Saturday, December 12, 2009

"മാത്സ് സാര്‍"

മഴ പെയ്തു തോര്‍ന്നു...!

തന്‍റെ പഠിക്കാനുള്ള ഇത്രയും സമയം നാശം ഈ മഴ കടമെടുത്തു എന്നും മനസ്സില്‍ കരുതി, വടക്കേലെ സുഭാഷ് സാര്‍ ഒരു കയ്യില്‍ കസേരയും മറുകയ്യില്‍ പഠിക്കാനുള്ള പി.എസ്.സി പുസ്തകങ്ങളുമായി വീട്ടില്‍ നിന്നിറങ്ങി. പാതയോരത്തുള്ള വൈദ്യുത പോസ്റ്റിന്റെ കീഴിലിരുന്നു ആ മിന്നും വെളിച്ചത്തിലാണ് പഠനം. ആദ്യ കാഴ്ചയില്‍ എബ്രഹാം ലിങ്കണ് പഠിക്കുകയാണ് എന്നാര്‍ക്കും തോന്നാമെങ്കിലും അതല്ല സത്യം. വീടുകളില്‍ റിയാലിറ്റി കരച്ചിലുകള്‍ അതിര് കടക്കുമ്പോള്‍ യാതൊരു രക്ഷയുമില്ലാത്തത് കൊണ്ട് ആ പരിസര പ്രദേശങ്ങളിലെ കുമാരന്മാര്‍ മൂവന്തി കഴിയുമ്പോള്‍ ഈ പോസ്റ്റിനു കീഴെ ഒത്തു കൂടാറുണ്ട്, പഠിക്കാനെന്ന വ്യാജേന. ലീവിന് നാട്ടിലായിരിക്കുമ്പോള്‍ എന്‍റെ സന്ധ്യകളും രാത്രിയുടെ ആദ്യ യാമങ്ങളും ഈ ഒത്തു കൂടലിന്റെയും, തമാശകളുടെയും നടുവിലാണ്.

പതിവ് പോലെ അന്നും, പോസ്റ്റിലെ വെളിച്ചം ആരും തന്നെ ഓണ്‍ ചെയ്തിരുന്നില്ല. ഇത് മുഴുവനും നനഞ്ഞു കിടക്കുവാണല്ലോ ഭഗവാനെ എന്നും മനസ്സില്‍ കരുതി, ഒട്ടും പേടി ഇല്ലാതെ, വേര്‍ പെട്ട് കിടന്നിരുന്ന വയറുകള്‍ കൂട്ടി മുട്ടിച്ചു പ്രകാശം വരുത്തി.

കിഴക്കേ വീട്ടിലെ പരമേശ്വരന്‍ കൊച്ചാട്ടന്റെ പറമ്പിലെ പുളി മരത്തിലെ ഇലയും മരം പെയ്ത വെള്ളവും എല്ലാം കൂടി ഇതിനകം തന്നെ കസേരയില്‍ പട്ടയമെടുത്തിരുന്നു. അതെല്ലാം തുടച്ചു വൃത്തിയാക്കി സുഭാഷ് അതില്‍ ഇരിപ്പുറപ്പിച്ചു.

"ഇന്നാണല്ലോ ചിത്തുവിന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വരുന്നത്....ഛെ... അയ്യോ..ദൈവമേ..."  ഒരാവശ്യവുമില്ലാതെ ഈ ചിന്ത എന്തിനാണ് ഇപ്പോള്‍ മനസ്സില്‍ പണ്ടാരമടങ്ങുന്നത് എന്ന് ചിന്തിക്കാന്‍ സുഭാഷിന് ന്യായമായും അവകാശമുണ്ട്‌. കാരണം, സ്ഥലത്തെ പ്രധാന പയ്യന്‍സ് ചിത്തുവിന് ഇംഗ്ലീഷ് കുറെ കാലം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നൊരു തെറ്റ് (അബദ്ധം എന്നും പറയാം) സുഭാഷ് ചെയ്തിട്ടുണ്ട്. തെറ്റില്‍ നിന്നും പഠിക്കാതെ ഇപ്പോഴും നിര്‍ബാധം ആ ക്രിയ തുടര്‍ന്ന് പോരുന്നുമുണ്ട്. ഇനിയും ഇത് തുടര്‍ന്ന് കൊണ്ട് പോയാല്‍ എം.എ വരെ പഠിച്ചതെല്ലാം മറന്നു പോവും എന്ന പേടി മനസിലുള്ളത് കാരണം തെറ്റ് തിരുത്തല്‍ നടപടിക്കു ഒരു കാരണവും നോക്കി ഇരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.

അതിനു എന്തെങ്കിലും കാരണം തടയും എന്ന് സമാധാനിച്ചു, പി.എസ്.സി പുസ്തകങ്ങള്‍ ഓരോന്നായി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ഇതിലേതു ആദ്യം തുറക്കണം എന്ന കണ്‍ഫ്യൂഷന്‍ മനസ്സില്‍ വന്നു പോവുന്നതിനുള്ളില്‍, ഒരു ഗാനത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തിലിങ്ങനെ അലയടിച്ചു വന്നു. "രാഗേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല......രജനി........" റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി ടോര്‍ച്ചും തെളിച്ചു കയറ്റം കയറി വരികയാണ് കഥാ നായകന്‍ ചിത്തു. റബ്ബര്‍ തോട്ടത്തില്‍ കൂടി സന്ധ്യ മയങ്ങിയതിനു ശേഷം നടക്കുമ്പോള്‍ നാട്ടില്‍ ചെറുപ്പക്കാര്‍ തുടര്‍ന്ന് പോരുന്ന ശീലം പിന്തുടരുക മാത്രമാണ് അവന്‍ ചെയ്തത്... അല്ലാതെ പേടിച്ചിട്ടൊന്നുമല്ല പാട്ട് പാടിയത്.

"നമുക്ക് പാറമുക്കില്‍ പോയി തട്ട് ദോശ കഴിച്ചാലോ സുഭാഷ്‌ അണ്ണാ.....?"... ഈ സ്ഥിരം നമ്പര്‍ ഇന്നും ഇറക്കാം എന്നാണു രാവിലെ കോളേജില്‍ വെച്ച് റിസള്‍ട്ട്‌ അറിഞ്ഞപ്പോള്‍ ചിത്തു മനസ്സില്‍ കരുതിയത്‌. .. പക്ഷെ അമ്മ ചതിച്ചു....! സാറിനെ മയക്കാന്‍ ദോശ വാങ്ങാന്‍ വേണ്ടി, തലേന്നാള്‍ ഒട്ടുപാല്‍ അടിച്ചുമാറ്റി വിറ്റ വകയില്‍ ബാക്കിയുണ്ടായിരുന്ന കുറച്ചു കാശ് മാറ്റി വെച്ചിരുന്നു. അത് എവിടെയാണ് വെച്ചതെന്ന് ഓര്‍ത്തോര്‍ത്തു തപ്പി കൊണ്ടിരിക്കുമ്പോഴാണ്, അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത്.."അതിന്നു രാവിലെ എടുത്തു മീന്‍കാരന്‍ ബഷീറിനു കൊടുത്തു.." എന്ന്.  "ഈ അമ്മേടെ ഒരു കാര്യം.." എന്നും മനസ്സില്‍ കരുതി ടോര്‍ച്ചും എടുത്തു വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ കരുതിയത്‌ ഇങ്ങോട്ട് വരുന്ന വഴിക്ക് എന്തെങ്കിലും നമ്പര്‍ ആലോചിക്കാമെന്ന്. പക്ഷെ ഈ നശിച്ച പേടി കാരണം ഓടിയത് കൊണ്ട് പെട്ടന്ന് ഇവിടെ എത്തുകയും ചെയ്തു, ആലോചിക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ല..

ഇനിയിപ്പോ എന്ത് ചെയ്യാനാ...പതുക്കെ തുടങ്ങുക തന്നെ..."പിന്നെയുണ്ടല്ലോ സുഭാഷ്‌ അണ്ണാ..." അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി നോക്കിയിരുന്ന സുഭാഷ്‌ സര്‍ കീരിക്കാടന്‍ ജോസിനെ പോലെ മുഖവും വക്രിപ്പിച്ച് ക്രൂരനായി. ...
" ആ ഉണ്ടെടാ ഉണ്ട്....നീ എന്ത് തേങ്ങാക്കൊല എടുക്കനാടാ പഠിക്കാന്‍ പോവുന്നെ? ഡാ...ഇനി എന്ത് ചെയ്യാനാ നിന്റെ ഭാവം...നിന്റെ അച്ഛന്റേം അമ്മേടേം അടുത്ത് ഞാന്‍ എന്ത് സമാധാനം പറയും...നിനക്ക് പഠിക്കണം എന്ന് വല്ല ചിന്തയും ഉണ്ടോടെയ്..... *&&& $%#$$% *****%^^@#%%$%^............ കോപ്പേ നിനക്കെത്ര മാര്‍ക്കുണ്ടെടാ ഇംഗ്ലീഷ് നു........?"

"ദൈവമേ..., ആരോ നേരത്തെ വന്നു മാര്‍ക്കും റിസള്‍ട്ട്‌ ഉം കൊളുത്തി കൊടുത്തിട്ടുണ്ട് ... ആ റെനി ആയിരിക്കണം...ഇന്നലെ പറക്കോട് സിനിമ കാണാന്‍ പോയപ്പോള്‍ അവനെ വിളിക്കാത്തതിനു പകരം ചോദിച്ചതാ ആ തെണ്ടി.... നീ നാളെ കോളേജില്‍ വാടാ കോപ്പേ... നിന്നെ കാണിച്ചു തരുന്നുണ്ട്..."

അമേരിക്കയില്‍ കൂടെ കൊണ്ട് പോകുവാന്‍ വേണ്ടി മോഹന്‍ലാലിന്‍റെ  മുന്നില്‍ കയ്യും കെട്ടി നില്‍ക്കുന്ന ശ്രീനിവാസനെ പോലെ ചിത്തു സുഭാഷ് സാറിന്റെ മുന്നില്‍ നിന്നു. സാര്‍ അല്‍പ നേരം ഗ്യാപ്പിട്ട്‌ റസ്റ്റ്‌ എടുത്തു വീണ്ടും തെറി വിളിക്കാന്‍ തുടങ്ങി.


                     ഈ സമയത്താണ് ബീന ചേച്ചിയുടെ പ്രത്യേക അനുവാദവും വാങ്ങി ഒന്നിന് പോകുവാന്‍ വേണ്ടി ബിനുവണ്ണന്‍ അവരുടെ വീടിനു വെളിയില്‍ ഇറങ്ങിയത്‌. (പേര് കേള്‍ക്കുമ്പോള്‍ ബീന ബിനുവിന്റെ ചേച്ചിയാണോ എന്ന് തോന്നിയെങ്കില്‍ തെറ്റി.... അങ്ങേരുടെ ഭാര്യയാണ് ബീന ചേച്ചി...). സ്വസ്ഥമായി മനുഷ്യനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സമ്മതിക്കില്ലെടെയ് എന്നും കരുതി ബഹളം കേട്ട സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ നോക്കുമ്പോള്‍ സാറും കുട്ടിയും അവിടെ ടോം&ജെറി കളിക്കുന്നു.

സ്ഥലത്തെ തല മൂത്ത ചെറുപ്പക്കാരന്‍ എന്ന നിലയില്‍ അവിടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ന്യായമായും തനിക്കുള്ള അവകാശം കണക്കിലെടുത്ത് ബീന ചേച്ചി അവിടെയെങ്ങാനും ഉണ്ടോയെന്നു ഒളികണ്ണിട്ടു നോക്കി ഇല്ലെന്നുറപ്പു വരുത്തി സംഭവ സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ ഗമിച്ചു.

"എന്തുവാ സുഭാഷേ കാര്യം?.... എന്തുവാടാ ചിത്തു ഇവന്‍ ചുമ്മാ കിടന്നു ബഹളം വെയ്ക്കുന്നത്..?

"ഒന്നുമില്ലെടെയ് അണ്ണാ.... എന്‍റെ മാര്‍ക്കറിഞ്ഞു.... :(....."

ആരുടെയെങ്കിലും മുന്നില്‍ ചിത്തുവിനോടുള്ള ദേഷ്യം അനര്‍ഗള നിര്‍ഗളമായി പ്രവഹിപ്പിക്കാന്‍ കിട്ടിയ അവസരം സുഭാഷ്‌ സാര്‍ നല്ലത് പോലെ വിനിയോഗിച്ചു.

"ഇയാള് കേക്കടെ ബിനു അണ്ണാ.....ഇവനെയൊന്നും പഠിപ്പിച്ചിട്ടു ഒരു കാര്യവുമില്ല..... ഒന്ന് ആലോചിച്ചു നോക്കടേ......ഞാന്‍ പഠിപ്പിച്ച ഗ്രാമര്‍......ഞാന്‍ പഠിപ്പിച്ച 2 മാര്‍ക്ക്‌ ചോദ്യങ്ങള്‍........എസ്സെയും ഞാന്‍ പഠിപ്പിച്ചത്.....ഞാന്‍ പഠിപ്പിച്ചു കൊടുത്ത പാരഗ്രഫ്.....ഇവന്റെ പരീക്ഷയ്ക്ക് എന്തൊക്കെ ചോദിച്ചോ അത് മുഴുവന്‍ ഞാന്‍ ഇവന് നേരത്തെ പറഞ്ഞു കൊടുത്തിട്ടുള്ളത് .....അതെല്ലാം അത് പോലെ തന്നെയാ പരീക്ഷയ്ക്ക് വന്നത്... എന്നിട്ട് വാങ്ങിച്ചോണ്ട് വന്നിരിക്കുന്ന മാര്‍ക്ക്‌ കണ്ടില്ലേ...എനിക്കൊന്നും വയ്യ ഇനി ഇവനെ പഠിപ്പിക്കാന്‍....."

"പിന്നെ....ഇല്ലെങ്കി ഇയാള് കൊറേ അങ്ങ് പാപ്പിച്ചു....." എന്ന് കരുതി വിനീതനായി നില്‍ക്കുന്ന ചിത്തുവിനോട് ഇതെല്ലം ശ്രദ്ധയോടെ കേട്ട ബിനുവണ്ണന്‍ ചോദിച്ചു...." എടാ ചിത്തു, ഇങ്ങനെയൊക്കെ പഠിച്ചാല്‍ മതിയോ...? ഒന്നുമില്ലെങ്കി നിന്‍റെ അച്ഛനെ പറ്റിയെങ്കിലും ഒന്നോര്‍ക്കണ്ടേ.....?"

പിന്നെ പിന്നെ... ഇയാള് പഠിക്കാന്‍ പോയപ്പോള്‍ ഫുള്‍ ടൈം സുകുമാരന്‍ കൊച്ചാട്ടനെ ഓര്‍ക്കുവാരുന്നല്ലോ......ഒന്ന് പോടേ അണ്ണാ..." മനസിന്റെ ചിന്ത പെട്ടന്ന് ഇങ്ങനെ ചേഞ്ച്‌ ചെയ്തു നില്‍ക്കുന്ന ചിത്തുവിനോട് വീണ്ടും ബിനുവണ്ണന്‍ ചോദിച്ചു...

"അതൊക്കെ പോട്ടെ എന്നാലും നിനക്ക് കണക്കിന് എത്ര മാര്‍ക്കുണ്ട്‌.........?"

ഇത് കേട്ട ഉടനെ ചിത്തുവും അവനു ഇംഗ്ലീഷ് പറഞ്ഞു കൊടുത്ത സാറും പിണക്കമെല്ലാം മറന്നു ഒന്നായി ദോശ കഴിക്കാന്‍ പോയി..... എന്താണ് സംഭവിച്ചതെന്നറിയാതെ ബിനുവണ്ണന്‍ ഉറങ്ങാന്‍ വേണ്ടി തിരിച്ചു വീട്ടിലേക്കും....

ഈ സംഭവത്തിനു ശേഷമാണ് ബിനു അണ്ണനെ അയാളുടെ സീമന്ത പുത്രി ഗംഗ അടക്കം "മാത്സ് സാര്‍" എന്ന് വിളിച്ചു തുടങ്ങിയത്...!




7 comments:

ഭായി said...

:-))

Areekkodan | അരീക്കോടന്‍ said...

നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചു.പക്ഷേ ?

ശ്രീ said...

ഹ ഹ. അത് കലക്കി :)

Anil cheleri kumaran said...

കൊള്ളാം.

കണ്ണനുണ്ണി said...

ചിരിപ്പിച്ചുടോ

കുരാക്കാരന്‍ ..! said...

ഭായി, അരീക്കോടന്‍, ശ്രീ, കുമാരന്‍, കണ്ണനുണ്ണി .... എല്ലാവര്‍ക്കും നന്ദി.

ഭൂതത്താന്‍ said...

;)


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter