Sunday, December 27, 2009
Saturday, December 26, 2009
ബാര്‍ അവധിദിനങ്ങള്‍ - 2010
ഒന്നാം സ്ഥാനത്തു എത്താന്‍ വലിയ പ്രയാസമില്ല, ആ സ്ഥാനം നില നിര്‍ത്താനാണ് ഏറ്റവും പ്രയാസം എന്ന് പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ഈ പാരമ്പര്യം അടുഅത വര്‍ഷവും നില നിര്‍ത്താന്‍ വേണ്ടി 2010 ലെ ബാര്‍ അവധി ദിവസങ്ങള്‍ ഒരു മുന്‍കരുതല്‍ എന്നോണം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.
ബാര്‍ അവധി ദിവസങ്ങള്‍ 2010.
ജനുവരി - 1, 26, 30.
ഫെബ്രുവരി - 1
മാര്‍ച്ച് - 1, 22
ഏപ്രില്‍ - 1
മെയ് - 1
ജൂണ്‍ - 1
ജൂലൈ - 1, 14
ഓഗസ്റ്റ് - 1, 15
സെപ്റ്റംബര്‍ - 1, 3, 14
ഒക്ടോബര്‍ - 1, 2, 8
നവംബര്‍ - 1, 9
ഡിസംബര്‍ - 1, 25
എല്ലാവര്ക്കും ഒരു നല്ല 2010 ആശംസിക്കുന്നു...!
"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ
അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.
പ്രതീക്ഷകളുടെ ഭാരം വീണ്ടും പാരയാകുമോ എന്ന ചിന്താക്കുഴപ്പത്തില്‍ പതിയെ തീയെട്ടറിനുള്ളിലെ ഇരുട്ടില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു. പടം തുടങ്ങി. ചെറിയ ഒരു കഥ. മാത്യൂസ് ഒരു കര്‍ഷകനാണ്. സ്വന്തമായി ഒരു കൃഷി ഫാം തന്നെയുണ്ട് അദ്ദേഹത്തിന്. 15 വയസു മുതല്‍ കഷ്ടപ്പെട്ട് താന്‍ പണിതുയര്‍ത്തിയ ഫാം പൊന്നു പോലെയാണ് അയാള്‍ നോക്കി പോരുന്നത്. അയാളുടെ അച്ഛന്‍ ജെര്‍മിയാസിന്റെ സ്വപ്നം കൂടിയാണ് അയാള്‍ നിറവേറ്റുന്നത്. പെരിയാറിന്റെ കരയ്ക്കുള്ള ഈ മൂന്നേക്കര്‍ പുരയിടമാണ് അയാളുടെ സ്വര്‍ഗം. യാതൊരു വിധത്തിലുള്ള കീടനാശിനകളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരുക്കിയെടുത്ത സ്വര്‍ഗം. ഈ വസ്തുവിനോടു ചേര്‍ന്നു പുത്തന്‍ പണക്കാരന്‍ ആലുവ ചാണ്ടിയ്ക്കും കുറച്ചു ഭൂമിയുണ്ട്. മാത്യൂസിന്റെ ഈ സ്വര്‍ഗ്ഗ ഭൂമി കൂടി തട്ടിയെടുക്കാനാണ് അയാളുടെ ശ്രമം. മാത്യൂസിന്റെ ശത്രുക്കളും ആലുവ ചാണ്ടിയുടെ ഭാഗം ചേരുന്നു. ഈ ഭൂമാഫിയക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് പിന്നെ മാത്യൂസിനു ചെയ്യേണ്ടി വരുന്നത്. അയാളെ സഹായിക്കാന്‍ പ്രബലന്‍ എന്ന വക്കീലുമുണ്ട്. ശത്രുക്കളെയെല്ലാം ഒതുക്കി തന്‍റെ സ്വപ്നഭൂമി നിലനിര്‍ത്തുവാന്‍ മാത്യൂസ് ചെയ്യുന്ന പ്രവര്‍ത്തികളാണ് പിന്നെയുള്ള കഥയുടെ കാതല്‍ .
ഇത് വരെ ആരും കൈ വെക്കാത്ത ഒരു കഥാതന്തു മെനഞ്ഞെടുത്തു മനോഹരമായ രീതിയില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നു ജെയിംസ് ആല്‍ബെര്‍ട്ട് എന്ന യുവ തിരക്കഥാകൃത്ത്. ക്ലാസ്സ് മേറ്റ്സ്, സൈക്കിള്‍ എന്നെ വിജയ ചിത്രങ്ങള്‍ തന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷ ആത്മ വിശ്വാസത്തോടെ ജെയിംസ് ഏറ്റെടുത്തു വിജയിപ്പിചിരിക്കുന്നു. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കതെയാണ് കഥ മുന്നോട്ടു പോവുന്നത്. ബാക്ക് ഗ്രൌണ്ട് മ്യൂസിക് വിഭാഗം കൈകാര്യം ചെയ്ത ഗോപി സുന്ദറും മികച്ച പ്രകടനമാണ് നടത്തിയത്. കഥാ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സംഗീതം. ഗ്രാമത്തിന്റെ വശ്യത മുഴുവന്‍ ദിവാകര്‍ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. (ഇതില്‍ ഗാനങ്ങള്‍ ഇല്ലാത്തതാണോ അതോ കഥയില്‍ ലയിചിരുന്നത് കൊണ്ട് ഞാന്‍ വിട്ടു പോയതാണോ...). ക്യാപ്ടന്റെ റോള്‍ റോഷന്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തമാശകള്‍ ഈ സിനിമയുടെ ഒരു ഹൈലൈറ്റ് ആണ്. തന്‍റെ ആദ്യ ചിത്രങ്ങളുടെ മികവിന്റെ ഒരു പടി കൂടി മേലെയാണ് റോഷന്റെ ഈ ശ്രമം നില്‍ക്കുന്നത്. മലയാളികള്‍ക്ക് ഒരു നല്ല ക്രിസ്മസ് സമ്മാനം 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമയിലൂടെ റോഷനും ടീമും നല്‍കിയിരിക്കുന്നു.
മോഹന്‍ലാല്‍ - ഭ്രമരത്തിനു ശേഷം ഈ വര്‍ഷത്തെ മികച്ച റോള്‍. മധ്യ തിരുവിതാംകൂര്‍ കര്‍ഷകനായി ആയാസരഹിതമായ മികച്ച അഭിനയം. എന്തിനാണ് എണ്ണം തികയ്ക്കാനെന്നോണം വാരിവലിച്ചു ചവറുകളില്‍ അഭിനയിക്കുന്നത് ലാലേട്ടാ...? വര്‍ഷത്തില്‍ ഇത് പോലെയുള്ള ഒന്നോ രണ്ടോ പടം പോരെ... എന്ന് ചോദിക്കാന്‍ തോന്നും. പക്ഷെ രണ്ടാം പകുതിയില്‍ ലാലു അലക്സ്, ജഗതി, ശ്രിനിവാസന്‍, ഇന്നസെന്റ്... തുടങ്ങിയ മികച്ച നടന്മാരുടെ പ്രകടനത്തിനിടയില്‍ മോഹന്‍ലാലിന്റെ റോള്‍ അല്പം നിറം മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജെര്‍മിയാസ് ആയി തിലകന്‍ മനോഹരമായി. നരസിംഹത്തിനു ശേഷം അച്ഛനും മകനുമായി തിലകനെയും ലാലിനെയും പ്രേക്ഷകര്‍ കയ്യടിച്ചാണ് സ്വീകരിക്കുന്നത്. ലാലു അലെക്സിന്റെ വില്ലന്‍ ആലുവ ചാണ്ടിയാണ് ഈ സിനിമയുടെ സര്‍പ്രൈസ് പാക്കേജ്. ലാലു അലെക്സ് കലക്കി. നായിക നടിമാരും അവരവരുടെ റോള്‍ ഭംഗിയാക്കി. പഴയ പ്രണയ നായകന്‍ ശങ്കറിനും മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കാനായി.
പടം കണ്ടിറങ്ങുമ്പോള്‍ മികച്ച ഒരു സിനിമ കണ്ടതിന്റെ ആശ്വാസം മനസ്സില്‍. മുന്‍ വിധികളുടെ ഭൂതം പാരയായില്ല, പ്രതീക്ഷകള്‍ക്ക് മേലെ നില്‍ക്കുന്ന ഒരു സിനിമ സമ്മാനിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.
ഇവിടം സ്വര്‍ഗമാണ് - പൈസ വസൂല്‍ - നല്ല സിനിമ
Monday, December 21, 2009
2009 ലെ മികച്ച മോശം മലയാള സിനിമകള്‍
വന്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തി സിനിമ കാണാന്‍ പോയി, തെള്ളും ചവിട്ടും കൊണ്ട് കഷ്ട്ടപ്പെട്ടു ടിക്കറ്റ് എടുത്തു, തീയെട്ടറിനുള്ളിലെ ഇരുട്ടിലലിഞ്ഞു ചേര്‍ന്ന്, രണ്ടു മണിക്കൂറിനു ശേഷം എല്ലാം നഷ്ടപ്പെട്ടവനെ പോലെ തിരിച്ചിറങ്ങിയ ഒരു പ്രേക്ഷകന്‍റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച മോശം സിനിമകള്‍ താഴെ പറയുന്നു.
1. ഭഗവാന്‍
2. ലവ് ഇന്‍ സിങ്കപൂര്‍
3. എയേഞ്ചേല്‍ ജോണ്‍
4. കളേഴ്സ്
5. ഹേയ് ലസാ
ഇതുങ്ങളെ പറ്റി കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കുന്നില്ല. അത് കൊണ്ട് യാതൊരു കാര്യവും ഇല്ലാഞ്ഞിട്ടാണ്.
ഇത് പോലെയുള്ള ചവറുകള്‍ക്ക് തല വെച്ച് കൊടുക്കുന്നതില്‍ ഏറ്റവും സാമര്‍ത്ഥ്യം കാണിക്കുന്നത്, പ്രേക്ഷകര്‍ സൂപ്പറുകള്‍ എന്ന് വിളിക്കുന്നവര്‍ തന്നെയാണ് എന്നതാണ് ഏറെ കഷ്ടം.
Wednesday, December 16, 2009
2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Malayalam Movies in 2009
2009 ന്‍റെ ആദ്യ പകുതി വിശകലനം ചെയ്യുമ്പോള്‍ മനസിലാവുന്നത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പ്രതീക്ഷ കാത്തത് എന്നാണ്. പക്ഷെ വര്‍ഷത്തിന്റെ അവസാന യാമങ്ങള്‍ അടുത്തപ്പോഴേക്കും നല്ല നിലവാരം പുലര്‍ത്തുന്നതും, പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതുമായ കുറെയധികം ചിത്രങ്ങള്‍ പുറത്തിറങ്ങി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്, തുടര്‍ന്ന് പോരുന്നുമുണ്ട്.
ഇവിടെ ഞാനെന്‍റെ അറിവിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച പത്തു മലയാള സിനിമകളെ തിരഞ്ഞെടുക്കുവാന്‍ ഒരു ശ്രമം നടത്തുകയാണ്. സാധാരണ പ്രേക്ഷകന്‍റെ നിലവാരത്തില്‍ നിന്നു കൊണ്ട് മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പ്.
ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുന്ന ശ്രമമായിരുന്നു ആദ്യം. കുറെയധികം സൈറ്റുകള്‍ പരതിയപ്പോള്‍ മനസിലായത് ഏകദേശം 65 ഓളം ചലച്ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി എന്നുള്ളതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം അനുഭവിച്ചു പോരുന്ന സിനിമകളുടെ എണ്ണത്തിലുള്ള ദാരിദ്രം എന്തായാലും ഈ വര്‍ഷം വഴി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അത് മലയാള സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും നിദാനമായി.
2009 ഇല്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രങ്ങള്‍
ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിങ്കപ്പൂര്‍
മകന്റെ അച്ഛന്‍
കളെഴ്സ്
ഹേയ് ലസാ
റെഡ് ചില്ലീസ്
കഥ സംവിധാനം കുഞ്ചാക്കോ
ആയിരത്തില്‍ ഒരുവന്‍
ഭാര്യ സ്വന്തം സുഹൃത്ത്
നമ്മള്‍ തമ്മില്‍
പെരുമാള്‍
സാഗര്‍ ഏലിയാസ് ജാക്കി
ടു ഹരിഹര്‍ നഗര്‍
ഐ.ജി
മോസ് ആന്‍ കാറ്റ്
സമസ്തകേരളം പി.ഓ
ബനാറസ്
ഭാഗ്യദേവത
പാസഞ്ചര്‍
കറന്‍സി
ബ്ലാക്ക് ഡാലിയ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
കലണ്ടര്‍
വെള്ളത്തുവല്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്റ്
ഭ്രമരം
ഈ പട്ടണത്തില്‍ ഭൂതം
വിന്റെര്‍
പുതിയ മുഖം
രഹസ്യ പോലീസ്
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
ഡാഡി കൂള്‍
ഋതു
കാണാ കണ്മണി
ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം
മേഘ തീര്‍ത്ഥം
ലൗഡ് സ്പീക്കര്‍
വൈരം
റോബിന്‍ ഹൂഡ്
പഴശ്ശിരാജാ
എന്ജല്‍ ജോണ്‍
ഡ്യൂപ്ലിക്കേറ്റ്
കേരള കഫെ
സ്വ ലെ
സീതാകല്യാണം
ഉത്തര സ്വയംവരം
കെമിസ്ട്രി
നീലത്താമര
കപ്പല്‍ മുതലാളി
പലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
ഗുലുമാല്‍
മൈ ബിഗ് ഫാദര്‍
ഭൂമി മലയാളം
വിലാപങ്ങള്‍ക്കപ്പുറം
മലയാളി
ഫിഡില്‍
ഒരു പെണ്ണും രണ്ടാണും
മധ്യ വേനല്‍
പറയാന്‍ മറന്നത്
ദലമര്‍മരങ്ങള്‍
ശുദ്ധരില്‍ ശുദ്ധന്‍
ഈ ലിസ്റ്റ് പൂര്‍ണ്ണം ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. 'പത്താം നിലയിലെ തീവണ്ടി, സൂഫി പറഞ്ഞ കഥ' എന്നീ ചിത്രങ്ങള്‍ റിലീസ് ആയിട്ടില്ല എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് ഈ രണ്ടു പേരുകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. തെറ്റാണെങ്കില്‍ തിരുത്തുക, മാത്രമല്ല മറ്റേതെങ്കിലും ചിത്രങ്ങളുടെ പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക.
എന്‍റെ കാഴ്ചപ്പാടില്‍ 2009 ഇലെ മികച്ച പത്തു മലയാള ചലച്ചിത്രങ്ങള്‍
1. കേരള കഫെ
2. പഴശ്ശിരാജ
3. പാസഞ്ചര്‍
4. ഭ്രമരം
5. നീലത്താമര
6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
7. മധ്യവേനല്‍
8. ഭാഗ്യദേവത
9. ഋതു
10. ലൗഡ് സ്പീക്കര്‍
1. കേരള കഫെ- സംവിധായകന്‍ രഞ്ജിത്ത് നിര്‍മിച്ചു മലയാളത്തിലെ പുതു തലമുറയിലെ പത്തു സംവിധായകര്‍ ഒരുക്കിയ പത്തു ഹൃസ്വ ചിത്രങ്ങള്‍ മുത്തു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയ മനോഹര സിനിമ. മലയാള സിനിമയുടെ ഭാവി ഇരുണ്ടതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സിനിമ. ചെറു ചിത്രങ്ങളില്‍ അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' മികച്ചു നിന്നു. ലാല്‍ജോസിന്റെ 'പുറം കാഴ്ചകള്‍', അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി' എന്നിവയും എടുത്തു പറയണ്ട സൃഷ്ടികള്‍ തന്നെ. ലാഭ നഷ്ടങ്ങള്‍ നോക്കാതെയുള്ള ശ്രമത്തില്‍ രൂപം കൊണ്ട കേരള കഫെ ഈ വര്‍ഷത്തെ മികച്ച സിനിമയെന്ന് നിസംശയം പറയാം.
2. പഴശ്ശിരാജാ, മലയാളിയുടെ യൂണിവേഴ്സല്‍ സിനിമ! രണ്ടു വര്‍ഷത്തോളമുള്ള കാത്തിരുപ്പ് വെറുതെ ആയില്ല. ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടാന്‍ നമുക്കിതാ ഒരു സിനിമ. മനോഹരമായ തിരക്കഥയുടെ ബലത്തില്‍ നയന മനോഹരമായൊരു ചരിത്ര കാവ്യം സംവിധായകന്‍ ചമച്ചപ്പോള്‍ പഴശ്ശിരാജാ ജനങ്ങള്‍ ഏറ്റെടുത്തു. മികച്ച സാങ്കേതിക സഹായവും ചിത്രത്തെ കുറ്റമറ്റതാക്കി. പഴശി രാജയുടെ വ്യതസ്ത മനോ ഭാവങ്ങള്‍ ഉള്‍ക്കൊണ്ടു മമ്മൂട്ടി ടൈറ്റില്‍ റോളില്‍ തിളങ്ങി. എടച്ചേന കുങ്കനായി ശരത് കുമാറിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും എം.ടിയ്ക്കും ഹരിഹരനും അഭിമാനിക്കാം.
3. പുതിയൊരു ആഖ്യാന രീതിയായിരുന്നു രഞ്ജിത് ശങ്കര്‍ പാസഞ്ചര്‍ എന്ന സിനിമയ്ക്ക് ഉപയോഗിച്ചത്. അഭിനയിക്കുന്ന നടീ നടന്മാരുടെ മാര്‍ക്കറ്റ് വാല്യൂ പൂര്‍ണമായും നിരാകരിച്ച് കഥാപാത്രങ്ങള്‍ മാത്രം തിരശീലയില്‍ ഉയര്‍ന്നു നിന്നപ്പോള്‍ പുതുമയുള്ള ഒരു സിനിമ ആയിരുന്നു ഈ സംവിധായകന്റെ കന്നി സംരഭത്തിലൂടെ മലയാളത്തിനു ലഭിച്ചത്. ആ പുതുമ മാത്രം മതി, ഈ വര്‍ഷമിറങ്ങിയ മറ്റു സിനിമകളില്‍ നിന്നു ഈ ചിത്രത്തെ വേറിട്ട് നിര്‍ത്താന്‍. രഞ്ജിത് ശങ്കര്‍ ... ഇനിയും നല്ല സിനിമകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.
4. ഭ്രമരം - ഒരു റോഡ് മൂവി. അനുഗ്രഹീത സംവിധായകന്‍ ബ്ലെസ്സിയും മഹാനടന്‍ മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ പ്രതീക്ഷകള്‍ മാനം മുട്ടി. അതിനു ഒരു കോട്ടവും തട്ടാതെ മികച്ച ഒരു ചിത്രമാണ് ബ്ലെസ്സി ഭ്രമരം വഴി സമ്മാനിച്ചത്. മോഹന്‍ ലാലിന്‍റെ അതുല്യ അഭിനയ പാടവം എടുത്തു പറയുക തന്നെ വേണം. ക്യാമറ കൈകാര്യം ചെയ്ത രീതിയും അഭിനന്ദനാര്‍ഹം. മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ കോരിയിട്ടു സിനിമ തീരുമ്പോള്‍ വീണ്ടും നല്ല ഒരു സിനിമ കണ്ട സന്തോഷം മനസ്സില്‍.
5. നീലത്താമര - മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം, സൌന്ദര്യം കോരി നിറച്ച ഫ്രെയിമുകള്‍ സ്വപ്നം കാണുന്ന സംവിധായകന്‍... ഈ സിനിമ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഫ്രഷ് സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയ ഈ ചിത്രം പുതു മുഖങ്ങളുടെ ശ്രദ്ധേയമായി അരങ്ങേറ്റത്തിനും വഴിയൊരുക്കി. വിദ്യാസാഗര്‍-ശരത് വയലാര്‍ കൂട്ടുകെട്ടിന്റെ സംഗീത വിഭാഗത്തിനും ഈ സിനിമയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്.
6. പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ: ടി. പി രാജീവന്റെ അതെ പേരിലുള്ള നോവല്‍ സിനിമയാക്കുമ്പോള്‍ വലിയൊരു വെല്ലുവിളി ആയിരുന്നു സംവിധായകന്‍ രഞ്ജിത് നേരിട്ടത്. പഴയ കാലഘട്ടത്തിന്റെ കഥ അതിന്റെ പുതുമ ഒട്ടും ചോരാതെ അഭ്രപാളികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം വിലയിരുത്താന്‍. സ്വന്തം കയ്യൊപ്പ് ഈ സൃഷ്ടിയുടെ മേല്‍ ചാര്‍ത്തുന്നതിലും രഞ്ജിത്ത് മികച്ചു നിന്നു. മമ്മൂട്ടിയുടെ സമാനതകളില്ലാത്ത അഭിനയവും ഈ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളും സ്വാഭാവികമായി തന്നെ വെള്ളിത്തിരയില്‍ വന്നു പോകുന്നു, പ്രേക്ഷകന്‍റെ മനസ്സില്‍ ഇരിപ്പിടം സ്വന്തമാക്കി തന്നെ.
7. മധ്യവേനല്‍ - വര്‍ത്തമാന കാല കേരളത്തിന്റെ നേരെ ക്യാമറ തിരിച്ചു വെച്ച സിനിമ. മധു കൈതപ്രം സംവിധാനം ചെയ്ത ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും 2009 ഇല്‍ മികച്ചു നിന്ന ഒരു ശ്രമമാണ്. മനോജ് കെ ജയനും ശ്വേതാ മേനോനും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.
8. ഭാഗ്യദേവത - സത്യന്‍ അന്തിക്കാട് പ്രതീക്ഷ തകര്‍ത്തില്ല. ഒരു കുഞ്ഞു സിനിമ, മനോഹരമായി അടുക്കും ചിട്ടയോടും കൂടി ഒരുക്കിയിരിക്കുന്നു. ഇതൊരു മലയാളിയും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. ജയറാം തന്‍റെ ഭാഗം കൃത്യമായി നിര്‍വഹിച്ചു. കനിഹയും മോശമാക്കിയില്ല. പക്ഷെ ബെസ്റ്റ് ഇന്‍ ദി ലോട്ട് പുതു മുഖം ചെമ്പില്‍ അശോകനാണ്. മലയാള സിനിമയിലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഗ്രാമീണ മുഖങ്ങളെ ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരില്‍ കൂടി തിരിച്ചു കിട്ടുമെന്ന് പ്രത്യാശിക്കാം.
9. ഋതു- പരീക്ഷണ സിനിമ. ഭൂരിഭാഗം ഐ.ടി തൊഴിലാളികളുടെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നില്ല എങ്കിലും ചെറിയ ഗ്രൂപ്പിന്റെ കഥ തന്മയത്വത്തോടു കൂടി സംവിധായകന്‍ ശ്യാമപ്രസാദ് അവതരിപ്പിച്ചിരിക്കുന്നു. ഇവിടെയും പുതുമുഖങ്ങള്‍ നിരാശപ്പെടുത്തിയില്ല.
10. ലൗഡ് സ്പീക്കര്‍ - ജയരാജ് മലയാളിക്ക് വീണ്ടും നൊസ്റ്റാള്‍ജിയ സമ്മാനിച്ചു. മറ്റൊരു ചെറിയ പടം, വലിയ ബഹളങ്ങള്‍ ഒന്നും തന്നെയില്ലാതെ പറഞ്ഞു പോകുന്നു. അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം അതിന്റെ തനിമ ചോരാതെ വീണ്ടും അവതരിപ്പിച്ചത് ശ്രദ്ധേയം. മമ്മൂട്ടിയുടെ ഒപ്പം ശശി കുമാറിന്റെ അഭിനയവും പ്രശംസ അര്‍ഹിക്കുന്നു.
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം മികച്ച സൃഷ്ടികള്‍ ആവണമെന്നില്ല. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവയാണ് ഈ വര്‍ഷത്തെ മികച്ച ആദ്യത്തെ പത്തു സിനിമകള്‍ എന്നെനിക്കു തോന്നുന്നു. തെറ്റാവാം ചിലപ്പോള്‍ ശരിയുമാകാം.
ഇനിയുമുണ്ട്...., ടു ഹരിഹര്‍ നഗര്‍, ഭാര്യ സ്വന്തം സുഹൃത്ത്, മകന്റെ അച്ഛന്‍, വൈരം, പുതിയ മുഖം, ഗുലുമാല്‍, കാണാ കണ്മണി, ഇവര്‍ വിവാഹിതരായാല്‍, ബനാറസ്, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയവ. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച സൂഫി പറഞ്ഞ കഥ, പത്താം നിലയിലെ തീവണ്ടി എന്നെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇനിയും ചിത്രങ്ങള്‍ റിലീസ് ആവാനുമുണ്ട്. ചട്ടമ്പി നാട്, ഇവിടം സ്വര്‍ഗമാണ്, ഹാപ്പി ഹസ്ബന്റ്സ് തുന്ടങ്ങി...അവയെല്ലാം വിജയങ്ങള്‍ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒപ്പം മലയാള സിനിമയുടെ നല്ല കാലം തിരിച്ചു വരുന്നതിനെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യാം.
Saturday, December 12, 2009
"മാത്സ് സാര്‍"
കിഴക്കേ വീട്ടിലെ പരമേശ്വരന്‍ കൊച്ചാട്ടന്റെ പറമ്പിലെ പുളി മരത്തിലെ ഇലയും മരം പെയ്ത വെള്ളവും എല്ലാം കൂടി ഇതിനകം തന്നെ കസേരയില്‍ പട്ടയമെടുത്തിരുന്നു. അതെല്ലാം തുടച്ചു വൃത്തിയാക്കി സുഭാഷ് അതില്‍ ഇരിപ്പുറപ്പിച്ചു.
"ഇന്നാണല്ലോ ചിത്തുവിന്റെ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വരുന്നത്....ഛെ... അയ്യോ..ദൈവമേ..." ഒരാവശ്യവുമില്ലാതെ ഈ ചിന്ത എന്തിനാണ് ഇപ്പോള്‍ മനസ്സില്‍ പണ്ടാരമടങ്ങുന്നത് എന്ന് ചിന്തിക്കാന്‍ സുഭാഷിന് ന്യായമായും അവകാശമുണ്ട്. കാരണം, സ്ഥലത്തെ പ്രധാന പയ്യന്‍സ് ചിത്തുവിന് ഇംഗ്ലീഷ് കുറെ കാലം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നൊരു തെറ്റ് (അബദ്ധം എന്നും പറയാം) സുഭാഷ് ചെയ്തിട്ടുണ്ട്. തെറ്റില്‍ നിന്നും പഠിക്കാതെ ഇപ്പോഴും നിര്‍ബാധം ആ ക്രിയ തുടര്‍ന്ന് പോരുന്നുമുണ്ട്. ഇനിയും ഇത് തുടര്‍ന്ന് കൊണ്ട് പോയാല്‍ എം.എ വരെ പഠിച്ചതെല്ലാം മറന്നു പോവും എന്ന പേടി മനസിലുള്ളത് കാരണം തെറ്റ് തിരുത്തല്‍ നടപടിക്കു ഒരു കാരണവും നോക്കി ഇരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.
അതിനു എന്തെങ്കിലും കാരണം തടയും എന്ന് സമാധാനിച്ചു, പി.എസ്.സി പുസ്തകങ്ങള്‍ ഓരോന്നായി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ഇതിലേതു ആദ്യം തുറക്കണം എന്ന കണ്‍ഫ്യൂഷന്‍ മനസ്സില്‍ വന്നു പോവുന്നതിനുള്ളില്‍, ഒരു ഗാനത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തിലിങ്ങനെ അലയടിച്ചു വന്നു. "രാഗേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല......രജനി........" റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി ടോര്‍ച്ചും തെളിച്ചു കയറ്റം കയറി വരികയാണ് കഥാ നായകന്‍ ചിത്തു. റബ്ബര്‍ തോട്ടത്തില്‍ കൂടി സന്ധ്യ മയങ്ങിയതിനു ശേഷം നടക്കുമ്പോള്‍ നാട്ടില്‍ ചെറുപ്പക്കാര്‍ തുടര്‍ന്ന് പോരുന്ന ശീലം പിന്തുടരുക മാത്രമാണ് അവന്‍ ചെയ്തത്... അല്ലാതെ പേടിച്ചിട്ടൊന്നുമല്ല പാട്ട് പാടിയത്.
"നമുക്ക് പാറമുക്കില്‍ പോയി തട്ട് ദോശ കഴിച്ചാലോ സുഭാഷ് അണ്ണാ.....?"... ഈ സ്ഥിരം നമ്പര്‍ ഇന്നും ഇറക്കാം എന്നാണു രാവിലെ കോളേജില്‍ വെച്ച് റിസള്‍ട്ട് അറിഞ്ഞപ്പോള്‍ ചിത്തു മനസ്സില്‍ കരുതിയത്. .. പക്ഷെ അമ്മ ചതിച്ചു....! സാറിനെ മയക്കാന്‍ ദോശ വാങ്ങാന്‍ വേണ്ടി, തലേന്നാള്‍ ഒട്ടുപാല്‍ അടിച്ചുമാറ്റി വിറ്റ വകയില്‍ ബാക്കിയുണ്ടായിരുന്ന കുറച്ചു കാശ് മാറ്റി വെച്ചിരുന്നു. അത് എവിടെയാണ് വെച്ചതെന്ന് ഓര്‍ത്തോര്‍ത്തു തപ്പി കൊണ്ടിരിക്കുമ്പോഴാണ്, അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത്.."അതിന്നു രാവിലെ എടുത്തു മീന്‍കാരന്‍ ബഷീറിനു കൊടുത്തു.." എന്ന്. "ഈ അമ്മേടെ ഒരു കാര്യം.." എന്നും മനസ്സില്‍ കരുതി ടോര്‍ച്ചും എടുത്തു വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ കരുതിയത് ഇങ്ങോട്ട് വരുന്ന വഴിക്ക് എന്തെങ്കിലും നമ്പര്‍ ആലോചിക്കാമെന്ന്. പക്ഷെ ഈ നശിച്ച പേടി കാരണം ഓടിയത് കൊണ്ട് പെട്ടന്ന് ഇവിടെ എത്തുകയും ചെയ്തു, ആലോചിക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ല..
ഇനിയിപ്പോ എന്ത് ചെയ്യാനാ...പതുക്കെ തുടങ്ങുക തന്നെ..."പിന്നെയുണ്ടല്ലോ സുഭാഷ് അണ്ണാ..." അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി നോക്കിയിരുന്ന സുഭാഷ് സര്‍ കീരിക്കാടന്‍ ജോസിനെ പോലെ മുഖവും വക്രിപ്പിച്ച് ക്രൂരനായി. ...
" ആ ഉണ്ടെടാ ഉണ്ട്....നീ എന്ത് തേങ്ങാക്കൊല എടുക്കനാടാ പഠിക്കാന്‍ പോവുന്നെ? ഡാ...ഇനി എന്ത് ചെയ്യാനാ നിന്റെ ഭാവം...നിന്റെ അച്ഛന്റേം അമ്മേടേം അടുത്ത് ഞാന്‍ എന്ത് സമാധാനം പറയും...നിനക്ക് പഠിക്കണം എന്ന് വല്ല ചിന്തയും ഉണ്ടോടെയ്..... *&&& $%#$$% *****%^^@#%%$%^............ കോപ്പേ നിനക്കെത്ര മാര്‍ക്കുണ്ടെടാ ഇംഗ്ലീഷ് നു........?"
"ദൈവമേ..., ആരോ നേരത്തെ വന്നു മാര്‍ക്കും റിസള്‍ട്ട് ഉം കൊളുത്തി കൊടുത്തിട്ടുണ്ട് ... ആ റെനി ആയിരിക്കണം...ഇന്നലെ പറക്കോട് സിനിമ കാണാന്‍ പോയപ്പോള്‍ അവനെ വിളിക്കാത്തതിനു പകരം ചോദിച്ചതാ ആ തെണ്ടി.... നീ നാളെ കോളേജില്‍ വാടാ കോപ്പേ... നിന്നെ കാണിച്ചു തരുന്നുണ്ട്..."
അമേരിക്കയില്‍ കൂടെ കൊണ്ട് പോകുവാന്‍ വേണ്ടി മോഹന്‍ലാലിന്‍റെ മുന്നില്‍ കയ്യും കെട്ടി നില്‍ക്കുന്ന ശ്രീനിവാസനെ പോലെ ചിത്തു സുഭാഷ് സാറിന്റെ മുന്നില്‍ നിന്നു. സാര്‍ അല്‍പ നേരം ഗ്യാപ്പിട്ട് റസ്റ്റ് എടുത്തു വീണ്ടും തെറി വിളിക്കാന്‍ തുടങ്ങി.
ഈ സമയത്താണ് ബീന ചേച്ചിയുടെ പ്രത്യേക അനുവാദവും വാങ്ങി ഒന്നിന് പോകുവാന്‍ വേണ്ടി ബിനുവണ്ണന്‍ അവരുടെ വീടിനു വെളിയില്‍ ഇറങ്ങിയത്. (പേര് കേള്‍ക്കുമ്പോള്‍ ബീന ബിനുവിന്റെ ചേച്ചിയാണോ എന്ന് തോന്നിയെങ്കില്‍ തെറ്റി.... അങ്ങേരുടെ ഭാര്യയാണ് ബീന ചേച്ചി...). സ്വസ്ഥമായി മനുഷ്യനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സമ്മതിക്കില്ലെടെയ് എന്നും കരുതി ബഹളം കേട്ട സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ നോക്കുമ്പോള്‍ സാറും കുട്ടിയും അവിടെ ടോം&ജെറി കളിക്കുന്നു.
സ്ഥലത്തെ തല മൂത്ത ചെറുപ്പക്കാരന്‍ എന്ന നിലയില്‍ അവിടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ന്യായമായും തനിക്കുള്ള അവകാശം കണക്കിലെടുത്ത് ബീന ചേച്ചി അവിടെയെങ്ങാനും ഉണ്ടോയെന്നു ഒളികണ്ണിട്ടു നോക്കി ഇല്ലെന്നുറപ്പു വരുത്തി സംഭവ സ്ഥലത്തേയ്ക്ക് ബിനുവണ്ണന്‍ ഗമിച്ചു.
"എന്തുവാ സുഭാഷേ കാര്യം?.... എന്തുവാടാ ചിത്തു ഇവന്‍ ചുമ്മാ കിടന്നു ബഹളം വെയ്ക്കുന്നത്..?
"ഒന്നുമില്ലെടെയ് അണ്ണാ.... എന്‍റെ മാര്‍ക്കറിഞ്ഞു.... :(....."
ആരുടെയെങ്കിലും മുന്നില്‍ ചിത്തുവിനോടുള്ള ദേഷ്യം അനര്‍ഗള നിര്‍ഗളമായി പ്രവഹിപ്പിക്കാന്‍ കിട്ടിയ അവസരം സുഭാഷ് സാര്‍ നല്ലത് പോലെ വിനിയോഗിച്ചു.
"ഇയാള് കേക്കടെ ബിനു അണ്ണാ.....ഇവനെയൊന്നും പഠിപ്പിച്ചിട്ടു ഒരു കാര്യവുമില്ല..... ഒന്ന് ആലോചിച്ചു നോക്കടേ......ഞാന്‍ പഠിപ്പിച്ച ഗ്രാമര്‍......ഞാന്‍ പഠിപ്പിച്ച 2 മാര്‍ക്ക് ചോദ്യങ്ങള്‍........എസ്സെയും ഞാന്‍ പഠിപ്പിച്ചത്.....ഞാന്‍ പഠിപ്പിച്ചു കൊടുത്ത പാരഗ്രഫ്.....ഇവന്റെ പരീക്ഷയ്ക്ക് എന്തൊക്കെ ചോദിച്ചോ അത് മുഴുവന്‍ ഞാന്‍ ഇവന് നേരത്തെ പറഞ്ഞു കൊടുത്തിട്ടുള്ളത് .....അതെല്ലാം അത് പോലെ തന്നെയാ പരീക്ഷയ്ക്ക് വന്നത്... എന്നിട്ട് വാങ്ങിച്ചോണ്ട് വന്നിരിക്കുന്ന മാര്‍ക്ക് കണ്ടില്ലേ...എനിക്കൊന്നും വയ്യ ഇനി ഇവനെ പഠിപ്പിക്കാന്‍....."
"പിന്നെ....ഇല്ലെങ്കി ഇയാള് കൊറേ അങ്ങ് പാപ്പിച്ചു....." എന്ന് കരുതി വിനീതനായി നില്‍ക്കുന്ന ചിത്തുവിനോട് ഇതെല്ലം ശ്രദ്ധയോടെ കേട്ട ബിനുവണ്ണന്‍ ചോദിച്ചു...." എടാ ചിത്തു, ഇങ്ങനെയൊക്കെ പഠിച്ചാല്‍ മതിയോ...? ഒന്നുമില്ലെങ്കി നിന്‍റെ അച്ഛനെ പറ്റിയെങ്കിലും ഒന്നോര്‍ക്കണ്ടേ.....?"
പിന്നെ പിന്നെ... ഇയാള് പഠിക്കാന്‍ പോയപ്പോള്‍ ഫുള്‍ ടൈം സുകുമാരന്‍ കൊച്ചാട്ടനെ ഓര്‍ക്കുവാരുന്നല്ലോ......ഒന്ന് പോടേ അണ്ണാ..." മനസിന്റെ ചിന്ത പെട്ടന്ന് ഇങ്ങനെ ചേഞ്ച് ചെയ്തു നില്‍ക്കുന്ന ചിത്തുവിനോട് വീണ്ടും ബിനുവണ്ണന്‍ ചോദിച്ചു...
"അതൊക്കെ പോട്ടെ എന്നാലും നിനക്ക് കണക്കിന് എത്ര മാര്‍ക്കുണ്ട്.........?"
ഇത് കേട്ട ഉടനെ ചിത്തുവും അവനു ഇംഗ്ലീഷ് പറഞ്ഞു കൊടുത്ത സാറും പിണക്കമെല്ലാം മറന്നു ഒന്നായി ദോശ കഴിക്കാന്‍ പോയി..... എന്താണ് സംഭവിച്ചതെന്നറിയാതെ ബിനുവണ്ണന്‍ ഉറങ്ങാന്‍ വേണ്ടി തിരിച്ചു വീട്ടിലേക്കും....
ഈ സംഭവത്തിനു ശേഷമാണ് ബിനു അണ്ണനെ അയാളുടെ സീമന്ത പുത്രി ഗംഗ അടക്കം "മാത്സ് സാര്‍" എന്ന് വിളിച്ചു തുടങ്ങിയത്...!
Friday, December 11, 2009
ഗാനം ഒരനുഭവം
പാട്ട് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപെടാത്തത്. മനസിന്റെ നീറ്റലും പുകച്ചിലും എല്ലാം വെള്ളമൊഴിച്ച് കെടുത്തി, നമ്മളെ സങ്കല്‍പ്പത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് കൊണ്ട് പോകാന്‍ സംഗീതത്തിന് കഴിയും എന്നും ഞാന്‍ വിശ്വസിക്കുന്നു. ..
സംഗീതം ഇന്ദ്രിയങ്ങളെ പോലെയാണെന്ന് ആരോ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ വായിക്കാനിടയായി. ഒന്നാലോചിക്കുമ്പോള്‍ അത് ശരി തന്നെയല്ലേ.എത്ര എത്ര ഓര്‍മകളാണ് ഒരു ഗാനം കേള്‍ക്കുമ്പോള്‍ മടങ്ങി വരുന്നത്. ചില പാട്ടുകള്‍ എപ്പോള്‍ കേട്ടാലും, ആദ്യമായി എപ്പോഴാണോ ആ പാട്ട് കേള്‍ക്കാനിടയായത് ആ ചുറ്റുപാടും ഗന്ധവും ഒക്കെ വീണ്ടും അനുഭവിക്കാന്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഓര്‍മകളുടെ തിരിച്ചു കിട്ടലുകലെയാണ് ഇവിടെ ഞാന്‍ കോറിയിടുന്നത്.
---------------------------------------------------------------------------------
കാലം 1990. എല്‍.പി സ്കൂള്‍ വിദ്യാഭാസ കാലഘട്ടം. കളിയും ചിരിയുമായി, ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ കൂടിയുള്ള യാത്ര പരിചിതമല്ലാത്ത, സന്തോഷിച്ചു തീര്‍ത്ത ദിനരാത്രങ്ങള്‍. അന്നൊക്കെ എല്ലാ വിദ്യാലയങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സിനിമ പ്രദര്‍ശനങ്ങള്‍ പതിവായിരുന്നു. വലിയൊരു ഹാളിന്റെ ഒരു വശത്ത് പിടിച്ചു കെട്ടിയിരുന്ന വലിയ വെളുത്ത തുണിയില്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ മിന്നി മറയുന്നത് ആവേശത്തോടെ കണ്ടിരുന്ന കുട്ടികള്‍. സിനിമാകൊട്ടകകളില്‍ പോയി ആ ദൃശ്യങ്ങള്‍ അനുഭവമില്ലാതിരുന്ന
നാട്ടിന്‍പുറത്തെ കുഞ്ഞുങ്ങള്‍ ആണ്ടിലൊരിക്കല്‍ വരുന്ന ഈ ദിവസത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു സിനിമ പ്രദര്‍ശന ദിവസത്തിലേക്ക്.
ഞാനന്ന് ഒന്നാം ക്ലാസ്സില്‍. ആ തവണ സ്കൂളില്‍ കളിക്കാനായി കൊണ്ട് വന്ന സിനിമ 'ശ്രീകൃഷ്ണ പരുന്ത്'. എല്‍.പി സ്കൂളിലെ കുട്ടികളുടെ മുന്നില്‍ ഇത് പോലൊരു സിനിമ കാണിക്കാന്‍ സമ്മതിച്ചതിന്റെയും അത് കൊണ്ട് വന്നതിന്റെയും പുറകിലെ സാംഗത്യം എന്നോട് ചോദിക്കരുത് പ്ലീസ്.. അത് ഇത് വരെ എനിക്ക് മനസിലാവാത്തത് കൊണ്ടാണ്.
തലേ ദിവസം തന്നെ ഇങ്ങനെയൊരു കലാപരിപാടിയുടെ അറിയിപ്പ് സ്കൂള്‍ അധികൃതര്‍ എല്ലാ കുട്ടികള്‍ക്കും കൈമാറിയിരുന്നു. കുട്ടികളുടെ വീട്ടുകാരെയും അടുത്തുള്ളവരേയും കൂട്ടി കൊണ്ട് വന്നു ടിക്കറ്റ് വാങ്ങി സിനിമ കണ്ടു ഇതൊരു വന്‍പിച്ച വിജയമാക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. അതാവണം, പ്രദര്‍ശനം തുടങ്ങുന്ന സമയം അടുത്തപ്പോഴേക്കും
സ്കൂള്‍ അങ്കണം നിറഞ്ഞു കവിയാന്‍ പാകത്തില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നത്.
മഞ്ഞ നിറമുള്ള ടിക്കറ്റ് കീറാന്‍ വേണ്ടി നില്‍ക്കുന്ന ടിക്കറ്റ് കളക്ടര്‍മാരെ ആരാധനയോടെ നോക്കി, വീട്ടില്‍ നിന്നും തന്ന 50 പൈസ കീശയില്‍ ഉണ്ടെന്നു പലവട്ടം ഉറപ്പു വരുത്തി ക്യൂവിന്റെ ഒരറ്റത്ത് ഞാനും ചേര്‍ന്ന് നിന്നു; വലുതാകുമ്പോള്‍ എന്താവണം എന്ന അധ്യാപകരുടെ ചോദ്യത്തിന് ഉത്തരവും കണ്ടു പിടിച്ച്.
അടുത്തുള്ള പറമ്പുകളിലെ തെങ്ങിലും മാവിലും വലിച്ചു കെട്ടിയിരുന്ന കോളാമ്പികളില്‍ നിന്നു പാട്ടുകള്‍ ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ പാട്ടുകളും കേട്ട് പൊരിവെയിലില്‍ ഹാളിനുള്ളില്‍ കയറാനുള്ള വ്യഗ്രതയോടെ നില്‍ക്കുമ്പോള്‍ കര്‍ണ്ണങ്ങളില്‍ വന്നലച്ച ഒരു ഗാനം വല്ലാതെ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. " കുഞ്ഞിക്കിളിയേ കൂടെവിടെ, കുഞ്ഞോമന നിന്‍ കൂടെവിടെ...".. അതിന്റെ കാരണമെന്തെന്നു എനിക്കറിയില്ല, പക്ഷെ, എന്തോ അന്ന് മുതല്‍ എന്റെ മനസിലെ സ്ഥിരം സാന്നിധ്യമായി ആ ഗാനം. ആറു വയസുകാരന്റെ മനസ്സില്‍ ചലനമുണ്ടാക്കാന്‍ പാകത്തിലുള്ള ഒരു ഗാനമാണ് അതെന്നു ഇന്നും എനിക്ക് തോന്നുന്നില്ല. പക്ഷെ അതിനു ശേഷം എപ്പോള്‍ ആ പാട്ട് കേട്ടാലും ഞാന്‍ പതുക്കെ ഒരു ആറു വയസുകാരനാവും.
വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ കൂടി ആ ഗാനം എപ്പോള്‍ കേള്‍ക്കാനിടയായാലും അറിയാതെ ഞാനതിലെയ്ക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ആയാസരഹിതമായ അഭിനയമോ, ശ്രീജയുടെ സൌന്ദര്യമോ എം.ജി. ശ്രീകുമാറിന്റെ ആലാപന സൌകുമാര്യമോ ..ഒന്നുമല്ല അതിനു കാരണം. ഒരു നാടും, ഒരു ചെറിയ സ്കൂളും, തോരണങ്ങളും വരി വരിയായി നില്‍ക്കുന്ന കുഞ്ഞുങ്ങളും മനസ്സില്‍ വസന്തത്തിന്റെ സുഗന്ധം സൃഷ്ട്ടിക്കുന്ന ഓര്‍മകളുടെ ആഘോഷമാണ്......
ഗാനം - കുഞ്ഞിക്കിളിയേ കൂടെവിടെ...
രചന - ഓ.എന്‍.വി
സംഗീതം - എസ്.പി വെങ്കടേഷ്
ആലാപനം - എം.ജി ശ്രീകുമാര്‍
വര്‍ഷം - 1990
രാഗം - മധ്യമാവതി
ചിത്രം - ഇന്ദ്രജാലം
സംവിധാനം - തമ്പി കണ്ണംതാനം
അഭിനേതാക്കള്‍ - മോഹന്‍ലാല്‍, എം.ജി ശ്രീകുമാര്‍
കുഞ്ഞിക്കിളിയേ കൂടെവിടെ...
കുഞ്ഞോമന നിന്‍ കൂടെവിടെ..
എന്റെ കൂട്ടില്‍ നീ പോരാമോ..
എന്നോടുത്തു നീ പാടാമോ..
പാടത്തെ പൂ നുള്ളാന്‍
മാറാതെ ചൂടെല്‍ക്കാന്‍... (കുഞ്ഞിക്കിളിയേ )
ആനക്കെടുപ്പതു പൊന്നും കൊണ്ടേ
ആമാട പെട്ടിയുമെന്തി കൊണ്ടേ.. (2)
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങലണിഞ്ഞ കിനാവേ പോരൂ നീ...(കുഞ്ഞിക്കിളിയേ)
പാതി വിടര്‍ന്നൊരു പൂക്കളുമായി
പാതിരയാരെയോ കാത്തു നില്‍ക്കെ
ഈ കടലിന്‍ കൈകള്‍ ഏതോ
നീര്‍ക്കിളിയെ താരാട്ടുവാന്‍
പാടിയണഞ്ഞ കിനാവിനെ
മാറോട് ചേര്‍ത്തു ഞാന്‍.. (കുഞ്ഞിക്കിളിയേ)
Sunday, December 6, 2009
'കുരി' റെയില്‍വേ സ്റ്റേഷന്‍
ഇതിലെ കടന്നു പോയിരുന്ന ട്രെയിനുകളുടെ സമയ വിവരങ്ങളും, യാത്ര നിരക്കുകളും.
ബ്രോഡ് ഗേജ് മാറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന പുതിയ റെയില്‍വേ സ്റ്റേഷന്‍ നു വേണ്ടിയുള്ള കെട്ടിടം..
(ചിത്രങ്ങള്‍ എല്ലാം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതാണ്.)
Thursday, December 3, 2009
Wednesday, December 2, 2009
Tuesday, December 1, 2009
ഇവര്‍ നമുക്ക് നാണക്കേടാണോ ???
ഈ ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്നാല്‍ പൊതുജനം എന്ന കഴുത. കാരണം ഈ പറയുന്നവരെ നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും നമ്മള്‍ തന്നെയാണല്ലോ.
പറഞ്ഞു വരുന്നത് ലോക്സഭയിലെ കുറച്ചു എം.പി മാരുടെ കാര്യമാണ്. തങ്ങള്‍ക്കു ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണം, അതിനാല്‍ കുറെയധികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, എന്നിട്ട് അതിന്റെ ഉത്തരവും കിട്ടി സമാധാനമായിട്ടെ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളു എന്നൊക്കെ കുറെ ജനപ്രതിനിധികള്‍ പറഞ്ഞത്രേ. ഇവരുടെ ആരംഭശൂരത്വം കണ്ടു ആവേശം പൂണ്ട ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ മീര മാഡം "എങ്കില്‍ നിങ്ങള്‍ ചോദ്യോത്തര വേളയില്‍ നിങ്ങളുടെ സംശയനിവാരണം വരുത്തിക്കോളൂ" എന്നും പറഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്കെല്ലാം കാലേകൂട്ടി സമയവും കുറിച്ചങ്ങ് കൊടുത്തു.
സഭ തുടങ്ങി, ചോദ്യോത്തര വേളയായി, ഉരുളക്കുപ്പേരി പോലെ ഉത്തരം കൊടുക്കാന്‍ മന്ത്രിമാര്‍ റെഡി, ചോദ്യവും ഉത്തരവും കേള്‍ക്കാന്‍ സഭയിലെ മറ്റു അംഗങ്ങളും റെഡി, ക്യാമറ റെഡി, മീഡിയ റെഡി, പൊതു ജനവും റെഡി.... പക്ഷെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചു സമയം വാങ്ങിയ എം.പി മാരെ മാത്രം കാണുന്നില്ല. എന്ത് പറ്റി ഇവര്‍ക്കെന്നു ആലോചിച്ചു തല പുണ്ണാക്കണ്ട, കാരണം ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിച്ചിരുന്നവരില്‍ മൂന്നു പേരൊഴികെ ആരും സഭയില്‍ ഹാജരല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇവര്‍ സഭ കട്ട് ചെയ്തു. എന്നിട്ട് സിനിമയ്ക്ക് പോയോ, പാര്‍ക്കിലോ ബീച്ചിലോ കറങ്ങാന്‍ പോയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ കാരണം അര മണിക്കൂര്‍ നേരം സഭ നിര്‍ത്തി വെക്കേണ്ടി വന്നെന്നും, ആ വകയില്‍ ജനങ്ങളുടെ കീശയില്‍ നിന്നും കുറെ ചില്ലറകള്‍ ആവിയായി പോയെന്നും മാത്രമറിയാം.
മലയാളികള്‍ എന്തിനു കുറയ്ക്കണം. എന്തിനും മുന്‍നിരയില്‍ മലയാളികള്‍ ഉണ്ടാവും എന്നത് പോലെ, സഭയില്‍ ചോദ്യോത്തര വേളയില്‍ സമയം പിടിച്ചു വാങ്ങിയിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹാജരാവാതിരുന്നവരുടെ പട്ടികയില്‍ നാല് കേരള എം.പി മാരും സ്ഥാനം പിടിച്ചിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട് ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.
വാല്‍ക്കഷണം: എം.പി എന്ന് പറഞ്ഞാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് തന്നെയല്ലേ ഇപ്പോഴും? അതോ മ.പു (മണിയംപറ പുരുഷു) എന്ന് മാറ്റിയിട്ടില്ലല്ലോ....;)
Monday, November 30, 2009
നിലാവില്‍ കാണുന്ന സ്വപ്‌നങ്ങള്‍!
നിന്‍ മുഖമെന്നോര്‍മ്മയില്‍ തെളിയുമ്പോള്‍
അന്ന് പാടിയ പാട്ടിന്‍റെ ശീലുകള്‍
അറിയാതെ മനസിലിന്നോര്‍മ്മ വന്നു.
"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗതാളം,
നീയെനിക്കെന്നുടെ ആത്മമോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി
നിന്നോര്‍മ്മയെനിക്കെന്നും ജീവവായു."
കിനാവിലൊരു പൊന്‍ നിലാവത്ത്,
നിശാഗന്ധി വിരിയുന്ന നേരത്ത്,
നാമിരുവര്‍ മാത്രമാകുന്ന ലോകത്ത്,
പ്രിയസഖി നിന്നെ ഞാന്‍ കാത്തിരുന്നു.
മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച
സ്വപ്‌നങ്ങള്‍ നിനക്കായി ഞാന്‍ നെയ്തു കൂട്ടി.
മൊഴികളില്‍ അപൂര്‍വ സ്വരങ്ങള്‍ സമ്മേളിച്ച
സ്വപ്‌നങ്ങള്‍, പക്ഷെ, നീയറിയാതെ ആയിരുന്നു.
കൌമുദി കുംഭത്തിലെ എടും തേടി
നിനച്ചിരിക്കാതെയുള്ള യാത്രയില്‍
നിറമുള്ള സ്വപ്നങ്ങളും സ്വരങ്ങളും
രാത്രിമഴയില്‍ കുതിര്‍ന്നു പോയി.
മഴയൊന്നു ശമിച്ചപ്പോള്‍, പൊന്തുന്ന
പിഞ്ചിളം മുളകള്‍ക്കൊപ്പം,
എന്‍റെ സ്വപ്നങ്ങള്‍ക്കും നനുനനുത്ത
തലോടല്‍ ഏറ്റു.
പക്ഷെ,
അത് നീയെന്ന പോലെ
ഞാനും അറിഞ്ഞിരുന്നില്ല!
Thursday, November 26, 2009
26/11!
നാം എന്ത് നേടി? എന്ത് പഠിച്ചു? കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഭീകരതയെ നേരിടാന്‍ പ്രായോഗികമായ എന്ത് വഴികളാണ് ഇന്ത്യ കണ്ടു പിടിച്ചിട്ടുള്ളത്, എന്നിട്ടും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലേ? നിരപരാധികളുടെ ജീവന്‍ നിരത്തുകളില്‍ ചിന്നി ചിതറുന്നില്ലേ? എന്നാണു ഇതിനൊക്കെ ഒരവസാനം? നിരത്താന്‍ ന്യായങ്ങള്‍ ഒരുപാട് കണ്ടേക്കാം... പാകിസ്ഥാന്‍, അല്‍-ഖോയിദ, അമേരിക്ക, ചൈന, പ്രതിപക്ഷം..... എന്നാല്‍ ഇതിനൊക്കെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വില പറയാന്‍ മതിയായ കാരണങ്ങളാണോ? അധികാര വര്‍ഗം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഭീകരരുടെ കൂട്ടത്തില്‍ നിന്ന് ജീവനോടെ പിടി കൂടിയ കസബിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വരെ ചിലവിട്ടത് 35 കോടി രൂപയാണത്രേ. മഹാരാഷ്ട്ര ഒരു ദിവസം കസബിനു വേണ്ടി ചിലവിടുന്നത് ലക്ഷങ്ങളും. എന്തിനു വേണ്ടി? ഇനിയും ഒരു കാണ്ഡഹാര്‍ ആവര്‍ത്തിക്കണോ? ആവശ്യമുള്ള വിവരങ്ങള്‍ എത്രയും വേഗം, ഏതു വിധേനയും ലഭ്യമാക്കിയിട്ടു ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്നതെല്ലാ ഉള്ളു? ഇതൊക്കെ ആരോട് പറയാന്‍.....!
ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാവരുടെയും ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍!
Wednesday, November 25, 2009
തടയണ...!
വെള്ളത്തിനായ് കേഴും.
അന്നീ ഭൂമി, അതുണ്ടെങ്കില്‍,
തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......
തടഞ്ഞു നിര്‍ത്തി, കോരിക്കുടിച്ച് ദാഹം തീര്‍ക്കാം.
അതിനിപ്പോഴേ സ്വപ്നം കാണാം...!
Monday, November 23, 2009
സച്ചിനെതിരെ വീണ്ടും ശിവസേന...!
'സാമ്ന' യിലൂടെ ബാല്‍ താക്കറേ സച്ചിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. അവയുടെ അലകള്‍ ഒടുങ്ങും മുന്‍പേ ഇതാ വീണ്ടും ശിവസേന സച്ചിനെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് സേന എം.പി അജയ് റൌട്ട് ആണ്. സച്ചിന്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അല്ലത്രേ. പിന്നെയോ, ബി.സി.സി.ഐ. യ്ക്ക് വേണ്ടിയാണ് താനും. സച്ചിന്‍ മഹാനായ കളിക്കാരനാണ്, പക്ഷെ മഹാരാഷ്ട്രയെക്കാള്‍ വലിപ്പം ഉണ്ടാവില്ലെന്ന്. (ഈ വലിപ്പ ചെറുപ്പത്തിന്റെ അളവുകോല്‍ എന്തരോ എന്തോ..!) .
ഇനിയുമുണ്ട്..., സച്ചിനേക്കാള്‍ മഹാന്‍ ഗവാസ്കര്‍ അത്രേ.. ഒരു പക്ഷെ ആയിരിക്കാം.. പക്ഷെ സേനയുടെ അഭിപ്രായത്തില്‍ ഗവാസ്കര്‍ മഹാനാവുന്നത് അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യന്‍ ടീമില്‍ കൂടുതലും മറാത്ത കളിക്കാര്‍ ആയിരുന്നത്രെ (ഓ.. അപ്പോള്‍ ഇതാണ് ഒരാള്‍ മഹാനാവുന്നതിനുള്ള യോഗ്യത..)
അജിത് അഗാര്‍ക്കര്‍, സമീര്‍ ദിഗെ, റൊമേഷ് പവാര്‍, അതുല്‍ കുല്‍ക്കര്‍ണ്ണി, വസീം ജാഫര്‍ തുടങ്ങി നമ്മുടെ സ്വന്തം അബി കുരുവിള വരെ കുറേക്കാലം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് അവരുടെയൊക്കെ മിടുക്ക് കൊണ്ടെന്നാണോ സേന നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സച്ചിന്‍ എന്ന വടവൃക്ഷത്തിന്റെ തണല്‍ അവര്‍ക്ക് മീതെ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് (സച്ചിനോട് അല്പമെങ്കിലും നീരസം തോന്നുന്നത് ഈ കാര്യത്തില്‍ മാത്രമാണ്.)
ഗാംഗുലി ബംഗാളിനോട് കാണിക്കുന്ന വിധേയത്വം പോലും സച്ചിന് മുംബൈ യോട് ഇല്ലെന്നു. (അത് കൊണ്ടായിരിക്കും സച്ചിന്‍ സമയം കിട്ടുമ്പോഴൊക്കെ മുംബൈ യ്ക്ക് വേണ്ടി രഞ്ജിയില്‍ കളിയ്ക്കാന്‍ വന്നു പുഷ്പം പോലെ സെഞ്ച്വറി കള്‍ അടിച്ചിട്ട് പോവുന്നത്.എന്തിനേറെ പറയുന്നു. 2000 ത്തില്‍ തമിഴ് നാടിനെതിരെ സെമിയില്‍ ഡബിള്‍ സെഞ്ച്വറി യും, ഫൈനലില്‍ സെഞ്ച്വറി യും അടിച്ചു ഒറ്റയ്ക്ക് മുംബൈ യെ രണ്‍ജി ട്രോഫിയുടെ തലപ്പത്ത് എത്തിച്ചത്.)
മരുമകന്‍ താക്കേറെ കാരണം സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് മനസിലാക്കിയ സേന നേതാവും പരിവാരങ്ങളും നിലനില്‍പ്പിനു വേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിക്കുകയാണ് കുറെ നാളായി.
ഹാ.. കഷ്ടം ! എന്നല്ലാതെ വേറെന്തു പറയാന്‍.
വാല്‍ക്കഷണം: സ്വന്തം മണ്ണ് വാദം മുഖ്യ ആയുധമാക്കിയ താക്കേറെ കുടുംബം മുംബൈകാര്‍ അല്ലെന്നും, മദ്ധ്യപ്രദേശില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ആണെന്നുമാണ് ഒരു കോണ്‍ഗ്രസ് നേതാവ് ഇന്നലെ പ്രസ്താവന നടത്തിയത്.
Friday, November 20, 2009
ചാറ്റിങ് ഇന്‍ ഓഫീസ്!
മടുപ്പ് തോന്നിയ ഒരു മധ്യാഹ്ന നേരത്ത് ഒരേ കമ്പനിയില്‍, ഒരേ പ്രോജക്ടില്‍ ജോലി ചെയ്യുന്ന രണ്ടു സഹമുറിയന്മാരുടെ സംഭാഷണശകലങ്ങള്‍.
സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആയതു കൊണ്ട് സംസാരം ഓണ്‍ലൈന്‍ ആണ്. സംസാരിക്കാനുള്ള മാധ്യമം ആയി ഉപയോഗിച്ചിരിക്കുന്നത് 'സെയിം ടൈം ' എന്ന ചാറ്റിങ് ടൂളും (ഏതാണ്ട് നമ്മുടെ ജി-ടോക്ക് പോലെ).
ഒന്നാമന്‍ : അളിയാ..!
രണ്ടാമന്‍ : പറയളിയാ.....
ഒന്നാമന്‍ : മുട്ടന്‍ കണ്ടു പിടുത്തം..
രണ്ടാമന്‍: ഓ....
എന്തരു...
ആര് പിടിച്ചു.... ?
ഒന്നാമന്‍ : ലവളില്ലേ ലവളു ..!
രണ്ടാമന്‍ : ഡേയ് ആര് ...?
ഒന്നാമന്‍: മറ്റവള്‍ .. മുട്ടന്‍ ******** ഉള്ളവള്‍.....
രണ്ടാമന്‍ : ഇല്ലേടേ .. മനസിലായില്ല...
ഒന്നാമന്‍. : ഒന്ന് പോടാ.. അടി.. ആ.. ഡേയ് നിന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ചരക്ക്...
രണ്ടാമന്‍: ആര് മുകേഷിന്റെ കമ്പനിയാ.. ?
ഒന്നാ: അല്ല.. അവളല്ല.. അവള്‍ടെ ഓപ്പോസിറ്റ് ഇരിക്കുന്നത്....
രണ്ടാ: ആ.. ഓക്കേ ഓക്കേ...
ആ അവള്....
ഒന്നാ: ഡേയ് അവള് ഫ്രെഷര്‍ ആണ്...
രണ്ടാ: തന്നെ...?
ആ തടിച്ചിയോ ?...വന്‍ *****+*******?
ഒന്നാ: യാ യാ...
രണ്ടാ: തോറ്റു തോറ്റു കിടന്നതായിരിക്കും..
അവള്‍ക്കു നല്ല പ്രായം തോന്നിക്കും...
ഇപ്പോഴും മൊഖം വീര്‍പ്പിച്ചാ നടപ്പ്...
ഒന്നാ: അത് തന്നെ...
കണ്ടു പിടിത്തം വരാന്‍ പോകുന്നതേ ഒള്ളു..
രണ്ടാ: അതെന്തോന്നെടെയ്?
ഒന്നാ: ഡേയ് അവളു മലയാളി ആടേ.....!
രണ്ട.. : പോടാ... !!!!!!!!!!! അവളെന്തെങ്കിലും പറയുന്നത് കേട്ടാ?
ഒന്നാ: തന്നെ.....
അവള് പറയുന്നത് ഒന്നും കേട്ടില്ല
അവള്‍ടെ പേര് ഞാന്‍ ഓഫീസ് ഡയറക്ടറിയില്‍ കേറി കണ്ടു പിടിച്ചു...
രണ്ടാ: ഹ ഹ ഹ ഹാ
കൊള്ളാം കീപ് ഇറ്റ് അപ്പ്..
വെരി ഗുഡ് വര്‍ക്ക്..
ഒന്നാ: താങ്ക്യു താങ്ക്യു..
രണ്ടാ: ഡേയ് അവള്‍ടെ പേര് എന്തോന്ന്?
ഒന്നാ: സുപര്‍ണ ചന്ദ്രകുമാര്‍.
ഒന്നുകില്‍ മലയാളി, അല്ലെങ്കി തമിള്‍ അതുമല്ലെങ്കില്‍ ബോംബാളി(ബോംബെ മലയാളി)
ഇതിലേതെങ്കിലും ഒന്നുറപ്പ്...
രണ്ടാ: കലിപ്പ് അളിയാ കലിപ്പ്...
എങ്ങനെ പൊക്കി ?
ഒന്നാ: അതൊക്കെ കൊറേ കഷ്ട്ടപെട്ടടെയ്...
അവള്‍ടെ പേര് ഞാന്‍ 'സെയിം ടൈം' ഇല്‍ ആഡ് ചെയ്തു...
അവള് സീറ്റ് ഇല്‍ ഉണ്ടായിരുന്നപ്പോള്‍ സ്റ്റാറ്റസ് available ആയിരുന്നു...
കുറച്ചു കഴിഞ്ഞു സിസ്റ്റം ലോക്ക് ചെയ്തപ്പോ സ്റ്റാറ്റസ് away ആയി....
പിന്നെ അതിലുള്ള നമ്പറില്‍ വിളിച്ചു നോക്കി...
അവള് തന്നാ എടുത്തത്....
അങ്ങനെ ഒറപ്പിച്ചു.....!
രണ്ടാ: കൊള്ളാം അളിയാ.... തമ്മസിച്ചു നിന്നെ....
ഒന്നാ: hmmm
എന്നാലും ഛെ അതല്ലളിയ.....
രണ്ടാ: എന്ത്?
ഒന്നാ: ഇന്ന് രാവിലെ ഞാനും അവളും കൂടാ ലിഫ്റ്റില്‍ വന്നത്...
രണ്ടാ: എന്നിട്ട്!!!!!!!!!!!?
ഒന്നാ: ഈ വാതില്‍ തുറന്നു കൊടുത്തതും ഞാനാ....!!!!
രണ്ടാ: എന്നിട്ട്...?
ഒന്നാ : എന്നിട്ട് ഒന്നുമില്ല.. അവള് താങ്ക്സ് പറഞ്ഞിട്ട് പോയി.... അത്രേ ഒള്ളു...
മിസ്സ് ആയീ...
രണ്ടാ: കൊഴപ്പമില്ലെടെയ്.... നമ്പര്‍ വരും......
ഒന്നാ: ശരിയാ.. എങ്കി വാ.. താഴെ പോയി ചായ കുടിച്ചു ഒരു വലിയുമെടുത്തു വരാം...
രണ്ടാ.: ഓക്കേ.. വാ....
onnaman is away from his system.
randaman is away from his system.
Friday, October 16, 2009
ഡിസംബര്‍!
എല്ലാവര്ക്കും ദീപാവലി ആശസകള്‍!)
_________________________________________________________________
ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.
മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി. ആ ദിവസങ്ങളില്‍ ബാല്യകാലത്തിലെക്കുള്ള മടങ്ങിപോക്ക് എനിക്ക് സാധ്യമായിരുന്നു. പണ്ടു, കയ്യാലകളില്‍ പറ്റിപിടിച്ചു വളരുന്ന ചെടികളില്‍ തങ്ങി നില്ക്കുന്ന ഇളം കുളിരുള്ള ജലബാഷ്പങ്ങള്‍ ശ്രദ്ധയോടെ മിഴികള്‍ക്കുള്ളിലാക്കിയിട്ടു ഞാന്‍ കരയുകയാണ് എന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിക്കുകയും ചിലപ്പോള്‍ അവരാല്‍ പറ്റിക്കപ്പെടുകയും ചെയ്ത നാളുകള്‍. പക്ഷെ കാലങ്ങള്‍ക്കിപ്പുറം ഈ പ്രഭാത സവാരികള്‍ക്ക് എന്‍റെ നിഴല്‍ പോലും കൂട്ടുണ്ടായിരുന്നില്ല.
എന്നാലിന്ന് ഞാന്‍ ഡിസംബറിന്റെ പുലരികള്‍ ഇഷ്ട്ടപെടുന്നില്ല . അതിനു കാരണമുണ്ട് . കഴിഞ്ഞ ഡിസംബറും ഞാന്‍ കൊതിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന പുലരികള്‍ എനിക്ക് സമ്മാനിച്ചിരുന്നു. ആ പുലരികളില്‍ ഒന്നിലാണ് എന്റെ പ്രിയ സുഹൃത്ത് ജീവിതത്തിന്റെ അവസാന അദ്ധ്യായവും എഴുതി തീര്‍ത്ത് മഷിയുണങ്ങാത്ത പേനയുമായി ഈ ലോകത്തിന്റെ പടിപ്പുരയ്ക്കു വെളിയിലേക്ക് കല്‍പ്പടവുകളിറങ്ങി നടന്നു പോയത്.... ഡിസംബര്‍ എന്നോട് കാണിച്ച അനീതി.....!
ഓ! ഞാന്‍ പറയാന്‍ മറന്നു . എന്റെ സുഹൃത്തിനെ കുറിച്ചു. തലയില്‍ അനുസരിക്കാത്ത മുടികളും , കുറ്റി മീശയും , എപ്പോഴും വിഷമം മാത്രം നിഴലിക്കുന്ന വെള്ളാരം കല്ലുകള്‍ പോലെയുള്ള കണ്ണുകളും , അവന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കിയിരുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ മനസ്സില്‍ സ്ഫടികം പോലെ സൂക്ഷിച്ചിരുന്ന ഒരു പ്രേമബന്ധം താഴെ വീണു ചിന്നി ചിതറിയത് വേദനയോടെ അംഗീകരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍. ആ സംഭവത്തിനു ശേഷമാണെന്ന് തോന്നുന്നു , സ്വതേ പ്രകാശം പരത്തിയിരുന്ന അവന്റെ കണ്ണുകള്‍ക്ക് മേല്‍ വിഷാദത്തിന്റെ സ്ഥായിയായ ഭാവം കാര്‍മേഘം പോലെ വന്നു മൂടിയത്. കാലം പിന്നിടുമ്പോള്‍ അതിന്റെ തീവ്രത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.
പൊതുവെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ചിന്തകള്‍ പലപ്പോഴും ഒരുപോലെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു. ഇരു ധ്രുവങ്ങളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വെവ്വേറെ വര്‍ണങ്ങളാണ് ചാലിച്ചത്. ഞങ്ങളുടെ ചിന്തകളും വേറിട്ടതായിരുന്നു. പ്രേമം ദൈവികമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കാഴ്ചപ്പാടില്‍ പ്രേമം പൈശാചികമായിരുന്നു.
"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗ താളം ,
നീയെനിക്കെന്നുടെ ആത്മ മോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി ,
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"
നാല് രാവുകളും പകലുകളും നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ , എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി , വളരെയധികം വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എഴുതിയുണ്ടാക്കിയ ഈ നാലുവരി കവിത ഒരിക്കല്‍ മടിച്ചു മടിച്ചു ഞാനവനെ കാണിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്ന സന്ധ്യാ ദീപവും നോക്കി എന്തൊക്കെയോ സ്വപ്നം കണ്ടിരുന്ന അവന്‍ അത് വാങ്ങി വരികളില്‍ കൂടി കണ്ണോടിച്ചു. പൊതുവെ വിഷമ ഭാവം മുറ്റി നിന്നിരുന്ന ആ കണ്ണുകളില്‍ ക്രൂരമായ ഒരു സങ്കടം നിഴലിക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു. യാതൊരു ദാക്ഷിണ്യവും കൂടാതെ ആ നാലുവരി കവിതയടങ്ങിയ പേപ്പര്‍ വലിച്ചു കീറി അവനത് കാറ്റില്‍ പറത്തി. ഒരു ഇരയെ കിട്ടാന്‍ കാത്തിരുന്നത് പോലെ ചിതറിപ്പോയ എന്റെ സൃഷ്ടിയെയും കൊണ്ടു ദൂരെക്ക് പറന്നകന്ന പടിഞ്ഞാറന്‍ കാറ്റിനെ പിടിച്ചു നിര്‍ത്താനാവാതെ നിസഹായനായി ഞാന്‍ നോക്കി നില്‍ക്കെ അവനിങ്ങനെ പറഞ്ഞു..
" പ്രേമം, പ്രേമത്തിനു താളമില്ല. ഉണ്ടെങ്കില്‍ തന്നെ മരണതാളമാണ്. പ്രേമത്തിന്റെ മാളിക ശ്മശാനമാണ് . ചുടല പറമ്പിലെ തീയില്‍ പ്രേമവും അതിന്റെ വക്താക്കളും എരിഞ്ഞടങ്ങും. എനിക്ക് പുച്ച്ചമാണ് , പ്രേമത്തെയും പ്രേമിക്കുന്നവരെയും. ഈ ലോകത്തില്‍ യുദാസിനെക്കാള്‍ ഞാനവരെ വെറുക്കുന്നു".
പിന്നെയും അവന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ പരിക്ഷീണനായ എന്റെ സുഹൃതിനേം താങ്ങി പിടിച്ചു മലയടിവാരത്തില്‍ കൂടി മടങ്ങവേ എന്റെ കാതിലവന്‍ മന്ത്രിച്ചു....
"കൂട്ടുകാരാ, നീ ഒരാളെയും പ്രേമിക്കരുത്. തകരും , തീര്ച്ചയായും തകരണം. എരിതീയില്‍ വെന്തടങ്ങുന്ന രണ്ടു ഈയാം പാറ്റകളായി നിങ്ങള്‍ മാറും..!"
പക്ഷെ ദുരന്ത പ്രണയകഥയിലെ നായകന്റെ ആപ്തവിലാപങ്ങളായി മാത്രം കണ്ടു ഞാനത് തള്ളിക്കളഞ്ഞു.
മറ്റൊരിക്കല്‍ ലോകത്തില്‍ വെച്ചേറ്റവും സുന്ദരികളെ കാണുന്നതെവിടെ എന്നതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രഭാതാരാധനയും കഴിഞ്ഞു കയ്യിളിലത്താളില്‍ ഭഗവാന്റെ പ്രസാദവും നെറ്റിയില്‍ ചന്ദന കുറിയുമായി അമ്പലത്തിന്റെ പടവുകളിറങ്ങി വരുന്ന പെണ്‍കുട്ടികളില്‍ അലൌകികമായ സൌന്ദര്യം ഞാന്‍ ദര്ശിച്ചപ്പോള്‍ അവന്‍ അതിനെ എതിര്‍ത്തു. ഞായറാഴ്ച കാലത്തു തലയില്‍ നേര്ത്ത ശിരോവസ്ത്രവും ധരിച്ചു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളുടെ ചൂടും ഏറ്റു പള്ളിമെടയിലേക്ക് നടക്കുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ അവന്‍ സൌന്ദര്യം കണ്ടെത്തി.
ഞാന്‍ പറഞ്ഞില്ലേ, വ്യതാസങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു ഞങ്ങള്‍. രണ്ടു പേരെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരുന്നു. അതൊരിക്കലും ആടാനോ അടരാനോ ഞങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള എന്റെ സുഹൃത്തിനെയും കൂട്ട് പിടിച്ചാണ് കഴിഞ്ഞ വര്ഷം തനിയെ വന്ന ഡിസംബര്‍ മടങ്ങിയത്. ഇവിടെ രംഗബോധമില്ലാത്ത കോമാളിയായ് എന്റെ പ്രിയപ്പെട്ട ഡിസംബര്‍ , നീ മാറുകയായിരുന്നു.........!!!!!!!!
ആര്ക്കും വേണ്ടി കാത്തു നില്‍ക്കാതെ ദിനരാത്രങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അവന്റെ വേര്പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്നു വെളിയിലരങ്ങാന്‍ ഞാന്‍ കുറെ ശ്രമിച്ചു. അന്നെന്റെ കവിതയടങ്ങിയ കടലാസ് കീറി കാറ്റില്‍ പറത്തി അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായ് സ്വീകരിച്ചു. ഞാനുമൊരു പെണ്‍കുട്ടിയെ പ്രണയിക്കുവാന്‍ ആരംഭിച്ചു. പ്രണയം എന്നതിലുപരി ആരാധന എന്ന വാക്കാണ് കൂടുതല്‍ ചേരുക. അവളുടെ മനസിലെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ കൂട്ടുകാരന്റെ മുന്‍പില്‍ ഒരു തവണയെങ്കിലും ജയിക്കണം . അത് മാത്രമായിരുന്നു എന്റെ മനസ്സില്‍.
അവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വാദിച്ചത് പോലെ നെറ്റിയില്‍ ചന്ദന കുറിയോ, തലയില്‍ ശിരോ വസ്ത്രമോ ഇല്ലായിരുന്നു. എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി നാല് വരി കവിതയെഴുതാന്‍ നാല് നാളെടുത്ത ഞാന്‍ പുതിയ പ്രണയിനിയെ പറ്റി ദിനം തോറും കവിതയെഴുതിക്കൊണ്ടിരുന്നു. ഭ്രമകല്‍പ്പനയുടെ ച്ചുഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനസ് യാഥാര്‍ത്ഥ്യത്തിന്റെ തീരത്ത് നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്നു. വര്‍ത്തമാന കാലത്തിന്റെ ചൂളം വിളികേട്ടു ഞാന്‍ ഉണര്‍ന്നപ്പോഴേക്കും , ഞാന്‍ എന്നിലെ എന്നെ ഉണര്‍ത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും എന്റെ സ്വപ്നങ്ങളിലെ നിശാഗന്ധി കൊഴിഞ്ഞിരുന്നു. എന്നെ ഏറെ നാള്‍ ഉന്മത്തനാക്കിയ ആ സുഗന്ധത്തിനും തീവ്രത കുറഞ്ഞിരുന്നു. അങ്ങനെ എന്റെ കൂട്ടുകാരന്‍ പറഞ്ഞതു പോലെ എന്റെ പ്രേമവും അതിലെ കഥാപാത്രങ്ങളും അവയുടെ സ്വപ്നങ്ങളും ചുടല പറമ്പിലെ തീയില്‍ വീണു വെന്തു വെന്നീരായി.
ഒടുവില്‍ അനിവാര്യമായ അവസാനം വന്നു ചേര്ന്ന ദിവസം, ഞാനെഴുതിയ കവിതകളെല്ലാം കൂട്ടിയിട്ട് കത്തിച്ചു ആ ചാരം വളമാക്കി ഒരു റോസാ ചെടി നട്ടു. എന്നിട്ട് അടുത്ത ഡിസംബര്‍ വരുന്നതും നോക്കി കാത്തിരുന്നു. പഴയതു പോലെ തണുത്ത പ്രഭാതങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം എന്റെ പ്രേമം ചുട്ടെരിച്ചു ആ ചാരം വളമാക്കിയ പനിനീര്‍ ചെടിയില്‍ നിന്നും പാതി വിടര്‍ന്ന ഒരു റോസാ പുഷ്പം അടര്‍ത്തി, അവനെ അടക്കം ചെയ്ത മാര്‍ബിള്‍ ശിലക്ക് മുകളില്‍ വെച്ചു എന്റെ പരാജയം സമ്മതിക്കുവാന്‍ വേണ്ടി മാത്രം.......................!
Saturday, October 3, 2009
ഗാന്ധിജയന്തിയും പൊതു അവധിയും - ഒരു തരൂരിയന്‍ കാഴ്ചപ്പാട്!
ഗാന്ധിജയന്തി ദിനത്തില്‍ ഇപ്പോഴുള്ള പൊതു അവധി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുടന്നു കൊടുത്തിരിക്കുന്നത്.
ട്വിട്ടെരില്‍ ഒരു ചോദ്യത്തിന് മറുപടി എന്നോണം മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിലെ പൊതു അവധിയെക്കുറിച്ച് തരൂര്‍ ഇങ്ങനെ എഴുതി; "Gandhiji said 'Work is Workship' and we enjoy holiday on his birthday," തന്റെ വാക്കുകളെ ന്യായീകരിക്കുവാന്‍ ഉദാഹരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വിയറ്റ്നാം നേതാവ് ഹോ ചി മിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നേ ദിവസം വിയറ്റ്നാമികള്‍ കൂടുതല്‍ നേരം ജോലിക്കായി ചിലവഴിക്കുമെന്നാണ് ശശി തരൂര്‍ പറഞ്ഞിരിക്കുന്നത്. "In V'nam (Vietnam), Ho Chi Minh's birthday is a working day and citizens are expected to put in an extra effort at work to honour him,"
അദ്ദേഹത്തിന്‍റെ തന്നെ പഴയ പ്രസ്താവനകളുടെ ചുവടു പിടിച്ചു ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് വിരുദ്ധമായി ആരോഗ്യപരമായ ചര്‍ച്ചകളാണ് "പൊതു അവധി" പ്രസ്താവനയുടെ പേരില്‍ നടക്കുന്നത്. ദേശിയമാധ്യമങ്ങള്‍ പ്രൈം ടൈം സ്ലോട്ടുകളില്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്തികഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കൂടുതല്‍ നേരം ജോലി എടുക്കണമെന്നും, അന്നേ ദിവസം കുറച്ചു നേരം സമൂഹ സേവനത്തിനായി മാറ്റി വെയ്ക്കണമെന്നും, അതല്ല ഗാന്ധി ജയന്തി പൊതു അവധി തന്നെ ആയിരിക്കണമെന്നും, എന്നാല്‍ മാത്രമേ ആ മഹാത്മാവിന്റെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ (വിഷമകരമായ അവസ്ഥ!) എന്നൊക്കെയുള്ള വിവിധ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
[സ്കൂള്‍ വിദ്യാഭാസ കാലത്ത്, ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളും പരിസരവും വൃത്തിയാക്കുന്നതും, പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നതും, റോഡുകളും ചാലുകളും മറ്റും വൃത്തിയാക്കുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ ഓര്‍മ്മകള്‍ ഉണ്ട്. വിദ്യാലയങ്ങള്‍ ഇപ്പോഴും ഈ പതിവ് തുടരുന്നുമുണ്ട്. ഇതൊക്കെ കുട്ടികള്‍ക്ക് മാത്രമേ ആകാവൂ???]
Thursday, October 1, 2009
മനുഷ്യച്ചങ്ങല
പ്രതിഷേധത്തിന്റെ പുതിയ മുഖമായി മനുഷ്യച്ചങ്ങല കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1987 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആണ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമായിരുന്നു അത്. ഡി.വൈ.എഫ്.ഐ ആയിരുന്നു ആ സമരത്തിന്റെ നേതൃനിരയില്‍. അന്ന് അച്ഛന്റെ കയ്യില്‍ തൂങ്ങി സമരത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേയ്ക്ക് പോയ ഒരു നാല് വയസുകാരന്റെ ഓര്മ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്; മങ്ങിയതാനെന്കിലും. പറഞ്ഞും കേട്ടുമുള്ള അറിവുകളും ഓര്‍മകളും വെച്ച് നോക്കുമ്പോള്‍, ആവേശം അല തല്ലി നിന്നൊരു സാഹചര്യത്തിലായിരുന്നു അന്നെല്ലാവരും സമരത്തില്‍ പങ്കാളികളായത്. പക്ഷെ ഇന്ന് സ്ഥിതി വ്യതസ്തമാണ്, സാഹചര്യങ്ങളും; പാര്‍ടിയുടെയും, കേരളത്തിന്റെയും, ജനങ്ങളുടെയും. സമകാലീന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതുമാണ്. ഈ സമരം വിജയിക്കുമോയെന്നു കണ്ടു തന്നെ അറിയണം. ചങ്ങലയില്‍ കണ്ണിയാകാന്‍ ആവാത്ത ഒരു സ്ഥലത്തിരുന്നു ഇത് കുറിക്കുമ്പോള്‍ ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.
അഭിവാദ്യങ്ങള്‍...!
Thursday, September 24, 2009
ലങ്കാദഹനം!
പിറ്റേന്ന് കുരായില്‍ നേരം വെളുത്തത് എന്നത്തേയും പോലെ, റെയില്‍ പാളത്തില്‍ ആരുടെയെന്കിലും തലയുണ്ടെങ്കില്‍ എടുത്തു മാറ്റൂ എന്നും പറഞ്ഞു ചൂളം വിളിച്ചു പോകുന്ന തിരുനെല്‍വേലി സൂപ്പെറിന്റെ ഒച്ച കേട്ടല്ലായിരുന്നു. പകരം ചിത്തുവിന്റെ "ബിനു അണ്ണാ .... ബിനു അണ്ണാ ...." എന്ന അലര്‍ച്ച കേട്ടായിരുന്നു.
ആ അലര്‍ച്ച കേട്ടു ലീവ് നു നാട്ടില്‍ വന്നു സുഖമായി കട്ടിലില്‍ മലര്‍ന്നു കിടന്നു ഉറങ്ങുകയായിരുന്ന അവന്റെ അച്ഛന്‍ ദാസപ്പന്‍ കൊച്ചാട്ടെന്‍ , എണീറ്റ് യുദ്ധ ഭൂമിയാണെന്ന് കരുതി കമഴ്ന്നു കിടന്നു "ബോംബ് ......... ബോംബ്...........!!!!!!!!" എന്ന് വേറൊരു അലര്‍ച്ച കൂടി കൂട്ടിച്ചേര്‍ത്തു എന്ന് പറയുന്ന അസൂയക്കാരുമുണ്ട് കുരായില്‍.
എന്തായാലും ആ കൊച്ചു വെളുപ്പാന്‍ കാലത്തു ചിത്തു ഓടി ഓടി കയറ്റം കയറി, ഇന്നലെ രാത്രി പെയ്ത മഴ കാരണം ഇന്നു റബ്ബര്‍ വെട്ടാന്‍ പറ്റത്തില്ലല്ലോ എന്നും വിചാരിച്ചു താടിയ്ക്ക് കയ്യും കൊടുത്തിരുന്ന ബിനു അണ്ണന്റെ അടുത്തെത്തി.
"അണ്ണാ... അണ്ണാ.... ബിനു അണ്ണാ..." ശ്വാസം എടുക്കാന്‍ വേണ്ടി അവന്‍ കുറച്ചു നേരത്തെ ഗ്യാപ്പ് ഇട്ടു.
"എന്തുവാടേ രാവിലെ പല്ലും തേക്കാതെ വന്നു കിടന്നു വെരളുന്നെ? ..........." പത്തു ഷീറ്റിന്റെ പാല് മഴ കൊണ്ടു പോയല്ലോന്നുള്ള വിഷമത്തില്‍ ഇരിക്കുന്ന ബിനു അണ്ണന്‍ ചോദിച്ചു....
"കിട്ടി അണ്ണാ ... കിട്ടി......"
"എന്തുവാടേ...."
"ഐഡിയ ഐഡിയ ......നമ്മുടെ നാടകത്തിന്റെ ഐഡിയ..."....
അപ്പോഴേക്കും അവിടുത്തെ ബഹളം കേട്ടു കണ്ണും തിരുമ്മി എണീറ്റ് സുഭാഷ് സാറും ഈയുള്ളവനും സ്ഥലത്തെത്തി ഹാജര്‍ വെച്ചു.
"നിന്നു വിറയ്ക്കാതെ കാര്യം പറയെടാ ചിത്തു....." ബിനു അണ്ണന്റെ മനസിന്നു പത്തു ഷീറ്റും അതിന്റെ കാശും പോവ്വുന്നില്ല.....
"അണ്ണാ.. നമുക്കു ഈ കൊല്ലം ഒരു ബാലെ അവതരിപ്പിച്ചാലോ...? നമ്മുടെ കുരാ അമ്പലത്തിലേം തലൂരെ അമ്പലത്തിലും ഉല്‍സവത്തിന് വരുന്ന സംഭവമില്ലേ... ആ ഒരു സെറ്റ് അപ്...... പുരാണ നാടകമാവുമ്പോ കാണാന്‍ വരുന്നൊരു കൂടുതലും പ്രായമുള്ള ആള്‍ക്കാരായിരിക്കും. അപ്പൊ എന്തെങ്കിലും പ്രശ്നം വന്നാല്‍ നമ്മള് ഓടിയാലും അവര് നമ്മടെ കൂടെ എത്തത്തില്ല....." ചിത്തു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
"...... ഓഹോ ..... അപ്പൊ എന്തായാലും അവസാനം ഓട്ടം ഉണ്ടാവുമെന്ന് ഉറപ്പാ... അല്ലിയോടാ... ചിത്തു..? " തുടക്കത്തിലെ ഒരു ഉടക്കിടാന്‍ ഞാന്‍ നോക്കി......."
"ഇയാള് പോടേ.... അണ്ണാ ..ബിനു അണ്ണാ ..... ഇയാള് പറ.....".......
ഒടുവില്‍ കുറെ വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എല്ലാരും അതിന് സമ്മതിച്ചു. സുഭാഷ് സാറിന്റെ വീടിനു പുറകിലുള്ള ഉപയോഗശൂന്യമായ എരിത്തില്‍ റിഹെര്‍സലിന്റെ വേദിയായി നിശ്ചയിച്ചു എല്ലാവരും കൂടി വൈകുന്നേരങ്ങളില്‍ അവിടെ വന്നണയാന്‍ തുടങ്ങി. പരദൂഷണങ്ങളും, അടിപിടിയും, ഇച്ചിരെ വെള്ളമടിയും അതിന്റിടയില്‍ കൂടി ബാലെ പരിശീലനവുമായി ദിവസങ്ങള്‍ മുന്നോട്ടു പോയി.
ഒടുവില്‍ പരിശീലനത്തിന്റെ അവസാന ദിവസവും വന്നെത്തി. പുണ്യ പുരാതനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതിനാലും ഈ വിഷയങ്ങളെ അധികരിച്ചുള്ള കസര്‍ത്തുകള്‍ ടി.വിയില്‍ സുലഭമാണ് എന്നതിനാലും ഉള്‍പ്പെടുത്താന്‍ പറ്റുന്ന എഫെക്ടുകള്‍ പരമാവധി ഉള്‍പ്പെടുത്തി നാടകം അവതരിപ്പിക്കുവാന്‍ തന്നെയായിരുന്നു തീരുമാനം. അങ്ങനെ പരിശീലന കളരി അഭിനേതാക്കളെല്ലാം വിജയകരമായി തന്നെ പൂര്‍ത്തിയാക്കി, പിറ്റേന്ന് നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളുമായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. (അതിനു ശേഷം എരിത്തില്‍ വൃത്തിയാക്കാന്‍ വന്ന സുഭാഷ് സാറിന്റെ അമ്മയ്ക്ക് അവിടെ നിന്നും പൊട്ടിയതടക്കം 7 ഷാര്‍ക്ക്‌ടൂത്തിന്റെ കുപ്പികളും, 13 ബിയര്‍ കുപ്പികളും ഒരു കുന്നു വില്‍സിന്റെ കവറുകളും കളഞ്ഞു കിട്ടിയെന്നു നാട്ടിലെ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തിയിരുന്നു.)
ബാലെ തുടങ്ങാന്‍ സമയമായി. ഒന്നാമത്തെ ബെല്ലും കൊടുത്ത് കര്‍ട്ടന്റെ ഇടയില്‍ കൂടി വെളിയിലോക്ക് നോക്കിയിട്ട് ചിത്തു പറഞ്ഞു...... " അണ്ണാ, ഞാന്‍ പറഞ്ഞ പോലെ തന്നെ.... പുരാണ നാടകമായ്തു കൊണ്ട് കാണാന്‍ എല്ലാം പ്രായമായോരാ.....എന്നെ സമ്മതിക്കണം..... ഇല്ലെങ്കി കുരുത്തം കേട്ട പയ്യന്മാരുടെ കയ്യിന്നു കണക്കിന് കിട്ടിയേനെ.... "
"അതോര്‍ത്തു നീ പേടിക്കണ്ട അനിയാ......ഇന്നാട്ടിലെ കുരുത്തം കെട്ട പിള്ളാര് മൊത്തം ഈ സ്റ്റേജിനു പുറകിലുണ്ട്. മേയ്ക്കപ്പ് ചെയ്തോണ്ടിരിക്കുന്നു.. " ബിനു അണ്ണന്‍ പറഞ്ഞു.....
ബാലേയിലെ പ്രധാന കഥാപാത്രങ്ങള്‍ തമ്മില്‍ തുടക്കത്തിലെ തല്ലുണ്ടാക്കണ്ട എന്ന് വിചാരിച്ചു സുഭാഷ് സര്‍ ഇടപെട്ട് പറഞ്ഞു... " എടേയ് ചിത്തു..... നീ രണ്ടും മൂന്നും ബെല്ല് കൊടുത്ത് കര്‍ട്ടന്‍ പൊക്കി നാടകം തുടങ്ങാന്‍ നോക്കെടെയ്......"
"ടര്‍ണീം ടര്‍ണീം ടര്‍ണീം ".....
"സഹൃദയരേ കുരാ മില്ലുമുക്ക് കൈരളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന പുണ്യപുരാതന, സിനിമാറ്റിക്, ട്രാമാറ്റിക്, ഡ്രാമസ്കോപ്പ് ബാലെ തുടങ്ങുകയായി.............
ലങ്കാ ദഹനം........!
വലിയ പിശകുകള്‍ ഒന്നും തന്നെയില്ലാതെ നാടകം മുന്നേറുകയാണ്.
ഇടവേള കഴിഞ്ഞുള്ള ആദ്യ രംഗം.
അശോകവനിയില്‍ ശിംശിപാ വൃക്ഷ ചുവട്ടില്‍ ശ്രീരാമനെ മാത്രം മനസ്സില്‍ ധ്യാനിച്ചു വിഷാദമൂകയായി ഇരിക്കുന്ന സീതയുടെ അടുത്തേയ്ക്ക് ഹനുമാന്‍ പറന്നിറങ്ങുന്ന ഭാഗമാണ്. സീതാ ദേവിയായി ധനീഷ് സാരിയുമുടുത്തു ഷാളും പുതച്ചു കാര്‍ഡ്ബോര്‍ഡ് കൊണ്ടുണ്ടാക്കിയ മരത്തിന്റെ ചുവട്ടില്‍ ഇരിപ്പുണ്ട്. ഇനി ഹനുമാനായ ചിത്തു പറന്നു പറന്നു താഴേയ്ക്ക് വരണം. പറന്നു ഇറങ്ങുന്ന എഫെക്റ്റ് കിട്ടുവാന്‍ വേണ്ടി ചിത്തുവിന്റെ അല്ല ഹനുമാന്റെ അരയില്‍ കയറു കെട്ടി അത് കപ്പിയില്‍ കൂടി വലിച്ചു പിടിച്ചിരിക്കുകയാണ് ജിമ്മന്‍ ബിവിന്‍. സമയമാവുമ്പോള്‍ സിഗ്നല്‍ തരാം.. പതുക്കെ കയറു താഴേയ്ക്ക് വിട്ടു കൊടുക്കണമെന്നാണ് ബിവിനു കിട്ടിയിരിക്കുന്ന നിര്‍ദേശം.
ഒരാഴ്ച്ചയായുള്ള റിഹെര്സലും ഇന്നലെ രാത്രി സെക്കന്റ് ഷോ കാണാന്‍ പോയതിനെ ക്ഷീണവും കാരണം ബിവിന്റെ കണ്ണില്‍ ഉറക്കം പിടി കൂടുന്നുണ്ടോ എന്ന് അവനു തന്നെ സംശയം തോന്നി തുടങ്ങി. ഇല്ല എന്നുറപ്പ് വരുത്താന്‍ കണ്ണും തിരുമ്മി കയറും വലിച്ചു പിടിച്ചു സ്റ്റേജിന്‍റെ ഒരു വശത്ത് ഇരിക്കുകയാണ് അവന്‍.
ഹനുമാന്‍ താഴെ ഇറങ്ങുമ്പോള്‍, സീത ദേവി പതിയെ എണീറ്റ് ഹനുമാനോട് ഇങ്ങനെ ചോദിക്കണം "ആര്യ പുത്രനെ കണ്ടുവോ ഹനുമാന്‍...?" അതിനു മറുപടിയെന്നോണം ശ്രീരാമന്റെ മോതിരം ഹനുമാന്‍ സീത ദേവിയ്ക്ക് കൈമാറും. ഇതാണ് തിരക്കഥയില്‍ ഉള്ളത്.
ഹനുമാന്‍ താഴെ ഇറങ്ങാന്‍ സമയമായി.
തലേന്നത്തെ ഉറക്കം ബാക്കിയുള്ള ബിവിന്‍ അപ്പോഴേയ്ക്കും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ഹനുമാനെ കാണാത്തത് കൊണ്ട് സീത യുടെ വേഷം ധരിച്ചിരിക്കുന്ന ധനീഷ് ഇടയ്ക്കിടക്ക് മുകളിലേക്ക് നോക്കുന്നുണ്ട്. ഒരു വേള "പെട്ടന്ന് വാടാ കോപ്പേ" എന്ന് പറയുകയും ചെയ്തു. ഇതെല്ലാം കണ്ടു അക്ഷമനായി സ്ക്രീനിനു പുറകില്‍ നില്‍ക്കുകയായിരുന്ന ബിനു അണ്ണന്‍ കലി തുള്ളി താഴെ കിടന്നിരുന്ന ഒരു കല്ലെടുത്ത് ബിവിന്റെ തലയിലേക്ക് ഒരേറു വെച്ച് കൊടുത്തു. എന്താണെന്നറിയില്ല, ആദ്യമായി അങ്ങേരുടെ ഉന്നം കൃത്യമായിരുന്നു. നിഷ്കളങ്കനായി ഏതോ കളറിനെ സ്വപ്നവും കണ്ടു മയങ്ങുകയായിരുന്ന പാവം ബീവിയുടെ ഉച്ചിയില്‍ തന്നെ. അവന്‍ ഞെട്ടി എണീറ്റതും കയ്യിലെ കയറിന്റെ പിടി വിട്ടതും ഒരുമിച്ചായിരുന്നു.
ഹനുമാന്‍ അതാ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സകല ഫോര്‍മുലകളും ശരി വെച്ച് കൊണ്ട് ഒരു അലര്‍ച്ചയോടെ താഴേക്ക് നിപതിക്കുന്നു. നെഞ്ചാം മൂടിയിടിച്ചു ഹനുമാന്‍ താഴെ ലാന്റ് ചെയ്തു. എതിര്‍ ദിശയിലേക്ക് മുഖം തിരിച്ചു ഇരിക്കുകയായിരുന്ന സീത ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ടപ്പോള്‍ എഫെക്റ്റ് ആയിരിക്കുമെന്ന് കരുതി തന്റെ ഭാഗത്തിലേക്ക് കടന്നു.
നെഞ്ചും ഇടിച്ചു താഴെ വീണ ചിത്തു അല്ല ഹനുമാന്‍ പതിയെ എണീറ്റ് ഒന്നും മനസിലാവാതെ തറയില്‍ ഇടിച്ചു വീണ ഭാഗം തടവി നില്‍ക്കുമ്പോള്‍ അതാ സീത ദേവി ചോദിക്കുന്നു......
" ഹനുമാന്‍, അങ്ങ് ആര്യ പുത്രനെ കണ്ടുവോ?..........."
വേദന കാരണം നക്ഷത്രങ്ങളുടെ സെന്‍സസ് എടുക്കുന്ന ഹനുമാന് എന്ത് ആര്യപുത്രന്‍..........
" ഞാനൊരു ******മോനേം കണ്ടില്ല............ ഞാനാ കയറു പിടിച്ചിരുന്ന ********ളിയെ നോക്കുവാ........... നീ ഒന്ന് പോ ഉവ്വേ.........."
ശേഷം ചിന്ത്യം!
Thursday, September 17, 2009
ശശി തരൂരും കന്നുകാലി ക്ലാസും...!
ഇനി വിഷയത്തിലേക്ക് വരാം.
'ദി പയനിയര്‍' എന്ന പത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്താ തരൂരിനോട് ഇങ്ങനെ ഒരു ചോദ്യം ട്വിറ്റെര്‍ വഴി ഉന്നയിച്ചു.
" Tell us minister, next time you travel to kerala, will it be a cattle class?".
വിമാനത്തില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ ചിലവു ചുരുക്കലിന്റെ ഭാഗമായി എക്കണോമിക്ക് ക്ലാസ്സ് തിരഞ്ഞെടുക്കണം എന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായവുമായി വേണം മുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിനെ കൂട്ടി വായിക്കാന്‍.
ഇനി എന്തായിരുന്നു ശശി തരൂരിന്റെ മറുപടി എന്ന് നോക്കാം. 140 വാക്കുകളില്‍ അധികമാവാതെ വേണം ട്വിട്ടെരിലെ ഓരോ അഭിപ്രായവും എന്ന നിബന്ധന പൂര്‍ണമായും പാലിച്ചു തരൂര്‍ നല്‍കിയ കാച്ചിക്കുറുക്കിയ മറുപടി ഇങ്ങനെ ആയിരുന്നു. "absolutely, in cattle class out of solidarity with all our holy cows!". ഈ
മറുപടിയിലെ 'cattle class' എന്ന പ്രയോഗമാണ് തരൂരിനെ വീണ്ടും വിവാദ നായകനാക്കിയത്. വിമാനത്തിലെ എക്കണോമിക് ക്ലാസ്സിനെ 'കന്നുകാലി ക്ലാസ്സ്' എന്ന് വിളിച്ചുവെന്നും അത് വഴി എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ(?) ജനങ്ങളെ അപമാനിച്ചുവെന്നും മറ്റുമാണ് എതിര്‍പക്ഷം വാദിക്കുന്നത്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് സംസാരിച്ചു ശീലമുള്ള തരൂരിനറിയാം cattle class എന്നത് economic class നു പകരമായി വളരെയധികം ഉപയോഗിക്കുന്ന, വളരെ സ്വീകാര്യമായ ഒരു പദമാനെന്നതു. അത് കൊണ്ട് തന്നെയാവണം ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുപയോഗിച്ചു അതെ രീതിയില്‍ തന്നെ അദ്ദേഹം ഉത്തരം നല്‍കിയതും.
എന്തായാലും കോണ്‍ഗ്രസ് നേതൃത്വം തരൂരിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അത് തരൂരിന്റെ മാത്രം അഭിപ്രായമാണെന്നും, കോണ്‍ഗ്രസ് പാര്‍ട്ടി യ്ക്ക് അത്തരമൊരു നിലപാട് അല്ല ഉള്ളതെന്നും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്റെ സംശയം ഇതല്ല. തരൂരിന്റെ മറുപടിയില്‍ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹം പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്ന മറ്റു വിശുദ്ധ ഗോക്കള്‍ ആരൊക്കെയാണ്? എക്കണോമിക് ക്ലാസ്സില്‍ സഞ്ചരിക്കുന്ന സാധാരണക്കാരായ(?) ജനങ്ങളോ അതോ മാഡത്തിന്റെ നിര്‍ദ്ദേശം ശിരസാവഹിക്കാന്‍ വിധിക്കപ്പെട്ട വിനീത വിധേയരായ മറ്റു കേന്ദ്രമന്ത്രിമാരോ...?
[ വാല്‍ക്കഷ്ണം: "absolutely, in cattle class out of solidarity with all our holy cows!" എന്ന വാചകം മലയാളീകരിക്കുമ്പോള്‍ ഇങ്ങനെ വായിക്കാം; " തീര്‍ച്ചയായും, മറ്റു വിശുദ്ധഗോക്കള്‍ക്ക് പിന്തുണ നല്‍കി കന്നുകാലി ക്ലാസ്സില്‍ തന്നെയായിരിക്കും!"]
[updated on 18-09-2009 @ 10:40 AM]
'cattle class' പ്രയോഗത്തില്‍ തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടു എന്നും, ആ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിലും മാപ്പ് ചോദിക്കുന്നതായി ട്വിറ്റെര്‍ വഴി മന്ത്രി അറിയിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലൈബീരിയയിലുള്ള അദ്ദേഹം വ്യാഴാഴ്ച വൈകി ട്വിട്ടെരില്‍ ഇങ്ങനെ രേഖപ്പെടുത്തി. "learned belatedly of fuss over my tweet replying to journo's query whether I would travel to Kerala in 'cattle class'."
ചോദ്യത്തിലുണ്ടായിരുന്ന 'cattle class' എന്നാ പ്രയോഗം അതേപടി താനും ഉപയോഗിക്കുകയായിരുന്നു എന്നാണു അദ്ദേഹം ചൂണ്ടികാണിച്ചത്. "It's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstood," അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രയോഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ മോശമായ രീതിയിലുള്ള അര്‍ത്ഥമാണ് വരുന്നതെന്നും, ഉദ്ദേശിച്ച വിഷയത്തില്‍ നിന്നും പാടെ മാറി നില്‍ക്കുന്നതാണ് എന്നും തരൂര്‍ അംഗീകരിച്ചു. "To those hurt by the belief that my repeating the phrase showed contempt: sorry,"
'Holy cows (വിശുദ്ധ ഗോക്കള്‍)' എന്നാ പ്രയോഗം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചു ഉള്ളതായിരുന്നില്ല എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. "Holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics would look it up."
തരൂര്‍ മാപ്പ് പറഞ്ഞത് മൂലം ഈ വിവാദം ഇവിടെ തീരുമെന്ന് കരുതാം. ഒപ്പം അടുത്തതിനായി കാത്തിരിക്കുകയും ചെയ്യാം. :)
Sunday, August 30, 2009
പ്രണയം...ബീ പ്രാക്ടിക്കല്‍.. ഒരു മറുപടി
എന്നെ ഇഷ്ടപ്പെടുന്ന,
നിന്റെയും,
നിന്റെ മനസിന്റെ അസ്വസ്ഥതകളുടെയും,
തണുപ്പും, സുഗന്ധവും,
എപ്പോഴെന്റെ മനസിന്റെ
വിങ്ങലുകള്‍ ആവുന്നുവോ,
അന്ന്,
എന്റെ പ്രണയം നിനക്ക് സ്വന്തം,
നിന്റെതെനിക്കും.
അതെന്നെ സംഭവിച്ചു കഴിഞ്ഞതാണ്.
ഇനിയൊരു പുനര്ചിന്തനത്തിന്റെയോ,
തിരിച്ചു പോക്കിന്റെയോ
സാധ്യതകള്‍ ഉദിക്കുന്നില്ല.
വാക്കാല്‍ പ്രകടിപ്പിക്കുന്നത്
മാത്രമല്ല സ്നേഹം.
അത്,
മനസുകളുടെ പരസ്പര സഹകരണമാണ്,
നീയെനിക്കെന്നുമുണ്ട് എന്ന തോന്നലാണ്,
അല്ല,
സത്യമാണത്.
ഏകാന്തതയുടെ തുരുത്തില്‍ നിന്ന്
എന്നെ, പ്രണയത്തിന്റെ
വിശുദ്ധ ലോകത്തേക്കാനയിച്ച
നിന്നില്‍ നിന്നും മുഖം
തിരിക്കുവാന്‍ മാത്രം
ശക്തിയെനിക്കില്ല.
എന്റെയീ ചെറിയ മനസ്സില്‍
നിന്നോടുള്ള സ്നേഹം ഒതുക്കി വെയ്ക്കുവാന്‍
എനിക്ക് സാധിക്കുന്നില്ല.
അത്രയ്ക്കുണ്ട്, ഈ ഹൃദയം നിറയെ.
നിന്നെയെനിക്കിഷ്ടമാണ്.
നിനക്കെന്നോടെന്ന പോലെ,
അല്ല,
നീ പറയും മാതിരി,
അതിലുപരി.
Saturday, August 29, 2009
പ്രണയം, ബീ പ്രാക്ടിക്കല്‍...!
ഒരു
പുനര്‍ചിന്തനയ്ക്ക് സമയമായി.
കാലങ്ങളായി തുടര്‍ന്ന് പോരുന്ന
രീതികള്‍ക്കിടയില്‍ അര്‍ദ്ധവിരാമമിട്ടു,
പുതിയ ലോകത്തിന്റെ കാറ്റില്‍,
പ്രണയിക്കുന്നതെങ്ങനെയെന്നിനി
പഠിക്കണം;
അല്ല, പഠിക്കാന്‍ ശ്രമിക്കണം.
മനസ്സില്‍
പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തിന്റെ
കുത്തൊഴുക്ക് ഉണ്ടാകുമ്പോള്‍ ,
അതിനെ,
തടയണ കെട്ടി നിര്‍ത്താന്‍
അറിവുണ്ടായിരുന്നില്ല,
ഇന്ന് വരെ.
ഭാഷാചാര്യന്മാരോട് ദേഷ്യം തോന്നിയിട്ടുണ്ട്,
ഇവിടെ സ്നേഹം പ്രകടിപ്പിക്കാനുള്ള
വാക്കുകള്‍ക്കു എന്തു ക്ഷാമമാണ്!
എങ്കിലും,
വര്‍ഷങ്ങളായുള്ള യാത്രകളില്‍
കൂടെക്കൂടിയ
വാക്കുകളിലും വാചകങ്ങളിലും കൂടി
ഞാനെന്റെ പ്രണയം
പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
പക്ഷെ,
ഇന്നിനിയിപ്പോള്‍
മാറുന്ന കാലത്തിന്റെ മൂശയില്‍
ഉരുക്കിയെടുത്ത വിചാരങ്ങളായി,
മനസിന്റെ അസ്വസ്ഥതകളായി,
പ്രണയത്തിനെ അതിന്റെ
ഉറവിടത്തില്‍ കാത്തു സംരക്ഷിക്കുക,
ബീ പ്രാക്ടിക്കല്‍...!
എന്നിരുന്നാലും,
എനിക്കവളെ ഇഷ്ടമാണ്,
അതിലുപരി
അവള്‍ക്കെന്നെയും...!
Tuesday, July 28, 2009
കാണാത്ത സ്വപ്‌നങ്ങള്‍...!
Monday, July 27, 2009
ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ശ്രീ. രാജന്‍.പി.ദേവ് രക്തം ശര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ഏറണാകുളം lake shore ആശുപത്രിയില്‍ ചികിസ്തയിലാണ്.
ഇന്നലെ, ഞായറാഴ്ച, രാത്രി 11 മണിക്ക് കിരണ്‍ ടി വി യില്‍ വരുന്ന 'ചിരിക്കുടുക്ക' എന്ന പരിപാടിയില്‍ "ആലിബാബയും ആറര കള്ളന്മാരും" എന്ന സിനിമയിലെ ക്ലിപ്പിംഗ് വന്നിരുന്നു. രാജന്‍.പി.ദേവും ജഗതിയും കൂടി തകര്‍ത്തഭിനയിച്ച രംഗങ്ങള്‍ കണ്ടു ആര്‍ത്തു ചിരിക്കുമ്പോള്‍ ആ മഹാനടന്‍ വേദനയോടു മല്ലിട്ട് കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം.
ഇനി വിഷയത്തിലോട്ട് വരാം. മലയാളത്തിലെ മിക്ക മുഖ്യധാര മാധ്യമങ്ങളുടെ വെബ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത് കാണാനാകും. നല്ലത്, വളരെ നല്ലത്. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണല്ലോ അവരുടെ ജോലി. ഈ കാര്യത്തില്‍, പക്ഷെ ചില മാധ്യമങ്ങളുടെ പ്രവൃത്തി അല്പം കടന്നു പോയി. രാജന്‍.പി.ദേവ് എന്ന നടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വളരെ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. അഭിനയിച്ച നാടകങ്ങള്‍, സിനിമകള്‍, മലയാളത്തിനു പുറത്തു അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ വിവരങ്ങളില്‍ കൂടി ഒരു യാത്ര തന്നെയാണ് അത്. ശരി ആയിരിക്കാം, ഒരു പത്ര പ്രവര്‍ത്തകന്റെ തൊഴില്‍ ആയിരിക്കാം, സമ്മതിച്ചു. പക്ഷെ ഈ ഒരു അവസ്ഥയില്‍ ആ വിവരങ്ങള്‍ പബ്ലിഷ് ചെയ്യണ്ട കാര്യമുണ്ടായിരുന്നോ?
പണ്ട് നടന്‍ ശ്രീ.തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപതിരിയില്‍ കഴിയുമ്പോള്‍, "പത്രത്തില്‍ ചരമ വാര്‍ത്ത കൊടുക്കാമോ?" എന്ന് ഒരു പത്ര മുത്തശിയിലെ ലേഖകന്‍ വിളിച്ചു ചോദിച്ച കാര്യം, ഇപ്പോഴും അഭിമുഖങ്ങളില്‍ അദ്ദേഹം വിഷമത്തോടെ സൂചിപ്പിക്കാറുണ്ട്.
എന്തിനാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ ഇവര്‍ക്ക് ഇത്ര തിടുക്കം? തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് കാരണം, അല്ലെങ്കില്‍, വാര്‍ത്തകളിലെ ദുസൂചനകള്‍ കാരണം, ആരെ കുറിച്ചാണോ ആ വാര്‍ത്ത വന്നത് അവരുടെ വേണ്ടപ്പെട്ടവര്‍, കുടുംബം, കൂട്ടുകാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന മനോവിഷമത്തിനു ആര് സമാധാനം പറയും? ഒരു പക്ഷെ ഇതിനു പുറകില്‍ ഉള്ളവര്‍ ഉത്തരം പറയേണ്ടി വന്നാലും "ജോലിയുടെ ഭാഗം" എന്നും പറഞ്ഞു കൈ കഴുകനല്ലേ ഇവര്‍ ശ്രമിക്കൂ....?
ഒത്താല്‍ ഒരു breaking news. ഇല്ലെങ്കില്‍ ഭാവിയിലേക്കൊരു മുന്‍കരുതല്‍. ഈ ചിന്തയാണോ ഇവരെ നയിക്കുന്നത്? കഷ്ടം..!
ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!