Saturday, June 21, 2008

"ആരവിടെ"

ഇന്നലെ രാത്രി ജോസഫ് വിളിച്ചിരുന്നു. കുറെ നാളുകള്‍ക്കു , ഏകദേശം ഒരു വര്‍ഷം ആയിക്കാണണം , ശേഷമാണ് അവനുമായി സംസാരിക്കുന്നത്. എങ്കിലും ശബ്ദം കേട്ടപ്പോ പെട്ടന്ന് മനസിലായി. അല്ലേലും നാല്‌ വര്‍ഷം ഒരുമിച്ചു കഴിഞ്ഞതല്ലേ, ഒരേ കട്ടിലില്‍ ഒരുമിച്ചു ഉറങ്ങിയതല്ലേ, അങ്ങനങ്ങ് മറക്കാന്‍ പറ്റുവോ? മനപ്പൂര്‍വം വിളിക്കാതിരുന്നതല്ല. അവന്റെ മൊബൈല് നമ്പര്‍ മാറിയിരുന്നു. കോളേജില്‍ ഞങ്ങടെ ഗ്രൂപ്പിലെ ( സ്കോര്‍പിയോന്‍സ്) ആരുടെ കയ്യിലും ഇല്ലാരുന്നു. കഴിഞ്ഞയാഴ്ചയാണ് നമ്പൂതിരി ഗ്രൂപ്പ് മെയിലില്‍ അവന്റെ പുതിയ നമ്പര്‍ ഇട്ടത്. അന്നൊന്നു വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തിയിരുന്നു ഞാന്‍ . സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്തു കുറേ നേരം ഞാന്‍ അവിടെ തന്നെ ഇരുന്നു, കോളേജ് ഹോസ്റ്റെലിലെ ബഹളങ്ങിലേക്ക് മനസ് പതിയെ അലിയാന്‍ തുടങ്ങിയിരുന്നു..

റൂം നമ്പര്‍ 19 , ഞങ്ങടെ റൂം. ഞങ്ങടെ എന്ന് പറഞ്ഞാല്‍ acm എന്ന അരുണ്‍, ലിജാസ്, റോജന്‍, ജോസഫ് പിന്നെ ഞാനും. ഒരേ ഒരു വാതിലും , രണ്ടു ജനലുകളും, നാല്‌ കട്ടിലും , ഒരു ഫാനും, പിന്നെ കുറേ സ്വപ്നങളും ആയിരുന്നു അതിനുള്ളില്‍ നിറച്ച്. വെളുത്ത പേപ്പറില്‍ കറുത്ത പൊട്ടു പോലെ ആവശ്യമില്ലാതെ കുറേ ടെക്സ്റ്റ് ബുക്സും. ഈ പറഞ്ഞ അഞ്ചു പേരും scorpions എന്ന 33 പേരടങ്ങുന്ന സംഘത്തിലെ മെമ്പര്‍മാരും. ( ഈ ഗ്രൂപ്പിന്റെ കഥകള്‍ ഓരോന്നായി പുറത്തു വരാനിരിക്കുന്നു) .

മൊബൈല് ഫോണ്‍ ഒരു ആഡംബര വസ്തുവെന്ന ലേബല്‍ അഴിച്ചു വെച്ചു അവശ്യ സാധനം എന്ന വേഷം എടുത്തിടാന്‍ തുടങ്ങിയ കാലഘട്ടം. ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ പിള്ളാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭൂരിഭാഗം മാനേജ്മെന്റ് കോളേജുകളില്‍ നിന്നു ഒട്ടും വിഭിന്നമായിരുന്നില്ല ഇവിടുത്തെ സ്ഥിതിയും, അതിലും കൂടുതല്‍ ആണെന്കിലെ ഉള്ളു. അതിന്റെ പരിണിത ഫലമായി കുട്ടികള്‍ ആരും മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം അവിടെ നിലവിലുണ്ടായിരുന്നു. അടുത്തിടയ്ക്ക് , മൊബൈല് ഫോണ്‍ ഉപയോഗം പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. എന്നാല്‍ ഇവിടുത്തെ മൊബൈല് വിരോധം അതൊന്നും കൊണ്ടായിരുന്നില്ല. മാനേജമെന്റിലെ ആര്ക്കും ഉപയോഗിക്കാന്‍ അറിയാത്ത സാധനം അവിടുത്തെ പിള്ളാരും ഉപയോഗിക്കണ്ട. വെരി സിമ്പിള്‍ . അത് കൊണ്ടു ഹോസ്റ്റല്‍ റൂമില്‍ ഒന്നിലും plug point വേണ്ട എന്നും അവര്‍ തീരുമാനിച്ചു. എന്നാല്‍ പയ്യന്മാരുണ്ടോ അടങ്ങിയിരിക്കുന്നു. ആവശ്യമാണല്ലോ സൃഷ്ടിയുടെ മദര്‍, എല്ലാ റൂമിലും വേണ്ട, ഏതെങ്കിലും ഒന്നു രണ്ടു റൂമുകളില്‍ മാത്രം എന്തെങ്കിലും പണി ഒപ്പിച്ചു ചാര്‍ജിങ്ങിനു വഴിയുണ്ടാക്കമെന്നു ഒരു കൂട്ടായ തീരുമാനമെടുത്തു. ഇനിയിപ്പോ എല്ലാ റൂമിലും സെറ്റ് അപ് ഉണ്ടേ മാസത്തി രണ്ടു തവണ വീതമുള്ള റെയ്ഡ് മാമാന്കതീന്നു അതിനെയൊക്കെ ഒളിപ്പിച്ചു വെയ്ക്കാന്‍ ഭയങ്കര പാടാ. ഇതിപ്പോ രണ്ടു റൂമിന്റെ കാര്യം നോക്കിയാ മതിയല്ലോ. അവിടെ ചെക്ക് ചെയ്യാന്‍ വാര്ടെന്‍ കേറുമ്പോ ഫോണും വയറും ചാര്‍ജെരും ലുന്കിക്കുള്ളി ആക്കി കക്കുസി കേറിയാ പോരെ. അങ്ങനെ റൂം നമ്പര്‍ 19 അടക്കം രണ്ടു മുറികള്‍ ചാര്‍ജിംഗ് സെന്റര് ആക്കി പ്രമേയം പാസാക്കി. ഇതിനൊരു കുഴപ്പമുണ്ട്. രാത്രിയില്‍ ഇപ്പൊ ഏതെങ്കിലും ഒരു കാമുകനും അപ്പുറത്തുള്ള ഏതെങ്കിലും ഒരു കാമുകിയും കൂടി , ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഭാവിയിലെ ആ നല്ല നാളുകളെ കുറിച്ചുള്ള സ്വപ്നങ്ങളുടെ പീടിക തിണ്ണയില്‍ കുത്തിയിരുന്ന് വീടിന്റെ ഫൌണ്ടേഷന്‍ കെട്ടാന്‍ എത്ര ലോഡ് കട്ട വേണം എത്ര ലോഡ് മണല്‍ വേണ്ടി വരും, ബാത്ത് റൂം എവിടെയാരിക്കണം തുടങ്ങിയ ആഗോള കാര്യങ്ങള്‍ ചര്ച്ച ചെയ്യുമ്പോ ആയിരിക്കും വില്ലന്‍ ബാറ്ററിയുടെ രൂപത്തില്‍ കടന്നു വരുക. അപ്പൊ പിന്നെ ഏത് charging room ഇലും കടന്നു ചെല്ലാനുള്ള സ്വാഭാവികമായ സ്വാതന്ത്രം കാമുകന്‍ പ്രയോഗിക്കുന്നത് ആ സമയത്തായിരിയ്ക്കും. അവര്ക്കു അപ്പൊ ലോകം മുഴുവന്‍ ഉറങ്ങുന്നതോന്നും വിഷയമല്ല. എത്രയും പെട്ടന്ന് വീടിന്റെ പണി പൂര്‍ത്തിയാക്കണം. ഇതു പോലെയുള്ള ചെറിയ ചെറിയ അസൌകര്യങ്ങള്‍ ഈ മുറികളിലെ അന്തേവാസികള്‍ അനുഭവിച്ചു പോരുന്നു.

നമ്മുടെ ജോസഫിന് രാത്രിയില്‍ സംസാരിക്കുക, അടുത്ത് കിടക്കുന്നവന്റെ മണ്ടേ കേറുക, എന്നിട്ട് രാവിലെ ആകുമ്പോ അതെല്ലാം മറന്നു പോവുക തുടങ്ങിയ ചില നല്ല സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ കണ്ടതാ... (ബാക്കി എല്ലായ്പോഴും ഞാനും പോത്തും ഒരു പോലായി പോയി ) അവന്‍ നല്ല ഉറക്കത്തി കിടക്കുന്ന റോജന്റെ മോളി കയറിയിരുന്നു " നിന്നെ ഞാന്‍ കൊല്ലുമെട, സത്യം പറ , നീ സ്വര്‍ണവും രത്നവുമെല്ലാം എവിടാ ഒളിപ്പിച്ചു വെച്ച്ചെക്കുന്നെ" എന്ന് ചോദിക്കുന്നു. ശരീരത്തില്‍ പതിവിലധികം ഭാരം അനുഭവപ്പെട്ടു കണ്ണും തിരുമ്മി എണീക്കാന്‍ നോക്കുമ്പൊ തന്റെ മോളി കേറി ഭീഷണിപ്പെടുത്തുന്ന ജോസഫിനെയാണ്. ജോസഫ് ശ്വാസം എടുക്കാനും വിടാനും വേണ്ടി എടുത്ത ഗ്യാപ്പില്‍ റോജന്‍ ആലോചിച്ചു, ദൈവമേ ഇന്നലെ ഉറങ്ങുന്ന വരെ ഞാനിവന്റെ ഒന്നും എടുത്തില്ലല്ലോ..... അത്രേം ആലോചിച്ച്ചപ്പോഴെക്ക് ജോസഫ് പിന്നേം ഭീഷണിപ്പെടുത്തല്‍ തുടങ്ങി. ഒരു വിധത്തില്‍ ആണ് അന്ന് അവനെ റോജന്റെ മുകളിന്നു ഇറക്കിയത്.

ഇതേ പോലെ മറ്റൊരു ദിവസം , ജോസഫ് ശാന്തനായി കിടന്നുറങ്ങുന്നു. ഒളിപ്പിച്ചു വെച്ച സിനിമ മംഗളം എടുക്കാന്‍ വേണ്ടി റൂമില്‍ വന്നതാ ഞാന്‍. പാവം ഉറങ്ങുവല്ലേ എന്ന് കരുതി ലൈറ്റ്‌ ഇട്ടില്ല, എവിടെയാ ഈ പുസ്തകം ഇരിക്കുന്നെ എന്നാലോചിച്ചു നോക്കുമ്പൊ ദെ അടുത്തയാള് വരുന്നു. നമ്മുടെ മച്ചു, കൂത്ത് പറമ്പ് കാരന്‍ നിതിന്‍. ചുവപ്പിന്റെ കാവല്‍ഭടന്‍ ചാര്‍ജ് തീര്‍ന്ന മൊബൈല് നു ജീവന്‍ കൊടുക്കാന്‍ വന്നതാ. അവനും കണ്ടു പാവം ജോസഫ് കിടന്നുറങ്ങുന്നത്. ലൈറ്റ്‌ ഇടണ്ടാ എന്ന് അവനും കരുതി. വെറുതെ എന്തിനാ അവന്റെ ഉറക്കം കളയുന്നെ പാവം.. റൂമിന്റെ ഒരു മൂലയില്‍ വെച്ചിരിക്കുന്ന കാര്ഡ് ബോര്‍ഡ് പെട്ടിയ്ല്‍ കഴുകാന്‍ വേണ്ടി കൂട്ടിയിട്ടിരിക്കുക്ന്ന തുണികള്‍ക്കിടയില്‍ കൂടി മച്ചുവിന്റെ കൈകള്‍ വയറും ചാര്‍ജറും തപ്പി അലഞ്ഞു നടന്നു . ഞാന്‍ നോക്കുമ്പൊ അറ്റെന്റഷന്‍ ആയി കിടന്നുറങ്ങിയിരുന്ന ജോസഫ് അറ്റെന്റഷന്‍ ആയി എണീക്കുന്നു. എന്നിട്ട് മച്ചുവിന്റെ നേരെ തിരിഞ്ഞു. ഇതൊന്നും അറിയാതെ ഇനിയും പിടി തരാത്ത ചാര്‍ജര്‍ നു വേണ്ടി വാശിയോടെ തപ്പുകയാണ്‌ മച്ചു. ഈ സമയത്തു ഇടി വെട്ടുന്ന പോലെ ജോസഫ് ചോദിച്ചു. "ആരവിടെ" ... "ഓ ഇവന്‍ ഉറങ്ങാതെ കിടക്കുവാരുന്നോ" എന്നും മന്സീ കരുതി മച്ചു പറഞ്ഞു ," ഞാനാ അളിയാ , നീ ഉറങ്ങിക്കോ ഞാന്‍ ഈ ചാര്‍ജര്‍ എടുക്കാന്‍ വന്നതാ" എന്നിട്ട് പിന്നെയും തപ്പല്‍ തുടങ്ങി. "എന്ത് !!!! എന്താണ് നീയി കാണിക്കുന്നത്. ആരുടെ അനുവാദം വാങ്ങിയിട്ടാണ് നീ കൊട്ടാര മുറ്റത്ത്‌ പ്രവേശിച്ചത്‌ . ആരവിടെ ഈ രാജ്യ ദ്രോഹിയെ ചങ്ങലക്കിട്ടു കല്‍ത്തുരുന്കിലടയ്ക്കു. " ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ, മഹാഭാരതമോ ജയ് ഹനുമാനോ എന്നും ചിന്തിച്ചു തിരിഞ്ഞു നോക്കിയ മച്ചു കാണുന്നത് സീരിയലിലെ വില്ലന്മാരുടെ ഭാവത്തോടെ നിക്കുന്ന ജോസേഫിനെയാണ്. " എന്ത് നമ്മുടെ അനുവാദമില്ലാതെ നമ്മുടെ അന്തപുരത്തില്‍ എത്താന്‍ എങ്ങനെ നിനക്കു ധൈര്യമുണ്ടായി ." ദൈവമേ കൊട്ടാര മുറ്റവും കടന്നു ഇത്ര പെട്ടന്ന് ഇവന്‍ അന്തപുരത്തി എത്തിയോ എന്ന് ഞാന്‍ ആലോചിക്കുമ്പോ താന്‍ നിക്കുന്ന ഇടവും വാതിലും തമ്മില്‍ എത്ര ദൂരമുണ്ട് എന്ന് നോക്കുവാരുന്നു മച്ചു . "അളിയാ ഇതു ഞാനാ മച്ചു ." ഇത്രയും അതിനിടയ്ക്ക് അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. " നിനക്കിത്ത്രയും ധൈര്യമോ ? ധിക്കാരി .... ഇനി ഇവിടെ നിന്നെ കണ്ടാല്‍..... ജീവന്‍ വേണമെങ്ങി ഓടി രക്ഷപ്പെട്ടോ ....." ജോസഫ് വിടുന്ന ഭാവമില്ലാ.. ഇതിനിടയില്‍ എങ്ങനെയോ മച്ചു വാതിലിന്റെ അടുത്തെത്തി എന്റമ്മോ എന്ന് വിളിച്ചു ഓടി രക്ഷപെട്ടു. എനിക്കിനി ഒരു വാരികയും വേണ്ട എന്ന് കരുതി ഞാനും ഓടാന്‍ തുടങ്ങിയപ്പോ ,എങ്ങനെയോ , വിറയല് കാരണമാകണം , എന്റെ കൈ സ്വിച്ചില്‍ തട്ടി ട്യൂബ് ഓണായി . ആ വെള്ള വെളിച്ചത്തി ഞാന്‍ കണ്ടത്, താളവട്ടത്തില്‍ സോമന്റെ കയ്യില്‍ നിന്നും അടി വാങ്ങി താന്ക്സും പറഞ്ഞു പോവുന്ന ജഗതിയെ പോലെ, നിഷ്കളങ്കനായി എന്നെ നോക്കി ഇരിക്കുന്ന ജോസേഫിനെയാ.. "എന്തുവാടേ ഉറങ്ങാനും സമ്മതിക്കൂലെ ... എന്തൊരു ബഹളമാ ഇവിടെ.. നീ വെളിയില്‍ പോകുവാനെ ആ ട്യൂബ് ഓഫ് ആക്കിയെരു , ... ആ പിന്നെ നാളെ രാവിലെ എണീക്കുമ്പോ എന്നേം കൂടെ വിളിക്കണെ..." ഇത്രേം പറഞ്ഞു ജോസഫ് വീണ്ടും ഉറങ്ങാന്‍ കിടന്നു. എല്ലാരോടും പറയാന്‍ പുതിയൊരു കഥ കിട്ടിയെന്ന സന്തോഷത്തോടെ ട്യൂബ് ഉം ഓഫാക്കി ഞാന്‍ പയ്യന്മാരുടെ അടുത്തെയ്ക്കും.

9 comments:

മുസാഫിര്‍ said...

വായിക്കാന്‍ രസമുണ്ട്.നടന്നതു തന്നെ അല്ലെ ?

കുരാക്കാരന്‍ !!!! said...

നന്ദി മുസാഫിര്‍ . അതെ നടന്നത് തന്നെയാണ്.... :)

കുഞ്ഞന്‍ said...

കുരാക്കാരന്‍... ഇത് എന്തര് പേര്..? സ്ഥലപ്പേരാണൊ..?

മച്ചൂ..ജോസഫ് സംഭവം രസകരമായിട്ടൊ.

ചില നിര്‍ദ്ദേശങ്ങള്‍..

പാര (പാരയാകാതെ) തിരിച്ച് എഴുതുക.

സ്കോര്‍പ്പിയോണിനെപ്പറ്റിയുള്ള കഥകള്‍ ഉടന്‍ പോസ്റ്റുക.


സ്നേഹപൂര്‍വ്വം

കുഞ്ഞന്‍ said...

സോറി..പ്രൊഫൈല്‍ ഇപ്പോഴാണു നോക്കിയത്..അതില്‍ കുരാക്കാരന്റെ അര്‍ത്ഥം മനസ്സിലായി..!

കുരാക്കാരന്‍ !!!! said...

നന്ദി കുഞ്ഞന്‍ !!! നിര്‍ദേശങ്ങള്‍ ശിരസാ വഹിക്കുന്നു.... അടുത്ത പോസ്റ്റുകളില്‍ നടപ്പില്‍ വരുത്താം.

ഹരിയണ്ണന്‍@Hariyannan said...

കുരാക്കാരനില്‍ നിന്ന് പൂനാക്കാരനിലേക്ക്
വളരുമ്പോഴും..
പൂനാക്കാരനിലെ കുരാക്കാരന്‍ തളരരുത്!!

Arun Kayamkulam said...

ഒരു ചെറിയ പോസ്റ്റുണ്ട്.ഒന്നു നോക്കണേ....

Elenjikoden said...

Kollam kurakaran valare nannayirikunnu keep it up vayikkan aal rasam undarunu

sree said...

Engane nam marakkum? Ithu nadanna sambhavamanonnu samsahayamullavarkku nee pothante number kodu.appo ssamshayam marikkolum.

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter