ഇവര്‍ നമുക്ക് നാണക്കേടാണോ ???
ഈ ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്നാല്‍ പൊതുജനം എന്ന കഴുത. കാരണം ഈ പറയുന്നവരെ നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും നമ്മള്‍ തന്നെയാണല്ലോ.
പറഞ്ഞു വരുന്നത് ലോക്സഭയിലെ കുറച്ചു എം.പി മാരുടെ കാര്യമാണ്. തങ്ങള്‍ക്കു ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണം, അതിനാല്‍ കുറെയധികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, എന്നിട്ട് അതിന്റെ ഉത്തരവും കിട്ടി സമാധാനമായിട്ടെ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളു എന്നൊക്കെ കുറെ ജനപ്രതിനിധികള്‍ പറഞ്ഞത്രേ. ഇവരുടെ ആരംഭശൂരത്വം കണ്ടു ആവേശം പൂണ്ട ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ മീര മാഡം "എങ്കില്‍ നിങ്ങള്‍ ചോദ്യോത്തര വേളയില്‍ നിങ്ങളുടെ സംശയനിവാരണം വരുത്തിക്കോളൂ" എന്നും പറഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്കെല്ലാം കാലേകൂട്ടി സമയവും കുറിച്ചങ്ങ് കൊടുത്തു.
സഭ തുടങ്ങി, ചോദ്യോത്തര വേളയായി, ഉരുളക്കുപ്പേരി പോലെ ഉത്തരം കൊടുക്കാന്‍ മന്ത്രിമാര്‍ റെഡി, ചോദ്യവും ഉത്തരവും കേള്‍ക്കാന്‍ സഭയിലെ മറ്റു അംഗങ്ങളും റെഡി, ക്യാമറ റെഡി, മീഡിയ റെഡി, പൊതു ജനവും റെഡി.... പക്ഷെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചു സമയം വാങ്ങിയ എം.പി മാരെ മാത്രം കാണുന്നില്ല. എന്ത് പറ്റി ഇവര്‍ക്കെന്നു ആലോചിച്ചു തല പുണ്ണാക്കണ്ട, കാരണം ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിച്ചിരുന്നവരില്‍ മൂന്നു പേരൊഴികെ ആരും സഭയില്‍ ഹാജരല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇവര്‍ സഭ കട്ട് ചെയ്തു. എന്നിട്ട് സിനിമയ്ക്ക് പോയോ, പാര്‍ക്കിലോ ബീച്ചിലോ കറങ്ങാന്‍ പോയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ കാരണം അര മണിക്കൂര്‍ നേരം സഭ നിര്‍ത്തി വെക്കേണ്ടി വന്നെന്നും, ആ വകയില്‍ ജനങ്ങളുടെ കീശയില്‍ നിന്നും കുറെ ചില്ലറകള്‍ ആവിയായി പോയെന്നും മാത്രമറിയാം.
മലയാളികള്‍ എന്തിനു കുറയ്ക്കണം. എന്തിനും മുന്‍നിരയില്‍ മലയാളികള്‍ ഉണ്ടാവും എന്നത് പോലെ, സഭയില്‍ ചോദ്യോത്തര വേളയില്‍ സമയം പിടിച്ചു വാങ്ങിയിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹാജരാവാതിരുന്നവരുടെ പട്ടികയില്‍ നാല് കേരള എം.പി മാരും സ്ഥാനം പിടിച്ചിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട് ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.
വാല്‍ക്കഷണം: എം.പി എന്ന് പറഞ്ഞാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് തന്നെയല്ലേ ഇപ്പോഴും? അതോ മ.പു (മണിയംപറ പുരുഷു) എന്ന് മാറ്റിയിട്ടില്ലല്ലോ....;)
8 comments:
അങ്ങനെയൊന്നും പറയല്ലേ....
അവരെല്ലാം വെള്ളിയാഴ്ച സ്വന്തം മണ്ഡലത്തിലോട്ടു വിമാനം കയറി ശനിയും ഞായറും മണ്ഡലം മൊത്തം പുഷ്പിപ്പിച്ചതിനുശേഷം തിങ്കളാശ്ച തിരിച്ച് വീമാനം കയറി അങ്ങ് പാർലിമെണ്ടിലേക്ക് ഇടിച്ചിറങ്ങാൻ നോക്കിയപ്പോ കറുത്ത കാക്ക വിലങ്ങനെ ചാടിയതുകൊണ്ടാണ് പൊടിക്കു താമസിച്ചതെന്നു നമ്മുടെ പി.സി ചാക്കോ സാർ പറഞ്ഞതുകേട്ടില്ലേ? അല്ലാതെ നാടിനോടു കൂറില്ലാത്തതുകൊണ്ടല്ല!
അല്ലെങ്കിൽ പറ ഈക്കണ്ട ചോദ്യങ്ങൾ മുഴുവൻ ചോദിച്ച് നമ്മുടെ നാടിപ്പോൾ സ്വർഗലോകമല്ലേ.....
ഒരു പാവം കഴുത (പി.ടി തോമസ് എന്നെയാണ് അവിടെ പ്രതിനിധീകരിക്കുന്നത്)
നാട്ടുകാരന്‍, അഭിപ്രായത്തിന് നന്ദി.
ഞാനും ഒരു കഴുതയാണ്. വോട്ട് ചെയ്തിട്ടില്ലെങ്കിലും എന്‍റെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കൊടിക്കുന്നില്‍ സുരേഷാണ്.
ഒരു തിരുത്ത് .
കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കര എം.പി ആണ്. പണ്ട് അദ്ദേഹം അടൂര്‍ എം.പി ആയിരുന്നു
ജോണ്‍ ചാക്കോ പൂങ്കാവ് , തിരുത്തിനു നന്ദി.. പോസ്റ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ചോദ്യം ചോദിക്കാനും ...കാര്യങ്ങള്‍ നേടിയെടുക്കാനും നട്ടെല്ലു ഉറപ്പുള്ളവര്‍ ഉണ്ടായിരുന്നേല്‍ നാടു എന്നെ രക്ഷപെട്ടെനെ ...ഇവന്മാര്‍ക്ക് ആകെ അറിയാവുന്ന ചോദ്യം ഇതാണ് " എനിക്ക് ഒരു സീറ്റ് തരണേ പൊന്നു മാഡം".........
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
ഇത് നാണക്കേട് തന്നെ.
(പക്ഷെ പൊതുവേ മലയാളി എം.പi മാരാണ് മറ്റു സംസ്ഥാന എം.പി. മാരെക്കാള്‍ പാര്‍ ലമെന്റ് അറ്റെണ്ട് ചെയ്യുന്നതും, ചോദ്യങ്ങള്‍ ചോദിക്കുന്നതും )
ഇപ്പോൾ ഡൾഹിയിൽ കഠിന ശൈത്യമാണ്!
ഈ തണുപ്പത്ത് ലോകസഭയിൽ പോയി വല്ല കോച്ചുവാതവും പിടിച്ചാൽ... വേണ്ട മക്കളെ മൂടി പുതച്ച് കിടന്നോളു.
Post a Comment