Sunday, May 6, 2012

രക്തസാക്ഷി

രക്തകറ കൊണ്ട്, 
പകയുടെ കനലുകളെ ശമിപ്പിക്കുന്ന, 
മൃഗീയമായ നരനായാട്ട് വീണ്ടും. 

ഇടതനും, വലതനും, പുറത്താക്കപ്പെട്ടവനും, 
വെല്ലു വിളിച്ചു പുറത്തു പോയവനും, 
ചുവപ്പനും, കാവിയും, പച്ചയും, ത്രിവര്‍ണ്ണനും,
തുടങ്ങി,
കണ്ട അണ്ടനും അടകോടനുമെല്ലാം 
അനുശോചിക്കുന്നു, അപലപിക്കുന്നു. 

പൊന്നരിവാളിന്‍ കൊടി പുതച്ച
നിശ്ചല വിപ്ലവത്തിന് ചുറ്റും, 
ഖദര്‍ ധാരികള്‍ വിതുമ്പുന്നു; മൂക്ക് തുടയ്ക്കുന്നു;
പക്ഷെ കണ്ണീരിനുപ്പില്ല!

വിപ്ലവത്തിന്റെ മൊത്ത കച്ചവടക്കാരെ,
പുത്തന്‍ കൂറ്റുകാരെ,
നിങ്ങളുടെ പൊടി പോലുമവിടെ
ഇല്ലാതായല്ലോ; ഒന്ന് കരയാന്‍......,
മുഷ്ടി ചുരുട്ടി ഒരു വിപ്ലവാഭിവാദ്യം നേരാന്‍......    ...

ഭൂമിയിലൊരു രക്തസാക്ഷി കൂടി ജനിച്ചു,
അങ്ങകലെ ആകാശത്തോ, ഒരു നക്ഷത്രം ജ്വലിച്ചു..

കൊലപാതകമൊരു ആഘോഷമാക്കി,
ഇനിയങ്ങോട്ട് ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പ്.
ചുറ്റുമുള്ളവരെ, കൊലപാതകിയെന്ന് ചൂണ്ടി
വിളിക്കുമ്പോള്‍ ഓര്‍ക്കുക ശവംതീനികളെ..
അവനു നേരെ ചൂണ്ടുന്നത് നിന്റെ ചൂണ്ടു വിരല്‍..
എന്നാല്‍  നിനക്ക് നേരെയുള്ളതോ,
നിന്റെ, ബാക്കി, നാല് വിരലുകളും.

നിങ്ങളില്‍,
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

2 comments:

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

Anonymous said...

പോരട്ടെ ഡിട്ട ക്ടന്‍ നജിമുദീന്‍ , വായിച്ചു അഭിപ്രായം പറയാം , പിന്നെ ആദ്യം പ്രസിദ്ധീകരണം കിട്ടാന്‍ വലിയ പ്രയാസം ആണ് , അത് വലിയ എഴുത്തുകാര്‍ക്കും അങ്ങിനെ ആയിരുന്നു , മലയാളത്തില്‍ എഴുത്ത് കൊണ്ട് ഉപജീവനം നടക്കില്ല , അത് ഇംഗ്ലീഷില്‍ എഴുതിയാല്‍ കഥ വേറെ

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter