Thursday, February 18, 2010

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍...!

ഭാഗം ഒന്ന്.

ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍ 
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..
പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.


'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക് 
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.


നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍ 
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.
വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍ 
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും


അന്നേരം,
നിന്റെ ഓര്‍മകളുടെ 
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍ 
നിന്റെ പുഞ്ചിരി...........


ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും 
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!
 
ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം 
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ.., 
ഒന്നും;
അരണ്ട വെളിച്ചമുള്ള 
ഈ കള്ളിമുള്‍ പാതയില്‍ 
എന്നെ തടയുന്നില്ല. 
പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ 
മുക്കാലും കത്തിയെരിഞ്ഞ 
വിറകു കൊള്ളിയും, ഞാനും
തുല്യര്‍ 
മിക്കപ്പോഴും സ്വപ്നങ്ങളെയും 
ചിലപ്പോള്‍ നഷ്ടങ്ങളെയും 
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു


നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന 
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ 
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം 
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു. 
അതെ;
അന്ന് നിന്റെ സുഗന്ധം 
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു 
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി 
എണീക്കുമ്പോഴും 
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും 
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!

3 comments:

Unknown said...

ഭാഗം രണ്ടാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടായത്.

Deepa Bijo Alexander said...

കവിതയുടെ രണ്ടാം ഭാഗം കൂടുതൽ നന്നായി...അൽപം കൂടി ശ്രദ്ധിച്ചാൽ കവിതയിൽ ഗദ്യം കുറയ്ക്കാമായിരുന്നു..

Unknown said...

സൂപ്പര്‍ കവിത.... ഇനിയും ഇതുപോലെ കുറെ പ്രതീഷികുന്നു.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter