Friday, December 11, 2009

ഗാനം ഒരനുഭവം

സംഗീതം ഒരു തീര്‍ഥയാത്രയാണ് . ജോലിതിരക്കുകളും അവ സമ്മാനിക്കുന്ന സമ്മര്‍ദങ്ങളും മനസ്സില്‍ നെരിപ്പോടിന്റെ ചൂടുള്ള നീറ്റല്‍ പ്രദാനം ചെയ്യുമ്പോള്‍ അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ പ്രിയപ്പെട്ടവരുടെ നല്ല വാക്കുകളും, സംഗീതത്തിന്റെ മാസ്മരിക പ്രഭാവവും പ്രധാന കാരണങ്ങളാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പാട്ട് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപെടാത്തത്. മനസിന്റെ നീറ്റലും പുകച്ചിലും എല്ലാം വെള്ളമൊഴിച്ച് കെടുത്തി, നമ്മളെ സങ്കല്‍പ്പത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് കൊണ്ട് പോകാന്‍ സംഗീതത്തിന് കഴിയും എന്നും ഞാന്‍ വിശ്വസിക്കുന്നു. ..

സംഗീതം ഇന്ദ്രിയങ്ങളെ പോലെയാണെന്ന് ആരോ  ഒരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ വായിക്കാനിടയായി. ഒന്നാലോചിക്കുമ്പോള്‍ അത് ശരി തന്നെയല്ലേ.എത്ര എത്ര ഓര്‍മകളാണ് ഒരു ഗാനം കേള്‍ക്കുമ്പോള്‍ മടങ്ങി വരുന്നത്. ചില പാട്ടുകള്‍ എപ്പോള്‍ കേട്ടാലും, ആദ്യമായി എപ്പോഴാണോ ആ പാട്ട് കേള്‍ക്കാനിടയായത് ആ ചുറ്റുപാടും ഗന്ധവും ഒക്കെ വീണ്ടും അനുഭവിക്കാന്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഓര്‍മകളുടെ തിരിച്ചു കിട്ടലുകലെയാണ് ഇവിടെ ഞാന്‍ കോറിയിടുന്നത്.

---------------------------------------------------------------------------------

കാലം 1990. എല്‍.പി സ്കൂള്‍ വിദ്യാഭാസ കാലഘട്ടം. കളിയും ചിരിയുമായി, ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ കൂടിയുള്ള യാത്ര പരിചിതമല്ലാത്ത, സന്തോഷിച്ചു തീര്‍ത്ത ദിനരാത്രങ്ങള്‍. അന്നൊക്കെ എല്ലാ വിദ്യാലയങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സിനിമ പ്രദര്‍ശനങ്ങള്‍ പതിവായിരുന്നു. വലിയൊരു ഹാളിന്റെ ഒരു വശത്ത്‌ പിടിച്ചു കെട്ടിയിരുന്ന വലിയ വെളുത്ത തുണിയില്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ മിന്നി മറയുന്നത് ആവേശത്തോടെ കണ്ടിരുന്ന കുട്ടികള്‍.  സിനിമാകൊട്ടകകളില്‍ പോയി ആ ദൃശ്യങ്ങള്‍ അനുഭവമില്ലാതിരുന്ന
നാട്ടിന്‍പുറത്തെ കുഞ്ഞുങ്ങള്‍ ആണ്ടിലൊരിക്കല്‍ വരുന്ന ഈ ദിവസത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു സിനിമ പ്രദര്‍ശന ദിവസത്തിലേക്ക്.

ഞാനന്ന് ഒന്നാം ക്ലാസ്സില്‍. ആ തവണ സ്കൂളില്‍ കളിക്കാനായി കൊണ്ട് വന്ന സിനിമ 'ശ്രീകൃഷ്ണ പരുന്ത്'. എല്‍.പി സ്കൂളിലെ കുട്ടികളുടെ മുന്നില്‍ ഇത് പോലൊരു സിനിമ കാണിക്കാന്‍ സമ്മതിച്ചതിന്റെയും അത് കൊണ്ട് വന്നതിന്റെയും പുറകിലെ സാംഗത്യം എന്നോട് ചോദിക്കരുത് പ്ലീസ്.. അത് ഇത് വരെ എനിക്ക് മനസിലാവാത്തത് കൊണ്ടാണ്.

തലേ ദിവസം തന്നെ ഇങ്ങനെയൊരു കലാപരിപാടിയുടെ അറിയിപ്പ് സ്കൂള്‍ അധികൃതര്‍ എല്ലാ കുട്ടികള്‍ക്കും കൈമാറിയിരുന്നു. കുട്ടികളുടെ വീട്ടുകാരെയും അടുത്തുള്ളവരേയും കൂട്ടി കൊണ്ട് വന്നു ടിക്കറ്റ്‌ വാങ്ങി സിനിമ കണ്ടു ഇതൊരു വന്‍പിച്ച വിജയമാക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. അതാവണം, പ്രദര്‍ശനം തുടങ്ങുന്ന സമയം അടുത്തപ്പോഴേക്കും
സ്കൂള്‍ അങ്കണം നിറഞ്ഞു കവിയാന്‍ പാകത്തില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നത്.

മഞ്ഞ നിറമുള്ള ടിക്കറ്റ്‌ കീറാന്‍ വേണ്ടി നില്‍ക്കുന്ന ടിക്കറ്റ്‌ കളക്ടര്‍മാരെ ആരാധനയോടെ നോക്കി, വീട്ടില്‍ നിന്നും തന്ന 50 പൈസ കീശയില്‍ ഉണ്ടെന്നു പലവട്ടം ഉറപ്പു വരുത്തി ക്യൂവിന്റെ ഒരറ്റത്ത് ഞാനും ചേര്‍ന്ന് നിന്നു; വലുതാകുമ്പോള്‍ എന്താവണം എന്ന അധ്യാപകരുടെ ചോദ്യത്തിന് ഉത്തരവും കണ്ടു പിടിച്ച്.

അടുത്തുള്ള പറമ്പുകളിലെ തെങ്ങിലും മാവിലും വലിച്ചു കെട്ടിയിരുന്ന കോളാമ്പികളില്‍ നിന്നു പാട്ടുകള്‍ ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ പാട്ടുകളും കേട്ട് പൊരിവെയിലില്‍ ഹാളിനുള്ളില്‍ കയറാനുള്ള വ്യഗ്രതയോടെ നില്‍ക്കുമ്പോള്‍ കര്‍ണ്ണങ്ങളില്‍ വന്നലച്ച ഒരു ഗാനം വല്ലാതെ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. " കുഞ്ഞിക്കിളിയേ കൂടെവിടെ, കുഞ്ഞോമന നിന്‍ കൂടെവിടെ...".. അതിന്റെ കാരണമെന്തെന്നു എനിക്കറിയില്ല, പക്ഷെ, എന്തോ അന്ന് മുതല്‍ എന്റെ മനസിലെ സ്ഥിരം സാന്നിധ്യമായി ആ ഗാനം. ആറു വയസുകാരന്റെ മനസ്സില്‍ ചലനമുണ്ടാക്കാന്‍ പാകത്തിലുള്ള ഒരു ഗാനമാണ് അതെന്നു ഇന്നും എനിക്ക് തോന്നുന്നില്ല.  പക്ഷെ അതിനു ശേഷം എപ്പോള്‍ ആ പാട്ട് കേട്ടാലും ഞാന്‍ പതുക്കെ ഒരു ആറു വയസുകാരനാവും.

വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ കൂടി ആ ഗാനം എപ്പോള്‍ കേള്‍ക്കാനിടയായാലും അറിയാതെ ഞാനതിലെയ്ക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ആയാസരഹിതമായ അഭിനയമോ, ശ്രീജയുടെ സൌന്ദര്യമോ എം.ജി. ശ്രീകുമാറിന്റെ ആലാപന സൌകുമാര്യമോ ..ഒന്നുമല്ല അതിനു കാരണം. ഒരു നാടും, ഒരു ചെറിയ സ്കൂളും, തോരണങ്ങളും വരി വരിയായി നില്‍ക്കുന്ന കുഞ്ഞുങ്ങളും മനസ്സില്‍ വസന്തത്തിന്റെ സുഗന്ധം സൃഷ്ട്ടിക്കുന്ന ഓര്‍മകളുടെ ആഘോഷമാണ്......


ഗാനം - കുഞ്ഞിക്കിളിയേ കൂടെവിടെ...
രചന - ഓ.എന്‍.വി
സംഗീതം - എസ്.പി വെങ്കടേഷ്
ആലാപനം - എം.ജി ശ്രീകുമാര്‍
വര്‍ഷം - 1990
രാഗം - മധ്യമാവതി
ചിത്രം - ഇന്ദ്രജാലം
സംവിധാനം - തമ്പി കണ്ണംതാനം
അഭിനേതാക്കള്‍ - മോഹന്‍ലാല്‍, എം.ജി ശ്രീകുമാര്‍


കുഞ്ഞിക്കിളിയേ കൂടെവിടെ...
കുഞ്ഞോമന നിന്‍ കൂടെവിടെ..
എന്റെ കൂട്ടില്‍ നീ പോരാമോ..
എന്നോടുത്തു നീ പാടാമോ..
പാടത്തെ പൂ നുള്ളാന്‍
മാറാതെ ചൂടെല്‍ക്കാന്‍... (കുഞ്ഞിക്കിളിയേ )

ആനക്കെടുപ്പതു പൊന്നും കൊണ്ടേ
ആമാട പെട്ടിയുമെന്തി കൊണ്ടേ.. (2)
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങലണിഞ്ഞ കിനാവേ പോരൂ നീ...(കുഞ്ഞിക്കിളിയേ)

പാതി വിടര്‍ന്നൊരു പൂക്കളുമായി
പാതിരയാരെയോ കാത്തു നില്‍ക്കെ
ഈ കടലിന്‍ കൈകള്‍ ഏതോ
നീര്‍ക്കിളിയെ താരാട്ടുവാന്‍
പാടിയണഞ്ഞ കിനാവിനെ
മാറോട് ചേര്‍ത്തു ഞാന്‍.. (കുഞ്ഞിക്കിളിയേ)

6 comments:

കുരാക്കാരന്‍ ..! said...

സുഖമുള്ള ഓര്‍മ്മകള്‍

ഒരു നുറുങ്ങ് said...

ഓര്‍മകള്‍ക്കിനിയും വര്‍ണ്ണം പകരൂ സുഹൃത്തേ...
congratz.!

ശ്രീ said...

ശരിയാണ്. ഇതു പോലെ ചില ഗാനങ്ങളുണ്ട്... കേള്‍ക്കുമ്പോള് നാമറിയാതെ മനസ്സ് പഴയ കാലത്തിലേയ്ക്ക് പറക്കും

ഷെരീഫ് കൊട്ടാരക്കര said...

ഇനി ഒരു അൻപതു വർഷം കഴിഞ്ഞാലും ആ പാട്ടു കേൾക്കുമ്പോൾ നമ്മുടെ ചെറുപ്പം നമ്മിലേക്കു ഓടിയെത്തും. പാട്ടുകൾക്കു അങ്ങിനെ ഒരു കഴിവുണ്ടു.

താരകൻ said...

നല്ലലേഖനം.പണ്ട് ഒരു പാ‍ടു പാട്ടുകൾ കേൾക്കുമായിരുന്നു..പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുമ്പോൾ..അന്നൊക്കെ ദൂരമളന്നിരുന്നതുപോലും പാട്ടുകളെകൊണ്ടാണ്..വീട്ടിൽ നിന്ന് ടൌണിലേക്ക് അഞ്ചുപാട്ടിന്റെ ദൂരം.സുഹൃത്തിന്റെ വീട്ടിലേക്ക് മൂന്ന് പാട്ടിന്റെ ദൂരം എന്നിങ്ങനെയൊക്കെ..അന്ന് വളരെ ഫേവറിറ്റായ ഒരു പാട്ടുണ്ടായിരുന്നു..ആകാശമാകെകണിമലർ ചൊരിയുമീ പുലരിപോൽ വരൂ*(ജോൺസൺ,നമുക്കുപാർക്കാൻ മുന്തിരിതോപ്പുകൾ)..എന്തോ ആ പാട്ടുകേൾക്കുമ്പോൾ ഇന്നും വല്ലാത്തസന്തോഷമാണ്..ജീവിതം പെട്ടെന്ന് പ്രകാശമാനമായതുപോലെ

Lekshmi said...

simple but beautiful..I too remember the movie I saw at my school "Chitram" my fav forever..congrats..expecting more from u :)

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter