Wednesday, December 16, 2009

2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Malayalam Movies in 2009

2009 മലയാള സിനിമയെ സംബന്ധിച്ച് ശുഭകരമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ്‌. മലയാള സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള വിലാപങ്ങള്‍ക്ക്‌ നടുവില്‍ നിന്നു കൊണ്ട്  തന്നെ വളരെ പ്രതീക്ഷ നല്‍കുന്ന സംരംഭങ്ങള്‍ സമ്മാനിക്കുവാന്‍ മലയാളത്തിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധ്യമായിട്ടുണ്ട്.

2009 ന്‍റെ ആദ്യ പകുതി വിശകലനം ചെയ്യുമ്പോള്‍ മനസിലാവുന്നത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പ്രതീക്ഷ കാത്തത് എന്നാണ്. പക്ഷെ വര്‍ഷത്തിന്റെ അവസാന യാമങ്ങള്‍ അടുത്തപ്പോഴേക്കും നല്ല നിലവാരം പുലര്‍ത്തുന്നതും, പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതുമായ കുറെയധികം ചിത്രങ്ങള്‍ പുറത്തിറങ്ങി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്, തുടര്‍ന്ന് പോരുന്നുമുണ്ട്.

ഇവിടെ ഞാനെന്‍റെ അറിവിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച പത്തു മലയാള സിനിമകളെ തിരഞ്ഞെടുക്കുവാന്‍ ഒരു ശ്രമം നടത്തുകയാണ്. സാധാരണ പ്രേക്ഷകന്‍റെ നിലവാരത്തില്‍ നിന്നു കൊണ്ട് മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുന്ന ശ്രമമായിരുന്നു ആദ്യം. കുറെയധികം സൈറ്റുകള്‍ പരതിയപ്പോള്‍ മനസിലായത് ഏകദേശം 65 ഓളം ചലച്ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി എന്നുള്ളതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം അനുഭവിച്ചു പോരുന്ന സിനിമകളുടെ എണ്ണത്തിലുള്ള ദാരിദ്രം എന്തായാലും ഈ വര്‍ഷം വഴി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അത് മലയാള സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും നിദാനമായി.

2009 ഇല്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രങ്ങള്‍ 

ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിങ്കപ്പൂര്‍
മകന്റെ അച്ഛന്‍
കളെഴ്സ്
ഹേയ് ലസാ
റെഡ് ചില്ലീസ്
കഥ സംവിധാനം കുഞ്ചാക്കോ
ആയിരത്തില്‍ ഒരുവന്‍
ഭാര്യ സ്വന്തം സുഹൃത്ത്‌
നമ്മള്‍ തമ്മില്‍
പെരുമാള്‍
സാഗര്‍ ഏലിയാസ് ജാക്കി
ടു ഹരിഹര്‍ നഗര്‍
ഐ.ജി
മോസ് ആന്‍ കാറ്റ്
സമസ്തകേരളം പി.ഓ
ബനാറസ്
ഭാഗ്യദേവത
പാസഞ്ചര്‍
കറന്‍സി
ബ്ലാക്ക്‌ ഡാലിയ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
കലണ്ടര്‍
വെള്ളത്തുവല്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്റ്
ഭ്രമരം
ഈ പട്ടണത്തില്‍ ഭൂതം
വിന്റെര്‍
പുതിയ മുഖം
രഹസ്യ പോലീസ്
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
ഡാഡി കൂള്‍
ഋതു
കാണാ കണ്മണി
ഒരു ബ്ലാക്ക്‌ & വൈറ്റ് കുടുംബം
മേഘ തീര്‍ത്ഥം
ലൗഡ് സ്പീക്കര്‍
വൈരം
റോബിന്‍ ഹൂഡ്
പഴശ്ശിരാജാ
എന്ജല്‍ ജോണ്‍
ഡ്യൂപ്ലിക്കേറ്റ്‌
കേരള കഫെ
സ്വ ലെ
സീതാകല്യാണം
ഉത്തര സ്വയംവരം
കെമിസ്ട്രി
നീലത്താമര
കപ്പല്‍ മുതലാളി
പലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
ഗുലുമാല്‍
മൈ ബിഗ്‌ ഫാദര്‍
ഭൂമി മലയാളം
വിലാപങ്ങള്‍ക്കപ്പുറം
മലയാളി
ഫിഡില്‍
ഒരു പെണ്ണും രണ്ടാണും
മധ്യ വേനല്‍
പറയാന്‍ മറന്നത്
ദലമര്‍മരങ്ങള്‍
ശുദ്ധരില്‍ ശുദ്ധന്‍

ഈ ലിസ്റ്റ് പൂര്‍ണ്ണം ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. 'പത്താം നിലയിലെ തീവണ്ടി, സൂഫി പറഞ്ഞ കഥ' എന്നീ ചിത്രങ്ങള്‍ റിലീസ് ആയിട്ടില്ല എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് ഈ രണ്ടു പേരുകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. തെറ്റാണെങ്കില്‍ തിരുത്തുക, മാത്രമല്ല മറ്റേതെങ്കിലും ചിത്രങ്ങളുടെ പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക.

എന്‍റെ കാഴ്ചപ്പാടില്‍  2009 ഇലെ മികച്ച പത്തു മലയാള ചലച്ചിത്രങ്ങള്‍

1. കേരള കഫെ
2. പഴശ്ശിരാജ
3. പാസഞ്ചര്‍
4. ഭ്രമരം
5. നീലത്താമര
6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
7. മധ്യവേനല്‍
8. ഭാഗ്യദേവത
9. ഋതു
10. ലൗഡ് സ്പീക്കര്‍

1. കേരള കഫെ- സംവിധായകന്‍ രഞ്ജിത്ത് നിര്‍മിച്ചു മലയാളത്തിലെ പുതു തലമുറയിലെ പത്തു സംവിധായകര്‍ ഒരുക്കിയ പത്തു ഹൃസ്വ ചിത്രങ്ങള്‍ മുത്തു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയ മനോഹര സിനിമ. മലയാള സിനിമയുടെ ഭാവി ഇരുണ്ടതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സിനിമ. ചെറു ചിത്രങ്ങളില്‍ അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' മികച്ചു നിന്നു. ലാല്‍ജോസിന്റെ 'പുറം കാഴ്ചകള്‍', അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി' എന്നിവയും എടുത്തു പറയണ്ട സൃഷ്ടികള്‍ തന്നെ. ലാഭ നഷ്ടങ്ങള്‍ നോക്കാതെയുള്ള ശ്രമത്തില്‍ രൂപം കൊണ്ട കേരള കഫെ ഈ വര്‍ഷത്തെ മികച്ച സിനിമയെന്ന് നിസംശയം പറയാം.

2. പഴശ്ശിരാജാ, മലയാളിയുടെ യൂണിവേഴ്സല്‍ സിനിമ! രണ്ടു വര്‍ഷത്തോളമുള്ള കാത്തിരുപ്പ് വെറുതെ ആയില്ല. ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടാന്‍ നമുക്കിതാ ഒരു സിനിമ. മനോഹരമായ തിരക്കഥയുടെ ബലത്തില്‍ നയന മനോഹരമായൊരു ചരിത്ര കാവ്യം സംവിധായകന്‍ ചമച്ചപ്പോള്‍ പഴശ്ശിരാജാ ജനങ്ങള്‍ ഏറ്റെടുത്തു. മികച്ച സാങ്കേതിക സഹായവും ചിത്രത്തെ കുറ്റമറ്റതാക്കി. പഴശി രാജയുടെ വ്യതസ്ത മനോ ഭാവങ്ങള്‍ ഉള്‍ക്കൊണ്ടു മമ്മൂട്ടി ടൈറ്റില്‍ റോളില്‍ തിളങ്ങി. എടച്ചേന കുങ്കനായി ശരത് കുമാറിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും എം.ടിയ്ക്കും ഹരിഹരനും അഭിമാനിക്കാം.

3. പുതിയൊരു ആഖ്യാന രീതിയായിരുന്നു രഞ്ജിത് ശങ്കര്‍ പാസഞ്ചര്‍ എന്ന സിനിമയ്ക്ക്‌ ഉപയോഗിച്ചത്. അഭിനയിക്കുന്ന നടീ നടന്മാരുടെ മാര്‍ക്കറ്റ്‌ വാല്യൂ പൂര്‍ണമായും നിരാകരിച്ച് കഥാപാത്രങ്ങള്‍ മാത്രം തിരശീലയില്‍ ഉയര്‍ന്നു നിന്നപ്പോള്‍ പുതുമയുള്ള ഒരു സിനിമ ആയിരുന്നു ഈ സംവിധായകന്റെ കന്നി സംരഭത്തിലൂടെ മലയാളത്തിനു ലഭിച്ചത്. ആ പുതുമ മാത്രം മതി, ഈ വര്‍ഷമിറങ്ങിയ മറ്റു സിനിമകളില്‍ നിന്നു ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്താന്‍. രഞ്ജിത് ശങ്കര്‍ ... ഇനിയും നല്ല സിനിമകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.

4. ഭ്രമരം - ഒരു റോഡ്‌ മൂവി. അനുഗ്രഹീത സംവിധായകന്‍ ബ്ലെസ്സിയും മഹാനടന്‍ മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ പ്രതീക്ഷകള്‍ മാനം മുട്ടി. അതിനു ഒരു കോട്ടവും തട്ടാതെ മികച്ച ഒരു ചിത്രമാണ് ബ്ലെസ്സി ഭ്രമരം വഴി സമ്മാനിച്ചത്‌. മോഹന്‍ ലാലിന്‍റെ അതുല്യ അഭിനയ പാടവം എടുത്തു പറയുക തന്നെ വേണം. ക്യാമറ കൈകാര്യം ചെയ്ത രീതിയും അഭിനന്ദനാര്‍ഹം. മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ കോരിയിട്ടു സിനിമ തീരുമ്പോള്‍ വീണ്ടും നല്ല ഒരു സിനിമ കണ്ട സന്തോഷം മനസ്സില്‍.

5. നീലത്താമര - മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം, സൌന്ദര്യം കോരി നിറച്ച ഫ്രെയിമുകള്‍ സ്വപ്നം കാണുന്ന സംവിധായകന്‍... ഈ സിനിമ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഫ്രഷ്‌ സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയ ഈ ചിത്രം പുതു മുഖങ്ങളുടെ ശ്രദ്ധേയമായി അരങ്ങേറ്റത്തിനും വഴിയൊരുക്കി. വിദ്യാസാഗര്‍-ശരത് വയലാര്‍ കൂട്ടുകെട്ടിന്റെ സംഗീത വിഭാഗത്തിനും ഈ സിനിമയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ: ടി. പി രാജീവന്റെ അതെ പേരിലുള്ള നോവല്‍ സിനിമയാക്കുമ്പോള്‍ വലിയൊരു വെല്ലുവിളി ആയിരുന്നു സംവിധായകന്‍ രഞ്ജിത് നേരിട്ടത്. പഴയ കാലഘട്ടത്തിന്റെ കഥ അതിന്റെ പുതുമ ഒട്ടും ചോരാതെ അഭ്രപാളികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം വിലയിരുത്താന്‍. സ്വന്തം കയ്യൊപ്പ് ഈ സൃഷ്ടിയുടെ മേല്‍ ചാര്‍ത്തുന്നതിലും രഞ്ജിത്ത് മികച്ചു നിന്നു. മമ്മൂട്ടിയുടെ സമാനതകളില്ലാത്ത അഭിനയവും ഈ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. മറ്റു കഥാപാത്രങ്ങളും സ്വാഭാവികമായി തന്നെ വെള്ളിത്തിരയില്‍ വന്നു പോകുന്നു, പ്രേക്ഷകന്‍റെ മനസ്സില്‍ ഇരിപ്പിടം സ്വന്തമാക്കി തന്നെ.

7. മധ്യവേനല്‍ - വര്‍ത്തമാന കാല കേരളത്തിന്റെ നേരെ ക്യാമറ തിരിച്ചു വെച്ച സിനിമ. മധു കൈതപ്രം  സംവിധാനം ചെയ്ത ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും 2009 ഇല്‍ മികച്ചു നിന്ന ഒരു ശ്രമമാണ്. മനോജ്‌ കെ ജയനും ശ്വേതാ മേനോനും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

8. ഭാഗ്യദേവത - സത്യന്‍ അന്തിക്കാട്‌ പ്രതീക്ഷ തകര്‍ത്തില്ല. ഒരു കുഞ്ഞു സിനിമ, മനോഹരമായി അടുക്കും ചിട്ടയോടും കൂടി ഒരുക്കിയിരിക്കുന്നു. ഇതൊരു മലയാളിയും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. ജയറാം തന്‍റെ ഭാഗം കൃത്യമായി നിര്‍വഹിച്ചു. കനിഹയും മോശമാക്കിയില്ല. പക്ഷെ ബെസ്റ്റ് ഇന്‍ ദി ലോട്ട് പുതു മുഖം ചെമ്പില്‍ അശോകനാണ്. മലയാള സിനിമയിലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഗ്രാമീണ മുഖങ്ങളെ ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരില്‍ കൂടി തിരിച്ചു കിട്ടുമെന്ന് പ്രത്യാശിക്കാം.

9. ഋതു- പരീക്ഷണ സിനിമ. ഭൂരിഭാഗം ഐ.ടി തൊഴിലാളികളുടെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നില്ല എങ്കിലും ചെറിയ ഗ്രൂപ്പിന്റെ കഥ തന്മയത്വത്തോടു കൂടി സംവിധായകന്‍ ശ്യാമപ്രസാദ് അവതരിപ്പിച്ചിരിക്കുന്നു. ഇവിടെയും പുതുമുഖങ്ങള്‍ നിരാശപ്പെടുത്തിയില്ല.

10. ലൗഡ് സ്പീക്കര്‍ - ജയരാജ്‌ മലയാളിക്ക് വീണ്ടും നൊസ്റ്റാള്‍ജിയ സമ്മാനിച്ചു. മറ്റൊരു ചെറിയ പടം, വലിയ ബഹളങ്ങള്‍ ഒന്നും തന്നെയില്ലാതെ പറഞ്ഞു പോകുന്നു. അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം അതിന്റെ തനിമ ചോരാതെ വീണ്ടും അവതരിപ്പിച്ചത് ശ്രദ്ധേയം. മമ്മൂട്ടിയുടെ ഒപ്പം ശശി കുമാറിന്റെ അഭിനയവും പ്രശംസ അര്‍ഹിക്കുന്നു.


ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം മികച്ച സൃഷ്ടികള്‍ ആവണമെന്നില്ല. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവയാണ് ഈ വര്‍ഷത്തെ മികച്ച ആദ്യത്തെ പത്തു സിനിമകള്‍ എന്നെനിക്കു തോന്നുന്നു. തെറ്റാവാം ചിലപ്പോള്‍ ശരിയുമാകാം.

ഇനിയുമുണ്ട്...., ടു ഹരിഹര്‍ നഗര്‍, ഭാര്യ സ്വന്തം സുഹൃത്ത്‌, മകന്റെ അച്ഛന്‍, വൈരം, പുതിയ മുഖം, ഗുലുമാല്‍, കാണാ കണ്മണി, ഇവര്‍ വിവാഹിതരായാല്‍, ബനാറസ്‌, ഡ്യൂപ്ലിക്കേറ്റ്‌   തുടങ്ങിയവ. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച സൂഫി പറഞ്ഞ കഥ, പത്താം നിലയിലെ തീവണ്ടി എന്നെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഇനിയും ചിത്രങ്ങള്‍ റിലീസ് ആവാനുമുണ്ട്. ചട്ടമ്പി നാട്, ഇവിടം സ്വര്‍ഗമാണ്, ഹാപ്പി ഹസ്ബന്റ്സ് തുന്ടങ്ങി...അവയെല്ലാം വിജയങ്ങള്‍ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒപ്പം മലയാള സിനിമയുടെ നല്ല കാലം തിരിച്ചു വരുന്നതിനെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യാം.

9 comments:

കുരാക്കാരന്‍ ..! said...

2009 ഇല്‍ മികച്ചതെന്നു എനിക്ക് തോന്നിയ സിനിമകള്‍.
നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ്‌.....
:)

രായപ്പന്‍ said...
This comment has been removed by the author.
രായപ്പന്‍ said...

മധ്യവേനല്‍ മധു കൈതപ്രത്തിന്റെതാണ്... പുള്ളി എന്റെ നാട്ടുകാരനും എന്റെ നാട്ടില്‍ നിന്ന് ചിത്രീകരിച്ച ചിത്രവുമാണ് ഇത്....

ശ്രീ said...

പാസഞ്ചര്‍, ഭ്രമരം, ഭാഗ്യദേവത എന്നിവ മാത്രമേ ഈ ലിസ്റ്റില്‍ കണ്ടിട്ടുള്ളൂ. മൂന്നും മികച്ച പത്തില്‍ എത്താനുള്ള അര്‍ഹത ഉള്ളവയാണ്.

അതു പോലെ ടു ഹരിഹര്‍ നഗര്‍ ഇഷ്ടപ്പെട്ടു.

Kiranz..!! said...

നന്ദി കുരാക്കാരാ.ഒരു ഏകദേശധാരണയായി.പിന്നൊക്കെ നമ്മുടെ വിധി പോലിരിക്കും.അല്യോ :)

JIGISH said...

അടൂരിന്റെ ‘ഒരു പെണ്ണും രണ്ടാണും’ കൂടി ഉള്‍പ്പെടുത്താം..!! അടൂരിനെ മുന്‍വിധിയോടെ
കാണേണ്ടതില്ല..! സിനിമയിലെ കാലം പഴയതെങ്കിലും മികച്ച ദൃശ്യഭാഷയ്ക്ക് ഉത്തമോദാഹരണം തന്നെയാണ് ഈ ചിത്രം.!

കുരാക്കാരന്‍ ..! said...

രായപ്പന്‍ , ശ്രീ , kiranz, JIGISH എല്ലാവര്ക്കും സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

Unknown said...

ഈ പത്ത് ചിത്രങ്ങളും കരാക്കാരൻ ചേട്ടൻ കണ്ടിരുന്നോ?

Unknown said...

ഈ പത്ത് ചിത്രങ്ങളും കരാക്കാരൻ ചേട്ടൻ കണ്ടിരുന്നോ?

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter