Sunday, December 27, 2009

അമ്പിളിയമ്മാവനും കൂട്ടുകാരും!


Saturday, December 26, 2009

ബാര്‍ അവധിദിനങ്ങള്‍ - 2010

കുടിയില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ഇനി ആര് വിചാരിച്ചാലും സാധിക്കുകയില്ലെന്ന് വീണ്ടും വീണ്ടും മലയാളികള്‍ തെളിയിച്ചി കൊണ്ടിരിക്കുകയാണ്. ക്രിസ്തുമസ്സിന്റെ തലേന്നാള്‍ ബിവേരെജെസ് ഷോപ്പുകളില്‍ മാത്രം 28 കൂടി രൂപയുടെ മദ്യ വില്പന നടന്നത്രേ. ചാലക്കുടി തന്നെയാണ് ഇത്തവണയും കുടിയില്‍ മുന്നില്‍ . തൊട്ടു പുറകില്‍ അയല്‍ക്കാരായ അങ്കമാലിയും, ഇരിങ്ങാലക്കുടയും ഉണ്ട്. അങ്ങനെ ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ കുടിയന്മാര്‍ ഒരുമിച്ചു ചേര്‍ന്നു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ എത്തിച്ചിരിക്കുകയാണ്. മറ്റു സ്ഥലങ്ങളും ഒട്ടും പുറകിലല്ല. കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സ്ഥലങ്ങള്‍ ആണെന്നാണ്‌ ഉദ്ദേശിച്ചത്.

ഒന്നാം സ്ഥാനത്തു എത്താന്‍ വലിയ പ്രയാസമില്ല, ആ സ്ഥാനം നില നിര്‍ത്താനാണ് ഏറ്റവും പ്രയാസം എന്ന് പറയാറുണ്ട്‌. എന്തായാലും കേരളത്തിന്റെ ഈ പാരമ്പര്യം അടുഅത വര്‍ഷവും നില നിര്‍ത്താന്‍ വേണ്ടി 2010 ലെ ബാര്‍ അവധി ദിവസങ്ങള്‍ ഒരു മുന്‍കരുതല്‍ എന്നോണം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.

ബാര്‍ അവധി ദിവസങ്ങള്‍ 2010.
ജനുവരി - 1, 26, 30.
ഫെബ്രുവരി - 1
മാര്‍ച്ച്‌ - 1, 22
ഏപ്രില്‍ - 1
മെയ്‌ - 1
ജൂണ്‍ - 1
ജൂലൈ - 1, 14
ഓഗസ്റ്റ്‌ - 1, 15
സെപ്റ്റംബര്‍ - 1, 3, 14
ഒക്ടോബര്‍ - 1, 2, 8
നവംബര്‍ - 1, 9
ഡിസംബര്‍ - 1, 25

എല്ലാവര്ക്കും ഒരു നല്ല 2010 ആശംസിക്കുന്നു...!

"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ


 "ഇവിടം സ്വര്‍ഗമാണ്" - നല്ല പടം          
                                
  
അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.

പ്രതീക്ഷകളുടെ ഭാരം വീണ്ടും പാരയാകുമോ എന്ന ചിന്താക്കുഴപ്പത്തില്‍ പതിയെ തീയെട്ടറിനുള്ളിലെ ഇരുട്ടില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു. പടം തുടങ്ങി. ചെറിയ ഒരു കഥ. മാത്യൂസ്‌ ഒരു കര്‍ഷകനാണ്. സ്വന്തമായി ഒരു കൃഷി ഫാം തന്നെയുണ്ട്‌ അദ്ദേഹത്തിന്. 15 വയസു മുതല്‍ കഷ്ടപ്പെട്ട് താന്‍ പണിതുയര്‍ത്തിയ ഫാം പൊന്നു പോലെയാണ് അയാള്‍ നോക്കി പോരുന്നത്. അയാളുടെ അച്ഛന്‍ ജെര്‍മിയാസിന്റെ സ്വപ്നം കൂടിയാണ് അയാള്‍ നിറവേറ്റുന്നത്. പെരിയാറിന്റെ കരയ്ക്കുള്ള ഈ മൂന്നേക്കര്‍ പുരയിടമാണ് അയാളുടെ സ്വര്‍ഗം. യാതൊരു വിധത്തിലുള്ള കീടനാശിനകളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരുക്കിയെടുത്ത സ്വര്‍ഗം. ഈ വസ്തുവിനോടു ചേര്‍ന്നു  പുത്തന്‍ പണക്കാരന്‍ ആലുവ ചാണ്ടിയ്ക്കും കുറച്ചു ഭൂമിയുണ്ട്. മാത്യൂസിന്റെ ഈ സ്വര്‍ഗ്ഗ ഭൂമി കൂടി തട്ടിയെടുക്കാനാണ് അയാളുടെ ശ്രമം. മാത്യൂസിന്റെ ശത്രുക്കളും ആലുവ ചാണ്ടിയുടെ ഭാഗം ചേരുന്നു. ഈ ഭൂമാഫിയക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് പിന്നെ മാത്യൂസിനു ചെയ്യേണ്ടി വരുന്നത്. അയാളെ സഹായിക്കാന്‍ പ്രബലന്‍ എന്ന വക്കീലുമുണ്ട്. ശത്രുക്കളെയെല്ലാം ഒതുക്കി തന്‍റെ സ്വപ്നഭൂമി നിലനിര്‍ത്തുവാന്‍ മാത്യൂസ് ചെയ്യുന്ന പ്രവര്‍ത്തികളാണ് പിന്നെയുള്ള കഥയുടെ കാതല്‍ .

ഇത് വരെ ആരും കൈ വെക്കാത്ത ഒരു കഥാതന്തു മെനഞ്ഞെടുത്തു മനോഹരമായ രീതിയില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നു ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്ന യുവ തിരക്കഥാകൃത്ത്. ക്ലാസ്സ്‌ മേറ്റ്സ്, സൈക്കിള്‍ എന്നെ വിജയ ചിത്രങ്ങള്‍ തന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷ ആത്മ വിശ്വാസത്തോടെ ജെയിംസ്‌ ഏറ്റെടുത്തു വിജയിപ്പിചിരിക്കുന്നു. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കതെയാണ് കഥ മുന്നോട്ടു പോവുന്നത്.  ബാക്ക് ഗ്രൌണ്ട് മ്യൂസിക് വിഭാഗം കൈകാര്യം ചെയ്ത ഗോപി സുന്ദറും മികച്ച പ്രകടനമാണ് നടത്തിയത്. കഥാ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സംഗീതം. ഗ്രാമത്തിന്റെ വശ്യത മുഴുവന്‍ ദിവാകര്‍ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. (ഇതില്‍ ഗാനങ്ങള്‍ ഇല്ലാത്തതാണോ അതോ കഥയില്‍ ലയിചിരുന്നത് കൊണ്ട് ഞാന്‍ വിട്ടു പോയതാണോ...). ക്യാപ്ടന്റെ റോള്‍ റോഷന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തമാശകള്‍ ഈ സിനിമയുടെ ഒരു ഹൈലൈറ്റ് ആണ്. തന്‍റെ ആദ്യ ചിത്രങ്ങളുടെ മികവിന്റെ ഒരു പടി കൂടി മേലെയാണ് റോഷന്റെ ഈ ശ്രമം നില്‍ക്കുന്നത്. മലയാളികള്‍ക്ക് ഒരു നല്ല ക്രിസ്മസ് സമ്മാനം 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമയിലൂടെ റോഷനും ടീമും നല്‍കിയിരിക്കുന്നു.

മോഹന്‍ലാല്‍ - ഭ്രമരത്തിനു ശേഷം ഈ വര്‍ഷത്തെ മികച്ച റോള്‍. മധ്യ തിരുവിതാംകൂര്‍ കര്‍ഷകനായി ആയാസരഹിതമായ മികച്ച അഭിനയം. എന്തിനാണ് എണ്ണം തികയ്ക്കാനെന്നോണം വാരിവലിച്ചു ചവറുകളില്‍ അഭിനയിക്കുന്നത് ലാലേട്ടാ...? വര്‍ഷത്തില്‍ ഇത് പോലെയുള്ള ഒന്നോ രണ്ടോ പടം പോരെ... എന്ന് ചോദിക്കാന്‍ തോന്നും. പക്ഷെ രണ്ടാം പകുതിയില്‍ ലാലു അലക്സ്‌, ജഗതി, ശ്രിനിവാസന്‍, ഇന്നസെന്റ്... തുടങ്ങിയ മികച്ച നടന്മാരുടെ പ്രകടനത്തിനിടയില്‍ മോഹന്‍ലാലിന്റെ റോള്‍ അല്പം നിറം മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജെര്‍മിയാസ് ആയി തിലകന്‍ മനോഹരമായി. നരസിംഹത്തിനു ശേഷം അച്ഛനും മകനുമായി തിലകനെയും ലാലിനെയും പ്രേക്ഷകര്‍ കയ്യടിച്ചാണ് സ്വീകരിക്കുന്നത്. ലാലു അലെക്സിന്റെ വില്ലന്‍  ആലുവ ചാണ്ടിയാണ് ഈ സിനിമയുടെ സര്‍പ്രൈസ് പാക്കേജ്. ലാലു അലെക്സ് കലക്കി. നായിക നടിമാരും അവരവരുടെ റോള്‍ ഭംഗിയാക്കി. പഴയ പ്രണയ നായകന്‍ ശങ്കറിനും മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കാനായി.

പടം കണ്ടിറങ്ങുമ്പോള്‍ മികച്ച ഒരു സിനിമ കണ്ടതിന്റെ ആശ്വാസം മനസ്സില്‍. മുന്‍ വിധികളുടെ ഭൂതം പാരയായില്ല, പ്രതീക്ഷകള്‍ക്ക് മേലെ നില്‍ക്കുന്ന ഒരു സിനിമ സമ്മാനിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.

ഇവിടം സ്വര്‍ഗമാണ് - പൈസ വസൂല്‍ - നല്ല സിനിമ 

Monday, December 21, 2009

2009 ലെ മികച്ച മോശം മലയാള സിനിമകള്‍

ഇതിനു മുന്‍പുള്ള പോസ്റ്റില്‍ മലയാളത്തില്‍ 2009 ല്‍ ഇറങ്ങിയ സിനിമകളില്‍ വെച്ച് ഏറ്റവും മികച്ച പത്തു സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഒരു എളിയ ശ്രമം നടത്തിയിരുന്നു. മികച്ച പത്തു ചലച്ചിത്രങ്ങള്‍ കണ്ടെത്താന്‍ വലിയ പാടൊന്നും പെടേണ്ടി വന്നില്ല. കണ്ടിറങ്ങിയ സിനിമകളില്‍ വെച്ച് ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നവയെ അതിന്റെ നിലവാരത്തില്‍ അടുക്കി വെയ്ക്കുക മാത്രമേ ചെയ്യേണ്ടി വന്നുള്ളൂ. എന്നാലിപ്പോള്‍ ഈ ഒരു ഉദ്യമം ലേശം പ്രയാസം തന്നെയാണെന്ന് അതിനു വേണ്ടി തിരച്ചില്‍ തുടങ്ങിയപ്പോഴേ മനസിലായി. കാരണം ഇറങ്ങിയതില്‍ എഴുപതു ശതമാനത്തോളം സിനിമകളും നിലവാരം വളരെ കുറഞ്ഞതായതിനാല്‍ അതില്‍ നിന്നേതാണ് ഏറ്റവും മോശം എന്ന് വിലയിരുത്തുക കുറച്ചു ബുദ്ധിമുട്ടുണ്ടാക്കിയ ക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് തലക്കെട്ട് "മികച്ച മോശം സിനിമകള്‍" എന്ന് തന്നെയാക്കിയത്.

വന്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തി സിനിമ കാണാന്‍ പോയി, തെള്ളും ചവിട്ടും കൊണ്ട് കഷ്ട്ടപ്പെട്ടു ടിക്കറ്റ്‌ എടുത്തു, തീയെട്ടറിനുള്ളിലെ ഇരുട്ടിലലിഞ്ഞു ചേര്‍ന്ന്, രണ്ടു മണിക്കൂറിനു ശേഷം എല്ലാം നഷ്ടപ്പെട്ടവനെ  പോലെ തിരിച്ചിറങ്ങിയ ഒരു പ്രേക്ഷകന്‍റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച മോശം സിനിമകള്‍ താഴെ പറയുന്നു.

1. ഭഗവാന്‍
2. ലവ് ഇന്‍ സിങ്കപൂര്‍
3. എയേഞ്ചേല്‍ ജോണ്‍
4. കളേഴ്സ്
5. ഹേയ് ലസാ

ഇതുങ്ങളെ പറ്റി കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കുന്നില്ല. അത് കൊണ്ട് യാതൊരു കാര്യവും ഇല്ലാഞ്ഞിട്ടാണ്.
ഇത് പോലെയുള്ള ചവറുകള്‍ക്ക് തല വെച്ച് കൊടുക്കുന്നതില്‍ ഏറ്റവും സാമര്‍ത്ഥ്യം കാണിക്കുന്നത്, പ്രേക്ഷകര്‍ സൂപ്പറുകള്‍ എന്ന് വിളിക്കുന്നവര്‍ തന്നെയാണ് എന്നതാണ് ഏറെ കഷ്ടം.

Wednesday, December 16, 2009

2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Malayalam Movies in 2009

2009 മലയാള സിനിമയെ സംബന്ധിച്ച് ശുഭകരമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ്‌. മലയാള സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള വിലാപങ്ങള്‍ക്ക്‌ നടുവില്‍ നിന്നു കൊണ്ട്  തന്നെ വളരെ പ്രതീക്ഷ നല്‍കുന്ന സംരംഭങ്ങള്‍ സമ്മാനിക്കുവാന്‍ മലയാളത്തിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധ്യമായിട്ടുണ്ട്.

2009 ന്‍റെ ആദ്യ പകുതി വിശകലനം ചെയ്യുമ്പോള്‍ മനസിലാവുന്നത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പ്രതീക്ഷ കാത്തത് എന്നാണ്. പക്ഷെ വര്‍ഷത്തിന്റെ അവസാന യാമങ്ങള്‍ അടുത്തപ്പോഴേക്കും നല്ല നിലവാരം പുലര്‍ത്തുന്നതും, പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതുമായ കുറെയധികം ചിത്രങ്ങള്‍ പുറത്തിറങ്ങി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്, തുടര്‍ന്ന് പോരുന്നുമുണ്ട്.

ഇവിടെ ഞാനെന്‍റെ അറിവിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച പത്തു മലയാള സിനിമകളെ തിരഞ്ഞെടുക്കുവാന്‍ ഒരു ശ്രമം നടത്തുകയാണ്. സാധാരണ പ്രേക്ഷകന്‍റെ നിലവാരത്തില്‍ നിന്നു കൊണ്ട് മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുന്ന ശ്രമമായിരുന്നു ആദ്യം. കുറെയധികം സൈറ്റുകള്‍ പരതിയപ്പോള്‍ മനസിലായത് ഏകദേശം 65 ഓളം ചലച്ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി എന്നുള്ളതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം അനുഭവിച്ചു പോരുന്ന സിനിമകളുടെ എണ്ണത്തിലുള്ള ദാരിദ്രം എന്തായാലും ഈ വര്‍ഷം വഴി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അത് മലയാള സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും നിദാനമായി.

2009 ഇല്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രങ്ങള്‍ 

ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിങ്കപ്പൂര്‍
മകന്റെ അച്ഛന്‍
കളെഴ്സ്
ഹേയ് ലസാ
റെഡ് ചില്ലീസ്
കഥ സംവിധാനം കുഞ്ചാക്കോ
ആയിരത്തില്‍ ഒരുവന്‍
ഭാര്യ സ്വന്തം സുഹൃത്ത്‌
നമ്മള്‍ തമ്മില്‍
പെരുമാള്‍
സാഗര്‍ ഏലിയാസ് ജാക്കി
ടു ഹരിഹര്‍ നഗര്‍
ഐ.ജി
മോസ് ആന്‍ കാറ്റ്
സമസ്തകേരളം പി.ഓ
ബനാറസ്
ഭാഗ്യദേവത
പാസഞ്ചര്‍
കറന്‍സി
ബ്ലാക്ക്‌ ഡാലിയ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
കലണ്ടര്‍
വെള്ളത്തുവല്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്റ്
ഭ്രമരം
ഈ പട്ടണത്തില്‍ ഭൂതം
വിന്റെര്‍
പുതിയ മുഖം
രഹസ്യ പോലീസ്
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
ഡാഡി കൂള്‍
ഋതു
കാണാ കണ്മണി
ഒരു ബ്ലാക്ക്‌ & വൈറ്റ് കുടുംബം
മേഘ തീര്‍ത്ഥം
ലൗഡ് സ്പീക്കര്‍
വൈരം
റോബിന്‍ ഹൂഡ്
പഴശ്ശിരാജാ
എന്ജല്‍ ജോണ്‍
ഡ്യൂപ്ലിക്കേറ്റ്‌
കേരള കഫെ
സ്വ ലെ
സീതാകല്യാണം
ഉത്തര സ്വയംവരം
കെമിസ്ട്രി
നീലത്താമര
കപ്പല്‍ മുതലാളി
പലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
ഗുലുമാല്‍
മൈ ബിഗ്‌ ഫാദര്‍
ഭൂമി മലയാളം
വിലാപങ്ങള്‍ക്കപ്പുറം
മലയാളി
ഫിഡില്‍
ഒരു പെണ്ണും രണ്ടാണും
മധ്യ വേനല്‍
പറയാന്‍ മറന്നത്
ദലമര്‍മരങ്ങള്‍
ശുദ്ധരില്‍ ശുദ്ധന്‍

ഈ ലിസ്റ്റ് പൂര്‍ണ്ണം ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. 'പത്താം നിലയിലെ തീവണ്ടി, സൂഫി പറഞ്ഞ കഥ' എന്നീ ചിത്രങ്ങള്‍ റിലീസ് ആയിട്ടില്ല എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് ഈ രണ്ടു പേരുകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. തെറ്റാണെങ്കില്‍ തിരുത്തുക, മാത്രമല്ല മറ്റേതെങ്കിലും ചിത്രങ്ങളുടെ പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക.

എന്‍റെ കാഴ്ചപ്പാടില്‍  2009 ഇലെ മികച്ച പത്തു മലയാള ചലച്ചിത്രങ്ങള്‍

1. കേരള കഫെ
2. പഴശ്ശിരാജ
3. പാസഞ്ചര്‍
4. ഭ്രമരം
5. നീലത്താമര
6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
7. മധ്യവേനല്‍
8. ഭാഗ്യദേവത
9. ഋതു
10. ലൗഡ് സ്പീക്കര്‍

1. കേരള കഫെ- സംവിധായകന്‍ രഞ്ജിത്ത് നിര്‍മിച്ചു മലയാളത്തിലെ പുതു തലമുറയിലെ പത്തു സംവിധായകര്‍ ഒരുക്കിയ പത്തു ഹൃസ്വ ചിത്രങ്ങള്‍ മുത്തു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയ മനോഹര സിനിമ. മലയാള സിനിമയുടെ ഭാവി ഇരുണ്ടതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സിനിമ. ചെറു ചിത്രങ്ങളില്‍ അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' മികച്ചു നിന്നു. ലാല്‍ജോസിന്റെ 'പുറം കാഴ്ചകള്‍', അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി' എന്നിവയും എടുത്തു പറയണ്ട സൃഷ്ടികള്‍ തന്നെ. ലാഭ നഷ്ടങ്ങള്‍ നോക്കാതെയുള്ള ശ്രമത്തില്‍ രൂപം കൊണ്ട കേരള കഫെ ഈ വര്‍ഷത്തെ മികച്ച സിനിമയെന്ന് നിസംശയം പറയാം.

2. പഴശ്ശിരാജാ, മലയാളിയുടെ യൂണിവേഴ്സല്‍ സിനിമ! രണ്ടു വര്‍ഷത്തോളമുള്ള കാത്തിരുപ്പ് വെറുതെ ആയില്ല. ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടാന്‍ നമുക്കിതാ ഒരു സിനിമ. മനോഹരമായ തിരക്കഥയുടെ ബലത്തില്‍ നയന മനോഹരമായൊരു ചരിത്ര കാവ്യം സംവിധായകന്‍ ചമച്ചപ്പോള്‍ പഴശ്ശിരാജാ ജനങ്ങള്‍ ഏറ്റെടുത്തു. മികച്ച സാങ്കേതിക സഹായവും ചിത്രത്തെ കുറ്റമറ്റതാക്കി. പഴശി രാജയുടെ വ്യതസ്ത മനോ ഭാവങ്ങള്‍ ഉള്‍ക്കൊണ്ടു മമ്മൂട്ടി ടൈറ്റില്‍ റോളില്‍ തിളങ്ങി. എടച്ചേന കുങ്കനായി ശരത് കുമാറിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും എം.ടിയ്ക്കും ഹരിഹരനും അഭിമാനിക്കാം.

3. പുതിയൊരു ആഖ്യാന രീതിയായിരുന്നു രഞ്ജിത് ശങ്കര്‍ പാസഞ്ചര്‍ എന്ന സിനിമയ്ക്ക്‌ ഉപയോഗിച്ചത്. അഭിനയിക്കുന്ന നടീ നടന്മാരുടെ മാര്‍ക്കറ്റ്‌ വാല്യൂ പൂര്‍ണമായും നിരാകരിച്ച് കഥാപാത്രങ്ങള്‍ മാത്രം തിരശീലയില്‍ ഉയര്‍ന്നു നിന്നപ്പോള്‍ പുതുമയുള്ള ഒരു സിനിമ ആയിരുന്നു ഈ സംവിധായകന്റെ കന്നി സംരഭത്തിലൂടെ മലയാളത്തിനു ലഭിച്ചത്. ആ പുതുമ മാത്രം മതി, ഈ വര്‍ഷമിറങ്ങിയ മറ്റു സിനിമകളില്‍ നിന്നു ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്താന്‍. രഞ്ജിത് ശങ്കര്‍ ... ഇനിയും നല്ല സിനിമകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.

4. ഭ്രമരം - ഒരു റോഡ്‌ മൂവി. അനുഗ്രഹീത സംവിധായകന്‍ ബ്ലെസ്സിയും മഹാനടന്‍ മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ പ്രതീക്ഷകള്‍ മാനം മുട്ടി. അതിനു ഒരു കോട്ടവും തട്ടാതെ മികച്ച ഒരു ചിത്രമാണ് ബ്ലെസ്സി ഭ്രമരം വഴി സമ്മാനിച്ചത്‌. മോഹന്‍ ലാലിന്‍റെ അതുല്യ അഭിനയ പാടവം എടുത്തു പറയുക തന്നെ വേണം. ക്യാമറ കൈകാര്യം ചെയ്ത രീതിയും അഭിനന്ദനാര്‍ഹം. മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ കോരിയിട്ടു സിനിമ തീരുമ്പോള്‍ വീണ്ടും നല്ല ഒരു സിനിമ കണ്ട സന്തോഷം മനസ്സില്‍.

5. നീലത്താമര - മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം, സൌന്ദര്യം കോരി നിറച്ച ഫ്രെയിമുകള്‍ സ്വപ്നം കാണുന്ന സംവിധായകന്‍... ഈ സിനിമ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഫ്രഷ്‌ സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയ ഈ ചിത്രം പുതു മുഖങ്ങളുടെ ശ്രദ്ധേയമായി അരങ്ങേറ്റത്തിനും വഴിയൊരുക്കി. വിദ്യാസാഗര്‍-ശരത് വയലാര്‍ കൂട്ടുകെട്ടിന്റെ സംഗീത വിഭാഗത്തിനും ഈ സിനിമയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ: ടി. പി രാജീവന്റെ അതെ പേരിലുള്ള നോവല്‍ സിനിമയാക്കുമ്പോള്‍ വലിയൊരു വെല്ലുവിളി ആയിരുന്നു സംവിധായകന്‍ രഞ്ജിത് നേരിട്ടത്. പഴയ കാലഘട്ടത്തിന്റെ കഥ അതിന്റെ പുതുമ ഒട്ടും ചോരാതെ അഭ്രപാളികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം വിലയിരുത്താന്‍. സ്വന്തം കയ്യൊപ്പ് ഈ സൃഷ്ടിയുടെ മേല്‍ ചാര്‍ത്തുന്നതിലും രഞ്ജിത്ത് മികച്ചു നിന്നു. മമ്മൂട്ടിയുടെ സമാനതകളില്ലാത്ത അഭിനയവും ഈ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. മറ്റു കഥാപാത്രങ്ങളും സ്വാഭാവികമായി തന്നെ വെള്ളിത്തിരയില്‍ വന്നു പോകുന്നു, പ്രേക്ഷകന്‍റെ മനസ്സില്‍ ഇരിപ്പിടം സ്വന്തമാക്കി തന്നെ.

7. മധ്യവേനല്‍ - വര്‍ത്തമാന കാല കേരളത്തിന്റെ നേരെ ക്യാമറ തിരിച്ചു വെച്ച സിനിമ. മധു കൈതപ്രം  സംവിധാനം ചെയ്ത ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും 2009 ഇല്‍ മികച്ചു നിന്ന ഒരു ശ്രമമാണ്. മനോജ്‌ കെ ജയനും ശ്വേതാ മേനോനും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

8. ഭാഗ്യദേവത - സത്യന്‍ അന്തിക്കാട്‌ പ്രതീക്ഷ തകര്‍ത്തില്ല. ഒരു കുഞ്ഞു സിനിമ, മനോഹരമായി അടുക്കും ചിട്ടയോടും കൂടി ഒരുക്കിയിരിക്കുന്നു. ഇതൊരു മലയാളിയും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. ജയറാം തന്‍റെ ഭാഗം കൃത്യമായി നിര്‍വഹിച്ചു. കനിഹയും മോശമാക്കിയില്ല. പക്ഷെ ബെസ്റ്റ് ഇന്‍ ദി ലോട്ട് പുതു മുഖം ചെമ്പില്‍ അശോകനാണ്. മലയാള സിനിമയിലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഗ്രാമീണ മുഖങ്ങളെ ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരില്‍ കൂടി തിരിച്ചു കിട്ടുമെന്ന് പ്രത്യാശിക്കാം.

9. ഋതു- പരീക്ഷണ സിനിമ. ഭൂരിഭാഗം ഐ.ടി തൊഴിലാളികളുടെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നില്ല എങ്കിലും ചെറിയ ഗ്രൂപ്പിന്റെ കഥ തന്മയത്വത്തോടു കൂടി സംവിധായകന്‍ ശ്യാമപ്രസാദ് അവതരിപ്പിച്ചിരിക്കുന്നു. ഇവിടെയും പുതുമുഖങ്ങള്‍ നിരാശപ്പെടുത്തിയില്ല.

10. ലൗഡ് സ്പീക്കര്‍ - ജയരാജ്‌ മലയാളിക്ക് വീണ്ടും നൊസ്റ്റാള്‍ജിയ സമ്മാനിച്ചു. മറ്റൊരു ചെറിയ പടം, വലിയ ബഹളങ്ങള്‍ ഒന്നും തന്നെയില്ലാതെ പറഞ്ഞു പോകുന്നു. അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം അതിന്റെ തനിമ ചോരാതെ വീണ്ടും അവതരിപ്പിച്ചത് ശ്രദ്ധേയം. മമ്മൂട്ടിയുടെ ഒപ്പം ശശി കുമാറിന്റെ അഭിനയവും പ്രശംസ അര്‍ഹിക്കുന്നു.


ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം മികച്ച സൃഷ്ടികള്‍ ആവണമെന്നില്ല. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവയാണ് ഈ വര്‍ഷത്തെ മികച്ച ആദ്യത്തെ പത്തു സിനിമകള്‍ എന്നെനിക്കു തോന്നുന്നു. തെറ്റാവാം ചിലപ്പോള്‍ ശരിയുമാകാം.

ഇനിയുമുണ്ട്...., ടു ഹരിഹര്‍ നഗര്‍, ഭാര്യ സ്വന്തം സുഹൃത്ത്‌, മകന്റെ അച്ഛന്‍, വൈരം, പുതിയ മുഖം, ഗുലുമാല്‍, കാണാ കണ്മണി, ഇവര്‍ വിവാഹിതരായാല്‍, ബനാറസ്‌, ഡ്യൂപ്ലിക്കേറ്റ്‌   തുടങ്ങിയവ. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച സൂഫി പറഞ്ഞ കഥ, പത്താം നിലയിലെ തീവണ്ടി എന്നെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഇനിയും ചിത്രങ്ങള്‍ റിലീസ് ആവാനുമുണ്ട്. ചട്ടമ്പി നാട്, ഇവിടം സ്വര്‍ഗമാണ്, ഹാപ്പി ഹസ്ബന്റ്സ് തുന്ടങ്ങി...അവയെല്ലാം വിജയങ്ങള്‍ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒപ്പം മലയാള സിനിമയുടെ നല്ല കാലം തിരിച്ചു വരുന്നതിനെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യാം.

Saturday, December 12, 2009

"മാത്സ് സാര്‍"

മഴ പെയ്തു തോര്‍ന്നു...!

തന്‍റെ പഠിക്കാനുള്ള ഇത്രയും സമയം നാശം ഈ മഴ കടമെടുത്തു എന്നും മനസ്സില്‍ കരുതി, വടക്കേലെ സുഭാഷ് സാര്‍ ഒരു കയ്യില്‍ കസേരയും മറുകയ്യില്‍ പഠിക്കാനുള്ള പി.എസ്.സി പുസ്തകങ്ങളുമായി വീട്ടില്‍ നിന്നിറങ്ങി. പാതയോരത്തുള്ള വൈദ്യുത പോസ്റ്റിന്റെ കീഴിലിരുന്നു ആ മിന്നും വെളിച്ചത്തിലാണ് പഠനം. ആദ്യ കാഴ്ചയില്‍ എബ്രഹാം ലിങ്കണ് പഠിക്കുകയാണ് എന്നാര്‍ക്കും തോന്നാമെങ്കിലും അതല്ല സത്യം. വീടുകളില്‍ റിയാലിറ്റി കരച്ചിലുകള്‍ അതിര് കടക്കുമ്പോള്‍ യാതൊരു രക്ഷയുമില്ലാത്തത് കൊണ്ട് ആ പരിസര പ്രദേശങ്ങളിലെ കുമാരന്മാര്‍ മൂവന്തി കഴിയുമ്പോള്‍ ഈ പോസ്റ്റിനു കീഴെ ഒത്തു കൂടാറുണ്ട്, പഠിക്കാനെന്ന വ്യാജേന. ലീവിന് നാട്ടിലായിരിക്കുമ്പോള്‍ എന്‍റെ സന്ധ്യകളും രാത്രിയുടെ ആദ്യ യാമങ്ങളും ഈ ഒത്തു കൂടലിന്റെയും, തമാശകളുടെയും നടുവിലാണ്.

പതിവ് പോലെ അന്നും, പോസ്റ്റിലെ വെളിച്ചം ആരും തന്നെ ഓണ്‍ ചെയ്തിരുന്നില്ല. ഇത് മുഴുവനും നനഞ്ഞു കിടക്കുവാണല്ലോ ഭഗവാനെ എന്നും മനസ്സില്‍ കരുതി, ഒട്ടും പേടി ഇല്ലാതെ, വേര്‍ പെട്ട് കിടന്നിരുന്ന വയറുകള്‍ കൂട്ടി മുട്ടിച്ചു പ്രകാശം വരുത്തി.

കിഴക്കേ വീട്ടിലെ പരമേശ്വരന്‍ കൊച്ചാട്ടന്റെ പറമ്പിലെ പുളി മരത്തിലെ ഇലയും മരം പെയ്ത വെള്ളവും എല്ലാം കൂടി ഇതിനകം തന്നെ കസേരയില്‍ പട്ടയമെടുത്തിരുന്നു. അതെല്ലാം തുടച്ചു വൃത്തിയാക്കി സുഭാഷ് അതില്‍ ഇരിപ്പുറപ്പിച്ചു.

"ഇന്നാണല്ലോ ചിത്തുവിന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വരുന്നത്....ഛെ... അയ്യോ..ദൈവമേ..."  ഒരാവശ്യവുമില്ലാതെ ഈ ചിന്ത എന്തിനാണ് ഇപ്പോള്‍ മനസ്സില്‍ പണ്ടാരമടങ്ങുന്നത് എന്ന് ചിന്തിക്കാന്‍ സുഭാഷിന് ന്യായമായും അവകാശമുണ്ട്‌. കാരണം, സ്ഥലത്തെ പ്രധാന പയ്യന്‍സ് ചിത്തുവിന് ഇംഗ്ലീഷ് കുറെ കാലം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നൊരു തെറ്റ് (അബദ്ധം എന്നും പറയാം) സുഭാഷ് ചെയ്തിട്ടുണ്ട്. തെറ്റില്‍ നിന്നും പഠിക്കാതെ ഇപ്പോഴും നിര്‍ബാധം ആ ക്രിയ തുടര്‍ന്ന് പോരുന്നുമുണ്ട്. ഇനിയും ഇത് തുടര്‍ന്ന് കൊണ്ട് പോയാല്‍ എം.എ വരെ പഠിച്ചതെല്ലാം മറന്നു പോവും എന്ന പേടി മനസിലുള്ളത് കാരണം തെറ്റ് തിരുത്തല്‍ നടപടിക്കു ഒരു കാരണവും നോക്കി ഇരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.

അതിനു എന്തെങ്കിലും കാരണം തടയും എന്ന് സമാധാനിച്ചു, പി.എസ്.സി പുസ്തകങ്ങള്‍ ഓരോന്നായി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ഇതിലേതു ആദ്യം തുറക്കണം എന്ന കണ്‍ഫ്യൂഷന്‍ മനസ്സില്‍ വന്നു പോവുന്നതിനുള്ളില്‍, ഒരു ഗാനത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തിലിങ്ങനെ അലയടിച്ചു വന്നു. "രാഗേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല......രജനി........" റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി ടോര്‍ച്ചും തെളിച്ചു കയറ്റം കയറി വരികയാണ് കഥാ നായകന്‍ ചിത്തു. റബ്ബര്‍ തോട്ടത്തില്‍ കൂടി സന്ധ്യ മയങ്ങിയതിനു ശേഷം നടക്കുമ്പോള്‍ നാട്ടില്‍ ചെറുപ്പക്കാര്‍ തുടര്‍ന്ന് പോരുന്ന ശീലം പിന്തുടരുക മാത്രമാണ് അവന്‍ ചെയ്തത്... അല്ലാതെ പേടിച്ചിട്ടൊന്നുമല്ല പാട്ട് പാടിയത്.

"നമുക്ക് പാറമുക്കില്‍ പോയി തട്ട് ദോശ കഴിച്ചാലോ സുഭാഷ്‌ അണ്ണാ.....?"... ഈ സ്ഥിരം നമ്പര്‍ ഇന്നും ഇറക്കാം എന്നാണു രാവിലെ കോളേജില്‍ വെച്ച് റിസള്‍ട്ട്‌ അറിഞ്ഞപ്പോള്‍ ചിത്തു മനസ്സില്‍ കരുതിയത്‌. .. പക്ഷെ അമ്മ ചതിച്ചു....! സാറിനെ മയക്കാന്‍ ദോശ വാങ്ങാന്‍ വേണ്ടി, തലേന്നാള്‍ ഒട്ടുപാല്‍ അടിച്ചുമാറ്റി വിറ്റ വകയില്‍ ബാക്കിയുണ്ടായിരുന്ന കുറച്ചു കാശ് മാറ്റി വെച്ചിരുന്നു. അത് എവിടെയാണ് വെച്ചതെന്ന് ഓര്‍ത്തോര്‍ത്തു തപ്പി കൊണ്ടിരിക്കുമ്പോഴാണ്, അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത്.."അതിന്നു രാവിലെ എടുത്തു മീന്‍കാരന്‍ ബഷീറിനു കൊടുത്തു.." എന്ന്.  "ഈ അമ്മേടെ ഒരു കാര്യം.." എന്നും മനസ്സില്‍ കരുതി ടോര്‍ച്ചും എടുത്തു വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ കരുതിയത്‌ ഇങ്ങോട്ട് വരുന്ന വഴിക്ക് എന്തെങ്കിലും നമ്പര്‍ ആലോചിക്കാമെന്ന്. പക്ഷെ ഈ നശിച്ച പേടി കാരണം ഓടിയത് കൊണ്ട് പെട്ടന്ന് ഇവിടെ എത്തുകയും ചെയ്തു, ആലോചിക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ല..

ഇനിയിപ്പോ എന്ത് ചെയ്യാനാ...പതുക്കെ തുടങ്ങുക തന്നെ..."പിന്നെയുണ്ടല്ലോ സുഭാഷ്‌ അണ്ണാ..." അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി നോക്കിയിരുന്ന സുഭാഷ്‌ സര്‍ കീരിക്കാടന്‍ ജോസിനെ പോലെ മുഖവും വക്രിപ്പിച്ച് ക്രൂരനായി. ...
" ആ ഉണ്ടെടാ ഉണ്ട്....നീ എന്ത് തേങ്ങാക്കൊല എടുക്കനാടാ പഠിക്കാന്‍ പോവുന്നെ? ഡാ...ഇനി എന്ത് ചെയ്യാനാ നിന്റെ ഭാവം...നിന്റെ അച്ഛന്റേം അമ്മേടേം അടുത്ത് ഞാന്‍ എന്ത് സമാധാനം പറയും...നിനക്ക് പഠിക്കണം എന്ന് വല്ല ചിന്തയും ഉണ്ടോടെയ്..... *&&& $%#$$% *****%^^@#%%$%^............ കോപ്പേ നിനക്കെത്ര മാര്‍ക്കുണ്ടെടാ ഇംഗ്ലീഷ് നു........?"

"ദൈവമേ..., ആരോ നേരത്തെ വന്നു മാര്‍ക്കും റിസള്‍ട്ട്‌ ഉം കൊളുത്തി കൊടുത്തിട്ടുണ്ട് ... ആ റെനി ആയിരിക്കണം...ഇന്നലെ പറക്കോട് സിനിമ കാണാന്‍ പോയപ്പോള്‍ അവനെ വിളിക്കാത്തതിനു പകരം ചോദിച്ചതാ ആ തെണ്ടി.... നീ നാളെ കോളേജില്‍ വാടാ കോപ്പേ... നിന്നെ കാണിച്ചു തരുന്നുണ്ട്..."

അമേരിക്കയില്‍ കൂടെ കൊണ്ട് പോകുവാന്‍ വേണ്ടി മോഹന്‍ലാലിന്‍റെ  മുന്നില്‍ കയ്യും കെട്ടി നില്‍ക്കുന്ന ശ്രീനിവാസനെ പോലെ ചിത്തു സുഭാഷ് സാറിന്റെ മുന്നില്‍ നിന്നു. സാര്‍ അല്‍പ നേരം ഗ്യാപ്പിട്ട്‌ റസ്റ്റ്‌ എടുത്തു വീണ്ടും തെറി വിളിക്കാന്‍ തുടങ്ങി.


                     ഈ സമയത്താണ് ബീന ചേച്ചിയുടെ പ്രത്യേക അനുവാദവും വാങ്ങി ഒന്നിന് പോകുവാന്‍ വേണ്ടി ബിനുവണ്ണന്‍ അവരുടെ വീടിനു വെളിയില്‍ ഇറങ്ങിയത്‌. (പേര് കേള്‍ക്കുമ്പോള്‍ ബീന ബിനുവിന്റെ ചേച്ചിയാണോ എന്ന് തോന്നിയെങ്കില്‍ തെറ്റി.... അങ്ങേരുടെ ഭാര്യയാണ് ബീന ചേച്ചി...). സ്വസ്ഥമായി മനുഷ്യനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സമ്മതിക്കില്ലെടെയ് എന്നും കരുതി ബഹളം കേട്ട സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ നോക്കുമ്പോള്‍ സാറും കുട്ടിയും അവിടെ ടോം&ജെറി കളിക്കുന്നു.

സ്ഥലത്തെ തല മൂത്ത ചെറുപ്പക്കാരന്‍ എന്ന നിലയില്‍ അവിടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ന്യായമായും തനിക്കുള്ള അവകാശം കണക്കിലെടുത്ത് ബീന ചേച്ചി അവിടെയെങ്ങാനും ഉണ്ടോയെന്നു ഒളികണ്ണിട്ടു നോക്കി ഇല്ലെന്നുറപ്പു വരുത്തി സംഭവ സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ ഗമിച്ചു.

"എന്തുവാ സുഭാഷേ കാര്യം?.... എന്തുവാടാ ചിത്തു ഇവന്‍ ചുമ്മാ കിടന്നു ബഹളം വെയ്ക്കുന്നത്..?

"ഒന്നുമില്ലെടെയ് അണ്ണാ.... എന്‍റെ മാര്‍ക്കറിഞ്ഞു.... :(....."

ആരുടെയെങ്കിലും മുന്നില്‍ ചിത്തുവിനോടുള്ള ദേഷ്യം അനര്‍ഗള നിര്‍ഗളമായി പ്രവഹിപ്പിക്കാന്‍ കിട്ടിയ അവസരം സുഭാഷ്‌ സാര്‍ നല്ലത് പോലെ വിനിയോഗിച്ചു.

"ഇയാള് കേക്കടെ ബിനു അണ്ണാ.....ഇവനെയൊന്നും പഠിപ്പിച്ചിട്ടു ഒരു കാര്യവുമില്ല..... ഒന്ന് ആലോചിച്ചു നോക്കടേ......ഞാന്‍ പഠിപ്പിച്ച ഗ്രാമര്‍......ഞാന്‍ പഠിപ്പിച്ച 2 മാര്‍ക്ക്‌ ചോദ്യങ്ങള്‍........എസ്സെയും ഞാന്‍ പഠിപ്പിച്ചത്.....ഞാന്‍ പഠിപ്പിച്ചു കൊടുത്ത പാരഗ്രഫ്.....ഇവന്റെ പരീക്ഷയ്ക്ക് എന്തൊക്കെ ചോദിച്ചോ അത് മുഴുവന്‍ ഞാന്‍ ഇവന് നേരത്തെ പറഞ്ഞു കൊടുത്തിട്ടുള്ളത് .....അതെല്ലാം അത് പോലെ തന്നെയാ പരീക്ഷയ്ക്ക് വന്നത്... എന്നിട്ട് വാങ്ങിച്ചോണ്ട് വന്നിരിക്കുന്ന മാര്‍ക്ക്‌ കണ്ടില്ലേ...എനിക്കൊന്നും വയ്യ ഇനി ഇവനെ പഠിപ്പിക്കാന്‍....."

"പിന്നെ....ഇല്ലെങ്കി ഇയാള് കൊറേ അങ്ങ് പാപ്പിച്ചു....." എന്ന് കരുതി വിനീതനായി നില്‍ക്കുന്ന ചിത്തുവിനോട് ഇതെല്ലം ശ്രദ്ധയോടെ കേട്ട ബിനുവണ്ണന്‍ ചോദിച്ചു...." എടാ ചിത്തു, ഇങ്ങനെയൊക്കെ പഠിച്ചാല്‍ മതിയോ...? ഒന്നുമില്ലെങ്കി നിന്‍റെ അച്ഛനെ പറ്റിയെങ്കിലും ഒന്നോര്‍ക്കണ്ടേ.....?"

പിന്നെ പിന്നെ... ഇയാള് പഠിക്കാന്‍ പോയപ്പോള്‍ ഫുള്‍ ടൈം സുകുമാരന്‍ കൊച്ചാട്ടനെ ഓര്‍ക്കുവാരുന്നല്ലോ......ഒന്ന് പോടേ അണ്ണാ..." മനസിന്റെ ചിന്ത പെട്ടന്ന് ഇങ്ങനെ ചേഞ്ച്‌ ചെയ്തു നില്‍ക്കുന്ന ചിത്തുവിനോട് വീണ്ടും ബിനുവണ്ണന്‍ ചോദിച്ചു...

"അതൊക്കെ പോട്ടെ എന്നാലും നിനക്ക് കണക്കിന് എത്ര മാര്‍ക്കുണ്ട്‌.........?"

ഇത് കേട്ട ഉടനെ ചിത്തുവും അവനു ഇംഗ്ലീഷ് പറഞ്ഞു കൊടുത്ത സാറും പിണക്കമെല്ലാം മറന്നു ഒന്നായി ദോശ കഴിക്കാന്‍ പോയി..... എന്താണ് സംഭവിച്ചതെന്നറിയാതെ ബിനുവണ്ണന്‍ ഉറങ്ങാന്‍ വേണ്ടി തിരിച്ചു വീട്ടിലേക്കും....

ഈ സംഭവത്തിനു ശേഷമാണ് ബിനു അണ്ണനെ അയാളുടെ സീമന്ത പുത്രി ഗംഗ അടക്കം "മാത്സ് സാര്‍" എന്ന് വിളിച്ചു തുടങ്ങിയത്...!




Friday, December 11, 2009

ഗാനം ഒരനുഭവം

സംഗീതം ഒരു തീര്‍ഥയാത്രയാണ് . ജോലിതിരക്കുകളും അവ സമ്മാനിക്കുന്ന സമ്മര്‍ദങ്ങളും മനസ്സില്‍ നെരിപ്പോടിന്റെ ചൂടുള്ള നീറ്റല്‍ പ്രദാനം ചെയ്യുമ്പോള്‍ അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ പ്രിയപ്പെട്ടവരുടെ നല്ല വാക്കുകളും, സംഗീതത്തിന്റെ മാസ്മരിക പ്രഭാവവും പ്രധാന കാരണങ്ങളാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പാട്ട് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപെടാത്തത്. മനസിന്റെ നീറ്റലും പുകച്ചിലും എല്ലാം വെള്ളമൊഴിച്ച് കെടുത്തി, നമ്മളെ സങ്കല്‍പ്പത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് കൊണ്ട് പോകാന്‍ സംഗീതത്തിന് കഴിയും എന്നും ഞാന്‍ വിശ്വസിക്കുന്നു. ..

സംഗീതം ഇന്ദ്രിയങ്ങളെ പോലെയാണെന്ന് ആരോ  ഒരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ വായിക്കാനിടയായി. ഒന്നാലോചിക്കുമ്പോള്‍ അത് ശരി തന്നെയല്ലേ.എത്ര എത്ര ഓര്‍മകളാണ് ഒരു ഗാനം കേള്‍ക്കുമ്പോള്‍ മടങ്ങി വരുന്നത്. ചില പാട്ടുകള്‍ എപ്പോള്‍ കേട്ടാലും, ആദ്യമായി എപ്പോഴാണോ ആ പാട്ട് കേള്‍ക്കാനിടയായത് ആ ചുറ്റുപാടും ഗന്ധവും ഒക്കെ വീണ്ടും അനുഭവിക്കാന്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഓര്‍മകളുടെ തിരിച്ചു കിട്ടലുകലെയാണ് ഇവിടെ ഞാന്‍ കോറിയിടുന്നത്.

---------------------------------------------------------------------------------

കാലം 1990. എല്‍.പി സ്കൂള്‍ വിദ്യാഭാസ കാലഘട്ടം. കളിയും ചിരിയുമായി, ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ കൂടിയുള്ള യാത്ര പരിചിതമല്ലാത്ത, സന്തോഷിച്ചു തീര്‍ത്ത ദിനരാത്രങ്ങള്‍. അന്നൊക്കെ എല്ലാ വിദ്യാലയങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സിനിമ പ്രദര്‍ശനങ്ങള്‍ പതിവായിരുന്നു. വലിയൊരു ഹാളിന്റെ ഒരു വശത്ത്‌ പിടിച്ചു കെട്ടിയിരുന്ന വലിയ വെളുത്ത തുണിയില്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ മിന്നി മറയുന്നത് ആവേശത്തോടെ കണ്ടിരുന്ന കുട്ടികള്‍.  സിനിമാകൊട്ടകകളില്‍ പോയി ആ ദൃശ്യങ്ങള്‍ അനുഭവമില്ലാതിരുന്ന
നാട്ടിന്‍പുറത്തെ കുഞ്ഞുങ്ങള്‍ ആണ്ടിലൊരിക്കല്‍ വരുന്ന ഈ ദിവസത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു സിനിമ പ്രദര്‍ശന ദിവസത്തിലേക്ക്.

ഞാനന്ന് ഒന്നാം ക്ലാസ്സില്‍. ആ തവണ സ്കൂളില്‍ കളിക്കാനായി കൊണ്ട് വന്ന സിനിമ 'ശ്രീകൃഷ്ണ പരുന്ത്'. എല്‍.പി സ്കൂളിലെ കുട്ടികളുടെ മുന്നില്‍ ഇത് പോലൊരു സിനിമ കാണിക്കാന്‍ സമ്മതിച്ചതിന്റെയും അത് കൊണ്ട് വന്നതിന്റെയും പുറകിലെ സാംഗത്യം എന്നോട് ചോദിക്കരുത് പ്ലീസ്.. അത് ഇത് വരെ എനിക്ക് മനസിലാവാത്തത് കൊണ്ടാണ്.

തലേ ദിവസം തന്നെ ഇങ്ങനെയൊരു കലാപരിപാടിയുടെ അറിയിപ്പ് സ്കൂള്‍ അധികൃതര്‍ എല്ലാ കുട്ടികള്‍ക്കും കൈമാറിയിരുന്നു. കുട്ടികളുടെ വീട്ടുകാരെയും അടുത്തുള്ളവരേയും കൂട്ടി കൊണ്ട് വന്നു ടിക്കറ്റ്‌ വാങ്ങി സിനിമ കണ്ടു ഇതൊരു വന്‍പിച്ച വിജയമാക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. അതാവണം, പ്രദര്‍ശനം തുടങ്ങുന്ന സമയം അടുത്തപ്പോഴേക്കും
സ്കൂള്‍ അങ്കണം നിറഞ്ഞു കവിയാന്‍ പാകത്തില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നത്.

മഞ്ഞ നിറമുള്ള ടിക്കറ്റ്‌ കീറാന്‍ വേണ്ടി നില്‍ക്കുന്ന ടിക്കറ്റ്‌ കളക്ടര്‍മാരെ ആരാധനയോടെ നോക്കി, വീട്ടില്‍ നിന്നും തന്ന 50 പൈസ കീശയില്‍ ഉണ്ടെന്നു പലവട്ടം ഉറപ്പു വരുത്തി ക്യൂവിന്റെ ഒരറ്റത്ത് ഞാനും ചേര്‍ന്ന് നിന്നു; വലുതാകുമ്പോള്‍ എന്താവണം എന്ന അധ്യാപകരുടെ ചോദ്യത്തിന് ഉത്തരവും കണ്ടു പിടിച്ച്.

അടുത്തുള്ള പറമ്പുകളിലെ തെങ്ങിലും മാവിലും വലിച്ചു കെട്ടിയിരുന്ന കോളാമ്പികളില്‍ നിന്നു പാട്ടുകള്‍ ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ പാട്ടുകളും കേട്ട് പൊരിവെയിലില്‍ ഹാളിനുള്ളില്‍ കയറാനുള്ള വ്യഗ്രതയോടെ നില്‍ക്കുമ്പോള്‍ കര്‍ണ്ണങ്ങളില്‍ വന്നലച്ച ഒരു ഗാനം വല്ലാതെ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. " കുഞ്ഞിക്കിളിയേ കൂടെവിടെ, കുഞ്ഞോമന നിന്‍ കൂടെവിടെ...".. അതിന്റെ കാരണമെന്തെന്നു എനിക്കറിയില്ല, പക്ഷെ, എന്തോ അന്ന് മുതല്‍ എന്റെ മനസിലെ സ്ഥിരം സാന്നിധ്യമായി ആ ഗാനം. ആറു വയസുകാരന്റെ മനസ്സില്‍ ചലനമുണ്ടാക്കാന്‍ പാകത്തിലുള്ള ഒരു ഗാനമാണ് അതെന്നു ഇന്നും എനിക്ക് തോന്നുന്നില്ല.  പക്ഷെ അതിനു ശേഷം എപ്പോള്‍ ആ പാട്ട് കേട്ടാലും ഞാന്‍ പതുക്കെ ഒരു ആറു വയസുകാരനാവും.

വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ കൂടി ആ ഗാനം എപ്പോള്‍ കേള്‍ക്കാനിടയായാലും അറിയാതെ ഞാനതിലെയ്ക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ആയാസരഹിതമായ അഭിനയമോ, ശ്രീജയുടെ സൌന്ദര്യമോ എം.ജി. ശ്രീകുമാറിന്റെ ആലാപന സൌകുമാര്യമോ ..ഒന്നുമല്ല അതിനു കാരണം. ഒരു നാടും, ഒരു ചെറിയ സ്കൂളും, തോരണങ്ങളും വരി വരിയായി നില്‍ക്കുന്ന കുഞ്ഞുങ്ങളും മനസ്സില്‍ വസന്തത്തിന്റെ സുഗന്ധം സൃഷ്ട്ടിക്കുന്ന ഓര്‍മകളുടെ ആഘോഷമാണ്......


ഗാനം - കുഞ്ഞിക്കിളിയേ കൂടെവിടെ...
രചന - ഓ.എന്‍.വി
സംഗീതം - എസ്.പി വെങ്കടേഷ്
ആലാപനം - എം.ജി ശ്രീകുമാര്‍
വര്‍ഷം - 1990
രാഗം - മധ്യമാവതി
ചിത്രം - ഇന്ദ്രജാലം
സംവിധാനം - തമ്പി കണ്ണംതാനം
അഭിനേതാക്കള്‍ - മോഹന്‍ലാല്‍, എം.ജി ശ്രീകുമാര്‍


കുഞ്ഞിക്കിളിയേ കൂടെവിടെ...
കുഞ്ഞോമന നിന്‍ കൂടെവിടെ..
എന്റെ കൂട്ടില്‍ നീ പോരാമോ..
എന്നോടുത്തു നീ പാടാമോ..
പാടത്തെ പൂ നുള്ളാന്‍
മാറാതെ ചൂടെല്‍ക്കാന്‍... (കുഞ്ഞിക്കിളിയേ )

ആനക്കെടുപ്പതു പൊന്നും കൊണ്ടേ
ആമാട പെട്ടിയുമെന്തി കൊണ്ടേ.. (2)
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങലണിഞ്ഞ കിനാവേ പോരൂ നീ...(കുഞ്ഞിക്കിളിയേ)

പാതി വിടര്‍ന്നൊരു പൂക്കളുമായി
പാതിരയാരെയോ കാത്തു നില്‍ക്കെ
ഈ കടലിന്‍ കൈകള്‍ ഏതോ
നീര്‍ക്കിളിയെ താരാട്ടുവാന്‍
പാടിയണഞ്ഞ കിനാവിനെ
മാറോട് ചേര്‍ത്തു ഞാന്‍.. (കുഞ്ഞിക്കിളിയേ)

Sunday, December 6, 2009

'കുരി' റെയില്‍വേ സ്റ്റേഷന്‍

കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയില്‍ നില നിന്നിരുന്ന ഒരു ഹാള്‍ട്ട് സ്റ്റേഷന്‍ ആണ് താഴെ ആദ്യത്തെ ചിത്രത്തില്‍ കാണുന്നത്. കുരാ എന്ന ഗ്രാമത്തിലെ കര കയറാതിരുന്ന 'കുരി' റെയില്‍വേ സ്റ്റേഷന്‍. ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ട്രെയിനുകള്‍ ചൂളം വിളിച്ചു കടന്നു പോകുമ്പോള്‍ ദാഹം അകറ്റാന്‍ എന്നോണം 30 സെക്കന്റ്‌ നേരം ഇവിടെ നിര്‍ത്തിയിടുമായിരുന്നു. അത്രയും സമയം കൊണ്ട് വണ്ടിക്കുള്ളില്‍ കയറി പറ്റാന്‍ യാത്രക്കാര്‍ കാണിക്കുന്ന വിക്രിയകള്‍ കണ്ടു ഒരു പാട് കാലം ചിരിച്ചു കാണണം പ്ലാറ്റ്ഫോം ഇല്ലാതിരുന്ന ഈ റെയില്‍വേ സ്റ്റേഷന്‍. ഇന്ന് ഈ കെട്ടിടം ഇല്ല. മീറ്റര്‍ ഗേജ് പാതകള്‍ ബ്രോഡ്‌ ഗേജിനു വഴി മാറിയപ്പോള്‍ പഴമയുടെ സ്മരണ പോലെ നില കൊണ്ട ഈ ഒരു മുറി കെട്ടിടവും ഇടിച്ചു നിരത്തപ്പെട്ടു. ഇത്തവണ ലീവിന് പോയപ്പോള്‍ സ്റ്റേഷന്‍ നിന്ന സ്ഥലത്ത് ഒരു കൂന മണ്ണ് മാത്രമാണ് കാണാന്‍ സാധിച്ചത്. മനസിന്റെ അകക്കോണിലെ സങ്കടം പിടിച്ചു നിര്‍ത്താനാവാതെ രണ്ടു തുള്ളി കണ്ണ് നീര്‍ അടര്‍ന്നു വീണാ മണ്ണ് കുതിര്‍ന്നു. 





ഇതിലെ കടന്നു പോയിരുന്ന ട്രെയിനുകളുടെ സമയ വിവരങ്ങളും,  യാത്ര നിരക്കുകളും.



ബ്രോഡ്‌ ഗേജ് മാറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന പുതിയ റെയില്‍വേ സ്റ്റേഷന്‍ നു വേണ്ടിയുള്ള കെട്ടിടം..



(ചിത്രങ്ങള്‍ എല്ലാം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതാണ്.)

Tuesday, December 1, 2009

ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഈ ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്നാല്‍ പൊതുജനം എന്ന കഴുത. കാരണം ഈ പറയുന്നവരെ നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും നമ്മള്‍ തന്നെയാണല്ലോ.

പറഞ്ഞു വരുന്നത് ലോക്സഭയിലെ കുറച്ചു എം.പി മാരുടെ കാര്യമാണ്. തങ്ങള്‍ക്കു ജനങ്ങള്‍ക്ക്‌ വേണ്ടി എന്തൊക്കെയോ ചെയ്യണം, അതിനാല്‍ കുറെയധികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, എന്നിട്ട് അതിന്റെ ഉത്തരവും കിട്ടി സമാധാനമായിട്ടെ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളു എന്നൊക്കെ കുറെ ജനപ്രതിനിധികള്‍ പറഞ്ഞത്രേ. ഇവരുടെ ആരംഭശൂരത്വം കണ്ടു ആവേശം പൂണ്ട ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ മീര മാഡം "എങ്കില്‍ നിങ്ങള്‍ ചോദ്യോത്തര വേളയില്‍ നിങ്ങളുടെ സംശയനിവാരണം വരുത്തിക്കോളൂ" എന്നും പറഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്കെല്ലാം കാലേകൂട്ടി സമയവും കുറിച്ചങ്ങ് കൊടുത്തു.

സഭ തുടങ്ങി, ചോദ്യോത്തര വേളയായി, ഉരുളക്കുപ്പേരി പോലെ ഉത്തരം കൊടുക്കാന്‍ മന്ത്രിമാര്‍ റെഡി, ചോദ്യവും ഉത്തരവും കേള്‍ക്കാന്‍ സഭയിലെ മറ്റു അംഗങ്ങളും റെഡി, ക്യാമറ റെഡി, മീഡിയ റെഡി, പൊതു ജനവും റെഡി.... പക്ഷെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചു സമയം വാങ്ങിയ എം.പി മാരെ മാത്രം കാണുന്നില്ല. എന്ത് പറ്റി ഇവര്‍ക്കെന്നു ആലോചിച്ചു തല പുണ്ണാക്കണ്ട, കാരണം ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍‌കൂര്‍ അനുമതി വാങ്ങിച്ചിരുന്നവരില്‍ മൂന്നു പേരൊഴികെ ആരും സഭയില്‍ ഹാജരല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇവര്‍ സഭ കട്ട്‌ ചെയ്തു. എന്നിട്ട് സിനിമയ്ക്ക്‌ പോയോ, പാര്‍ക്കിലോ ബീച്ചിലോ കറങ്ങാന്‍ പോയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ കാരണം അര മണിക്കൂര്‍ നേരം സഭ നിര്‍ത്തി വെക്കേണ്ടി വന്നെന്നും, ആ വകയില്‍ ജനങ്ങളുടെ കീശയില്‍ നിന്നും കുറെ ചില്ലറകള്‍ ആവിയായി പോയെന്നും മാത്രമറിയാം.

മലയാളികള്‍ എന്തിനു കുറയ്ക്കണം. എന്തിനും മുന്‍നിരയില്‍ മലയാളികള്‍ ഉണ്ടാവും എന്നത് പോലെ, സഭയില്‍ ചോദ്യോത്തര വേളയില്‍ സമയം പിടിച്ചു വാങ്ങിയിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹാജരാവാതിരുന്നവരുടെ പട്ടികയില്‍ നാല് കേരള എം.പി മാരും സ്ഥാനം പിടിച്ചിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്‌(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട്‌ ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.

വാല്‍ക്കഷണം: എം.പി എന്ന് പറഞ്ഞാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് തന്നെയല്ലേ ഇപ്പോഴും? അതോ മ.പു (മണിയംപറ പുരുഷു) എന്ന് മാറ്റിയിട്ടില്ലല്ലോ....;)

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter