Monday, March 5, 2012

ഡിസംബറിന്റെ നഷ്ടം!


ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.

മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി. ആ ദിവസങ്ങളില്‍ ബാല്യകാലത്തിലെക്കുള്ള മടങ്ങിപോക്ക് എനിക്ക് സാധ്യമായിരുന്നു. പണ്ടു, കയ്യാലകളില്‍ പറ്റിപിടിച്ചു വളരുന്ന ചെടികളില്‍ തങ്ങി നില്ക്കുന്ന ഇളം കുളിരുള്ള ജലബാഷ്പങ്ങള്‍ ശ്രദ്ധയോടെ മിഴികള്‍ക്കുള്ളിലാക്കിയിട്ടു ഞാന്‍ കരയുകയാണ് എന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിക്കുകയും ചിലപ്പോള്‍ അവരാല്‍ പറ്റിക്കപ്പെടുകയും ചെയ്ത നാളുകള്‍. പക്ഷെ കാലങ്ങള്‍ക്കിപ്പുറം ഈ പ്രഭാത സവാരികള്‍ക്ക് എന്‍റെ നിഴല്‍ പോലും കൂട്ടുണ്ടായിരുന്നില്ല.

എന്നാലിന്ന് ഞാന്‍ ഡിസംബറിന്റെ പുലരികള്‍ ഇഷ്ട്ടപെടുന്നില്ല . അതിനു കാരണമുണ്ട് . കഴിഞ്ഞ ഡിസംബറും ഞാന്‍ കൊതിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന പുലരികള്‍ എനിക്ക് സമ്മാനിച്ചിരുന്നു. ആ പുലരികളില്‍ ഒന്നിലാണ് എന്റെ പ്രിയ സുഹൃത്ത് ജീവിതത്തിന്റെ അവസാന അദ്ധ്യായവും എഴുതി തീര്‍ത്ത്‌ മഷിയുണങ്ങാത്ത പേനയുമായി ഈ ലോകത്തിന്റെ പടിപ്പുരയ്ക്കു വെളിയിലേക്ക് കല്‍പ്പടവുകളിറങ്ങി നടന്നു പോയത്.... ഡിസംബര്‍ എന്നോട് കാണിച്ച അനീതി.....!

ഓ! ഞാന്‍ പറയാന്‍ മറന്നു . എന്റെ സുഹൃത്തിനെ കുറിച്ചു. തലയില്‍ അനുസരിക്കാത്ത മുടികളും , കുറ്റി മീശയും , എപ്പോഴും വിഷമം മാത്രം നിഴലിക്കുന്ന വെള്ളാരം കല്ലുകള്‍ പോലെയുള്ള കണ്ണുകളും , അവന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കിയിരുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ മനസ്സില്‍ സ്ഫടികം പോലെ സൂക്ഷിച്ചിരുന്ന ഒരു പ്രേമബന്ധം താഴെ വീണു ചിന്നി ചിതറിയത് വേദനയോടെ അംഗീകരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍. ആ സംഭവത്തിനു ശേഷമാണെന്ന് തോന്നുന്നു , സ്വതേ പ്രകാശം പരത്തിയിരുന്ന അവന്റെ കണ്ണുകള്‍ക്ക്‌ മേല്‍ വിഷാദത്തിന്റെ സ്ഥായിയായ ഭാവം കാര്‍മേഘം പോലെ വന്നു മൂടിയത്. കാലം പിന്നിടുമ്പോള്‍ അതിന്റെ തീവ്രത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.



പൊതുവെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ചിന്തകള്‍ പലപ്പോഴും ഒരുപോലെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു. ഇരു ധ്രുവങ്ങളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വെവ്വേറെ വര്‍ണങ്ങളാണ് ചാലിച്ചത്. ഞങ്ങളുടെ ചിന്തകളും വേറിട്ടതായിരുന്നു. പ്രേമം ദൈവികമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കാഴ്ചപ്പാടില്‍ പ്രേമം പൈശാചികമായിരുന്നു.


"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗ താളം ,
നീയെനിക്കെന്നുടെ ആത്മ മോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി ,
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"


നാല് രാവുകളും പകലുകളും നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ , എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി , വളരെയധികം വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എഴുതിയുണ്ടാക്കിയ ഈ നാലുവരി കവിത ഒരിക്കല്‍ മടിച്ചു മടിച്ചു ഞാനവനെ കാണിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്ന സന്ധ്യാ ദീപവും നോക്കി എന്തൊക്കെയോ സ്വപ്നം കണ്ടിരുന്ന അവന്‍ അത് വാങ്ങി വരികളില്‍ കൂടി കണ്ണോടിച്ചു. പൊതുവെ വിഷമ ഭാവം മുറ്റി നിന്നിരുന്ന ആ കണ്ണുകളില്‍ ക്രൂരമായ ഒരു സങ്കടം നിഴലിക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു. യാതൊരു ദാക്ഷിണ്യവും കൂടാതെ ആ നാലുവരി കവിതയടങ്ങിയ പേപ്പര്‍ വലിച്ചു കീറി അവനത് കാറ്റില്‍ പറത്തി. ഒരു ഇരയെ കിട്ടാന്‍ കാത്തിരുന്നത് പോലെ ചിതറിപ്പോയ എന്റെ സൃഷ്ടിയെയും കൊണ്ടു ദൂരെക്ക് പറന്നകന്ന പടിഞ്ഞാറന്‍ കാറ്റിനെ പിടിച്ചു നിര്‍ത്താനാവാതെ നിസഹായനായി ഞാന്‍ നോക്കി നില്‍ക്കെ അവനിങ്ങനെ പറഞ്ഞു..


" പ്രേമം, പ്രേമത്തിനു താളമില്ല. ഉണ്ടെങ്കില്‍ തന്നെ മരണതാളമാണ്. പ്രേമത്തിന്റെ മാളിക ശ്മശാനമാണ് . ചുടല പറമ്പിലെ തീയില്‍ പ്രേമവും അതിന്റെ വക്താക്കളും എരിഞ്ഞടങ്ങും. എനിക്ക് പുച്ച്ചമാണ് , പ്രേമത്തെയും പ്രേമിക്കുന്നവരെയും. ഈ ലോകത്തില്‍ യുദാസിനെക്കാള്‍ ഞാനവരെ വെറുക്കുന്നു".


പിന്നെയും അവന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ പരിക്ഷീണനായ എന്റെ സുഹൃതിനേം താങ്ങി പിടിച്ചു മലയടിവാരത്തില്‍ കൂടി മടങ്ങവേ എന്റെ കാതിലവന്‍ മന്ത്രിച്ചു....


"കൂട്ടുകാരാ, നീ ഒരാളെയും പ്രേമിക്കരുത്. തകരും , തീര്ച്ചയായും തകരണം. എരിതീയില്‍ വെന്തടങ്ങുന്ന രണ്ടു ഈയാം പാറ്റകളായി നിങ്ങള്‍ മാറും..!"
പക്ഷെ ദുരന്ത പ്രണയകഥയിലെ നായകന്റെ ആപ്തവിലാപങ്ങളായി മാത്രം കണ്ടു ഞാനത് തള്ളിക്കളഞ്ഞു.



മറ്റൊരിക്കല്‍ ലോകത്തില്‍ വെച്ചേറ്റവും സുന്ദരികളെ കാണുന്നതെവിടെ എന്നതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രഭാതാരാധനയും കഴിഞ്ഞു കയ്യിളിലത്താളില്‍ ഭഗവാന്റെ പ്രസാദവും നെറ്റിയില്‍ ചന്ദന കുറിയുമായി അമ്പലത്തിന്റെ പടവുകളിറങ്ങി വരുന്ന പെണ്‍കുട്ടികളില്‍ അലൌകികമായ സൌന്ദര്യം ഞാന്‍ ദര്ശിച്ചപ്പോള്‍ അവന്‍ അതിനെ എതിര്‍ത്തു. ഞായറാഴ്ച കാലത്തു തലയില്‍ നേര്ത്ത ശിരോവസ്ത്രവും ധരിച്ചു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളുടെ ചൂടും ഏറ്റു പള്ളിമെടയിലേക്ക് നടക്കുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ അവന്‍ സൌന്ദര്യം കണ്ടെത്തി.



ഞാന്‍ പറഞ്ഞില്ലേ, വ്യതാസങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു ഞങ്ങള്‍. രണ്ടു പേരെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരുന്നു. അതൊരിക്കലും ആടാനോ അടരാനോ ഞങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള എന്റെ സുഹൃത്തിനെയും കൂട്ട് പിടിച്ചാണ് കഴിഞ്ഞ വര്ഷം തനിയെ വന്ന ഡിസംബര്‍ മടങ്ങിയത്. ഇവിടെ രംഗബോധമില്ലാത്ത കോമാളിയായ്‌ എന്റെ പ്രിയപ്പെട്ട ഡിസംബര്‍ , നീ മാറുകയായിരുന്നു.........!!!!!!!!



ആര്ക്കും വേണ്ടി കാത്തു നില്‍ക്കാതെ ദിനരാത്രങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അവന്റെ വേര്പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്നു വെളിയിലരങ്ങാന്‍ ഞാന്‍ കുറെ ശ്രമിച്ചു. 


അന്നെന്റെ കവിതയടങ്ങിയ കടലാസ് കീറി കാറ്റില്‍ പറത്തി അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായ് സ്വീകരിച്ചു. ഞാനുമൊരു പെണ്‍കുട്ടിയെ പ്രണയിക്കുവാന്‍ ആരംഭിച്ചു. പ്രണയം എന്നതിലുപരി ആരാധന എന്ന വാക്കാണ്‌ കൂടുതല്‍ ചേരുക. അവളുടെ മനസിലെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ കൂട്ടുകാരന്റെ മുന്‍പില്‍ ഒരു തവണയെങ്കിലും ജയിക്കണം . അത് മാത്രമായിരുന്നു എന്റെ മനസ്സില്‍.
അവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വാദിച്ചത് പോലെ നെറ്റിയില്‍ ചന്ദന കുറിയോ, തലയില്‍ ശിരോ വസ്ത്രമോ ഇല്ലായിരുന്നു. എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി നാല് വരി കവിതയെഴുതാന്‍ നാല് നാളെടുത്ത ഞാന്‍ പുതിയ പ്രണയിനിയെ പറ്റി ദിനം തോറും കവിതയെഴുതിക്കൊണ്ടിരുന്നു. ഭ്രമകല്‍പ്പനയുടെ ച്ചുഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനസ് യാഥാര്‍ത്ഥ്യത്തിന്റെ തീരത്ത് നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്നു. വര്‍ത്തമാന കാലത്തിന്റെ ചൂളം വിളികേട്ടു ഞാന്‍ ഉണര്‍ന്നപ്പോഴേക്കും , ഞാന്‍ എന്നിലെ എന്നെ ഉണര്‍ത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും എന്റെ സ്വപ്നങ്ങളിലെ നിശാഗന്ധി കൊഴിഞ്ഞിരുന്നു. എന്നെ ഏറെ നാള്‍ ഉന്മത്തനാക്കിയ ആ സുഗന്ധത്തിനും തീവ്രത കുറഞ്ഞിരുന്നു.


 അങ്ങനെ എന്റെ കൂട്ടുകാരന്‍ പറഞ്ഞതു പോലെ എന്റെ പ്രേമവും അതിലെ കഥാപാത്രങ്ങളും അവയുടെ സ്വപ്നങ്ങളും ചുടല പറമ്പിലെ തീയില്‍ വീണു വെന്തു വെണ്ണീറായി.



ഒടുവില്‍ അനിവാര്യമായ അവസാനം വന്നു ചേര്ന്ന ദിവസം, ഞാനെഴുതിയ കവിതകളെല്ലാം കൂട്ടിയിട്ട്‌ കത്തിച്ചു ആ ചാരം വളമാക്കി ഒരു റോസാ ചെടി നട്ടു. എന്നിട്ട് അടുത്ത ഡിസംബര്‍ വരുന്നതും നോക്കി കാത്തിരുന്നു. പഴയതു പോലെ തണുത്ത പ്രഭാതങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം എന്റെ പ്രേമം ചുട്ടെരിച്ചു ആ ചാരം വളമാക്കിയ പനിനീര്‍ ചെടിയില്‍ നിന്നും പാതി വിടര്‍ന്ന ഒരു റോസാ പുഷ്പം അടര്‍ത്തി, അവനെ അടക്കം ചെയ്ത മാര്‍ബിള്‍ ശിലക്ക് മുകളില്‍ വെച്ചു എന്റെ പരാജയം സമ്മതിക്കുവാന്‍ വേണ്ടി മാത്രം.......................!

7 comments:

പൊട്ടന്‍ said...

കഥയില്‍ ആത്മകഥാംശം മുന്നിട്ടു നില്‍ക്കുന്നപോലെ പോലെ.

ആ തരത്തില്‍ ഭാവന വിടര്‍ത്തി എഴുതിയാലും കഥ തന്നെ.

നല്ല വയനാ സുഖം നല്‍കി, തുടക്കത്തിലെ വരികള്‍.

എഴുതാനുള്ള കഴിവ് തെളിയിച്ചിരിക്കുന്നു.

ആദ്യത്തെ പ്രണയ കവിതയ്ക്ക് " ചന്ദ്രികയിലലിയുന്നു.... ചന്ദ്ര കാന്തം" എന്ന ഈണം മറഞ്ഞു കിടന്നത് അല്പം ചിരിപ്പിച്ചു.

നന്നായി, ഭാവുകങ്ങള്‍.

Joy Varghese said...

വീണ്ടും ഒരു പ്രണയ കഥ .

jayanEvoor said...

കൊള്ളാം എഴുത്ത്.
ഭാവുകങ്ങൾ!

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു, കഥ.

ബെഞ്ചാലി said...

നന്നായിരിക്കുന്നു..
ഭാവുകങ്ങള്‍.

വേണുഗോപാല്‍ said...

ഇഷ്ടപെട്ടു ... ഈ ഡിസംബറിലെ പ്രഭാതങ്ങള്‍ . നല്ല കഥ .. ആശംസകള്‍

khaadu.. said...

ഇഷ്ടപെട്ടു ...
നന്നായിരിക്കുന്നു..
ഭാവുകങ്ങള്‍.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter