Saturday, December 26, 2009

"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ


 "ഇവിടം സ്വര്‍ഗമാണ്" - നല്ല പടം          
                                
  
അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.

പ്രതീക്ഷകളുടെ ഭാരം വീണ്ടും പാരയാകുമോ എന്ന ചിന്താക്കുഴപ്പത്തില്‍ പതിയെ തീയെട്ടറിനുള്ളിലെ ഇരുട്ടില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു. പടം തുടങ്ങി. ചെറിയ ഒരു കഥ. മാത്യൂസ്‌ ഒരു കര്‍ഷകനാണ്. സ്വന്തമായി ഒരു കൃഷി ഫാം തന്നെയുണ്ട്‌ അദ്ദേഹത്തിന്. 15 വയസു മുതല്‍ കഷ്ടപ്പെട്ട് താന്‍ പണിതുയര്‍ത്തിയ ഫാം പൊന്നു പോലെയാണ് അയാള്‍ നോക്കി പോരുന്നത്. അയാളുടെ അച്ഛന്‍ ജെര്‍മിയാസിന്റെ സ്വപ്നം കൂടിയാണ് അയാള്‍ നിറവേറ്റുന്നത്. പെരിയാറിന്റെ കരയ്ക്കുള്ള ഈ മൂന്നേക്കര്‍ പുരയിടമാണ് അയാളുടെ സ്വര്‍ഗം. യാതൊരു വിധത്തിലുള്ള കീടനാശിനകളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരുക്കിയെടുത്ത സ്വര്‍ഗം. ഈ വസ്തുവിനോടു ചേര്‍ന്നു  പുത്തന്‍ പണക്കാരന്‍ ആലുവ ചാണ്ടിയ്ക്കും കുറച്ചു ഭൂമിയുണ്ട്. മാത്യൂസിന്റെ ഈ സ്വര്‍ഗ്ഗ ഭൂമി കൂടി തട്ടിയെടുക്കാനാണ് അയാളുടെ ശ്രമം. മാത്യൂസിന്റെ ശത്രുക്കളും ആലുവ ചാണ്ടിയുടെ ഭാഗം ചേരുന്നു. ഈ ഭൂമാഫിയക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് പിന്നെ മാത്യൂസിനു ചെയ്യേണ്ടി വരുന്നത്. അയാളെ സഹായിക്കാന്‍ പ്രബലന്‍ എന്ന വക്കീലുമുണ്ട്. ശത്രുക്കളെയെല്ലാം ഒതുക്കി തന്‍റെ സ്വപ്നഭൂമി നിലനിര്‍ത്തുവാന്‍ മാത്യൂസ് ചെയ്യുന്ന പ്രവര്‍ത്തികളാണ് പിന്നെയുള്ള കഥയുടെ കാതല്‍ .

ഇത് വരെ ആരും കൈ വെക്കാത്ത ഒരു കഥാതന്തു മെനഞ്ഞെടുത്തു മനോഹരമായ രീതിയില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നു ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്ന യുവ തിരക്കഥാകൃത്ത്. ക്ലാസ്സ്‌ മേറ്റ്സ്, സൈക്കിള്‍ എന്നെ വിജയ ചിത്രങ്ങള്‍ തന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷ ആത്മ വിശ്വാസത്തോടെ ജെയിംസ്‌ ഏറ്റെടുത്തു വിജയിപ്പിചിരിക്കുന്നു. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കതെയാണ് കഥ മുന്നോട്ടു പോവുന്നത്.  ബാക്ക് ഗ്രൌണ്ട് മ്യൂസിക് വിഭാഗം കൈകാര്യം ചെയ്ത ഗോപി സുന്ദറും മികച്ച പ്രകടനമാണ് നടത്തിയത്. കഥാ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സംഗീതം. ഗ്രാമത്തിന്റെ വശ്യത മുഴുവന്‍ ദിവാകര്‍ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. (ഇതില്‍ ഗാനങ്ങള്‍ ഇല്ലാത്തതാണോ അതോ കഥയില്‍ ലയിചിരുന്നത് കൊണ്ട് ഞാന്‍ വിട്ടു പോയതാണോ...). ക്യാപ്ടന്റെ റോള്‍ റോഷന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തമാശകള്‍ ഈ സിനിമയുടെ ഒരു ഹൈലൈറ്റ് ആണ്. തന്‍റെ ആദ്യ ചിത്രങ്ങളുടെ മികവിന്റെ ഒരു പടി കൂടി മേലെയാണ് റോഷന്റെ ഈ ശ്രമം നില്‍ക്കുന്നത്. മലയാളികള്‍ക്ക് ഒരു നല്ല ക്രിസ്മസ് സമ്മാനം 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമയിലൂടെ റോഷനും ടീമും നല്‍കിയിരിക്കുന്നു.

മോഹന്‍ലാല്‍ - ഭ്രമരത്തിനു ശേഷം ഈ വര്‍ഷത്തെ മികച്ച റോള്‍. മധ്യ തിരുവിതാംകൂര്‍ കര്‍ഷകനായി ആയാസരഹിതമായ മികച്ച അഭിനയം. എന്തിനാണ് എണ്ണം തികയ്ക്കാനെന്നോണം വാരിവലിച്ചു ചവറുകളില്‍ അഭിനയിക്കുന്നത് ലാലേട്ടാ...? വര്‍ഷത്തില്‍ ഇത് പോലെയുള്ള ഒന്നോ രണ്ടോ പടം പോരെ... എന്ന് ചോദിക്കാന്‍ തോന്നും. പക്ഷെ രണ്ടാം പകുതിയില്‍ ലാലു അലക്സ്‌, ജഗതി, ശ്രിനിവാസന്‍, ഇന്നസെന്റ്... തുടങ്ങിയ മികച്ച നടന്മാരുടെ പ്രകടനത്തിനിടയില്‍ മോഹന്‍ലാലിന്റെ റോള്‍ അല്പം നിറം മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജെര്‍മിയാസ് ആയി തിലകന്‍ മനോഹരമായി. നരസിംഹത്തിനു ശേഷം അച്ഛനും മകനുമായി തിലകനെയും ലാലിനെയും പ്രേക്ഷകര്‍ കയ്യടിച്ചാണ് സ്വീകരിക്കുന്നത്. ലാലു അലെക്സിന്റെ വില്ലന്‍  ആലുവ ചാണ്ടിയാണ് ഈ സിനിമയുടെ സര്‍പ്രൈസ് പാക്കേജ്. ലാലു അലെക്സ് കലക്കി. നായിക നടിമാരും അവരവരുടെ റോള്‍ ഭംഗിയാക്കി. പഴയ പ്രണയ നായകന്‍ ശങ്കറിനും മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കാനായി.

പടം കണ്ടിറങ്ങുമ്പോള്‍ മികച്ച ഒരു സിനിമ കണ്ടതിന്റെ ആശ്വാസം മനസ്സില്‍. മുന്‍ വിധികളുടെ ഭൂതം പാരയായില്ല, പ്രതീക്ഷകള്‍ക്ക് മേലെ നില്‍ക്കുന്ന ഒരു സിനിമ സമ്മാനിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.

ഇവിടം സ്വര്‍ഗമാണ് - പൈസ വസൂല്‍ - നല്ല സിനിമ 

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter