഞു.
"ഒരു കുഴപ്പവുമില്ലടാ ....കുറെ നാളായെന്നു തോന്നുന്നു നീ പുതിയതെന്തെങ്കിലും എഴുതിയിട്ട്, എന്തെങ്കിലുമൊക്കെ എഴുതെടെ....അപ്പൊ ശരി, അടുത്ത ആഴ്ച ടോണിയുടെ കല്യാണത്തിന് കാണാം."
ഞാന്‍ മറുപടി ഒരു ചിരിയിലൊതുക്കി ഫോണ്‍ വെച്ചു.

നിരന്തരമായുള്ള സംഭാഷണത്തിനിടയില്‍, എന്‍റെ ഭാവി വാമഭാഗവും പലപ്പോഴും ചോദിച്ചിട്ടുണ്ട് "കുറെ നാളായല്ലോ നിന്‍റെ ബ്ലോഗില്‍ പുതിയത് എന്തെങ്കിലും വന്നിട്ട്" എന്ന്. ശരിയാണ്, പൂനെ യിലെ രണ്ടര കൊല്ലത്തെ ജീവിതം കഴിഞ്ഞു നാട്ടിലേക്ക് വണ്ടി കയറിയിട്ട് ഇപ്പൊ നാല് മാസം കഴിഞ്ഞിരിക്കുന്നു. പുതിയതായിട്ട് എന്തെങ്കിലും തന്നെ ഒന്ന് കുറിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ന് രാവിലെ ഓഫീസിലെത്തി അടുത്തെങ്ങും ആരുമില്ല എന്നുറപ്പ് വരുത്തി പതിയെ ഞാനെന്റെ മാറാല പിടിച്ചു തുടങ്ങിയ ബ്ലോഗ്‌ തുറന്നു. സമയം അനുവദിക്കുമ്പോള്‍ ഇനിയും എഴുതണം എന്ന ചിന്തയോടെ ഞാന്‍ എഴുതാന്‍ തുടങ്ങി.

എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍...!

(ടൈറ്റില്‍ കടപ്പാട് - ഏഷ്യാനെറ്റ്‌ ന്യൂസ്‌)

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter